വാരവൃത്തം

  • Published on July 17, 1907
  • By Staff Reporter
  • 380 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                                                                         തിരുവനന്തപുരം

                                                                                                              1082 കര്‍ക്കടകം 1.

                          വാക്കുകള്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍

 ആണെന്ന് ധരിച്ചിരുന്നു എങ്കില്‍, മിസ്റ്റര്‍ പ്രാക്കുളം പത്മനാഭപിള്ള "സ്വദേശാഭിമാനി" പത്രപ്രവര്‍ത്തകന്മാര്‍ക്ക് അയച്ച അപകീര്‍ത്തി നോട്ടീസില്‍, തന്‍റെ ന്യായമായ  അതിരിനെ കടന്ന് പത്രപ്രവര്‍ത്തകന്മാരുടെ മേല്‍, ദോഷാരോപം ചെയ്യാന്‍ ഇടവരുമായിരുന്നില്ലെന്ന്, കഴിഞ്ഞ ലക്കത്തിലെ നോട്ടീസും മറുവടിയും പരാതിയും വായിച്ചപ്പോള്‍ എനിക്കു തോന്നി. വാക്കുകള്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ആണെന്ന് ഇനിയെങ്കിലും അദ്ദേഹം അറിയുമോ? അവ ഏതേതു ഭാഗങ്ങളില്‍ കടന്ന് മന:ക്ഷതങ്ങള്‍ ഉണ്ടാക്കുമെന്നും, അവയുടെ പ്രയോക്താവ് എങ്ങനെ കുറ്റക്കാരനായിത്തീരുമെന്നും, ലേഖകന്മാരെല്ലാം ഓര്‍ക്കേണ്ട കാര്യമാണ്. ചില ലേഖകന്മാര്‍ക്ക്, തൂണും ചാരിയിരിക്കുന്നേരം പയിറ്റാമെന്നൊരു മോഹം തോന്നും, അവരുടെ വാക്പ്രയോഗംകൊണ്ട്, ആര്‍ക്കെല്ലാം ആപത്തുണ്ടാക്കി വയ്ക്കുന്നു എന്ന്, അവര്‍ അറിഞ്ഞിരിക്കയില്ലാ. മിസ്റ്റര്‍ പത്മനാഭപിള്ളയും, താന്‍ അയച്ച നോട്ടീസില്‍ ഇന്നയിന്ന പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും, അത് ഒരു