കേരളവാർത്തകൾ - തലശ്ശേരി

  • Published on February 27, 1907
  • By Staff Reporter
  • 172 Views

                                                                 കാലാവസ്ഥ


കാലാവസ്ഥയെപ്പറ്റി വിശേഷിച്ചു ഒന്നും പറവാൻ ഇല്ല. അരി മുതലായതുകൾക്ക് വില അധികം തന്നെ. ബങ്കാള അരി ഒരു ചാക്കു പോലും കിട്ടാൻ പ്രായസമെന്നു അറിയുന്നു. മംഗലാപുരത്തു  നിന്നു മൂട അരി കുറേശ്ശെ വന്നു ഇറങ്ങുന്നുണ്ട്. പ്ലേഗ് കുറെ ദിവസമായി ഇവിടെങ്ങും ഇല്ല. 

                                                                 ഡിസ്ട്രിക്ട് കോർട്ട്                                                              

സ്ഥലത്തെ ഡിസ്ട്രിക്ട് കോടതിക്ക് പഴക്കത്താൽ ചില ഉടവുകൾ നേരിടുകയാൽ പൊളിച്ചു നന്നാക്കാൻ ഗവര്‍ന്മേണ്ടിൽ നിന്നു തീർച്ചപ്പെടുത്തിയിരിക്കുന്നു. പകരം കോടതിയായി ഉപയോഗിക്കുന്നത് മുൻസീഫ് കോടതിയും, മുൻസീഫ് കോടതിക്ക് വേറെ ഒരു പുതിയ എടുപ്പും ആണെന്നു അറിയുന്നു. 

                                                                                                                                            തീയരുടെ 

ക്ഷേത്രത്തിൻ്റെ പണികൾ വളരെ ധൃതിയായി നടത്തി വരുന്നുണ്ട്. മുമ്പു ഒരു കാലം മലയാം കളക്ടറായിരുന്ന ലോശൻ സായ്പ് അവർകൾ അദ്ദേഹത്തിൻ്റെ ഒരു സ്നേഹിതന്നു ഇതിനിടെ അയച്ചതായ ഒരു കത്തിൽ തലശ്ശേരി തീയരുടെ അമ്പലത്തെ പറ്റി സ്തുതിച്ചെഴുതിയതായി അറിയുന്നു. ഈ ഏർപ്പാടിൽ അദ്ദേഹത്തിനു സന്തോഷവും ഉണ്ടുപോൽ!

                                                           മലബാർ കളക്ടർ                                                                                   

എ, ആർ. നാപ്പു് സായ്പ് അവർകൾ കണ്ണൂരിൽ വച്ച് നടക്കുവാൻ പോകുന്ന പ്രദർശന ആവശ്യാർത്ഥവും മറ്റും അവിടേക്കു പോകും വഴി ഇവിടെ ഇറങ്ങി പ്ലേഗ് ഷഢ് മുതലായ എടുപ്പുകൾ ഇരിക്കുന്ന കൊക്കപ്രം മുതലായ സ്ഥലങ്ങളെ സന്ദർശിച്ചിരിക്കുന്നു. ഇവിടെ നിന്നു ഉടനെ കണ്ണൂരേക്ക് പോകുന്നതാണ്. 

                                                            മടങ്ങി എത്തി                                                                                 

ബി. ഏ. ക്കു പഠിപ്പാൻ മദ്രാസിൽ പോയിരുന്ന മിസ്തര്‍ ബാത്തല പക്കി തൽകാലം പഠിക്കണ്ടേന്നു വച്ച് സ്വരാജ്യത്ത് മടങ്ങി എത്തിയിരിക്കുന്നു എന്നു അറിയുന്നതിൽ വ്യസനിക്കുന്നു. 

                                                                          വടകര                                                                           

നഗരം സാമാന്യം കച്ചവടമുള്ളതും ചില ഗവര്‍ന്മേണ്ടാഫീസുകൾ ഉള്ളതും ആയ ഒരു നഗരമാണ്. എന്നാൽ, അവിടെ ഇതുവരെ മുൻസിപ്പാലട്ടി എർപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. കുറെ കാലം മുമ്പ് ഇതു ഏർപ്പെടുത്താൻ നോക്കിയതിൽ നാട്ടുകാരുടെ സങ്കടത്താൽ തൽക്കാലം വേണ്ടെന്നു വച്ചിരുന്നു. ഇപ്പോൾ ഇതാ ഈ ഏപ്രിൽ 1-നു മുതൽ യൂണിയൻ പഞ്ചായത്തു ഏർപ്പെടുത്താൻ തീർച്ചപ്പെടുത്തിയതായി അറിയുന്നു. ഇനിയെങ്കിലും ഗതാഗതത്തിന്നും മറ്റും സൗകര്യം നേരിടുന്നതാണ്. 

                                                                  നാടകം                                                                                   

ഇവിടത്തുകാരായ കൊങ്കണ ബ്രാഹ്മണരുടെ വകയായി രണ്ടു സംഘം ഹിന്തുസ്ഥാനി    നടകസമാജം വടകര കോഴിക്കോട് മുതലായ സ്ഥലങ്ങളിലേക്കു പോയിരിക്കുന്നു.  

--------------------------------------------

സമയച്ചുരുക്കത്താല്‍ പല ലേഖനങ്ങളും, വര്‍ത്തമാനക്കത്തുകളും നീക്കി വയ്ക്കേണ്ടി വന്നിട്ടുണ്ട്.    ( പത്രാധിപര്‍)

 

You May Also Like