"സ്വദേശാഭിമാനി"യുടെ പരിഷ്‌കാരം

  • Published on May 13, 1908
  • Svadesabhimani
  • By Staff Reporter
  • 132 Views

സ്വദേശാഭിമാനിയെ പരിഷ്‌ക്കരിക്കേണ്ടതിനെക്കുറിച്ച് 34- ാം ലക്കം പത്രത്തിൽ പ്രസ്താവിച്ചിരുന്ന അഭിപ്രായത്തെ പലേ വരിക്കാരും അനുകൂലിച്ച് എഴുതിയിരിക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. ഈ പരിഷ്‌ക്കാരം, വരുന്ന ജൂലൈ മാസം മുതൽക്ക് നടപ്പിൽ വരുത്തണമെന്നാണ് ഞങ്ങൾ കരുതുന്നത്. പത്രത്തിൻെറ ഗാത്രവലുപ്പം കൂട്ടുന്നതിന് മാത്രമല്ല, ലേഖന കാര്യത്തിലും ഒരു മാറ്റം ചെയ്യുവാൻ വിചാരിച്ചിരിക്കുന്നു. ഇപ്പോൾ, ഉത്തരവാദിത്വത്തെ ചിന്തിക്കാതെ, പത്രത്തിൻെറ ഒരു പ്രതി കിട്ടുവാൻ വേണ്ടി മാത്രമായിട്ട്, വല്ലതും കുത്തിക്കുറിച്ച് മലയാള പത്രങ്ങളിലേക്ക് അയച്ച് ചാരിതാർത്ഥ്യപ്പെടുന്ന ആളുകൾ പലരുണ്ട്. അവരിൽ ചിലർ ഒരേ വർത്തമാനലേഖനം തന്നെ, പലേ പത്രങ്ങൾക്കും, വാചകഭേദം കൂടാതെ അയച്ചു കൊടുത്ത് എല്ലാറ്റിനും സ്വന്തം "ലേഖകൻ"മാർ ആയി പ്രതിഷ്ഠിക്കപ്പെട്ടു കാണുന്നുണ്ട്. ഇത്, പത്ര നടത്തിപ്പിൽ പ്രശംസാർഹമായ നയമല്ലെന്ന് അവർ അറിയുന്നില്ല. ഇങ്ങനെയുള്ള ചിലർ "സ്വദേശാഭിമാനി"ക്കയച്ചിട്ടുള്ള കത്തുകൾ, മിക്കവാറും അതേ വിധത്തിൽ 'മലയാളി' മുതലായ പത്രങ്ങളിൽ പിന്നീട് പ്രസിദ്ധീകരിച്ച് ഞങ്ങൾ കണ്ടിരിക്കുന്നു. ഇവരുടെ പ്രവൃത്തി പത്രപ്രവർത്തകന്മാരെ സഹായിക്കുകയല്ലാ, വഞ്ചിക്കുകയാണെന്ന് വേണം പറയുവാൻ. അപ്രകാരമുള്ളവരെ സ്വന്തം ലേഖകന്മാരായി സ്വീകരിക്കയില്ലെന്ന് ഞങ്ങൾക്ക് നിഷ്ഠയുണ്ട്. വില കൊടുത്ത് പത്രം വാങ്ങിക്കാൻ കഴിവില്ലാതേയും, നാട്ടിലുള്ളവരെ ഭ്രമിപ്പിക്കാനായും, ലേഖകവേഷം കെട്ടുകയാണ് അത്തരക്കാരുടെ ഉദ്ദേശം. ഇവരെ പ്രോത്സാഹിപ്പിക്കുന്നത്, മലയാള പത്രങ്ങളുടെ കീർത്തിക്ക് നല്ലതല്ല എന്ന് ഞങ്ങൾ വിചാരിക്കുന്നു. പൊതുജനങ്ങളുടെ കാര്യത്തിലുള്ള താല്പര്യം കൊണ്ട് മാത്രം ഓരോരോ വാർത്തകൾ എഴുതുവാൻ തുനിയുന്നവരായിരുന്നാൽ, ഇവരെപ്പറ്റി അൽപ്പം സമാധാനപ്പെടാമായിരുന്നു. ഇവരിൽ ചിലരുടെ സമ്പ്രദായം അതിനൊത്തതല്ലാ എന്നു ഞങ്ങൾക്ക് ബോധം വന്നിട്ടുണ്ട്. ചില ലേഖകന്മാർ, ഒന്നിലധികം പത്രങ്ങൾക്കു ഒരേ സംഗതികളെക്കുറിച്ചു മിക്കവാറും വാചകഭേദം കൂടാതെ കത്തുകളെഴുതുമ്പോൾ, അതാതു സ്ഥലത്തുള്ള ഓരോരോ സർക്കാരുദ്യോഗസ്ഥന്മാരെപ്പറ്റി, ഓരോ പത്രത്തിൻെറയും സ്വഭാവമനുസരിച്ച്, ഒരേ സമയം തന്നെ, സ്തുതിച്ചോ ദുഷിച്ചോ എഴുതിക്കണ്ടിട്ടുണ്ട്. ജാതിമതാതിഭേദം വിചാരിക്കാതെയും, അതാതാളുടെ പ്രവൃത്തികൾക്കുള്ള യോഗ്യതയെ മാത്രം നോക്കിയും പ്രസ്താവിക്കുകയാണ് ഒരു പത്രത്തിൻെറ സമ്പ്രദായം എന്ന് അറിഞ്ഞിട്ടുള്ള ലേഖകൻ, ഒരു വിജാതീയോദ്യോഗസ്ഥൻ്റെ നടപടികളെപ്പറ്റി യഥായോഗ്യം ആ പത്രത്തിലേക്ക് അഭിനന്ദനമെഴുതുകയും, മറ്റൊന്നിലേക്ക്, അതേ വർത്തമാനക്കത്തിൻ്റെ പകർപ്പിൽ, പരദേശിവൈരത്തെക്കാണിക്കാൻ അധിക്ഷേപിച്ചെഴുതുകയും ചെയ്യുമ്പോൾ, അത്തരം ലേഖകന്മാരെക്കുറിച്ചും, അവരെ പ്രോത്സാഹിപ്പിക്കുന്ന പത്രങ്ങളെക്കുറിച്ചും ബഹുജനങ്ങൾക്ക് നിന്ദ ജനിക്കുന്നതാണ്. ഈ സംഗതിക്ക് ദൃഷ്ടാന്തങ്ങൾ പലതും ഞങ്ങൾ കണ്ടിട്ടുണ്ട്. ഇങ്ങനെ അസ്ഥിരബുദ്ധികളായി കപടവേഷക്കാരായി പ്രവർത്തിക്കുന്ന ലേഖകന്മാർ അധികം ഉണ്ടാകുന്നത്, താലൂക്കു തോറും വർത്തമാനക്കത്തെഴുതുന്നതിന് ആരെങ്കിലുമൊരുവൻ വേണമെന്നുള്ള നിർബന്ധത്താൽ, പത്രപ്രവർത്തകന്മാർ അത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നതു കൊണ്ടാകുന്നു. ഇവരെ "സ്വദേശാഭിമാനി"യുടെ സ്വീയലേഖക ഗണത്തിൽ ഉൾപ്പെടുത്തുകയില്ലെന്ന് ഞങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. മറ്റൊരു പരിഷ്‌കാരം ചെയ്യാൻ പോകുന്നത്, തിരുവിതാംകൂറിലെ ഓരോ ഡിവിഷനിലേയും പൊതുജന കാര്യങ്ങളെപ്പറ്റി പ്രത്യേകം ചുമതലയോടു കൂടി ഗുണദോഷ വിവേചനം ചെയ്ത് എഴുതുവാൻ അതാതു ഡിവിഷനിലെ പ്രധാനസ്ഥലത്ത് ഓരോ പ്രതിനിധിയെ നിശ്ചയിക്കുക ആകുന്നു. പഴമ പരിചയവും രാജ്യകാര്യങ്ങളിൽ സൂക്ഷ്മജ്ഞാനവും ഉള്ളവരെ പ്രതിഫലം കൊടുത്തു നിയമിക്കാനാണ് ഞങ്ങൾ വിചാരിക്കുന്നത്. വർത്തമാനക്കത്തുകളെഴുതാൻ പ്രധാന സ്ഥലങ്ങളിൽ സ്വന്തം ലേഖകന്മാരെ പുതുതായി നിശ്ചയിക്കയും ചെയ്യുന്നതാണ്. 

