ഗവർന്മേണ്ട് ഗൗനിക്കുമോ

  • Published on April 25, 1908
  • By Staff Reporter
  • 574 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ജനപരിപാലനത്തിനു ചുമതലപ്പെട്ട രാജപ്രതിനിധികളായ സർക്കാർ ഉദ്യോഗസ്ഥൻമാർ, അക്രമമായും അനീതിയായും ഉള്ള സ്വേച്ഛാപ്രഭുത്വ നടവടികളാൽ ജനങ്ങൾക്ക് സങ്കടങ്ങൾ നേരിടുവിച്ചു കൊണ്ടിരിക്കുമ്പോൾ, ആ നടവടികളെ ആക്ഷേപിച്ചു വർത്തമാന പത്രങ്ങളിൽ പ്രസ്താവിച്ചാൽ അവയെ ഗവർന്മേണ്ട് ഗൌനിച്ച്       സങ്കടനിവൃത്തി  വരുത്തുന്നില്ലെങ്കിൽ, അങ്ങനെയുള്ള സങ്കടങ്ങളെപ്പറ്റി അപ്രകാരമുള്ള ഒരു ഗവർന്മേണ്ടിനെ ധരിപ്പിക്കാൻ    വീണ്ടും വീണ്ടും ഉദ്യമിക്കുന്നത് എന്തിനാണെന്ന് ചിലർ ഞങ്ങളോട് ചോദ്യം ചെയ്യാറുണ്ട്. അവരുടെ ചോദ്യത്തിന് കാരണം, ചിറയിൻകീഴ് താലൂക്ക് തഹശീൽ മിസ്റ്റർ പത്മനാഭപിള്ളയുടെ അക്രമങ്ങളെയും അനീതിയെയും കുറിച്ച് ഈ പത്രപംക്തികളിൽ എത്രയോ തവണ പ്രസ്താവിച്ചിരുന്നതിലും, ബഹുജനങ്ങൾ ചേർന്ന് സങ്കടഹർജികൾ ബോധിപ്പിച്ചതിലും, ദിവാൻ മിസ്റ്റർ രാജഗോപാലാചാരിയുടെ ഗവർന്മേണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം വരുത്തിയില്ലല്ലോ എന്നുള്ള നൈരാശ്യമാണ്. 'നൈരാശ്യത്താൽ ഉദാസീനത' ഉണ്ടാവുക അസാധാരണമല്ലെന്നിരുന്നാലും,  അവനവന്‍റെ  കർത്തവ്യത്തെ ചെയ്യേണ്ടത് അവശ്യവും, അതിന്‍റെ ഫലമെന്തെന്ന് അന്വേഷിക്കയോ ഇന്ന  ഫലമുണ്ടാകുമെങ്കിൽ  മാത്രം ചെയ്യുമെന്ന് ശഠിക്കയോ ചെയ്യുവാൻ ആവശ്യമില്ലാത്തതും ആകയാൽ, അങ്ങനെയുള്ള ജനസങ്കടങ്ങളെ പ്രസ്താവിക്കാതെ മൗനം ഭജിക്കുന്നതിന് ഞങ്ങൾ വിചാരിക്കുന്നില്ല. പൊതുജനങ്ങളുടെ സങ്കടങ്ങളെ ഗവർന്മേണ്ടിനെ ധരിപ്പിക്കേണ്ട കടമ ഞങ്ങൾക്കുള്ളതിനെ ഞങ്ങൾ യഥാശക്തി നിർവ്വഹിക്കുന്നു. പൊതുജനങ്ങളുടെ സങ്കടങ്ങളെ അറിഞ്ഞാൽ പരിഹരിക്കേണ്ട കടമ രാജ്യഭരണകർത്താവിനുള്ളത്, നിർവ്വഹിക്കുന്നില്ലെങ്കിൽ, അതിനാലുള്ള