പത്രാധിപയോഗം

  • Published on September 05, 1910
  • By Staff Reporter
  • 445 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തിരുവിതാംകൂറിലെ  വൃത്താന്ത  പത്രപ്രവർത്തനത്തെ  പരിഷ്കരിക്കേണ്ടതിനായി  'വെസ്റ്റേൻസ്റ്റാർ '  ആഫീസിൽ  ഒരു  പത്രാധിപയോഗം വിളിച്ചു കൂട്ടാൻ ആലോചിച്ചിരിക്കുന്ന വിവരം  ഞങ്ങൾ  മുൻലക്കം പത്രത്തിൽ പറഞ്ഞുവല്ലോ. ഇങ്ങനെയൊരു യോഗം കൂടേണ്ടത്  ആവശ്യമാകയാൽ, "സ്റ്റാർ“, പ്രവർത്തകൻ മിസ്റ്റർ സി. ജെ. കുര്യന്‍റെ  ഉദ്യമത്തെ ഞങ്ങൾ അനുമോദിക്കുന്നു. ഒരു പത്രപ്രവർത്തക യോഗത്തെ ഉദ്ദേശിച്ച്‌ ഇതിനുമുമ്പ് തന്നെ ഞങ്ങൾ പ്രസംഗിച്ചിട്ടുള്ളതാണ്; അതിലേയ്ക്ക്  മറ്റു ചിലർ ശ്രമിക്കുകയും ചെയ്തിരുന്നതായി അറിയാം. എന്നാൽ  അതൊന്നും   ഇതുവരെ ഫലിച്ചിട്ടില്ല.  കുര്യന്‍റെ  ക്ഷണമനുസരിച്ചു  പത്രാധിപന്മാരും   പത്രഗ്രന്ഥ പ്രവർത്തകന്മാരുമെല്ലാം  ഈ വരുന്ന വ്യാഴാഴ്ച  നാളിൽ  ഇവിടെ  വന്നെത്തുവാൻ  സാധിക്കുമോ  എന്നു ശങ്കിക്കുന്നതിന്  തക്കവണ്ണം,  യോഗദിവസം  വളരെ  സമീപിച്ചിരിക്കുന്നു എന്നു  ഞങ്ങൾ വ്യസനിക്കുന്നു. പക്ഷെ, ഇത്ര അടുപ്പിച്ചു യോഗം നിശ്ചയിച്ചത്,  തിരുവിതാംകൂറിലെ പത്രങ്ങളെ ബന്ധിക്കുന്നതിനു ഇവിടത്തെ നിയമനിർമ്മാണസഭയിൽ ഒരു ബിൽ ഹാജരാക്കുവാൻ  പോകുന്നതായി ഇളകീട്ടുള്ള  കേൾവി ഈ യോഗത്തിന്‍റെ ആവശ്യകതയെ ശീഘ്രപ്പെടുത്തിയതു  കൊണ്ടായിരിക്കുമോ എന്നു ഞങ്ങൾക്കറിയില്ല. അതു എങ്ങനെയുമിരിക്കട്ടെ. കേൾവി വാസ്തവമാണെങ്കിലും, ഇല്ലെങ്കിലും,  ഒരു പത്രപ്രവർത്തകയോഗം ആവശ്യകത തന്നെയാണ്.  അത്    തിരുവിതാംകൂറിലെ    ചില    പത്രങ്ങളുടെ  ഇപ്പോഴത്തെ നടത്തയെ പരിഷ്കരിക്കുവാൻ ആണെങ്കിൽ യുക്തവും തന്നെയാണ്. ഈ യോഗം വിളിച്ചു  കൂട്ടേണ്ടതിനെപ്പറ്റി,  ഈയിടെ സർക്കാരച്ചുകൂടം  സൂപ്രെണ്ട്   മിസ്റ്റർ  സി. വി. രാമൻപിള്ള,  ' സുഭാഷിണി‘,  പത്രാധിപർ  മിസ്റ്റർ പി. കെ. ഗോവിന്ദപിള്ള, എന്നിവർ മിസ്റ്റർ കുര്യനുമായി ആലോചിച്ചിരുന്നുവെന്ന്  ഞങ്ങൾക്ക്  ഒരു  അറിവു കിട്ടിയപ്പോൾ  തന്നെ, ഇതിന്‍റെ ആവശ്യകതയുടെ ഗൗരവം എത്രമാത്രമെന്നും ഊഹിപ്പാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ  തിരുവിതാംകൂർ  രാജ്യകാര്യങ്ങളിൽ  ഓരോരോ കക്ഷിയുള്ളതിന് എത്രമാത്രം ബലാബലങ്ങൾ ഉണ്ടെന്നു  നിർണ്ണയിപ്പാനും ഇങ്ങനെയൊരു യോഗം കൊണ്ട്  പക്ഷേ സാധിച്ചേക്കും. യോഗം പ്രൈവറ്റായി നടത്തുന്നതാകകൊണ്ട്, ഓരോരുത്തനും ഏതു കാര്യത്തിലും മനസ്സ്  തുറന്ന്  അഭിപ്രായം  പറവാൻ  സാധിക്കുന്നതാണ്. എന്നാൽ  ഈ  സൗകര്യത്തെ  എല്ലാവരും ഉപയോഗപ്പെടുത്തുകയും, മനസ്സിനെ മറച്ചു വയ്ക്കാതിരിക്കുകയും ചെയ്യുമോ എന്നേ സന്ദേഹമുള്ളൂ. യോഗത്തിന്നു   തിരുവിതാംകൂർ സംസ്ഥാനത്തുള്ള പത്രങ്ങളുടെ പ്രവർത്തകന്മാരെ മാത്രമേ ക്ഷണിക്കേണ്ടു എന്നു നിശ്ചയിച്ചത്  വിഹിതമായിട്ടില്ലെന്നാണ് ഞങ്ങൾക്കു തോന്നുന്നത്. തിരുവിതാംകൂർ  കാര്യങ്ങളെപ്പറ്റി  ഇവിടുത്തെ പത്രങ്ങൾ മാത്രമല്ലല്ലോ പ്രസ്താവിക്കാറുള്ളത്. ഇവിടുത്തെ പല പത്രങ്ങളും   പ്രസ്താവിക്കാത്ത   കാര്യങ്ങൾ  മറുനാട്ടു  പത്രങ്ങളിലേക്കു  അവയുടെ പ്രധിനിധികൾ  ഇവിടെ  നിന്ന്  എഴുതുമാറുണ്ട്.  ആ പത്രപ്രതിനിധികൾ പത്രപ്രവർത്തന  കാര്യത്തിൽ  ഭാഗഭാക്കുകളായും, പൊതുജനങ്ങളുടെ അഭിപ്രായങ്ങളെ  രൂപീകരിക്കുവാനും  പരിഷ്കരിക്കുവാനും  ശക്തമാരായും  ഇരിക്കുന്ന സ്ഥിതിക്ക്  അവരെക്കൂടെ യോഗത്തിനു ക്ഷണിക്കാമായിരുന്നു.  

തിരുവിതാംകൂറിലെ പത്രങ്ങൾ യാതൊന്നും ജനങ്ങളുടെ ഇടയിൽ ഗവെൺന്മെണ്ടിനു  വിരോധമായി ക്ഷോഭമുണ്ടാക്കുവാനോ രാജ്യദ്രോഹമുദിപ്പിക്കാനോ തുനിഞ്ഞിട്ടില്ലെന്നും അതിലേക്ക് ആവശ്യവും  അവകാശവുമില്ലെന്നും “സ്റ്റാർ” സമ്മതിക്കുന്നതുപോലെ, മറ്റു പലരും സമ്മതിക്കുന്നുണ്ട്: പക്ഷേ, ഒന്നുരണ്ടു പത്രങ്ങൾ മാത്രം മറ്റു വിധത്തിൽ വിചാരിക്കുന്നുണ്ടായിരിക്കാം. അതു വിവേകഭേദമെന്ന് സമാധാനപ്പെടാവുന്നതാണ്. എന്നാൽപിന്നെ, പത്രങ്ങളെ ബന്ധിക്കുവാൻ ഒരു പുതിയ പ്രെസ്സാക്റ്റ് ആവശ്യമില്ലെന്നു “സ്റ്റാർ” പറയുന്നതും, പത്രങ്ങളുടെ നടത്തിപ്പിനെ പരിഷ്കരിക്കേണ്ടിയിരിക്കുന്നു എന്നു പറയുന്നതും തമ്മിൽ എങ്ങനെ യോജിക്കും