പത്രധർമ്മമോ?

  • Published on December 20, 1909
  • By Staff Reporter
  • 619 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

പത്രപ്രവർത്തന വിഷയത്തിൽ, "സ്വദേശാഭിമാനി" യെക്കാൾ പഴമപരിചയം കൂടുതലുള്ളവയെന്ന് പ്രസിദ്ധപ്പെട്ടിട്ടുള്ള ചില സഹജീവികൾ കൂടെ, ഈയിട, അവരുടെ പരിചയത്താൽ സിദ്ധമാകേണ്ടിയിരുന്ന വിവേകത്തെ വെടിഞ്ഞ്, നിരുത്തരവാദിത്വലക്ഷ്യങ്ങളായ പ്രസ്താവങ്ങൾ ചെയ്തുവരുന്നതായി കാണുന്നതിൽ ഞങ്ങൾ വ്യസനിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്യുന്നു. വ്യസനം, അവരുടെ അനുചിത കർമ്മാരംഭത്തെ കണ്ടിട്ടും; ആശ്ചര്യം, അവരുടെ ബുദ്ധിചാപല്യത്തെ ഓർത്തിട്ടും ഉണ്ടാകുന്നതാണ്. " സ്വദേശാഭിമാനി " പത്രാധിപരായ മിസ്റ്റർ കെ. രാമകൃഷ്ണപിള്ള, ബി. ഏ, യെ തിരുവിതാംകൂർ സംസ്ഥാനത്തുനിന്ന് ബഹിഷ്‌ക്കരിക്കുവാൻ ഗവന്മെണ്ട്  കല്പിച്ചിരിക്കുന്നു എന്നും; "സ്വദേശാഭിമാനി"യിൽ ഈയിടെയായി അതിർ കവിഞ്ഞും രാജദ്രോഹകരമായും ഉള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതുകൊണ്ട് ഗവന്മെണ്ടിന്റെ    ഈ നടവടിയെപ്പറ്റി അത്ഭുതപ്പെടുവാനോ, രോഷപ്പെടുവാനോ അവകാശമില്ലെന്നും; ഈ നാട്ടിലെ ജനസമുദായമധ്യത്തിൽ സമാധാന പരിപാലനത്തിനു ഗവന്മെണ്ടിന്റെ  ഈ പ്രവൃത്തി യുക്തം തന്നെയെന്നും മറ്റുമാണ് ഈ ചില സഹജീവികൾ ജല്പിച്ചിരിക്കുന്നത്. ഈ അപവാദങ്ങൾ വളരെ ഗൗരവപ്പെട്ടവയും വാസ്തവസംഗതികളാൽ ആദരിക്കപ്പെടാത്തവയാണെങ്കിൽ തൽക്കർത്താക്കന്മാർക്ക് അവരുടെ കുറ്റങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ മാർഗ്ഗം നൽകാത്തവയും ആകുന്നുവെന്ന്, അവർ തങ്ങളുടെ പത്രപ്രവർത്തനപരിചയത്താൽ ഓർമ്മിക്കാത്തതു അവർക്ക് പ്രശംസാവഹമാണെന്ന് ഞങ്ങൾ വിചാരിക്കുന്നില്ലാ. ഡിസംബർ 9 ലെ "മലബാർ ഡെയിലി ന്യൂസ്" (Malabar Daily News) പത്രവും, ഡിസംബർ 11 ലെ (Cochin Argus) "കൊച്ചിൻ ആർഗ്ഗസ്" പത്രവും മേൽ വിവരിച്ച പ്രകാരം ചില ' കബന്ധങ്ങൾ ' പ്രസിദ്ധീകരിച്ചിരുന്നതിനെക്കുറിച്ച് ഞങ്ങൾ പറഞ്ഞിട്ടുണ്ടല്ലോ. "സ്വദേശാഭിമാനി" യൊട് സ്പർദ്ധ വച്ചുങ്കൊണ്ട്, ഞങ്ങളെപ്പറ്റി എന്തും ആഭാസമായും അപകീർത്തികരമായും അവാസ്തവമയമായും ലേഖനങ്ങൾ പ്രസിദ്ധീകരിച്ച്, ബഹുജനങ്ങളുടെ ഉളളിൽ ദുരഭിപ്രായങ്ങൾ മുളപ്പിക്കുന്നതിനു തക്കവിധം ദുർഭാഷണം ചെയ്യുവാൻ ഒരുങ്ങിയിരിക്കുന്ന ചില കുചരിതന്മാരുടെ ഗണത്തിലായിരുന്നു