കോടതിയില്‍ റിക്കാര്‍ഡായിക്കയറുമ്പോള്‍, ഓരോ അക്ഷരത്തിനും എന്തെന്ത് വ്യാഖ്യാനം ഉണ്ടായേക്കുമെന്നും അറിഞ്ഞിരുന്നുവെങ്കില്‍, അദ്ദേഹം 'സ്വദേശാഭിമാനി' പത്രപ്രവര്‍ത്തകന്മാര്‍ക്കയച്ച സ്വകാര്യത്തിനെ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാനും, അതുനിമിത്തം, 'സ്വദേശാഭിമാനി'യെക്കുറിച്ച്, ബഹുജനങ്ങള്‍ക്ക് തെറ്റായ ബോധം ജനിപ്പിക്കാനും, ഇടവരുകയില്ലായിരുന്നു. ചെങ്ങന്നൂര്‍ ലേഖകന്‍റെ ആ വര്‍ത്തമാനക്കുറിപ്പിനെ, സാധാരണ വായനക്കാരാരും, അത്ര പ്രധാനകാര്യമായി ഗണിച്ച് വായിച്ചിരിക്കയില്ലാ. മിസ്റ്റര്‍ പത്മനാഭപിള്ളയുടെ ക്ഷമയില്ലായ്മകൊണ്ട് അതിനും പ്രാധാന്യം സിദ്ധിച്ചു. മിസ്റ്റര്‍ പത്മനാഭപിള്ളയ്ക്ക് ഈ നോട്ടീസയപ്പാന്‍ പ്രേരകമായി, ആ കുറിപ്പിനകത്ത് വല്ലതും നിഗൂഢമായിരിപ്പുണ്ടോ എന്ന് വായനക്കാര്‍ അന്വേഷിപ്പാനും തുടങ്ങി. "കട്ടവന് കണ്ടതെല്ലാം കാണ്‍സ്റ്റബിള്‍" എന്നുണ്ടല്ലോ. ആ മാതിരി അസ്വസ്ഥത ആര്‍ക്കും കൊള്ളുകയില്ലാ. ആന അലറിവന്നടുത്തപ്പോള്‍ ധൈര്യംകൊണ്ട് പിന്നോട്ട് ഓടുകയും, കൊതുക് മൂളിവരുമ്പോള്‍ ആയുധങ്ങളുമെടുത്ത് മുന്നോട്ടു ചാടിക്കയറുകയും ചെയ്യുന്ന വേട്ടക്കാരന്‍റെ മട്ടില്‍, മിസ്റ്റര്‍ പത്മനാഭപിള്ള, പൂഞ്ഞാറ്റിടവകക്കേസ്സു സംബന്ധിച്ച് ' “സ്വദേശാഭിമാനി“ പ്രസ്താവിച്ചിരുന്ന ആക്ഷേപയോഗ്യങ്ങളായ സംഗതികളെപ്പറ്റി മൌനം ഭജിച്ചിരിക്കയും, ഒരു നിസ്സാരമായ വര്‍ത്തമാനക്കുറിപ്പിലെ, വള്ളിയിലോ പുള്ളിയിലോ ഉള്ളതായി ഭാവനം ചെയ്തിരിക്കുന്ന ദൂഷ്യാരോപത്തെപ്പറ്റി കോലാഹലം കൂട്ടുകയും ചെയ്തതു കണ്ടിട്ട്, ചിരിക്കയല്ലാതെ മറ്റെന്താണ് ചെയ്യേണ്ടത്? സാധു! മിസ്റ്റര്‍ പത്മനാഭപിള്ള