എന്നു വായനക്കാർ ചോദിച്ചേക്കാം. ഗവൺന്മേണ്ടിനെ ധ്വംസിക്കുന്നതിനുള്ള  ഉദ്ദേശം യാതൊരു പത്രത്തിനും ഇല്ലാത്ത സ്ഥിതിക്ക് പ്രെസ്സാക്റ്റ് വേണ്ടാ എന്നാണ് ഒന്നാമത്തേതിന്റെ അർത്ഥം; എന്നാൽ, ചില പത്രങ്ങൾ പത്രധർമ്മത്തിനു യോജിക്കാത്ത വിധത്തിൽ നടക്കുന്നതിനാൽ ഒരു പരിഷ്കാരം ആവശ്യകമെന്നാണ് രണ്ടാമത്തെതിന്റെ അർത്ഥം. ഈ ചില പത്രങ്ങളുടെ സ്വരഭേദത്തിനു കാരണമെന്താവാം? അത് ഗവൺന്മേണ്ട് കാര്യങ്ങളെ നിർവഹിക്കാനായി ചുമതലപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥന്മാരുടെ നടപടികളുടെ  നിന്ദ്യതകൊണ്ടുണ്ടാവുന്നതാണെന്നാണ് ഞങ്ങൾക്കു തോന്നുന്നത്. പത്രങ്ങളുടെ ധർമ്മം പൊതുജനക്ഷേമത്തെ കരുതി പ്രവർത്തിക്കയാണ്. സർക്കാരുദ്യോഗസ്ഥന്മാർ ബഹുജനങ്ങൾക്ക് ഉപദ്രവകരവും ഹാനികരവുമായ വിധം നടക്കുമ്പോൾ അതിന്മേൽ ആക്ഷേപം പറയേണ്ടത് പത്രങ്ങളുടെ കടമയാണ്. ഈ കർത്തവ്യത്തെ എല്ലാ പത്രങ്ങളും  നിർവഹിക്കുന്നില്ലെന്നു വരുന്നത് ആശ്ചര്യമല്ലാ. മിസ്റ്റർ പി. ആർ. സുന്ദരമയ്യർ ബി. ഏ. ബി. എൽ, “ഇന്ത്യൻ പേട്രിയറ്റ്” പത്രാധിപരായ മിസ്റ്റർ കരുണാകരമേനോന്റെ പ്രസംഗത്തിന് അധ്യക്ഷനായിരുന്ന് അഭിപ്രായപ്പെട്ടതുപോലെ, പത്രപ്രവർത്തകന്മാർക്കു ധർമ്മഭ്രംശത്തിനുള്ള പ്രലോഭനം കലശലാണ്. ഗവൺന്മേണ്ടുദ്യോഗസ്ഥന്മാർ  പത്രാധിപന്മാരെ പാട്ടിലാക്കുവാൻ  ശ്രമിക്കുന്നു: അതിന്ന് പത്രാധിപന്മാർ കൈക്കൂലി മേടിക്കുവാനും ഇടയാകുന്നു. ഈ കൈക്കൂലി പല പ്രകാരത്തിലാകാമെന്നു  ഞങ്ങൾ മുമ്പു പറഞ്ഞുവല്ലോ. അധികാരമുള്ള  ഒരുദ്യോഗസ്ഥന്റെ കൈക്കൽ നിന്ന് ഒരു പത്രപ്രവർത്തകന്ന് ധനസഹായമോ, മറ്റു വിധം സഹായമോ ലഭിച്ചുകൊണ്ടിരിക്കുമ്പോൾ, ആ ഉദ്യോഗസ്ഥന്റെ നടത്തത്തെറ്റുകളെപ്പറ്റി ആ പത്രപ്രവർത്തകൻ മൌനം ഭജിക്കുന്നത് ആശ്ചര്യമല്ലാ. ഇങ്ങനെയുള്ള പത്രപ്രവർത്തകന്മാർ, പത്രധർമ്മത്തെ വ്യഭിചരിപ്പിക്കുകയും, പത്രങ്ങളുടെ കർത്തവ്യം അധികാരമുള്ള ഉയർന്ന ഉദ്യോഗസ്ഥന്മാരുടെ  സേവയ്ക്കു നിൽക്കുകയാണെന്നു ആ ഉദ്യോഗസ്ഥന്മാർക്കു  ഒരു തെറ്റായ വിശ്വാസമുണ്ടാക്കി അവരുടെ സ്ഥാനത്ത് ഇരുന്നു അവരവർക്ക് തോന്നുമ്പോലെ ധൂർത്തത കാട്ടുവാൻ ജനങ്ങൾ സമ്മതിച്ചിരിക്കുന്നു എന്നു അധികാരം നടിക്കുകയും ചെയ്യുന്നു. അപ്പോൾ, ആ  ഉദ്യോഗസ്ഥന്മാരുടെ തെറ്റുകളെപ്പറ്റി മറ്റൊരു പത്രം ആക്ഷേപം പറഞ്ഞാൽ , വലിയ ബഹളമായി, പത്രങ്ങളുടെ സ്വരം നീചമായി എന്നു അസഹനത്തോടെ പറകയും, പത്രങ്ങളെ ധ്വംസിക്കാ‍ൻ പ്രെസ്സാക്റ്റ് കൊണ്ടുവരുമെന്നു ഭയപ്പെടുത്തുകയുമായി.ഇതിലേക്കു അവരുടെ സേവയ്ക്കു നിൽക്കുന്ന മറ്റേ പത്രങ്ങൾ സഹായിക്കുകയും, അവരെ ആക്ഷേപിക്കുന്ന പത്രങ്ങളെ ദ്വേഷിക്കയും ചെയ്യുന്നു. ഇതാണു തിരുവിതാംകൂറിലേയും അവസ്ഥ. ഉദ്യോഗസ്ഥന്മാരെ ആശ്രയിച്ചു നടക്കുന്ന പത്രങ്ങൾ ഈ നാട്ടിൽ ചിലതുണ്ട്.  ഉദ്യോഗസ്ഥന്മാരുടെ വളരെ പ്രകടമായ  അനീതികളെപ്പറ്റി മൃദുസ്വരത്തിലെങ്കിലും അവ പറയാതിരിക്കുമ്പോൾ, സ്വതന്ത്രങ്ങളായ മറ്റുചിലവ, ആ അനീതികളെപ്പറ്റി പരുഷമായി പറയേണ്ടിവരും. ഈ പരുഷസ്വരമാണു അവർക്കു രസിക്കാത്തത്. എന്നാൽ എന്തുകൊണ്ടാണു സ്വരം പരുഷമാകുന്നത്? 

അനീതികളെപ്പറ്റി  മൃദുസ്വരത്തിൽ  ആക്ഷേപം  പറഞ്ഞിട്ടും വീണ്ടും അനീതികളെ തുടർന്ന്  കൊണ്ടിരിക്കുന്നതായാൽ,  സ്വരം മൂക്കുന്നത്  സ്വാഭാവികം തന്നെയാണ്.  പിന്നെ,  പത്രങ്ങളുടെ കർത്തവ്യധർമ്മമനുസരിച്ച്‌ ഈ അനീതികളെപ്പറ്റി ആക്ഷേപംപറയേണ്ട ധർമ്മത്തെ   ആ സേവയ്ക്കു നിൽക്കുന്ന പത്രങ്ങൾ  ഭ്രംശിക്കയും  മൗനം ഭജിക്കയും ചെയ്യുമ്പോൾ, അതിന്മേലുള്ള അസഹനതയും മറ്റു  പത്രങ്ങളുടെ  സ്വരത്തെ പരുഷമാക്കുതിന്  പ്രേരിപ്പിക്കുന്നതാണ്. ഈ വ്യത്യാസങ്ങളെ   തീർക്കാനാണെങ്കിലും,  പത്രാധിപയോഗം  നല്ലതുതന്നെ. എന്തെന്നാൽ, സേവയ്ക്ക് നിൽക്കുന്ന പത്രങ്ങൾക്കും, മറ്റു പത്രങ്ങളെപോലെ അവയുടെ നിലകളെ പരിഷ്കരിക്കേണ്ടി വരും.  അതല്ലാ, ഉദ്യോഗസ്ഥന്മാരുടെ  നടത്തത്തെറ്റുകളെപ്പറ്റിയുള്ള  ആക്ഷേപം നിശബ്ദമാക്കുന്നതിനു  വേണ്ടീട്ടാണെങ്കിൽ, അങ്ങനത്തെ ഒരു യോഗം കൂടുക എന്ന പാപത്തിൽ നിന്നു തിരുവിതാംകൂറിലെ പത്രങ്ങൾ   വിമുക്തമായിരിക്കട്ടെ എന്നാണ്  ഞങ്ങൾ  ആശംസിക്കുന്നത് . 



You May Also Like