ഈ സഹജീവികളെങ്കിൽ, ഞങ്ങൾ ഇത്രയും പ്രസ്താവിക്കേണ്ടി വരുകയില്ലായിരുന്നു. എന്നാൽ, പ്രവൃത്തികളുടെ ഫലഗതി ഇന്നതെന്ന് ഊഹിപ്പാൻ തക്ക ലോകപരിചയം സിദ്ധിച്ചിട്ടുള്ളവർ, സാഹസിക സ്വഭാവം പ്രദർശിപ്പിക്കുമ്പോൾ, അവരുടെ ബുദ്ധിക്ക് നല്ല പ്രജ്ഞയുണ്ടാകേണ്ടിയിരുന്നു എന്ന് വ്യസനിക്കുവാൻ ആർക്കും തോന്നുന്നതാണ്. 'സ്വദേശാഭിമാനി' പത്രാധിപരെ നാടുകടത്തുന്നതിനോ, മറ്റോ, തക്കവണ്ണം ഞങ്ങൾ യാതൊന്നും എഴുതീട്ടും പ്രവർത്തിച്ചിട്ടും ഇല്ലെന്ന് ഞങ്ങൾക്ക് നല്ല ബോധമുണ്ട്. രാജാധികാരത്തെ ആദരിക്കുന്ന വിഷയത്തിൽ 'സ്വദേശാഭിമാനി' ഈശ്വരഭക്തിപ്രതിഷ്ഠിതവും മതവിശ്വാസോപഷ്ഠബ്ധവും ആയ പ്രമാണത്തെ അനുവർത്തിക്കുന്നുണ്ടെന്നും, ആ പരിശുദ്ധ പ്രമാണത്തിൽ നിന്ന് ഞങ്ങൾ വ്യതിചലിക്കുന്നതല്ലെന്നും ഞങ്ങളെപ്പറ്റി നല്ലവണ്ണം അറിയാവുന്നവർക്ക് ബോധമുണ്ടായിരിക്കാനിടയുണ്ട്. എന്നാൽ, ഞങ്ങളുടെ പ്രമാണം, അതിൻ്റെ അക്ഷരങ്ങളെ മാത്രം സ്പർശിക്കുന്ന ബഹിർമ്മാത്രപ്രധാനമായ ഒരു പ്രകടനമല്ല; അതിൻ്റെ ആന്തരമായ ചൈതന്യത്തെയാണ് ഞങ്ങൾ ആദരിക്കുന്നത്. ഇതു നിമിത്തം തന്നെയാണ് ഞങ്ങൾ തിരുവിതാംകൂറിലെ രാജസേവന്മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും അഴിമതികളെയും അക്രമങ്ങളെയും പറ്റി തുടരെത്തുടരെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ അധർമ്മങ്ങളെ അധർമ്മങ്ങളെന്നു അറിയുവാനും, ഇവയുടെ മൂല്യത്തെ ഛേദിപ്പാനും ഞങ്ങളെ പ്രേരിപ്പിച്ചിട്ടുള്ളത് ഞങ്ങൾ പ്രമാണമായി ധരിച്ചിട്ടുള്ള ധർമ്മത്തിന്‍റെ ചൈതന്യം തന്നെയാകുന്നു. ഈ ചൈതന്യം ഞങ്ങളോടുകൂടി ജനിച്ചതല്ല; അത് ഈശ്വരചൈതന്യത്തിൻെറ അംശമെന്നോ, ഈശ്വരചൈതന്യം തന്നെയെന്നോ പറയുമ്പോൾ, അതിൻ്റെ ആദിയും അന്തവും എന്തെന്ന് വായനക്കാർക്ക് ഊഹിക്കാവുന്നതാണ്. ഈ ചൈതന്യം യാതൊരുവൻ മുഖേന അതാതുകാലങ്ങളിൽ പ്രകടിക്കുന്നുവോ, അവനെ എന്തുതന്നെ പീഡിപ്പിച്ചാലും, അവനെ നശിപ്പിച്ചാലും, ഇതിൻെറ ഉൽപ്പത്തിയെയോ, വ്യാപാരത്തെയോ നശിപ്പിക്കുവാൻ കഴിയുമെന്ന് ഞങ്ങൾ വിചാരിക്കുന്നില്ലാ. രാജസേവന്മാരുടെയും സർക്കാരുദ്യോഗസ്ഥന്മാരുടെയും അഴിമതി അക്രമങ്ങൾ ജനങ്ങളുടെ മേൽ ഇനിയെങ്കിലും പതിക്കാതെയിരിക്കണമെന്നുള്ള അഭിവാഞ്ചയോടുകൂടി, ആ അധർമ്മങ്ങളെപ്പറ്റി, ഏറെക്കുറെ പരുഷമായിട്ടെങ്കിലും, പ്രസ്താവിക്കുന്നത് രാജദ്രോഹമാണെന്നുള്ള വർത്തമാനം ഞങ്ങൾ ഇദം