സർക്കാർ അച്ചുകൂടം

  • Published on February 27, 1907
  • By Staff Reporter
  • 682 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തിരുവിതാംകൂർ ഗവർന്മേണ്ട് വകയായി തിരുവനന്തപുരം പട്ടണത്തിൽ വളരെക്കാലമായിട്ടു നടത്തിവരുന്ന അച്ചുകൂടത്തിലെ നടവടികളെപ്പറ്റി, "വെസ്റ്റെൺ സ്റ്റാർ" മുതലായ ഇംഗ്ലീഷ് പത്രങ്ങളിലും, പല മലയാള പത്രങ്ങളിലും അപ്പൊഴപ്പോൾ കണ്ടുവന്നിട്ടുള്ള ലേഖനങ്ങളെല്ലാം, ഈ സർക്കാർ വകുപ്പിൻെറ ഭരണത്തിൽ എന്തോ ചില ദൂഷ്യങ്ങളുണ്ടെന്ന്, ഒരു വിധം ഓടിച്ചു വായിക്കുന്നവരെ കൂടെയും ഗ്രഹിപ്പിച്ചിരിക്കുമെന്നുള്ളതിൽസന്ദേഹമില്ല. പ്രകാരമുള്ള ഒരു ധാരണ, അബദ്ധമാകട്ടെ സുബദ്ധമാകട്ടെ, അസ്ഥാനത്തിലല്ലെന്ന വസ്തുത, ഈയിട ആ അച്ചുകൂടത്തിൽ നടന്നിരിക്കുന്ന ഒരു കളവ് കൊണ്ടുതന്നെ ഉറപ്പിക്കപ്പെടുന്നതാണ്. സർക്കാർ അച്ചുകൂടത്തിൻെറ ഭരണാധികാരം ഇപ്പൊഴത്തെ സൂപ്രേണ്ടിന് കിട്ടീട്ട് മൂന്നു കൊല്ലകാലം ആയിരിക്കുമെന്ന് തോന്നുന്നു. ഈ സൂപ്രേണ്ടിൻെറ കാലത്തും, ഇദ്ദേഹത്തിൻെറ മുൻഗാമികളുടെ കാലങ്ങളിലും അച്ചുകൂടം ജോലിക്കാർ പല അഴിമതികളും രഹസ്യമായി ചെയ്തിരിക്കാമെന്നിരുന്നാലും, ഇദ്ദേഹത്തിൻെറ കാലത്ത് ഇവ കുറേ അധികം വെളിച്ചത്തിൽ പെട്ടുകാണുന്നുണ്ട്. മിസ്തർ സി. വി. രാമൻപിള്ള ഒരു പഴമപരിചയമുള്ള ഗ്രാഡ്വേറ്റും, സത്യം, ധർമ്മം, മര്യാദ മുതലായ സൽഗുണങ്ങളെതന്നെ തൻ്റെ ജീവിതവൃത്തിയിൽ പ്രമാണങ്ങളായി അംഗീകരിക്കാമെന്ന് സർവകലാശാലയിൽ വച്ച് പ്രതിജ്ഞ ചെയ്തിട്ടുള്ള ആളും, ഇംഗ്ലീഷിലും, മലയാളത്തിലും ഗദ്യം എഴുതുന്നതിന് അതിസമർത്ഥനും ആയ ഒരു വിശിഷ്ടപുരുഷനാണെന്ന് ബഹുജനങ്ങൾക്ക് ധാരണയുള്ളതിനാലാണ് അദ്ദേഹത്തിൻെറ ചുമതലയിങ്കീഴിലിരിക്കുന്ന ഒരു വകുപ്പിലെ അഴിമതികൾ അധികം സ്പഷ്ടമായി കാണപ്പെടുന്നുവെന്നു പറയാതെ കഴിയുകയില്ലല്ലൊ. എന്നാൽ, അദ്ദേഹത്തെപ്പറ്റി പൊതുജനങ്ങൾക്കുണ്ടായിരുന്ന ആകാംക്ഷാകൂടം ചുവടെ മറിഞ്ഞു വീണുപോകത്തക്ക