വൃത്താന്തകോടി
- Published on September 15, 1909
- By Staff Reporter
- 758 Views
ഡാക്ടര്‍ കുക്ക് കോപ്പനേഗനില്‍നിന്നു നേരെ ന്യൂയോര്‍ക്കിലെക്കു പുറപ്പെട്ടിരിക്കുവാന്‍ ഇടയുണ്ട്.
അയര്‍ലാണ്ടില്‍ സൈനികോദ്യോഗസ്ഥന്മാരുടെ ഇടയില്‍ പാലിന്‍റെ തരക്കേടുകൊണ്ട് ആന്ത്രീയജ്വരം ബാധിച്ചിരിക്കുന്നു.
പര്‍ഷ്യയിലെ സ്ഥാനഭ്രഷ്ടനായ ഷാഹ് ചക്രവര്‍ത്തി റഷ്യയിലെക്കു സൈന്യോപചാരങ്ങളോടുകൂടി ടിഹറന്‍ വിട്ടു പുറപ്പെട്ടു പോയിരിക്കുന്നു.
റഷ്യ ഇപ്പൊള്‍ നാലു വന്‍തരം യുദ്ധക്കപ്പലുകള്‍ പണിവാന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതിനു പുറമേ, വീണ്ടും ചില കപ്പലുകള്‍ പണിവാന്‍ ഏര്‍പ്പാടു ചെയ്തുവരുന്നു.
ബ്രേഷ്യായില്‍ വച്ചു നടത്തിത്തുടങ്ങിയിരിക്കുന്ന വ്യോമയാനപ്പന്തയത്തിനു ആരംഭത്തില്‍ വളരെ ചുരുക്കമായിട്ടേ വിമാനങ്ങള്‍ മത്സരിച്ചിരുന്നുള്ളു എന്നറിയുന്നു.
കമാന്‍ഡര്‍ പീയറിയുമൊന്നിച്ചു ഉത്തരധ്രുവദേശങ്ങളിലെക്കു പോയിരുന്ന ശാസ്ത്രജ്ഞന്‍ മാര്‍വിന്‍ അല്ലാ, മാക്‍മില്ലന്‍ എന്ന ആളാണ് എന്നു പറയപ്പെട്ടിരിക്കുന്നു.
ബിപന്‍ ചന്ദ്രപാലന്‍റെ "സ്വരാജ്,, പത്രഗ്രന്ഥത്തെ കടല്‍ വഴിയായോ കരവഴിയായോ ഇന്ത്യയില്‍ കടത്തിക്കൂടുന്നതല്ലെന്നു ഇന്ത്യാഗവര്‍ന്മെണ്ടു കല്പിച്ചിരിക്കുന്നു.
"ഇന്ത്യന്‍ സോഷ്യാളജിസ്റ്റ്,, പത്രഗ്രന്ഥം അച്ചടിച്ചുകൊടുത്ത ആല്‍ഡ് റേഡിനു രാജദ്രോഹകരമായ ലേഖനം പ്രചാരപ്പെടുത്തിയതിലെക്കു ഒരുകൊല്ലം തടവുശിക്ഷ വിധിച്ചിരിക്കുന്നു.
ബാരിസാളിലെ സ്വദേശിവ്രതക്കാരില്‍ മുമ്പനായ കുമാരചക്രവര്‍ത്തി എന്നൊരു മുക്ത്യാറുടെ ഭൃത്യന്‍, കഴിഞ്ഞ മേ മാസത്തില്‍ വിഷൂചികയാല്‍ മരിച്ചു. അവന്‍റെ പ്രേതം ഉടന്‍ എടുത്തുമാററുന്നതിനു ആളു കിട്ടുന്നതിലെയ്ക്കു വൈകിപ്പോകയാല്‍, ആ താമസത്തിനു മുക്ത്യാറെ പ്രാസിക്യൂട്ട് ചെയ്ത് ഇതിനിടെ ഒരു വാരത്തെ തടവുശിക്ഷ വിധിച്ചിരിക്കുന്നു.
ഒരു ഡ്റെഡ് നാട്ട് കപ്പല്‍ പണിയിക്കുന്നതിനായി ആസ്ട്രേലിയയില്‍ പിരിച്ചുവരുന്ന പണം ഇപ്പൊള്‍, 85,000- പവന്‍ വരെ ആയിരിക്കുന്നു. എന്നാല്‍, നാവികവകുപ്പിലെക്കു ഇങ്ങനെ വരിപ്പണം വേണ്ടാ എന്ന് അറിയിക്കയാല്‍, ആ തുകകൊണ്ട് ഒരു നാവികമഹാപാഠശാലയും മററുംസ്ഥാപിപ്പാന്‍ പോകുന്നു.
ടിറ്റഗറില്‍ നടന്നിരുന്ന ബക്രിദ് ലഹളക്കേസ്സില്‍ പ്രതികളായ ഹിന്തുക്കളെ വെറുതെ വിട്ടിരിക്കുന്നു എന്നും; അവര്‍ ആലിപുരം കോടതിവിട്ട് തിരിച്ചെത്തിയാല്‍ ഉടന്‍ മഹമ്മദീയരെ ഹിംസിക്കുമെന്നും ഒരുകേള്‍വി പരന്നിട്ട്, കഴിഞ്ഞ ബുധനാഴ്ചനാള്‍, മഹമ്മദീയര്‍ പത്തിരുനൂറുപേര്‍ ആയുധപാണികളായി ടിററഗര്‍ തീവണ്ടിസ്റ്റേഷനിലെത്തി നില്‍ക്കയും; പൊലീസുകാര്‍ പ്രയത്നപ്പെട്ട് അവരെ പിരിച്ചയയ്ക്കുകയും ചെയ്തിരിക്കുന്നു.
പഞ്ചാബ് ഗവണ്മെണ്ടിന്‍റെ അന്വേഷത്തിങ്കീഴിലുള്ള മാന്‍ഡി സംസ്ഥാനത്തു സര്‍ക്കാരുദ്യോഗസ്ഥന്മാര്‍ അഴിമതി നടത്തുന്നതു സഹിക്കാന്‍ വയ്യാതെ ആയിരിക്കുന്നു എന്നും മററും വഴക്കുണ്ടായി, ഭരണപരിഷ്കാരകാംക്ഷികളായ ജനങ്ങള്‍ പലരും, ഉദ്യോഗസ്ഥന്മാരെ പിടിച്ച് തടവിലടച്ചിരുന്നു. അവരെ രാജകല്പനയാല്‍ വിടുതല്‍ ചെയ്തു. ഇതിനെപ്പറ്റി ആക്ഷേപിച്ചും, രാജ്യശത്രുക്കളായ ഉദ്യോഗസ്ഥന്മാരെ ജനദ്രോഹത്തിനായി വിടുതല്‍ചെയ്ത രാജാവിനെ തക്കപ്രതിഫലം അനുഭവിപ്പിച്ചേക്കാമെന്നും; താമസിയാതെ കൊന്നുകളയുമെന്നും ഭീതിപ്പെടുത്തിയും ഒരു പേരില്ലാക്കത്തു രാജാവിനു കിട്ടി. ഇതിനെപ്പററി പൊലീസുകാര്‍ അന്വേഷം ചെയ്കയാണ്. ഇതിനിടയില്‍, പരിഷ്കാരകാംക്ഷികളായവരെ പിടിച്ചു തടവിലിട്ടിരിക്കുന്നു.
News Round-up from around the world
- Published on September 15, 1909
- 758 Views
Translator
Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor
Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.