പ്രഥമമായിട്ടാണ് കേൾക്കുന്നത്. ഞങ്ങൾ ബഹുമാനഭക്തിപൂർവം ആദരിക്കുന്ന രാജാവിനെ മറന്നിട്ടാണ് ഈ അഴിമതിക്കാർ അധർമ്മങ്ങൾ പ്രവർത്തിച്ചു പോരുന്നതെന്ന് ഞങ്ങൾക്ക് ബോധമുള്ളതിനാൽ, ഈ അധർമ്മികളെ നിന്ദിക്കുന്നത് രാജാധികാരത്തിൻെറ പവിത്രതയെ പരിപാലിക്കാനായുള്ള ഞങ്ങളുടെ അഭിലാഷത്തിൻ്റെ പ്രകടനമാണെന്ന് ഞങ്ങൾക്ക് നിശ്ചയമുണ്ട്. ഇത് ഗവന്മെണ്ടിന്റെ  അധികാരത്തെ ധ്വംസിക്കയോ, പ്രജകളുടെ ഉള്ളിൽ ഗവന്മെണ്ടിനോട്  ദ്വേഷം  ജനിപ്പിക്കയോ ചെയ്യുന്ന കൃത്യമല്ലായ്കയാൽ ഞങ്ങൾക്ക് ധർമ്മം ജയിക്കും എന്നുള്ള വിശ്വാസം നശിച്ചു പോയിട്ടില്ലാ. ഞങ്ങളുടെ പ്രവൃത്തി ഗവന്മെണ്ടിനെ  അപകടപ്പെടുത്തുന്നതിനല്ലെന്ന്  ഗവന്മെണ്ടിനു തന്നെ നല്ല ബോധമുള്ള സ്ഥിതിക്ക് ഞങ്ങളുടെ സഹജീവികൾ നിരുത്തരവാദികളായി അവാസ്തവങ്ങളും അസംബന്ധങ്ങളും പ്രലപിച്ച് തന്നത്താൻ കൊലമാല ധരിക്കുന്നതിൻെറ ഔചിത്യവും ആവശ്യവും എന്തെന്ന് ഞങ്ങളറിയുന്നില്ലാ. ഇപ്പൊഴത്തെ കാലസ്ഥിതിയെപ്പറ്റി ഞങ്ങൾ അറിയായ്കയില്ല, ഈ വിഷയത്തിൽ ഞങ്ങളുടെ സഹജീവികൾ ഉപരിജ്ഞാനമുള്ളവരെന്നു അഭിനയിച്ചു ഞങ്ങളെ ഉപദേശിക്കേണ്ടതും ഇല്ലായിരുന്നു. രാജദ്രോഹകരമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാതിരിക്കുവാൻ ശ്രദ്ധ വയ്‌ക്കേണ്ടത് പത്രപ്രവർത്തകന്മാരുടെ കടമ തന്നെയാണ്. അതേ കടമയോടുകൂടിത്തന്നെ, പബ്ലിക് കാര്യ പ്രവർത്തകന്മാരുടെ പബ്ലിക് കൃത്യങ്ങളെപ്പറ്റി അവധാനത്തോടെ വിചിന്തനം ചെയ്യുകയും അവരെ രാജദ്രോഹികളെന്നോ മറ്റോ ധാർഷ്ട്യപൂർവം അപകീർത്തിപ്പെടുത്താതിരിക്കുകയും ചെയ്യുന്നതിനുള്ള കടമയും ഉണ്ടെന്നു ഓർക്കേണ്ടതാണ്. രാജദ്രോഹകരങ്ങളായ ലേഖനങ്ങൾ  ഗവന്മെണ്ടിനെയും പ്രജകളെയും തമ്മിൽ ഛിദ്രിപ്പിക്കുന്നവയാണെങ്കിൽ, രണ്ടാമതു പറഞ്ഞ കടമയെ ലംഘിച്ചു ചെയ്യുന്ന അപകീർത്തികരങ്ങളായ ലേഖനങ്ങൾ  ഗവന്മെണ്ടിനെയും    ജനങ്ങളെയും നേർവഴി തെറ്റിക്കുകയും നിർദ്ദോഷനായ  ഒരു പ്രജയെക്കുറിച്ച്  ഗവന്മെണ്ടിനും ജനങ്ങൾക്കും ദുരഭിപ്രായങ്ങൾ ജനിപ്പിക്കയും ചെയ്യുന്നവയാണെന്നും ഓർത്തിരിക്കേണ്ടതാണ്. ഈ വകതിരിവില്ലാത്തവരായി പത്രപ്രവർത്തകന്മാർ ആര്‍ പ്രവർത്തിക്കുന്നുവോ അവരുടെ ബുദ്ധിയെയും നിലയ്ക്ക് നിറുത്തുന്നതിന് ഗവന്മെണ്ടു തന്നെ നിയമങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നു  ഇവര്‍ക്ക് ഓർമ്മയുണ്ടാകുമോ ഇല്ലയോ എന്ന് വഴിയേ അറിഞ്ഞുകൊള്ളാം. 