                                            അബദ്ധമായ ധാരണ

കൊണ്ടായിരിക്കണം, ചെങ്ങന്നൂര്‍ ലേഖകന്‍ അദ്ദേഹത്തെ "കളവായും ദ്വേഷപൂര്‍വമായും"  അപകീര്‍ത്തിപ്പെടുത്തിയെന്നു നിശ്ചയിച്ചത്. "സ്വദേശാഭിമാനി“യോടു പലതവണ, വിരോധഭാവത്തില്‍ പല അസംബന്ധങ്ങളും ജല്പിച്ചിട്ടുള്ള ചില പത്രങ്ങള്‍, മിസ്റ്റര്‍ പത്മാഭപിള്ളയുടെ നോട്ടീസിനെ വാങ്ങിച്ചേര്‍ത്തതും, അജ്ഞതകൊണ്ടല്ലെങ്കില്‍, അഹംമതി കൊണ്ടായിരിക്കണം. "കേരളതാരക"യുടെ വീഴ്ചകളെപ്പറ്റി, മിസ്റ്റര്‍ കേ. എന്‍. പത്മനാഭപ്പണിക്കര്‍ പറഞ്ഞിരുന്നത് ഉചിതമായി. "മലയാളി" പത്രം, ഈ സംഗതിയെക്കുറിച്ചു പറഞ്ഞത്, സൂക്ഷിച്ചുതന്നെയായിരുന്നു. ഒരു "അത്രേ" മാത്രമേ വിട്ടുപോയിരുന്നുള്ളു. ആ പത്രം കാര്യം മാത്രം നോക്കി. മിസ്റ്റര്‍ പത്മനാഭപിള്ളയുടെ നോട്ടീസിനെ നോക്കി, "മലയാളി"ക്കു വര്‍ത്തമാനമെഴുതിയ ആളുടെ ഉള്ളില്‍ "സ്വദേശാഭിമാനി"യെപ്പറ്റി ദ്വേഷംകൊണ്ടുള്ള ക്ഷോഭം ഉണ്ടായിരുന്നില്ലെന്നു തോന്നുന്നു. നാം ഉപയോഗിക്കുന്നപദങ്ങള്‍ ഒരു യന്ത്രത്തില്‍നിന്ന് നിര്‍ഗ്ഗമിക്കുന്നവയല്ലെന്നും, അവയുടെ ഉള്ളില്‍ പലതും അടക്കീട്ടുണ്ടെന്നും, അവ മനസ്സിന്‍റെ ചേഷ്ടകളെ  കുറിക്കുന്നവയാണെന്നും, ഒരുവന്‍റെ പദപ്രയോഗംകൊണ്ട് അവന്‍റെ മനസ്സിന്‍റെ അപ്പൊഴത്തെ നിലയെ നിര്‍ണ്ണയിക്കാമെന്നും, നാം അറിഞ്ഞിരുന്നാല്‍, വളരെ സൂക്ഷിച്ചു തന്നെയേ എഴുതുവാന്‍ ഉദ്യമിക്കൂ. "നസ്രാണിദീപിക"യില്‍ ചേര്‍ത്തിരുന്ന മിസ്റ്റര്‍ പത്മനാഭപിള്ളയുടെ നോട്ടീസിനെ, ഒരു പരസ്യക്കത്തിന്‍റെ ഗണത്തില്‍ ആണ് സങ്കല്പിക്കേണ്ടതെന്നും, അങ്ങനെയേ സാധാരണ പത്ര പരിചയക്കാര്‍ സങ്കല്പിക്കയുള്ളു എന്നും ആ പത്രപ്രവര്‍ത്തകന്മാര്‍ അറിയാത്ത വിധത്തില്‍ പ്രവര്‍ത്തിച്ചതും തെറ്റുതന്നെ. "നസ്രാണിദീപിക"യില്‍ പരസ്യം ചെയ്തിരിക്കുന്നതായി കാണുന്നു, എന്നാണ്  ഇതിനെപ്പറ്റി "മലയാളമനോരമ" പറഞ്ഞിരിക്കുന്നത്. അതുതന്നെ ഒരു സാക്ഷ്യമായല്ലൊ. പിന്നെ, "സുഭാഷിണി“യില്‍ ആ നോട്ടീസ് മിസ്റ്റര്‍ പത്മനാഭപിള്ളയുടെ എഴുത്തോടുകൂടി ചേര്‍ത്തത് ആശ്ചര്യജനകമല്ലാ. മിസ്റ്റര്‍ പത്മനാഭപിള്ളയ്ക്കു തന്നെപ്പറ്റി, "സ്വദേശാഭിമാനി" യില്‍ പ്രസ്താവിച്ചിരുന്ന വര്‍ത്തമാനം കളവാണെന്ന് മാത്രം ബഹുജനങ്ങളെ ബോധപ്പെടുത്തണം എന്നായിരുന്നു ഉദ്ദ്യേശ്യമെങ്കില്‍, ആ വിധത്തില്‍ ഒരു കുറിപ്പെഴുതി ഈ പത്രത്തില്‍ പ്രസിദ്ധീകരിച്ചാല്‍ മതിയാകുമായിരുന്നു.