ആക്ഷേപം, ഭരണകർത്താവിൻമേൽ പതിക്കും എന്നല്ലാതെ, ഞങ്ങളുടെ പ്രവൃത്തി അനാവശ്യമെന്ന് വരുകയില്ല. ദിവാൻ ബഹദൂർ മിസ്റ്റർ രാജഗോപാലാചാരി ഈ നാട്ടിൽ മന്ത്രിയായി വരുന്നുണ്ടെന്ന് കേട്ടപ്പോൾ മുതൽക്ക് ബഹുജനങ്ങളുടെ ഉള്ളിൽ ഉദിച്ചിട്ടുള്ള ആശയും വിശ്വാസവും, തുലാം, വൃശ്ചികം മാസങ്ങളിലെ സൂര്യനെപ്പോലെ, നേരത്തെ അസ്തമിച്ച് പോകാതിരിക്കുന്നതിന് അദ്ദേഹം കരുതണമെന്ന് ഞങ്ങൾ പല അവസരങ്ങളിലും സൂചിപ്പിച്ചിട്ടുള്ളത്, അദ്ദേഹം മറന്നിരിക്കയില്ലെന്ന് വിശ്വസിക്കുന്നുണ്ട്. തിരുവിതാംകൂറിൽ ബഹളമായി നടന്നിരുന്ന മുറവിളിയുടെയും ജാതിമത്സരത്തിന്‍റെയും ഉൽപത്തി, സർക്കാർ സർവീസിലുള്ള ചില അപ്പക്കഷ്ണങ്ങളെ കൊതിച്ചു ചാടുന്നതിൽ നിന്നാണെന്ന് മനസ്സിലാക്കുകയും, ആ ബഹളത്തെ ശമിപ്പിക്കുന്നതിന് തക്കവണ്ണം ഏതാനും ചില "സങ്കടപ്പെട്ട"വർക്ക് ഉദ്യോഗം കൊടുക്കുകയും ചെയ്തത് കൊണ്ട് മാത്രം, ജനസംഹതിയുടെ ആഭ്യന്തരമായ സങ്കടങ്ങൾ ശമിപ്പിക്കപ്പെട്ടതായി ഭവിക്കുമെന്ന് വിചാരിച്ചു കൂടാത്തതാകുന്നു.  ഈ "അപ്പക്കഷ്ണങ്ങൾ''ക്കായി കൊതിച്ചു ചാടാതെയും, ക്ഷമയോട് കൂടി ഗുരുതരങ്ങളായ സങ്കടങ്ങളെ സഹിക്കുന്നവരായുള്ള  നാനാജാതി മതക്കാരായ അനേകായിരം ജനങ്ങൾ ഉണ്ട്. അവരുടെ സങ്കടങ്ങൾ വളരെ നാളായി അനുഭവിച്ചു വരുന്ന അക്രമഭരണം ആണ്. സർക്കാരുദ്യോഗസ്ഥന്മാരുടെ നിർദ്ദയമായ ചവിട്ടു കൊള്ളുന്നതിൽ നിന്ന് ജനതയെ രക്ഷിക്കാതെ, മന്ത്രി ചിഹ്നത്തെ താഴെ വയ്ക്കുന്ന യാതൊരാൾക്കും, രാജ്യഭരണ കർമ്മത്തിൽ യഥാർത്ഥമായ ചാരിതാർഥ്യത്തിന് അവകാശമില്ലെന്ന്, മിസ്റ്റർ രാജഗോപാലാചാരി ഓർക്കുമെങ്കിൽ, ഞങ്ങൾ അനേകം തവണ ഗവർന്മേണ്ടിനെ "ഉണർത്തിയ" ചിറയിൻകീഴ് താലൂക്ക് നിവാസി ജനങ്ങളുടെ സങ്കടങ്ങളും, ഇത്തവണ മറ്റൊരു പക്തിയിൽ സംഗ്രഹിച്ചിരിക്കുന്ന കുന്നത്തുനാട്ടു താലൂക്കുകാരുടെ സങ്കടങ്ങളും ഉടൻ പരിഹരിക്കപ്പെടുമെന്ന് തന്നെ വിശ്വസിക്കുന്നു.   

You May Also Like