   

Is this Journalistic ethics?

  • Published on December 20, 1909
  • 619 Views

We are saddened and surprised to see that some of our fellow newspapers, who are reputed to have more experience than "Svadesabhimani" on the subject of journalism, are making irresponsible statements, without the prudence that should have been inculcated by their experience. We feel sorry seeing their improper initiation, but our astonishment comes from the thought of their whimsical acts. They published that the Government has ordered the expulsion of "Svadesabhimani" newspaper editor Mr. K. Ramakrishna Pillai B. A. from the State of Travancore; and that there is no right to be surprised or outraged at this action of the Government as the "Svadesabhimani" has lately published articles that are exceedingly seditious and treasonous. Some of these fellow newspapers have concluded that this act of the government is appropriate for maintaining peace among the people of this country. We do not think that these accusations, which are very serious if not substantiated by facts, would not afford the perpetrators any means of escape from their offences. It is not creditable to them that they did not remember their journalistic background before putting forward such comments.

We have already mentioned that the "Malabar Daily News" on 9th of December and the "Cochin Argus" on 11th of December published some 'lifeless utterances' as described above. Bearing spite and venom against "Svadesabhimani" and publishing articles about us that are slanderous, defamatory, and untrue has compelled us to state so much. If these fellows were among some of the miscreants who were ready to speak foul enough to create bad opinions among the masses, we would not have bothered to respond. But, when those who have had enough worldly experience to guess the results of their actions display an adventurous nature, it is natural for everyone to regret the lack of good foresight their intelligence must have had. We are well aware that we have not written or done anything otherwise that might lead to the deportation of the editor of “Svadesabhimani”. That “Svadesabhimani” follows a pious and religious doctrine in respect of the royal authority and those who know us well may be aware that we do not deviate from that holy precept. But our precept is not an extravagant exposition touching only its letters; we respect its inner spirit. It is solely because of this that we are constantly talking about the corruption and violence of the royal servants and officers of Travancore. It is the very spirit of religious virtues that we have adopted as a principle that has induced us to recognise these vices as vices itself and to curtail their propagation. This spirit is not born with us; when it is said that it is part of God consciousness or God consciousness itself, the readers can guess its beginning and end. By whomsoever this spirit manifests itself at any given time, whatever torments him, whatever destroys him, we do not think that it can destroy its origin or reach.

It is for the first time that we hear the news that it is treason to expose the corrupt acts of royal servants and government officials. At times, it may have been somewhat rude. We spoke of those iniquities with the desire that such acts should not affect the people again. Since we are aware that these corrupt people have been doing their misdeeds forgetting the King whom we reverently hold in high esteem, we are sure that condemning these iniquities is an expression of our desire to preserve the sanctity of the monarchy.

We have not lost faith that dharma* will win, for it is not an act on our part to destroy the authority of the Government or to create hatred towards it among its subjects. As the government itself is well aware that our work is not to endanger the government, we do not know the propriety and necessity of our fellow journalists to wear the noose around their neck by being irresponsible and spreading falsehoods and nonsense. We were not ignorant of the present state of affairs; and our fellow journalists had no need to pretend to be more knowledgeable on the matter and advise us.

It is the duty of journalists to take care not to publish seditious articles. The performance of the public servants is to be assessed with great care. It must also be remembered that there is a duty not to defame them presumptuously as traitors or otherwise.

If the seditious articles divide the government and the subjects,then defamatory articles, which violate the duty not to stamp someone a traitor and mislead the Government and the people, should not be published. It must also be remembered that it may create a bad impression about an innocent person to the government and in the minds of the people. We will only know later whether these journalists, who act indiscriminately, will remember that the government itself has established rules to keep check on these types of wayward acts.

Notes by the translator:

*Dharma refers to the basic principle of divine law in Hinduism, Buddhism and Jainism; a code of proper conduct conforming to one's duty and nature.


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like