                                                ഉദ്ദേശ്യം അതല്ലാ

എന്ന് നിര്‍ണ്ണയിപ്പാന്‍ വേറെയും ലക്ഷ്യങ്ങള്‍ കാണുന്നുണ്ട്. "സ്വദേശാഭിമാനി" യിലെ പ്രസ്താവത്തെ, "മലയാള മനോരമ" ഉദ്ധരിച്ചിരുന്നതായി, മിസ്റ്റര്‍ പത്മനാഭപിള്ളയും പറയുന്നുണ്ട്. "സ്വദേശാഭിമാനി"ക്കയച്ച നോട്ടീസിന്‍റെ പകര്‍പ്പോ, ആ വര്‍ത്തമാനത്തിന്‍റെ സത്യവിവരണമോ, മിസ്റ്റര്‍ പിള്ള, മലയാളമനോരമയില്‍ ചേര്‍പ്പിക്കയായിരുന്നു********************************പ്രസ്താവംകൊണ്ട്, അര്‍ത്ഥമാക്കേണ്ടത്. അപ്പപ്പോള്‍ മിസ്റ്റര്‍ പത്മനാഭപിള്ളയ്ക്കു തന്നെപ്പറ്റിയുള്ള "സ്വദേശാഭിമാനി" യുടെ പ്രസ്താവത്തെ തിരുത്തണമെന്നല്ലാ, താന്‍ "സ്വദേശാഭിമാനി"യെ ഇന്നയിന്നവിധം ചെയ്യാന്‍ പോകുന്നു എന്നും, അതിനുള്ള ഹേതു, "സ്വദേശാഭിമാനി" തന്നെപ്പറ്റി പലതും "കളവായും ദ്വേഷപൂര്‍വമായും" പ്രസിദ്ധീകരിച്ചതാണെന്നും ലോകരെ അറിയിച്ച് "സ്വദേശാഭിമാനി"യെക്കുറിച്ച്, ലോകരെ അന്യഥാ ഒരഭിപ്രായം ഉണ്ടാക്കണമെന്നാണെന്ന് സംവദിക്കാതെ കഴികയില്ലാ. മിസ്റ്റര്‍ പത്മനാഭപിള്ളയുടെ ഉദ്ദ്യേശ്യത്തിന്‍റെ യുക്തായുക്തതയെ വിവേചനം ചെയ്യാതെ, മിസ്റ്റര്‍ പിള്ളയെ പ്രീതിപ്പെടുത്തുന്നതിനായി, അദ്ദേഹത്തിന്‍റെ കത്തിനെ പ്രസിദ്ധീകരിച്ച പത്രങ്ങളുടെ ഉദ്ദേശ്യവും, കേവലം നിഷ്പക്ഷപാതിത്വം കൊണ്ടും നിര്‍ദ്വേഷിത്വം കൊണ്ടും രചിക്കപ്പെട്ടതെന്ന് വിചാരിപ്പാനും വഴിയില്ലാ. ഈ മാതിരി , ഉച് ശ്യംഖലത്വം ഉചിതമല്ലെന്ന് ആരും