നസ്രാണിദീപികയുടെ ചപലാലാപങ്ങൾ

  • Published on July 25, 1906
  • By Staff Reporter
  • 701 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

അഞ്ചൽ  സൂപ്രേണ്ടിന്‍റെ  ഓലപ്പാമ്പിനെ   സംബന്ധിച്ച്‌  "നസ്രാണിദീപിക,  ഞങ്ങളോട്  ശഠിക്കുവാൻ - ഇനിയും  വേഷം  ചമഞ്ഞിരിക്കയാണെന്നു കാണുന്നു.  ഇക്കഴിഞ്ഞ  ലക്കത്തിൽ,  ആ  പത്രിക  ചില " പായ്യാരങ്ങൾ കൊണ്ട് അരങ്ങത്തു കടന്നു  ചിലതുപാടിത്തകർത്തിരിക്കുന്നു. "അരംഗത്തു കോപരസം അഭിനയിക്കേണ്ട   നടൻ  അപ്രകാരം ചെയ്യാതെ  നിൽക്കുന്നതു കണ്ടു ചെങ്കിലക്കോൽ  കൊണ്ട്  പുറത്തുകുത്തേറ്റസമയം കോപിച്ചു തിരിഞ്ഞുനോക്കിയപ്പോൾ;  ഇതരങ്ങത്തേക്കാവട്ടെ എന്നു പറഞ്ഞ  കഥകളിപ്പാട്ടുകാരനെപ്പോലെ  ഞങ്ങളും ഈ  അവസരത്തിൽ  അഭിമാനിയോടു വഴക്കെല്ലാം  വേണ്ടെടത്തു പറയേണമെന്നും  ഞങ്ങളോടെടുക്കേണ്ടതല്ലെന്നും പറഞ്ഞുകൊള്ളുന്നു" എന്നാണ് " ദീപിക", പറഞ്ഞിരിക്കുന്നത്. അഞ്ചൽ സൂപ്രേണ്ടിന്‍റെ ഭാഗത്തേക്ക് ക്രിമിനൽ വക്കീൽ വേഷം ധരിച്ച നസ്രാണി ദീപികാപത്രാധിപർ  പത്രലോകരംഗത്ത്‌  ചെങ്കിലക്കാരനോ പാട്ടുകാരനോ  ആയിരിക്കയാണെന്നു   ഇപ്പോഴാണ്  ഞങ്ങളറിയുന്നത്. ആട്ടഭ്രാന്തിനാലായിരിക്കാം, ഇദ്ദേഹം, ഞങ്ങളും അഞ്ചൽ സൂപ്രേണ്ടുമായുള്ള  വാദപ്രതിവാദപ്രവൃത്തി  കഥകളിയിലെ  വേഷക്കാരുടെ "ഗൊഗ്വാ" ,  വിളിയെന്ന്  ഭ്രമിച്ച്‌,  ആരും ആവശ്യപ്പെടാതെ, ചെങ്കിലക്കോലും ചെങ്കിലയുമെടുത്ത് കൊട്ടിപ്പാടാൻ, സ്വയമേചാടിപ്പുറപ്പെട്ടതെന്ന് ഊഹിക്കേണ്ടിവരുന്നു.  എന്നാൽ, ഞങ്ങളും  സൂപ്രേണ്ടും  കളിക്കിറങ്ങിയിരിക്കയല്ലെന്നും , ഒരു  രാജ്യത്തിലെ  പ്രജകളുടെ  സ്വാതന്ത്ര്യാവകാശങ്ങളെ   സംബന്ധിച്ചുള്ള  ഒരു  വാദത്തിൽ കാര്യമായി    ഏർപ്പെട്ടിരിക്കയാണെന്നും,  അതിനാൽ ,  ഈ  സഹജീവി  ചെങ്കിലയും   കോലുമെടുത്ത്‌ അരങ്ങത്ത്  നിൽക്കേണ്ടതില്ലെന്നും  ഞങ്ങൾ  പറഞ്ഞുകൊള്ളട്ടെ. 