വരിക്കാരെ സംബന്ധിച്ചാണ് ഇനി അല്പം പറയാനുള്ളത്. വരിപ്പണം കുടിശ്ശികയായി ആണ്ടു കഴിഞ്ഞു പിരിച്ചു കൊള്ളാമെന്ന സൗജന്യം ഞങ്ങൾ നിശ്ചയിച്ചിട്ടില്ലെന്ന് മുമ്പു തന്നെ അറിയിച്ചിട്ടുണ്ട്. ഈ നിബന്ധനയെ ഞങ്ങളുടെ പലേ വരിക്കാരും അനുകൂലിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് ചാരിതാർത്ഥ്യമുണ്ട്. ഏതാനും ചിലർ കടമേർപ്പാടിൽ പത്രം വാങ്ങി വായിക്കാമെന്നും, പണത്തിനായി ആവശ്യപ്പെട്ട് പത്രം വി. പി. അയയ്ക്കുകയോ ബില്ലയയ്ക്കുകയോ ചെയ്യുമ്പോൾ പത്രം ഉപേക്ഷിക്കാമെന്നും കരുതിയിരിക്കുന്നവരുണ്ട്. തൻ്റെതല്ലാത്തതിനെ താൻ അനുഭവിക്കുന്ന പക്ഷം, അതിലേക്ക് പ്രതിഫലം കൊടുക്കണം, അതാവിത്, കൊള്ളുന്നതിന് കൊടുക്കണം എന്ന നീതിയെ ഇവർ ഓർക്കാത്തതാണ് കഷ്ടമായിട്ടുള്ളത്‌. ഈ വിധക്കാർ ഏതു നിലയിലിരിക്കുന്നവരായാലും, അവർക്ക് പത്രം കടം കൊടുത്തിട്ട്, പണത്തിനായി പിറകെ ആളെ നടത്തിക്കുവാൻ ഞങ്ങൾ കരുതിയിട്ടില്ല. പണം അടയ്ക്കാത്തവരെ ലിസ്റ്റിൽ നിന്നു നീക്കുകയും, പണം അടച്ച് കണക്കുകൾ ഒതുക്കാതെ പത്രം ഉപേക്ഷിക്കുന്നവരുടെ പക്കൽനിന്ന് പണം വസൂൽ ചെയ്യാൻ മുറ പ്രകാരം നടവടികൾ നടത്തുകയും ചെയ്യുന്നതാണ് എന്ന് വീണ്ടും പ്രസ്താവിച്ചു കൊള്ളുന്നു.

 

You May Also Like