വിധത്തിലാണ്, അച്ചുകൂടത്തിലെ നടവടികൾ ഈ കാലമത്രയും കഴിഞ്ഞിട്ടുള്ളതെന്നു ആക്ഷേപം പറയേണ്ടി വന്നതിൽ ഞങ്ങൾക്ക് വ്യസനമുണ്ട്. അച്ചടിവേലയെപ്പറ്റിയുള്ള അറിവുകൾ ഗ്രഹിക്കാതെയോ അച്ചുകൂടങ്ങളിൽ വേല പരിശീലിക്കാതെയോ, ആ വിദ്യയിൽ പ്രത്യേകം നൈപുണ്യം സമ്പാദിക്കാതെയോ ഉള്ള ആളുകളെ, ആ തൊഴിലിൻെറ മേലാധികാരികളാക്കിയാൽ, മറ്റു തൊഴിലുകളിലെന്നപോലെ, അച്ചുകൂടഭരണത്തിന് ന്യൂനത ഉണ്ടാവുകയും, തൊഴിൽ നഷ്ടത്തിൽ അവസാനിക്കയും ചെയ്യുമെന്നു ആരും സംവദിക്കുന്നതാണല്ലൊ. മിസ്തർ രാമൻപിള്ള അച്ചുകൂടം സൂപ്രേണ്ട് വേലയിൽ പ്രവേശിക്കുന്ന കാലത്ത്, ആ വക തൊഴിലിൻെറ തത്വങ്ങളെയും, ഒരു അച്ചുകൂടം നടത്തലിനു വേണ്ട പരിശീലത്തെയും സമ്പാദിച്ചിരുന്നു എങ്കിൽ, ഇക്കാലത്തിനുള്ളിൽ ഈ അച്ചുകൂടം ഇപ്പോഴത്തെതിൽ എത്രയോ നല്ല സ്ഥിതിയിലിരിക്കുമായിരുന്നു എന്നു പറക വേണ്ടി വന്നിരിക്കുന്നു. ഇപ്പൊൾ ഉണ്ടായിരിക്കുന്ന പുസ്തകമോഷണമെന്നോ പുസ്തകം കണക്കിലധികം അടിച്ചു കളവു ചെയ്തു വിറ്റു എന്നോ മറ്റോ ഉള്ള കേസ്സ് സുപ്രേണ്ടിൻെറ ഭരണവൈകല്യത്തിൻെറ ഫലമെന്നുവേണം വിചാരിക്കുവാൻ. തിരുവിതാംകൂറുകാരിൽ അച്ചുകൂടം നടത്തുന്ന ചിലർ സത്യനിഷ്ഠയെ വെടിഞ്ഞ് പുസ്തകങ്ങൾ കളവായി അച്ചടിപ്പിച്ച് ജനങ്ങളെ വഞ്ചിക്കാറുള്ളതുകൊണ്ട്, അത്തരം വ്യാജം ചെയ്യുന്നതിനു അഭ്യസിച്ചിട്ടുള്ള വേലക്കാർ ഏതൊരു അച്ചുകൂടത്തിലും അവരുടെ ശീലത്തെ പ്രയോഗിപ്പാൻ ശ്രമിക്കുമെന്നുള്ളതിൽ സംശയമില്ലാ. ഒരു വകുപ്പിലെ വേലക്കാർ എല്ലാവരും സത്യവ്രതൻമാരും, കൃത്യനിഷ്ഠക്കാരും ആണെന്നിരുന്നാൽ, അവരുടെ തലയാളായി നിൽക്കുന്നതിന് ഉന്നതമാതൃകയിലുള ഒരുദ്യോഗസ്ഥൻ തന്നെ ആവശ്യമായിരിക്കയില്ല. യോഗ്യന്മാരെന്നും സമർത്ഥന്മാരെന്നും വിശ്വസിക്കപ്പെട്ടു പോരുന്നവരെ ഓരോരോ വകുപ്പുകളിൽ മേലാവായി പ്രതിഷ്ഠിക്കുന്നതിൻെറ ഉദ്ദേശ്യം കീഴ്ജീവനക്കാരിൽ ഉണ്ടായിരിക്കാവുന്ന അഴിമതികളെ വിച്ഛേദനം ചെയ്ത് അവരെക്കൊണ്ട് കണിശമായി വേല ചെയ്യിപ്പിച്ച്, ഡിപ്പാർട്ടുമെണ്ടിൻ്റെ കീർത്തിയെ പരിപാലിക്കയും, ആ വേലക്കാരെ മേലിൽ നല്ല വഴിക്കുതന്നെ ജോലിചെയ്യുന്നതിനു പ്രേരിപ്പിച്ച് ഭരണയന്ത്രത്തിൻെറ വ്യാപാരങ്ങളെ സുഗമപ്പെടുത്തുകയും ആകുന്നു. അതല്ലെങ്കിൽ, ഒരു മരപ്പാവയെ മേലാവായി പ്രതിഷ്ഠിച്ചാലും മതിയാകുമായിരുന്നുവല്ലൊ. സർക്കാർ അച്ചുകൂടത്തിൽ നിന്ന് വേലക്കാർ പണികഴിഞ്ഞു പുറമെ പോകുമ്പോൾ, അച്ചടിക്കടലാസ് തുടങ്ങി പല സാധനങ്ങളും സ്വന്തം ഉപയോഗത്തിനായി എടുത്തുകൊണ്ടു പോകാറുണ്ടെന്ന് കുറെ മുമ്പ് തന്നെ ഈ പത്രത്തിൽ ഒരു ലേഖകൻ എഴുതിയിരുന്നു. അച്ചുകൂടത്തിൻെറ ഭരണം ഈ അഴിമതികൾക്ക് ഇട കൊടുക്കാത്ത വിധത്തിലായിരിക്കണമെന്നും അന്ന് ഉപദേശിച്ചിരുന്നു. സർക്കാർ അച്ചുകൂടത്തിൽ അതിൻ്റെ സ്ഥാപനകാലം തുടങ്ങി ഇന്നേവരെ വാങ്ങിച്ചേർത്തിട്ടുള്ള സാധനങ്ങൾ എല്ലാം അവിടെ ഉണ്ടോ എന്നു കൂടെ, ആ സ്ഥിതിക്ക് സന്ദേഹപ്പെടേണ്ടതായിരിക്കുന്നു. 

പലതും ഉണ്ടായിരിക്കില്ലാ എന്നു പറയത്തക്ക വിധത്തിലാണ് ഈ അഴിമതികളുടെ കിടപ്പ്. അച്ചുകൂടം സംബന്ധിച്ച വേലകളിൽ പൂർണ്ണപരിചയമുള്ള വല്ല ആളും ഈ അച്ചുകൂടത്തിൽ ചുമതലയേറിയ വല്ല ഉദ്യോഗത്തിലും ഇരിക്കുന്നുണ്ടോ എന്നു ഞങ്ങൾക്കു നിശ്ചയമില്ലാ. ഈ വകുപ്പിലെ ജോലിക്കാരെകൊണ്ട് ചിലപ്പോൾ സാമാന്യത്തിലധികം വേല ചെയ്യിക്കുന്നുണ്ടെന്നും, അവർക്ക് അതിലെക്ക് വിശേഷാൽ കൂലി കൂടുതലായി കൊടുക്കാമെന്നു പ്രതിജ്ഞ ചെയ്തിരുന്നാൽ പലപ്പൊഴും കിട്ടാറില്ലെന്നും ഇതു നിമിത്തം വേലക്കാരും റൈട്ടറും മറ്റും തമ്മിൽ പലപ്പൊഴും കശപിശ കൂടാറുണ്ടെന്നും ഉള്ള കേൾവികളെ, ഈ മാതിരി അഴിമതികൾ നമ്മെ വിശ്വസിപ്പിക്കുന്നതിന് ഇട തരുന്നുണ്ട്. മിസ്തർ രാമൻപിള്ളയുടെ ഭരണകാലത്തുണ്ടായിട്ടുള്ള സംഭവങ്ങളിൽ ആക്ഷേപാർഹമായ ഒന്ന് കണ്ടെഴുത്തു ഫാറം അച്ചടിക്കുന്നതിന് മദിരാശിയിലെ ഒരച്ചുകൂടക്കാർക്ക് ക്രമാതീതമായ കൂലിക്ക് കണ്റാക്ട് കൊടുപ്പിച്ചു എന്നുള്ളതാണ്. ആദ്യം ആ വേല ഇവിടെത്തന്നെയുള്ള വേലക്കാരെക്കൊണ്ടു