ഓര്‍ത്തിരിക്കേണ്ടതു തന്നെ. ഏതായാലും  മിസ്റ്റര്‍ പത്മനാഭപിള്ളയെപ്പറ്റി,  "സ്വദേശാഭിമാനി"യില്‍ ചേര്‍ത്തിരുന്ന വാര്‍ത്ത, മിസ്തര്‍ പിള്ള കളവും ദ്വേഷപൂര്‍വവും ആയുള്ളതെന്ന് സ്ഥാപിച്ചാലും, ഇല്ലെങ്കിലും, "സ്വദേശാഭിമാനി", മിസ്റ്റര്‍ പത്മനാഭപിള്ളയെപ്പറ്റി, തര്‍ക്കവിഷയമായ രണ്ടുസംഗതികള്‍ക്കു പുറമേ, "കളവായും ദ്വേഷപൂര്‍വമായും" വേറെ പലതും പ്രസ്താവിച്ചിരുന്നു എന്ന്, "സ്വദേശാഭിമാനി"യുടെ മേല്‍ മിസ്റ്റര്‍ പിള്ള ഉറപ്പിച്ചു പറയുന്ന ഭാഗം, കളവായിരിക്കയാല്‍, മിസ്റ്റര്‍ പിള്ള "സ്വദേശാഭിമാനി"യെ മന:പൂർവം ദ്വേഷവിചാരത്തോടുകൂടി  ബഹുജനങ്ങളുടെ ഉള്ളില്‍ ദുരഭിപ്രായം ഉണ്ടാക്കി  എന്നുള്ളത് നിസ്സംശയമായ സംഗതിയാണ്. "സ്വദേശാഭിമാനി"യുടെ പ്രസ്താവം സത്യമായുള്ളതായിരുന്നാലും, മിസ്തര്‍ പത്മനാഭപിള്ളയുടെ നോട്ടീസിലുള്ള "മറ്റും"  "കളവായും ദ്വേഷപൂര്‍വമായും" എന്ന പ്രസ്താവം കള്ളമാകയാല്‍, "സ്വദേശാഭിമാനിയുടെ മേല്‍ ദോഷാരോപം തന്നെയാണ്. നഷ്ടത്തിനു വ്യവഹാരവും അപകീര്‍ത്തിക്കേസ്സും കൊടുക്കുന്നപക്ഷം, മിസ്തര്‍ പത്മനാഭപിള്ളയ്ക്കു മതിയായ കാരണമുണ്ടോ എന്നുള്ള സംഗതി സംശയാസ്പദമായിരുന്നാലും, "സ്വദേശാഭിമാനി"ക്കു മിസ്തര്‍ പത്മനാഭപിള്ളയുടെയും, "കേരളതാരക"യുടെയും, "നസ്രാണിദീപിക"യുടെയും , "സുഭാഷിണി"യുടെയും പേരില്‍ കേസ്സുകള്‍ കൊടുപ്പാന്‍ കാരണമുണ്ടെന്നുള്ള സംഗതി നിശ്ചയം തന്നെ. ഇവ നടന്നു കാണ്മാന്‍ എനിക്ക് ആഗ്രഹമുണ്ട്. 

