കോതയാർ ജലത്തീരുവ

  • Published on April 11, 1908
  • By Staff Reporter
  • 514 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

കോതയാറണവേലകൾ കൊണ്ട് കൃഷിക്ക് ജലസൗകര്യം ഉണ്ടായിട്ടുള്ള തെക്കൻ തിരുവിതാംകൂറിലെ നിലങ്ങൾക്ക്, പുതിയതായി ഒരു ജലനികുതി ഏർപ്പെടുത്തുന്നതിനെപ്പറ്റി ഗവർന്മേണ്ട് ചില നിശ്ചയങ്ങൾ ചെയ്തിരിക്കുന്നതായി കഴിഞ്ഞകുറി ഞങ്ങൾ പറഞ്ഞുവല്ലോ. വളരെ നാളായി ജനങ്ങളുടെ ഭിന്നഭിന്നങ്ങളായ അപേക്ഷകളെ ഗവർന്മേണ്ട്  കൂട്ടിവച്ചിരുന്ന്, ഈയിടെ ദിവാൻജി തന്നെ, തെക്കൻ തിരുവിതാംകൂറിൽ പോയി ജനങ്ങളോട് സംസാരിച്ച്  അഭിപ്രായങ്ങളറിഞ്ഞിട്ടാണ് ഇപ്പോഴത്തെ നിശ്ചയങ്ങൾ ചെയ്തിട്ടുള്ളത്.  ജലനികുതി ഏർപ്പെടുത്തുന്നതിനെ സംബന്ധിച്ച് ഏതുപ്രകാരം പ്രവർത്തിക്കണമെന്ന് അന്വേഷിച്ച് റിപ്പോർട്ട് ചെയ്‌വാനും മറ്റുമായി ഗവർന്മേണ്ട്  ഒരു സ്പെഷ്യൽ ഓഫിസറെ നിയമിക്കുകയും, അദ്ദേഹത്തെ, ഇതിനിടെ, മൈസൂരിലെ ചില വ്യവസ്ഥകൾ കണ്ടറിവാനായി  അവിടേയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. സ്പെഷ്യൽ ഓഫീസർ മിസ്റ്റർ മഹാദേവരയ്യർ, മുമ്പ് നാഞ്ചിനാട്ട് സ്ഥലങ്ങളിൽ ഉദ്യോഗം വഹിച്ച് അവിടത്തെ കൃഷികാര്യങ്ങളെയും കൃഷിക്കാരെയും പറ്റി ഏറെക്കുറെ പരിചയം സമ്പാദിച്ചിരുന്ന ആളാകയാൽ, ഈ സംഗതിയിൽ ഗവർന്മേണ്ടിനു അധികം കുഴപ്പം വരാതെ കഴിവാനിടയായി.  അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ, നികുതി ചുമത്തേണ്ടത് താഴെ പറയും പ്രകാരം ആയിരിക്കണമെന്നായിരുന്നു: (1 ) ഇപ്പോൾ, നാഞ്ചിനാട്ട് ഏക്കർ ഒന്നിന് 10 ചക്രം വീതവും, ഏടനാട്ട്  ഏക്കർ ഒന്നിന് 4 ചക്രം വീതവും കൃഷി മരാമത്ത് ജലനികുതി കൊടുത്ത് വരുന്നതും, ഇപ്പോഴുള്ള ആറ്റുകാൽ വെള്ളം കൊണ്ട് നനയ്ക്കപ്പെടുന്നതുമായ നിലങ്ങൾക്ക് കൂടുതൽ നികുതി ചുമത്തുവാൻ പാടില്ല. (2) മാനേമാരി നിലങ്ങൾക്ക് ഇപ്പോഴുള്ള 4 ചക്രം നികുതി ഉൾപ്പടെ മേലാൽ ഏക്കറൊന്നിന് ഒരു രൂപ വീതം കൃഷി മരാമത്ത് ജലനികുതി ഏർപ്പെടുത്തണം. (3) ഇപ്പോൾ പറമ്പായി കിടക്കുന്ന തറകൾ നനനിലങ്ങളാക്കപ്പെടുമ്പോൾ, ഏക്കറൊന്നിനു 10 രൂപ നികുതി ചുമത്തണം.  ഈ തുക, പൂവൊന്നിന് 5 രൂപ വീതം ആണ്ടിൽ രണ്ടു തവണയായി വസൂൽ ചെയ്യണം. പറമ്പുകളെ നല്ല നിലങ്ങളാക്കുമ്പോൾ, മുറിച്ച് മാറ്റുന്ന വൃക്ഷങ്ങളുടെ കരം ഇളവ് ചെയ്യണം. അത്തരം പറമ്പുകളെ നനനിലങ്ങളാക്കുന്നതിന് കൃഷിക്കാർക്ക് ചില സൗജന്യങ്ങളും അനുവദിക്കണം. ഒന്നാം കൊല്ലത്തിൽ നികുതി ചുമത്താതിരിക്കുകയും, അടുത്ത രണ്ടു കൊല്ലത്തിൽ നികുതി പകുതി വീതമാക്കുകയും ചെയ്യണം. (4) ഇടത്തുവശത്തെക്കാലിന്    ഇരുപുറവുമുള്ള തരിശു നിലങ്ങളെ ഓരോ ഏക്കറായി തിരിച്ചു ലേലം വിളിച്ച് വിൽക്കുകയും, അവയ്ക്ക് കണ്ടെഴുത്തിൻപ്രകാരമുള്ള വിലയും, 10 രൂപ വീതം ജലനികുതിയും ചുമത്തുകയും ചെയ്യണം. (5) ഇപ്പോഴുള്ള കുളങ്ങളിൽ  ഏകദേശം മൂന്നിലൊന്നു, ആവശ്യമോ ഉപയോഗമോ ഇല്ലാതെ ആകുമെന്നിരിക്കയാൽ, അവയെ ഓരോ ഏക്കർ തിരിച്ച്, ഏക്കറൊന്നിന് 20 രൂപയിൽ കവിയാതെയും 10 രൂപയിൽ കുറയാതെയും വിലയ്ക്ക്  ലേലത്തിൽ വിൽക്കണം. മിസ്റ്റർ മഹാദേവയ്യരുടെ റിപ്പോർട്ടിനെയും, ശ്രീമൂലം പ്രജാസഭാ  പ്രതിനിധികളുടെ അപേക്ഷകളെയും ഗവർന്മേണ്ട് പര്യാലോചിച്ചതിൽ, മിസ്റ്റർ അയ്യരുടെ അഭിപ്രായത്തിൽ ചിലതിനെ സ്വീകരിക്കുകയും, മറ്റുള്ളവയെ ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ രണ്ടു തരത്തിൽ നികുതി കൊടുക്കുന്നവയായ ആറ്റുകാൽ നിലങ്ങൾക്കും മാനേമാരി നിലങ്ങൾക്കും, മിസ്റ്റർ മഹാദേവയ്യരുടെ അഭിപ്രായത്തിലുള്ള വ്യത്യാസം സ്വീകരിക്കാൻ ഗവർന്മേണ്ട് വിചാരിച്ചിട്ടില്ല. കോതയാർ ജലം കൊണ്ട് കൃഷിക്കുപയോഗപ്പെടുത്തുന്ന ഏതു തരം നനനിലങ്ങൾക്കും ഒരേ നിരക്കിനുള്ള നികുതി തന്നെ ചുമത്തിയിരിക്കുന്നു. തോവാള, അഗസ്തീശ്വരം, ഇരണിയൽ, കാൽക്കുളം ഈ താലൂക്കിലെ ഏതു വക നനനിലങ്ങൾക്കും ഏക്കറൊന്നിന് 10 രൂപ നികുതിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ നികുതി 1025-ആണ്ടു തുടങ്ങി വസൂലാക്കപ്പെടുന്നതും, ഇപ്പോഴത്തെ, മരാമത്ത് ജലനികുതികളെ അന്ന് മുതൽ ഇളച്ചു കൊടുക്കുന്നതുമാണ്. നനനിലങ്ങളാക്കപ്പെടാവുന്ന പറമ്പുകളെ സംബന്ധിച്ച് ഗവൺമെന്‍റ് ചില സൗജന്യങ്ങൾ അനുവദിച്ചിരിക്കുന്നു. അപ്രകാരം, നിലങ്ങളാക്കപ്പെടുന്ന പറമ്പുകൾക്ക്, 1084, 1085, 1086 ഈ കൊല്ലങ്ങളിൽ  കൃഷി മരാമത്ത് ജലനികുതി ചുമത്തുകയില്ല.  അനന്തരം, 1087 -ൽ ഏക്കറൊന്നിന് 4 രൂപ വീതവും, 1088-ൽ 5 രൂപ വീതവും, 1089 -ൽ 6  രൂപ വീതവും 1090 ലും അതിന് മേലും 7 രൂപ വീതവും നികുതി ചുമത്തപ്പെടുന്നതാണ്.  