നടത്തിക്കാമെന്നുള്ളതിനാൽ വിട്ടുകൊടുക്കുന്നതിനിടയില്ലെന്ന് അഭിപ്രായപ്പെടുകയും തദനന്തരം എന്ത് കാരണത്താലോ മദിരാശിക്കാർക്ക് വിട്ടുകൊടുക്കുവാൻ സമ്മതിക്കുകയും, മുൻകാലത്ത് "തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്" എന്ന വിളി വാക്കിനെ പ്രമാണമാക്കിയ കൊടിയെ ഉയർത്തിപ്പിടിച്ചു നടന്നിരുന്ന ഇദ്ദേഹം, ഈ കണ്ട്റാക്ട് നിമിത്തം അനേകം സ്വദേശി വേലക്കാരെ വെറുതേ പുറമേതള്ളി ക്ലേശിപ്പിക്കയും ചെയ്തത് തൻ്റെ ഭരണത്തിന് ഒരു മായാത്ത കളങ്കമായി ഭവിച്ചിട്ടുണ്ട്. അച്ചുകൂടത്തിലെ വേലക്കാരെക്കൊണ്ട് ശരിയായ വിധത്തിൽ വേല ചെയ്യിക്കുന്നുണ്ടെങ്കിൽ, അവിടെ കുഴപ്പത്തിനും അഴിമതിക്കും ഇടയുണ്ടാവുകയില്ലാ. മിസ്തർ രാമൻപിള്ളയുടെ ഭരണകാലത്തിൽ അച്ചുകൂടത്തിലെ ഉപയോഗത്തിനുള്ള അച്ചാണികളെ അതാത് അറകളിൽ തിരഞ്ഞെടുത്തിട്ട് സൂക്ഷിക്കുന്ന വേല കുറെ അമാന്തത്തിലാണെന്നും, അച്ചാണികൾ ധാരാളം "പൈ" ആയി കിടക്കുമാറുണ്ടെന്നും കേൾക്കുന്നത് വാസ്തവമെങ്കിൽ ശോചനീയം തന്നെയാണ്. "പൈ" അച്ചാണികളെ തിരഞ്ഞിടുവിച്ചിട്ടില്ലെങ്കിൽ, ഓരോരോ ജോലിക്കാർ അന്നന്ന് ഇന്നയിന്ന വേല ചെയ്തു എന്നു കണക്കു വെയ്ക്കയോ അവർ പണികഴിഞ്ഞു പോകുമ്പോൾ, അവരെ പരിശോധിച്ചു വിടുകയോ ചെയ്യുന്നുണ്ടോ? വളരെ വില പിടിച്ച സാധനങ്ങളാണ് തീരെ ചെറിയ അച്ചാണികൾ, ബ്രാസ് തുണ്ടുകൾ മുതലായ ചില ചില്ലറ സാമാനങ്ങൾ എന്നുള്ളത് ഓർമയുള്ള ഒര് മേലാവ്, തൻ്റെ കീഴ്ജീവനക്കാരെ പണികഴിഞ്ഞ് പോകുമ്പോൾ പരിശോധിപ്പിച്ചുതന്നെയാണ് അയയ്ക്കേണ്ടത്. ഈ ഏർപ്പാട് ഉണ്ടായിരുന്നു എങ്കിൽ, സർക്കാർ വക പുസ്തകങ്ങൾ പുറപ്പെടുവിക്കുംമുമ്പ് പുറമെ പോകുമായിരുന്നോ?  