                              മഹാരാജാവുതിരുമനസ്സുകൊണ്ട്

 ശരീരസുഖാര്‍ത്ഥം കുറ്റാലത്തേക്ക് എഴുന്നള്ളുവാന്‍ നിശ്ചയിച്ചിരിക്കയാണ്.  ഈ ലേഖനം അടങ്ങിയ പത്രം തിരുവിതാംകൂറിലെങ്ങും എത്തുമ്പോള്‍ തിരുമനസ്സുകൊണ്ട് എഴുന്നള്ളത്തു പുറപ്പെട്ടിരിക്കുമെന്നു തോന്നുന്നു. തിരുമനസ്സിലെ ഒരുമിച്ച്, നേത്യാരമ്മയും, ശങ്കരന്‍തമ്പിയും, സര്‍വാധികാര്യക്കാരും, മറ്റു പലരും ഉണ്ടായിരിക്കുമെന്ന് അറിയുന്നു, ദിവാന്‍ജികൂടെ ഉണ്ടായിരിക്കുമെന്ന് ആദ്യം കേട്ടിരുന്നു. ഇപ്പൊഴത്തെ അറിവ്, ദിവാന്‍ജി, കുറ്റാലത്തേക്കുകൂടി പോകുന്നില്ലെന്നാണ്. ഈ മാറ്റത്തിന് കാരണം എന്തെന്നറിയുന്നില്ലാ. പലരും പലവിധം സംശയിക്കുന്നുണ്ട്. മിസ്റ്റര്‍ ഗോപാലാചാര്യര്‍, ദിവാന്‍ പണിയില്‍ നിന്ന് ഉടന്‍ പിരിഞ്ഞു പോകുമെന്ന് ഒരു പ്രബലമായ ധാരണ ജനങ്ങള്‍ക്കുണ്ട്. ബ്രിട്ടീഷ് റെസിഡണ്ട് മിസ്റ്റര്‍ കാര്‍, മിസ്റ്റര്‍ ആചാര്യരെ ഇനിയും ഈ നാട്ടില്‍ മന്ത്രിയായ് വച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍ അനുകൂലിയല്ലെന്ന് ഒരു കേള്‍വിയുണ്ട്, ഇതു ഏകദേശം വാസ്തവമെന്നു തോന്നിക്കുവാന്‍ പല സംഗതികളും ഉണ്ട്. മിസ്തര്‍ ആചാര്യരുടെ ഉദ്യോഗകാലാവധി നീട്ടിയിരിക്കുന്നു എന്നു കേട്ട വര്‍ത്തമാനം വാസ്തവമല്ലെന്നറിയുന്നു. ഇതുകൊണ്ടു തന്നെയാണോ, മിസ്തര്‍ ആചാര്യര്‍ കുറ്റാലത്തേക്ക്, എഴുന്നള്ളത്തൊന്നിച്ചു പോകുന്നില്ലെന്ന് നിശ്ചയിച്ചത് എന്ന് അറിയുന്നില്ലാ. മിസ്തര്‍ ആചാര്യര്‍ക്കു പകരം, മിസ്റ്റര്‍ പി. രാജഗോപാലാചാരിയെ ഇവിടത്തെ മന്ത്രിയായ് നിയമിച്ചിരിക്കുന്നു എന്നൊരു പ്രബലമായ ധ്വനി, രണ്ടു മൂന്നു ദിവസം മുമ്പ് കേട്ടു തുടങ്ങീട്ടുണ്ട്. ഇതിനും അടിസ്ഥാനം എന്തെന്നറിവില്ലാ. എന്നാല്‍, മിസ്തര്‍ രാജഗോപാലാചാരി കുറ്റാലത്തു വച്ച് മഹാരാജാവു തിരുമനസ്സിനെ കാണുന്നതാണെന്ന്, ഇക്കഴിഞ്ഞ ശനിയാഴ്ചയിലെ "വെസ്റ്റെണ്‍ സ്റ്റാര്‍" പത്രം പറയുന്നു. മിസ്തര്‍ ഗോപാലാചാര്യരുടെ ഉദ്യോഗകാലാവധി തീരാറായി എന്നും അതു നീട്ടീട്ടില്ലാ എന്നും, ബ്രിട്ടീഷ് റെസിഡണ്ടിന്‍റെ ആനുകൂല്യം മിസ്തര്‍ ആചാര്യരുടെ ഉദ്യോഗവിഷയത്തില്‍ ഇല്ലെന്നും, മഹാരാജാവുതിരുമനസ്സിലെ ഒരുമിച്ച് മിസ്തര്‍ ആചാര്യര്‍ കുറ്റാലത്തേക്കു പോകുന്നുവെന്ന് വിചാരിച്ചിരുന്നത് മാറ്റി, പോകുന്നില്ലെന്നു നിശ്ചയിച്ചിരിക്കുന്നു എന്നും, കുറ്റാലത്തു വച്ച് മിസ്തര്‍ പി. രാജഗോപാലാചാര്യര്‍ മഹാരാജാവു തിരുമനസ്സിനെ സന്ദര്‍ശിക്കുന്നതാണെന്നും ഉള്ള വര്‍ത്തമാനങ്ങളോടൊരുമിച്ച്, ഈ പുതിയ കേള്‍വിയെ - അതാവിത്, മിസ്റ്റര്‍ രാജഗോപാലാചാര്യരെ ദിവാന്‍ജിയായി നിയമിച്ചിരിക്കുന്നു എന്നുള്ള കേള്‍വിയെ - ഗണിക്കുന്ന പക്ഷം, ചില സംശയങ്ങള്‍ക്ക് വകയുണ്ട്. വരുംപോലെവരട്ടെ. എന്നാല്‍, 