പറമ്പുകൾ ഒരുപ്പു കൃഷിക്കായോ ഇരുപ്പൂ കൃഷിക്കായോ നിലങ്ങളാക്കപ്പെട്ടാലും, അവ ഏതേതനുഭവക്രമത്തിലുള്ളവയായാലും ഈ ജല നികുതിക്ക് ഭേദമില്ല. വൃക്ഷക്കരം പുതുക്കപ്പെടുന്നതുമല്ല. കൽക്കുളം താലൂക്കിലെ ഇടത്തുഭാഗം കാലിനു ഇരുവശത്തുമുള്ള തരിശുഭൂമികളെപ്പറ്റിയാണ് ഇനി ചിന്തിച്ചിരിക്കുന്നത്. ഉദ്ദേശം 300 ഏക്കർ വിസ്താരമുള്ള ഈ തരിശു ഭൂമികൾ, പനിപിടിക്കുന്ന സ്ഥലങ്ങളാകയാൽ, ഇവയെ വെട്ടിത്തെളിച്ച് കൃഷി ചെയ്യുന്നവർക്ക് ചില സൗജന്യങ്ങൾ അനുവദിച്ചിരിക്കുന്നു. ഈ തരിശു ഭൂമിയെ പുതുവൽച്ചട്ട പ്രകാരം പതിച്ചു കൊടുക്കും. ഏക്കറൊന്നിന് 10 രൂപ വിലയർത്ഥം വയ്ക്കുന്നതാണ്.  ഈ നിലങ്ങൾക്ക് ഏക്കറൊന്നിന്, 6 രൂപ വീതം ജലനികുതി ചുമത്തുന്നതും, 1084 - ആണ്ടു മുതൽ 1088 വരെ 5 കൊല്ലത്തേക്ക് ഈ നികുതി ഇളവ് ചെയ്യുന്നതുമാണ്. നാലാമതായി പര്യാലോചിച്ചിരിക്കുന്നത് കുളങ്ങളെ പറ്റിയാകുന്നു. ഈ കുളങ്ങളെ ലേലത്തിൽ വിറ്റ് നികത്തി കളഞ്ഞാൽ, കൃഷി കാര്യത്തിന് വളരെ ദോഷമുണ്ടെന്ന് ജനങ്ങൾ പരാതി പറഞ്ഞിരുന്നതിനെ സർക്കാർ ഗണിച്ചിരിക്കുന്നു. ആണ്ടിൽ രണ്ടു മാസത്തിൽ കുറയാതെ കാലമത്രയും, കോതയാർ ആറ്റുകാലകൾ ഒഴിഞ്ഞിരിക്കും. അപ്പോൾ, കന്നുകാലികൾക്ക് വെള്ളം കിട്ടുവാൻ സാധിക്കയില്ല. അല്ലെങ്കിലും, കോതയാർ കാലുകളിൽ നിന്ന് കന്നുകാലികൾക്ക് വെള്ളം ഉപയോഗപ്പെടുത്തുന്നതു തന്നെ അപകടമായിരിക്കും. പിന്നെ, ഈ കുളവടികളിൽ വെള്ളം കുറയുന്തോറും, പുല്ലു വളരുകയും കന്നുകാലികൾക്ക് തീറ്റി ലഭിക്കയും ചെയ്യുന്നു. ഈ സംഗതികളാൽ, കുളങ്ങളെ  ലേലത്തിൽ വിൽക്കുന്നില്ലെന്ന് നിശ്ചയിച്ചിരിക്കുന്നു. എന്നാൽ, എല്ലാ കുളങ്ങളും ആവശ്യമല്ലായ്കയാൽ, ചില പകുതികളിലെ കുളങ്ങളെ വിൽക്കുന്നതാണ്.  ഈ നിശ്ചയങ്ങൾ നടപ്പിൽ വരുത്തിയാൽ ഗവർന്മേണ്ടിനുണ്ടാകാവുന്ന  ആദായം, സിൽബന്തികളുടെ ശമ്പളം മുതലായ ചെലവുകൾ നീക്കുന്ന പക്ഷം 2,31,250 രൂപ 1090 ആണ്ടു തുടങ്ങി കൊല്ലന്തോറും ഉണ്ടാകുമെന്ന് കണക്കാക്കിയിരിക്കുന്നു. കോതയാറണ വേലയ്ക്ക് എഴുപത് ലക്ഷം രൂപ ചെലവ് കാണുമെന്നും, കൃഷി മരാമത്തു റെഗുലേഷൻ പ്രകാരം മുതലിൽ നൂറ്റിന് ആറു വീതം പലിശ കിട്ടത്തക്കവണ്ണം നികുതി ചുമത്താമെന്നിരിക്കെ, ഇപ്പോഴത്തെ കണക്കിന് മൂന്നരയോളമേ ആകുന്നുള്ളു എന്നും പ്രസ്താവിച്ചിരിക്കുന്നു. 

You May Also Like