ഇക്കഴിഞ്ഞ "മിഡിൽ സ്കൂൾ പരീക്ഷ" മുതലായ ചില പരീക്ഷകൾക്കുള്ള ചോദ്യക്കടലാസുകളുടെ അച്ചടിച്ച പകർപ്പുകൾ പരീക്ഷയ്ക്ക് മുമ്പേ, (അച്ചുകൂടം വേലക്കാർ മുഖേന ആണെന്നറിയുന്നു) ചില വിദ്യാർത്ഥികൾക്ക് കിട്ടിയിരുന്നതായി ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. ഇങ്ങനെ വന്നത് എന്ത് കൊണ്ടായിരുന്നു? അച്ചുകൂടത്തിലെ കണക്കുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഈ അഴിമതികൾക്കനുസരിച്ച ന്യൂനതകൾ കാണുകയില്ലേ എന്നുകൂടെ ശങ്കിപ്പാനുണ്ട്. അഴിമതികളെ വളർത്തുവാൻ തക്ക വിധത്തിലല്ലാ ഒരു വകുപ്പിൻെറ ഭരണം നിർവ്വഹിക്കേണ്ടതെന്ന് മിസ്തർ രാമൻപിള്ളയെ ഞങ്ങൾ പ്രത്യേകം അറിയിക്കേണ്ട ആവശ്യമില്ലാ. മദിരാശി ഗവർന്മെണ്ട് അച്ചുകൂടത്തിലും മറ്റു പല അച്ചടി ശാലകളിലും വേലക്കാരെ, പണികഴിഞ്ഞു പോകുമ്പോൾ പരിശോധിച്ചയയ്ക്കുക എന്ന ഏർപ്പാട് ഉള്ളതായിട്ടാണ് ഞങ്ങൾ കേട്ടിട്ടുള്ളത്. ആ വിധം ഒരേർപ്പാട് ഇവിടെയും ആകാമായിരുന്നു. മാതൃകകളായ അച്ചുകൂടങ്ങളിൽപോയി അവിടങ്ങളിലെ ജോലിക്രമങ്ങളെ ഗ്രഹിച്ചിട്ടുള്ള ഒരാളാണ് ഈ വകുപ്പിൻെറ മേലാവെന്നിരിക്കിൽ, തൻ്റെ ഡിപ്പാർട്ടുമെണ്ടിൻ്റെ കീർത്തിയെ കുരങ്ങൻ്റെ കയ്യിൽ കിട്ടിയ പൂമാലയെന്നപോലെ, പരിണമിപ്പിക്കയില്ലാ എന്ന് വിശ്വസിക്കാവുന്നതാണ്. മിസ്തർ രാമൻപിള്ള മറ്റുള്ള കാര്യങ്ങളിൽ എത്രമേൽ യോഗ്യതയും സാമർത്ഥ്യവും ഉള്ള ആളായിരുന്നാലും, അച്ചുകൂടം സൂപ്രേണ്ട് വേലയിൽ ന്യൂനനാണെന്നും; അച്ചുകൂടങ്ങളിലേക്ക് പുതിയ നോവലുകൾ എഴുതിക്കൊടുക്കുകയോ പ്രബന്ധങ്ങളെഴുതി അയയ്ക്കയോ ചെയ്യുക എന്നുള്ളത് അദ്ദേഹത്തിൻെറ പ്രവൃത്തി മണ്ഡലമായിരുന്നാലും, അച്ചുകൂടം നടത്തലിൽ അദ്ദേഹം, കരയ്ക്കു കയറ്റപ്പെട്ട മത്സ്യത്തെപ്പോലെയായിത്തീർന്നിരിക്കുന്നുവെന്നും മേൽ പ്രസ്താവിച്ച സംഗതികൾ കൊണ്ട് ഊഹിക്കേണ്ടിവരുന്നു. ഈ സ്ഥിതിക്ക് മിസ്തർ രാമൻപിള്ളയെ സ്വന്തം സാമർത്ഥ്യം പ്രയോഗിക്കാൻ ധാരാളം സൗകര്യം ലഭിക്കാവുന്ന മറ്റേതെങ്കിലുമൊരു വകുപ്പിലേക്ക് മാറ്റുകയും, അച്ചുകൂടത്തിൻെറ മേലാവായി, അച്ചടിത്തൊഴിലിൽ പരിചയമുള്ള ഒരാളെ നിയമിക്കയും ചെയ്യുന്നത് അദ്ദേഹത്തിനും ഗവർന്മേണ്ടിനും ഉചിതമായിരിക്കുമെന്നാണ് ഞങ്ങൾ അഭിപ്രായപ്പെടുന്നത്. 

You May Also Like