വിദ്യുജ്ജിഹ്വന്മാര്‍

  • Published on August 31, 1910
  • By Staff Reporter
  • 651 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

രാമനാട്ടം കണ്ടിട്ടുള്ള ആളുകൾ അരങ്ങത്തു ആടാറുള്ള വേഷങ്ങളിൽ ഏറെ വിശേഷപ്പെട്ട ഒരു സ്വരൂപത്തെ നല്ലവണ്ണം ഓർക്കുവാൻ ഇടയുണ്ട്. സാക്ഷാൽ ഉള്ള ചിറിയെ കോണിച്ചു വരച്ചും മുഖത്ത് ആമാതിരിയിൽ മറ്റു പലേ ഗോഷ്ടികൾ കാണിച്ചും ശുദ്ധമേ വിരൂപമായി നിന്ന് കാഴ്ചക്കാരെ അസാമാന്യം ചിരിപ്പിക്കുന്ന ആ വേഷത്തെ അവർ ഭീരു എന്ന് വിളിക്കുന്നു. എന്നാൽ, ഈ വിശേഷ വേഷത്തിന്നു വിദ്യുജ്ജിഹ്വൻ എന്നാണ് വിദ്വാന്മാർ പേര് വിളിക്കുന്നത്. വിദ്യുജ്ജിഹ്വൻ എന്നുവച്ചാൽ, വിദ്യുത്ത് പോലെയുള്ള ജിഹ്വയുള്ളവൻ, എന്നാണ് അർത്ഥം. വിദ്യുത്ത്,  മിന്നൽ എന്നും ജിഹ്വ, നാവ് എന്നും അർത്ഥമാകുന്നു. മിന്നൽ പോലെ നാവുള്ളവൻ എന്നാണ് മലയാളത്തിൽ ഇതിനെ പരിഭാഷപ്പെടുത്തേണ്ടത്. മിന്നൽ എപ്രകാരം വളഞ്ഞു പൊളഞ്ഞു പോകുന്നുവോ അപ്രകാരം വളഞ്ഞു പൊളഞ്ഞു പോകുന്ന നാവോടുകൂടിയവൻ എന്ന്, വേണമെങ്കിൽ, വ്യാഖ്യാനിക്കാം. ഇതിനെ, പച്ചമലയാളത്തിൽ, തക്കവർക്കു തക്കതു പറയുന്നവൻ എന്നും അർത്ഥമാക്കിപ്പറയാം. തക്കവർക്കു തക്കതു പറയുക എന്ന പ്രവൃത്തി മനസ്സിൻെറ ഭീരുത്വത്തെ വെളിപ്പെടുത്തുന്നതാകയാലായിരിക്കാം വിദ്യുജ്ജിഹ്വനെ ഭീരു എന്ന് വിളിക്കുന്നത്. ഭീരുത്വം ആത്മസ്ഥിരതക്കു യോജ്യമല്ലാത്ത സ്വഭാവമായതുകൊണ്ടാണ് ഭീരുക്കളെ മറ്റുള്ളവർ ഹസിക്കുന്നത്: രാമനാട്ടത്തിലെ ഭീരുവോ, സ്ഥിരചിത്തനല്ലാതെയും, ഗംഭീരന്മാരായ രാജാക്കന്മാരെ അനുകരിക്കുന്നു എന്ന ഭാവത്തിൽ ഓരോരോ കർമ്മങ്ങൾ അസ്ഥാനത്തിലും അകാലത്തിലും ചെയ്തും, താൻ കാഴ്ചക്കാരെ രസിപ്പിക്കുന്നു എന്നു തെറ്റിദ്ധരിച്ചുങ്കൊണ്ട് അവരെ ഹസിപ്പിക്കുകയാണ് ചെയ്യുന്നത്. രാമനാട്ടത്തിലെ വിദ്യുജ്ജിഹ്വൻ്റെ പ്രതിപുരുഷന്മാരായി, വർത്തമാനപത്രങ്ങളുടെ രംഗത്തിലും ചില സഹജീവികളുണ്ട്. അവർ ഒന്നിനെ ഉദ്ദേശിച്ചു ചെയ്യുന്നത് മറ്റൊന്നായി