                                                ബ്രിട്ടീഷ് റെസിഡണ്ടിന്

 തിരുവിതാംകൂറിലെ ഇപ്പൊഴത്തെ ഭരണഗതികളെപ്പറ്റി തൃപ്തി ഇല്ലെന്നു തോന്നിക്കുവാന്‍ *********************************ബുദ്ധിയും മനശ്ശക്തിയും ഉള്ള ഒരു ദിവാന്‍ജിയാണ് അത്യാവശ്യം എന്ന് നിശ്ചയിച്ചിരിക്കുവാന്‍ അവകാശമുണ്ട്. റെസിഡണ്ട്, മലയാളപത്രങ്ങളിലെ പ്രസ്താവങ്ങളെ ശ്രദ്ധിച്ചുവരുന്നുണ്ട്. നാട്ടുഭാഷാ പത്രങ്ങള്‍ വഴിയായിട്ടേ, പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ അതേവിധത്തില്‍ ഗ്രഹിക്കാന്‍ സാധിക്കൂ എന്ന്, റെഡിഡണ്ട് ധരിച്ചിട്ടുണ്ടെങ്കില്‍, അത് ഏറ്റവും ഉചിതമായ വിചാരംതന്നെയാണല്ലൊ. കുറേനാള്‍മുമ്പുവരെ, മലയാളപത്രങ്ങളിലെ മലയാള മുഖപ്രസംഗങ്ങളുടെ ചുരുക്കം മാത്രമേ റെസിഡണ്ടിന്‍റെ മുമ്പാകെ സമര്‍പ്പിക്കപ്പെടുക പതിവുണ്ടായിരുന്നുള്ളു എന്നും, ഈയിട മുഖപ്രസംഗങ്ങളെ അസംക്ഷിപ്തമായിട്ടുതന്നേ, തര്‍ജ്ജമചെയ്യിച്ചു വായിച്ചറിയാറുണ്ടെന്നും അറിയുന്നത്, മലയാളപത്രക്കാര്‍ക്ക് ചാരിതാര്‍ത്ഥ്യജനകം ആണല്ലൊ. ചില മലയാളപത്രങ്ങളെ ആഭാസമെന്ന് ഗണിച്ച് തള്ളീട്ടുണ്ട്. ഈ നഗരത്തിലെ മലയാളപത്രാധിപന്മാരില്‍ ഒരാള്‍-ബ്രാഹ്മണരെ നാരകീയജന്തുക്കള്‍ എന്നും മറ്റും അധിക്ഷേപിക്കുന്ന ഒരുവന്‍--കുറേനാള്‍മുമ്പ് ബ്രിട്ടീഷ് റെസിഡണ്ടിനെ കാണണമെന്ന് കൊതിച്ച്, സമയംചോദിച്ചു എന്നും, സായിപ്പ് - അയാളുടെ പത്രത്തിലെ ആഭാസതയെ ഗ്രഹിക്കയാലായിരിക്കാം - സമയം അനുവദിച്ചില്ലെന്നും ഒരു കഥ ഉണ്ട്. "സ്വദേശാഭിമാനി"യിലെ മുഖപ്രസംഗങ്ങള്‍ പലതും തവണതോറും തര്‍ജ്ജമചെയ്ത്, വായിച്ചുനോക്കാറുണ്ടെന്നും, ഈ അടുത്തു കഴിഞ്ഞ കാലത്തുതന്നെ, "തമ്പുരാന്‍ തമ്പി"യും തര്‍ജ്ജമചെയ്യിച്ചു വായിച്ചിട്ടുള്ളതായും അറിയുന്നത് സന്തോഷകരം തന്നെയല്ലൊ. ഗൌരവസ്വരത്തോടുകൂടിയും, വസ്തുതകള്‍കാണിച്ചും, ആരോടും സേവകൂടാതെയും, പറയാനുള്ളതിനെയെല്ലാം പറഞ്ഞും, സ്വാതന്ത്ര്യബോധത്തോടുകൂടി എഴുതപ്പെടുന്ന മുഖ പ്രസംഗങ്ങളെ, സായിപ്പ്, അഭിനന്ദിക്കുമെന്നുള്ളതില്‍ സന്ദേഹമില്ലാ.                                                      -                      ചേരന്‍

You May Also Like