തിരുവനന്തപുരത്തെ വ്യവസായവിദ്യാശാല

  • Published on August 29, 1906
  • By Staff Reporter
  • 861 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

പുതിയ ദിവാൻ മിസ്റ്റർ ഗോപാലാചാര്യരുടെ ശ്രദ്ധയെ അർഹിക്കുന്ന മൃതപ്രായങ്ങളായ പല സ്ഥാപനങ്ങളിൽ ഒന്ന് തിരുവനന്തപുരത്തെ വ്യവസായവിദ്യാശാല ആണെന്ന് ''മദ്രാസ് മെയിൽ'' ലേഖകൻ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഇരുപതു സംവത്സര കാലമായി നടത്തി വരുന്ന ഈ ശാല കൊണ്ട് സർക്കാരിനു ഒട്ടേറെ പണം ചെലവായതല്ലാതെ, ഈ നാട്ടിൽ യാതൊരു വ്യവസായ പ്രരോചനവും  ഉണ്ടായിട്ടില്ലെന്നും, ഈ വിദ്യാശാല വളരെക്കാലമായിട്ട് ഒരു അത്ഭുതസാധനശാലയായി മാത്രം ഭവിച്ചിരിക്കുന്നു എന്നും പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. ഈ പ്രസ്താവം എത്രയും വാസ്തവം ആണെന്നേ പറയേണ്ടതുള്ളൂ. ഈ വിദ്യാശാലയിൽ  ദന്തവേല, മൺവേല മുതലായ പല പണികളും ചെയ്യുന്നുണ്ടെങ്കിലും, ആ വക സാമാനങ്ങൾ വ്യാപാരം ചെയ്യുവാൻ തക്ക വിധത്തിൽ അത്ര അധികമോ, ഗുണമുള്ളതായോ ഉണ്ടാക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം ചെയ്തു കാണുന്നത്. 1851 മാണ്ട് ഈ വിദ്യാശാലയിൽ നിന്ന് പണിതയച്ച ഒരു ദന്ത രഥം കണ്ട് , വിക്ടോറിയ മഹാരാജ്ഞി തിരുമനസ്സുകൊണ്ട്‌ അന്നത്തെ മഹാരാജാവ് തിരുമനസ്സിലേക്ക് പ്രശംസാപത്രം അയച്ചു എന്നുള്ളതു കൊണ്ട് ഇപ്പോഴും അഭിമാനിച്ചുകൊണ്ടിരിക്കുന്ന ശാലാപ്രവർത്തകന്മാരുടെ പിന്നത്തെ കഥ എന്തായിരുന്നു? കറുത്തീയപ്പെൻസിൽപണി, അലുമ്‌നം ലോഹവേല, വാഴനാർ നെയ്ത്ത് മുതലായ പല വേലകളും തുടങ്ങുകയും, മറുനാടുകളിൽ നിന്ന് അവയ്ക്ക് ആവശ്യക്കാർ അപേക്ഷിക്കുകയും ചെയ്തു. എന്നാൽ, അവ അതോടെ മുടങ്ങി എന്നുള്ള കഥയാണ് പിന്നീടുള്ളത്, ഈ വിദ്യാശാലയിൽ ചില കലാവിദ്യകൾ അഭ്യസിപ്പിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് മാസന്തോറും സഹായധനം കൊടുക്കുന്നുമുണ്ട്. അവയെ അഭ്യസിപ്പിച്ചതുകൊണ്ടു മാത്രം എന്താണ് ഗുണം ഫലിച്ചത്? ചില വിചിത്രപണികൾ ചെയ്‌ത്‌ ശേഖരിക്കാൻ സാധിച്ചു. എന്നാൽ, കൈത്തൊഴിലുകളെ വർദ്ധിപ്പിക്കാനോ, ഈ നാട്ടിൽ ചെലവുള്ള സാമാനങ്ങൾ വല്ലതും ഇവിടെ ഉണ്ടാക്കിക്കാണിച്ച്  നാട്ടുകാരായ തൊഴിൽക്കാരെ ഉത്സാഹിപ്പിക്കാനോ ഈ ഇരുപതുകൊല്ലങ്ങൾക്കിടയിൽ സാധിച്ചിട്ടില്ല. ഇക്കാലത്തിനുള്ളിൽ, ആണ്ടിൽ ശരാശരി പതിനയ്യായിരം രൂപ വീതം ചെലവ് മാത്രമുണ്ടായിട്ടുണ്ട്. വരവ് എത്രയുണ്ട്? അകത്തുവെള്ളം ഒഴിച്ചാൽ കാലക്രമേണ പുറത്തു ചോർന്നുപോരുന്ന മൺപാത്രങ്ങളോ വല്ല  കളിപ്പാട്ടങ്ങളോ ചപ്പുചവറുകളോ വിറ്റുകിട്ടുന്ന ഒന്നുരണ്ടായിരം രൂപ മാത്രം. പിന്നെ, പ്രദർശനശാലകളിലേക്കയപ്പാൻ തീർത്തുവച്ചിട്ടുള്ള പണിത്തരങ്ങളെ പലവുരു അയച്ച് പ്രശംസാപത്രങ്ങളും ബഹുമതി മുദ്രകളും സമ്പാദിച്ചിട്ടുമുണ്ട്. 1080 - മാണ്ടത്തെ  രാജ്യഭരണ റിപ്പോർട്ടിൻ പ്രകാരം ഈ വിദ്യാശാലക്ക് തന്നാണ്ടിൽ ചെലവിന് പതിനേഴായിരത്തിലധികം രൂപ വേണ്ടി വന്നു; വരവ് രണ്ടായിരത്തിൽപരമേ ഉള്ളൂ. ഈ വിധം ഇക്കഴിഞ്ഞ ഇരുപതു വത്സരത്തിനുള്ളിൽ രണ്ടുമൂന്നു ലക്ഷം രൂപ ഈ ശാല മുഖേന സർക്കാരിന് നഷ്ടമുണ്ട്. നാട്ടിലെ തൊഴിലുകൾക്കു പറയത്തക്ക യാതൊരു സഹായവും നൽകാത്തക്കവിധത്തിൽ ശാല നടത്തുന്നതുകൊണ്ട് എന്ത് സുകൃതമാണ് ഗവർമേണ്ടിനുള്ളത്? ജനങ്ങൾക്ക് നിത്യം ഉപയോഗത്തിന് വേണ്ടുന്ന പിഞ്ഞാൺ , ഭരണി , കവടിയിട്ട പാത്രങ്ങൾ, ഉരുക്കുപേന, മൊട്ടുസൂചി, പെൻസിൽ മുതലായ എത്രയെത്ര സാമാനങ്ങൾ ഇവിടെ ഉണ്ടാക്കുവാൻ കഴിയുന്നതാണ്? അവയെ ഈ വ്യവസായശാലയിൽ തയാറാക്കി കച്ചവടക്കാരെ ഏൽപ്പിക്കുന്നതായാൽ എത്രയോ ഉപകാരമാവും. ഒന്നുകിൽ  ഈ വിദ്യാശാലയെ ഗവർന്മേണ്ടു പരിഷ്കരിക്കണം. അല്ലെന്നു വരുകിൽ, ഇതിനെ നിറുത്തിക്കളയണം. അല്ലാതെ, ജനങ്ങളുടെ പ്രയത്നഫലത്തെ ദുർവ്യയം ചെയ്‌ത്‌ ഏതാനും ഉദ്യോഗസ്ഥന്മാരെ വച്ചുകൊണ്ടിരിക്കുന്നതു കൊണ്ട് പ്രയോജന വിശേഷം ഒന്നും ഇല്ല.    

Industrial School at Thiruvananthapuram

  • Published on August 29, 1906
  • 861 Views

The Correspondent of the "Madras Mail" has pointed out that the Thiruvananthapuram Industrial School is one of the many moribund institutions that deserve the attention of the new Dewan, Mr. Gopalacharya. It has been stated that apart from costing the government a lot of money, this institution, which has been running for 20 years, has not made any industrial stimulation in this country. This school has long been a white elephant. Needless to say, this statement is very true.

Although many trades such as ivory work, earthen clay work etc. are done at this school, it is alleged that such products are not made in such a quantity or quality that they are suitable for sale.

Queen Victoria was presented with an ivory chariot built by this school in 1851. In response, she sent a letter of appreciation to the then Maharaja. The school authorities are still proud of such a recognition. But, what happened later is totally a different story.

Many trades such as black pencil work, aluminium metal work, banana fibre weaving etc. were started and demands for such items came from other countries also. However, they stopped it after the initial phase and instead started to teach some other art forms at this school. Students are given a monthly stipend. What good did it do just to practise those art forms? The result was that they could collect some strange artefacts.

However, during these past 20 years, it has not been possible to increase the types of handicrafts made, or to encourage the local workers by showing that some of the goods that are expensive are made here. During this period, the average expenditure per year was Rs.15,000, but how much was the income? Only a couple of thousand rupees worth of products like earthen pots, some toys, or other sundry items could be made and sold. The school has sent numerous products that have been completed for exhibition and earned certificates of appreciation and medals.

According to the 1080 State Administration Report, this school required more than Rs.17000 for annual expenditure; and the return was just over 2000. In this way, the government has lost two to three lakh rupees through this industrial workshop in the last 20 years. What benefit does the government have by running a factory in such a way that it does not give any boost to the jobs of the country? How many items such as porcelains, jars, lidded vessels, iron pen nibs, needles, pencils etc. that people need for daily use can be made here? If they are manufactured in this factory and handed over to the traders, it will be very useful. Either this school should be reformed by the government or it should be closed down. There is no point in employing a few officials to squander the efforts of people.


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like