തീർന്ന് പരിഹാസപാത്രങ്ങളായിത്തീരാറുമുണ്ട്. ഞങ്ങളുടെ സഹജീവിയായ  'വെസ്റ്റർൻ സ്റ്റാർ' ഇപ്രകാരമൊരു വിദ്യുജ്ജിഹ്വവേഷം കെട്ടീട്ടാണ് ഇന്നലെ അരങ്ങത്തിറങ്ങിയിരിക്കുന്നത്, എന്നുകാണുന്നതിൽ ഞങ്ങൾക്കു അനല്പമായ ഹാസം ഇളകുന്നുണ്ട്. ഈ പത്രവിദ്യുജ്ജിഹ്വൻ്റെ  ഇന്നലത്തെ മുഖപ്രസംഗം ഭീരുവിൻ്റെ വേഷത്തിൽ പ്രദർശിപ്പിക്കപ്പെടുമാറുള്ള മുഖഗോഷ്ഠികളുടെ ഒരു പകർപ്പ് മാത്രമാണ്. ഈ സഹജീവി തൻ്റെ സഹജീവികൾക്ക് ഒരു മുന്നറിയിപ്പാണ് പ്രസംഗിച്ചിരിക്കുന്നത്. പക്ഷേ, അതിൽ പ്രകടിപ്പിച്ചിരിക്കുന്ന ഭീരുത്വം സഹജീവിയുടെ നിലയെന്തെന്ന് നല്ലവണ്ണം കാണിക്കുന്നുണ്ട്. തിരുവിതാംകൂറിൽ സർക്കാരുദ്യോഗസ്ഥന്മാർ നന്നാകാതെ കാര്യമൊന്നും നന്നാകയില്ലാ എന്നു പറഞ്ഞാൽ പോരാ; പത്രങ്ങളുടെ ഗുണദോഷനിരൂപണ സമ്പ്രദായം നന്നാകണം എന്നാണ് സഹജീവി അഭിപ്രായപ്പെടുന്നത്. ദോഷാവഹമായ വിധത്തിലുള്ള സ്തുതിവചനങ്ങളായോ, ശകാരമായോ ഒരു നാട്ടുഭാഷാപത്രം ഗുണദോഷനിരൂപണം ചെയ്യുക നിമിത്തം ഈ നാട്ടിലെ വായുമണ്ഡലം വിഷത്താൽ ആതർപ്പണം ചെയ്യപ്പെട്ടിരിക്കുന്നു എന്നും, ഇതുനിമിത്തം നാട്ടിൽ സമാധാനവും, ക്ഷേമവും നശിക്കാനിടയാവുമെന്നും, അതിനാൽ ഈ രോഗത്തെ നിവാരണം ചെയ്യാൻ ശ്രദ്ധിക്കണമെന്നുമാണ് സഹജീവി പ്രസംഗിക്കുന്നത്. ഏതു പത്രമാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പറവാൻ സഹജീവിക്കു മനോധൈര്യമില്ലാത്തതിനെക്കുറിച്ചു ഒരു മാന്യലേഖകൻ എഴുതീട്ടുള്ള ഇംഗ്ലീഷ് ലേഖനം മറ്റൊരു പംക്തിയിൽ ഞങ്ങൾ ചേർത്തിട്ടുണ്ട്. ഈ നാട്ടിലെ മലയാള പത്രങ്ങളെപ്പറ്റി ഈ സഹജീവിക്ക് അറിയാവുന്നതിലൽപവും കുറയാത്ത പരിചയം ഞങ്ങൾക്കുണ്ട്:  ഏതൊരു പത്രമാണ് ദോഷാവഹമായ വിധത്തിലുള്ള സ്തുതിവചനങ്ങളെയോ, ശകാരത്തെയോ പുറപ്പെടുവിക്കുന്നതെന്ന് ഞങ്ങൾ അറിയുന്നില്ലാ. മലയാള പത്രങ്ങളിൽ ചിലത് വെറും സ്തുതി മാത്രംകൊണ്ട് ദിവാൻജി മുതലായ സർക്കാരുദ്യോഗസ്ഥന്മാരുടെ സേവയ്ക്കു നിൽക്കുന്നവയായിട്ടുണ്ട്: മറ്റു ചിലത് തീരെ നിർദ്ദയമായി ആക്ഷേപിക്കുന്നവയാണ്; വേറെ ചിലത് ശകാരം മാത്രം ആയുധമാക്കിയിരിക്കുന്നവയാണ്; ഇനിയും ചിലത് ഗുണവും ദോഷവും മിതമായ സ്വരത്തിൽ പറയുന്നവയുമാണ്. എന്നാൽ ഇവയിലൊന്നും, സ്തുതിവചനമോ ശകാരവചനമോ വൈകല്പികമായി പ്രയോഗിച്ചുകൊണ്ടിരിക്കുന്നുവെന്നു ഞങ്ങൾ കണ്ടിട്ടില്ലാ. ഇവ രണ്ടും ഒരേ ഒരു പത്രത്തിൽ കണ്ടുവരുന്നതായി ' "സ്റ്റാർ ' പറയുന്നത്, തൻ്റെ  മനോഗതത്തെ ശരിയായി തുറന്നു പറവാൻ ശക്തിയില്ലാത്തതിൻെറ പ്രകടനമോ, വിദ്യുജ്ജിഹ്വതയ്‌ക്കോ ദ്വിജിഹ്വതയ്‌ക്കോ ലക്ഷ്യമോ ആയിരിക്കണമെന്നാണ് ഞങ്ങൾക്കു തോന്നുന്നത്. ഞങ്ങളുടെ ലേഖകൻ അഭിപ്രായപ്പെടുമ്പോലെ, തുറന്നുപറയുന്ന ശീലത്താലുള്ളതിനേക്കാൾ അധികം ദോഷമാണ് ദ്വിജിഹ്വതയാലുണ്ടാകുന്നത്. ദ്വിജിഹ്വത ഒരു വലിയ മനോരോഗത്തിൻ്റെ  ലക്ഷണമാണ്; ജനപ്രധിനിധികളായ വർത്തമാന പത്രങ്ങൾക്കു യുക്തമായ ധർമ്മവുമല്ല. തുറന്നു പറയുന്നവർ നേരെ യുദ്ധക്കളത്തിലിറങ്ങി വെളിവിൽ പൊരുതുന്ന മഹാനായ ശത്രുവെപ്പോലെയുള്ളവരും; ദ്വിജിഹ്വന്മാർ ഒളിയമ്പെയ്യുന്ന നീചനായ ശത്രുവെപ്പോലെയുള്ളവരും ആകുന്നു. ഞങ്ങളുടെ സഹജീവി, ഈ നാട്ടിലെ വായുമണ്ഡലത്തിൽ ചില വിഷബീജങ്ങൾ കലർന്നിരിക്കുന്നതായി പറയുന്നത് പരമാർത്ഥം തന്നെയാണ്; പക്ഷേ, അതു പത്രങ്ങൾ നിമിത്തമാണെങ്കിൽ, ഞങ്ങളുടെ സഹജീവിയെപ്പോലെയുള്ള വിദ്യുജ്ജിഹ്വന്മാരുടെ ഇപ്പൊഴത്തെമാതിരി പ്രസംഗങ്ങളാൽ ഉണ്ടാകുന്നതും, സർക്കാരുദ്യോഗസ്ഥന്മാർ നിമിത്തമാണെങ്കിൽ, ദിവാൻ മിസ്തർ രാജഗോപാലാചാരിയെപ്പോലെയുള്ളവരുടെ അസാന്മാർഗ്ഗ നടത്തയാൽ ഉണ്ടാകുന്നതും ആകുന്നു. ഞങ്ങളുടെ സഹജീവി, ഇങ്ങനെയുള്ള വിദ്യുജ്ജിഹ്വവേഷം കെട്ടിക്കളിക്കുവാൻ പുറപ്പെടുന്നതിനുപകരം, മേല്പറഞ്ഞതരം സർക്കാരുദ്യോഗസ്ഥന്മാരുടെ നടത്തയെ ശുദ്ധീകരിക്കാൻ അവരെ ഉപദേശിക്കുന്നതായിരിക്കും ഉത്തമമെന്നു ഞങ്ങൾ വിചാരിക്കുന്നു. അവരെക്കുറിച്ച് വല്ല സഹജീവിയും ചീത്ത പറയുന്നുണ്ടെങ്കിൽ, ആ ചീത്തപറച്ചിലിന്റെ കാരണമായ നടത്തയെ നന്നാക്കുമ്പോൾ, ചീത്തപറച്ചിലിന്നു വിഷയമില്ലാതാകുന്നതാണല്ലൊ.       