മഴമന്ത്രത്തെപറ്റിയാണ് ഈ സഹജീവിക്ക് പ്രജ്ഞവർദ്ധിപ്പിക്കേണ്ടിയിരിക്കുന്നതു 'ഈശ്വരനോടു നേരിട്ടും  മതനിബന്ധനയ്ക്കു അനുരൂപമായവിധത്തിൽ പുരോഹിതൻമാർ മുഖേനയും ചെയ്യുന്ന പ്രാർത്ഥനകൾക്ക്  പ്രയോജനമില്ലെന്ന്‌ വിശ്വസിക്കത്തക്കവിധത്തിൽ  ഞങ്ങൾ  നാസ്തികമതത്തിൽ ചേർന്നവരല്ലെന്നും , സ്വദേശാഭിമാനി  ഉടമസ്ഥൻ തന്നെ തൻ്റെ പുരോഹിതൻ മുഖാന്തരം ഈശ്വരപ്രാർത്ഥന നടത്തുന്ന ആളാണെന്നും  ഓർത്തിരുന്നുവെങ്കിൽ  അഭിമാനിക്കു ഞങ്ങൾ പറഞ്ഞതുന്യായമെന്നു കാണുവാൻതക്ക കാഴ്ച്ച കണ്ണിനു കിട്ടുമായിരിന്നു, എന്നാണ് "നസ്രാണി ദീപിക ജല്പിക്കുന്നത്". ഈ ജല്പനം വകതിരിവില്ലായ്മയുടെ  സന്തതിയാണെന്നേ  ഞങ്ങൾ പറയുന്നുള്ളൂ. ഈശ്വര  പ്രാർത്ഥനയുടെ  ഫലത്തെ ഞങ്ങൾ വിസംവദിച്ചിട്ടില്ല. ഞങ്ങൾ നാസ്തികന്മാരുമല്ല . ഞങ്ങൾ ആസ്തികമതക്കാർ തന്നെ, പക്ഷെ, നസ്രാണി ദീപികയുടെ മതക്കാരല്ല. ഈ കാര്യത്തിൽ സ്വദേശാഭിമാനി ഉടമസ്ഥന്മാരുടെ മതത്തെ  ദീപിക ചോദ്യം ചെയ്തത്  അവിവേകത്തിന്‍റെ ഫലമാകുന്നു. പാപം ചെയ്യുന്നവര്‍ പുരോഹിതന് പണം കൊടുത്ത് മന്ത്രംജപിപ്പിച്ചു  മോക്ഷം സമ്പാദിക്കാമെന്നുള്ള വിശ്വാസം ദീപികയ്ക്കുണ്ടങ്കിൽ , ഞങ്ങൾ അതിനെ തടയുന്നില്ല. മൃഷ്ടാന്നം ഭുജിച്ചു സുഖിച്ചിരിക്കുന്ന പുരോഹിത വേഷക്കാരെ കൊണ്ട്  വരുണജപം കഴിച്ചാൽ മഴയുണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ലാ. സ്വദേശാഭിമാനി   ഉടമസ്ഥരുടെ മതത്തിൽ, വരുണജപം  കല്പിച്ചിട്ടുണ്ട്. അത്  പണം കൊടുത്തു  ചെയ്യിക്കുന്നതല്ലാ. മനുഷ്യരും  സകലജീവികളും നിരാഹാരന്മാരായി മൈതാനങ്ങളിൽ  കൂട്ടംകൂടി,  കഠിനമായ  വെയിലും കാറ്റും ഏറ്റുകൊണ്ടു  മനഃക്ലേശങ്ങൾ  സഹിച്ചു  ദുഃഖപ്പെട്ടും, പാപകർമ്മങ്ങളെക്കുറിച്ച്‌ ക്ഷമാപണം ചെയ്തും ഈശ്വര പ്രാർത്ഥന ചെയ്യണമെന്ന് കല്പിച്ചിട്ടുണ്ട്.  പരിശുദ്ധവും നിഷ്കളങ്കവും ആയ ഈ മാതിരി ഈശ്വരപ്രാർത്ഥനയെയാണ് യഥാർത്ഥമായ പ്രാർത്ഥനയെന്ന്   പറയേണ്ടത്. അല്ലാതെ, മേല്പറഞ്ഞ വരുണജപം യഥാർത്ഥമായ ഈശ്വര പ്രാർത്ഥനയല്ലാ ; അത്  ബകവൃതലക്ഷണമാകുന്നു. അതുകൊണ്ട് ഉദ്ദേശ്യം ഫലിക്കയുമില്ല . വരുണജപക്കാരായ ബ്രാഹ്മണപുരോഹിതന്മാർ, "നസ്രാണിദീപികയുടെ കണ്ണിന്  നല്ലവണ്ണം   കാണാവുന്ന   ക്രിസ്ത്യൻ    പുരോഹിതന്മാരെപ്പോലെയുള്ളവരാണെന്ന്  "ദീപിക പറയുന്നുവെങ്കിൽ, അത്  ഞങ്ങൾ ബഹുമാനിക്കുന്ന ഒരു ക്രിസ്തുമത  ശാഖക്കാരുടെ പുരോഹിതന്മാരെപ്പറ്റി,  ഒരിക്കലും    സ്‌പൃഹണീയമല്ലാത്തതും, എപ്പോഴും ഘോരമായുള്ളതുമായ ഒരു വ്യഖ്യാനമാണെന്ന് പറയേണ്ടിവരും. കപട മതാചാരങ്ങളെ ഏതു മതക്കാരും വർജ്ജിക്കേണ്ടതാകുന്നു. ഭാവികാലത്തെമാത്രം പരിശുദ്ധമായ ജ്ഞാനശക്തിയെയും ഇച്ഛാശക്തിയെയും അവലംബിക്കുന്നുവെന്നും,  ഈശ്വര പ്രാർത്ഥനകൾ ഹൃദയത്തിൽനിന്നും  തന്നത്താൻ ഉത്‌ഭവിക്കേണ്ടതാണെന്നും മറ്റും അമേരിക്കയിലെ വേദാന്തശാസ്ത്രഞനായ കഴിഞ്ഞുപോയ ജാൺസൻ  എം എ  എന്ന  പണ്ഡിതൻ ഒരു സന്ദർഭത്തിൽ പ്രസ്താവിച്ചിട്ടുള്ളതിനെ   "നസ്രാണിദീപിക   " അറിഞ്ഞാൽ നന്ന്. "ചോദിച്ചാൽ തരപ്പെടും" , മുതലായ വാക്യങ്ങളിലെ  ചോദിക്ക,  തിരയുക,  മുട്ടുക  എന്നിവയുടെ  വാച്യവും  വ്യംഗ്യവുമായ   അർത്ഥം മുഴവനും, ഹൃദയത്തിലെ നിഷ്കളങ്കമായ ഭക്തിയെ കാണിക്കുന്നതല്ലാതെ, നാമമാത്രമായ പ്രാർത്ഥനയെക്കുറിക്കുന്നില്ലെന്നു   'ദീപിക ',  ഓർക്കുമെന്ന്  ഞങ്ങൾ വിശ്വസിക്കുന്നു .   

                 


 

You May Also Like