The Lightning-tongued Clown!

  • Published on August 31, 1910
  • 651 Views

Those who have watched the dance-drama called Ramanattam will not forget a peculiar clownish character in it. This character, who makes the audience laugh by making faces at them with a grimace, is called a coward by the ordinary viewers. But the learned among the viewers call this peculiar character ‘one with the tongue of lightning.’ What they mean by this is that the Ramanattam clown is a character with a tongue that can move with the speed and suddenness of lightning, taking sharp turns and streaks. In other words, such people are quick in making repartees. It may be on the assumption that persons quick in retorting may be timid that the clown is called a ‘coward’ by the ordinary people. Since cowardice is a sign of weakness and it can undermine constancy, the cowards are normally booed at. The coward in Ramanattam awkwardly feigns the actions of a mighty king, thereby provoking laughter in the audience.

Copycats of the Ramanattam clowns are found among our newspapers as well. Having failed to hit the nail on the head, they themselves become objects of their own ridicule. It was by donning the costumes of such a clown that the ‘Western Star,’* one of our own kind, came on stage yesterday, producing laughter in us. The editorial of this clown of a newspaper yesterday is nothing but the grotesque actions of the Ramanattam clown. It is by way of a warning to his fellow editors that this concerned editor has published his editorial. However, the cowardice, which is quite noticeable in it, clearly shows where he stands. This editor* opines that just saying that nothing will ever change for better unless the government officials themselves change positively is not enough; what is of utmost importance is bettering the style of criticism being followed by the newspapers themselves. An editorial in this paper recently said that an irresponsible opinion piece stuffed with damaging praise and reprimand in equal measure has made the atmosphere of this land toxic and, therefore, it behoves upon all of us to stop the spread of this malaise before it plunges the land into restlessness and crises. We have published in another column an English article written by a valued writer lamenting the paper’s lack of courage to name the paper that it has chosen to attack. Our knowledge of Malayalam papers being brought out in this state is in no way inferior to what this fellow traveller in journalism has grasped about them already. We do not know which paper can be faulted for publishing damaging praise and for a reckless reproach without taking the fallout into account. There are some Malayalam papers that live by showering unwarranted praise on the Diwan and other government officials. While some papers focus on unkind criticism, some others wield the weapons of reproach alone; even so, there are some papers that care to point out the undesirable and desirable elements of governance in equal measure. Nonetheless, we have not seen any paper as having handled praise and reproach to serve certain ulterior motives. The ‘Western Star’s’ discovery of them appearing together in a certain paper may be a demonstration of its inability to name the erring paper right away or it can be the result of an awkward tongue a la the Ramanattam clown. True to what our correspondent says, the damage caused by a ‘forked tongue’ can be more disastrous than what is caused by calling a spade a spade. To remain a forked tongue is the sign of a great mental illness; and it is not befitting the role newspapers are supposed to play as representatives of people. On the other hand, those who call a spade a spade are like those great enemies who come out in the open and fight, and the forked tongued ones are like the despised enemies who would like to shoot their arrows from behind a screen. What our fellow newspaper says about the atmosphere of our state having been infected with poisonous worms is true. If newspapers are responsible for bringing about such a situation, it can be traced back to ill-conceived editorials of clownish journalists with forked tongues, as in the present case. On the other hand, if it is because of the actions of government officials, it is due to the immoral activities of a Diwan like Mr. Rajagopalachari. We somehow feel that instead of setting out to act the role of a Ramanattam clown, it would do much good to our fellow journalist if he found time to warn the corrupt government officials against their erroneous ways and suggest ways to rectify them neatly. If they are reprimanded by somebody for their undesirable behaviour, know that once they correct their erroneous practices, the ground for reprimand will also be gone.

Notes by the translator:

*Name of a newspaper

*Refers to the editor of Svadeshabhimani newspaper


Translator
Ajir Kutty

K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like