വിദേശവാർത്ത

  • Published on February 27, 1907
  • By Staff Reporter
  • 522 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

കൊണാട്ട് പ്രഭുവും പത്നിയും ഫെബ്രുവരി 22 നു റംഗൂണിൽ എത്തിയിരിക്കുന്നു. 

                                                                                       *

ലണ്ടനിൽ ഒരു മഹമ്മദീയ പള്ളി സ്ഥാപിക്കുന്നതിന് വേണ്ട ഉത്സാഹം നടത്തി വരുന്നു. 

                                                                                       *

അമീർ തിരുമനസ്സ് കൊണ്ട് ബംബയിൽ പാർത്ത് പല വിരുന്നു സൽക്കാരങ്ങളും സ്വീകരിച്ചുവരുന്നു. 

                                                                                         *

കഴിഞ്ഞ കുറി ബി. ഏക്കു മലയാള ഭാഷാ വിഷയത്തിൽ ജയിച്ചവരിൽ ഒന്നാമൻ മദിരാശി കൃസ്ത്യൻ കാളേജിലെ മിസ്തർ കുഞ്ഞുരാമൻ എന്നൊരു വിദ്യാർത്ഥിയാണ്. 

                                                                                         *

ത്രാൻസ്വാളിലെ പുതിയ പാർലമെണ്ട് സഭായോഗം കൂടുന്ന അവസരത്തിൽ വെത്സ് ചക്രവർത്തിയും പത്നിയും അവിടെ എത്തി യോഗ പ്രാരംഭ കർമ്മം നടത്തുന്നതാണ്. 

                                                                                          *

ഇന്ത്യയിലെ ആയോധന സമ്പ്രദായങ്ങളെ അഭ്യസിപ്പാനായി അഫ്ഗാനിസ്ഥാനിൽ നിന്ന് ചില സർദാർമാരെ ഇന്ത്യക്കയക്കുന്നതിന് അമീർ ആലോചിച്ചിരിക്കുന്നുപോൽ. 

                                                                                           *

മദിരാശിയിലെ പ്രസിദ്ധിയേറിയ ആയുർവേദിക വൈദ്യൻ പണ്ഡിത ഡി. ഗോപാലാചാരിക്ക് കൊൽക്കത്തയിലെ കവിരാജന്മാർ ചേർന്ന് "ഭിഷങ് മണി" എന്ന സ്ഥാനമാനം നൽകിയിരിക്കുന്നു. 

                                                                                           *

അമീർ തിരുവിതാംകൂര്‍കാര്‍ക്ക് ഉദ്യാനകൃഷിയില്‍ ..................... കൃഷിസംബന്ധമായ നവീന പരിഷ്കാരങ്ങൾ അനുസരിച്ചുള്ള കോപ്പുകളും പുതിയ ചെടികളും വാങ്ങുവാൻ ഈയിടെ ചില ഏജൻ്റുമാരെ ഇംഗ്ലാണ്ടിലേക്കയച്ചിരുന്നു. 

                                                                                           *

ലോകത്തിലെ പലമതങ്ങളിലും തൽപരനായും, "ബ്രഹ്മവിദ്യ"യിൽ വിശിഷ്ടനായും ഇരുന്ന കർണ്ണൽ ആൾക്കാട്ട് എന്ന മഹാൻ ഈയിട മദിരാശിയിൽ അടയാർ എന്നെടത്ത് വച്ച് പരലോകം പ്രാപിച്ചിരിക്കുന്നു. അദ്ദേഹത്തിൻ്റെ സംസ്കാരകർമ്മത്തിന് മിസിസ്സ് ആനി ബെസൻ്റ് മുതലായി പല മതക്കാരും പല ജാതിക്കാരും കൂടിയിരുന്നു. 

                                                                                             *

"മദിരാശി മെയിൽ" പത്രാധിപരായിരുന്നു ഈയിട ശീമയിലേക്ക് പോയ മിസ്റ്റർ എച്ച്. കേ. ബോഷം ലണ്ടനിലെത്തി മരിച്ചുപോയിരിക്കുന്നു. മെയിൽ പത്രത്തെ വളരെ നല്ല സ്ഥിതിയിൽ നടത്തിയിരുന്ന ഇദ്ദേഹം പത്രപ്രവർത്തനത്തിൽ ഒരു മാതൃകാപുരുഷനായിരുന്നു. ഇന്ത്യയെക്കുറിച്ച് പ്രത്യേകം താൽപര്യം ഉണ്ടായിരുന്ന മിസ്റ്റർ ബോഷമിൻ്റെ മരണം അപരിഹാര്യമായ നഷ്ടം തന്നെയാണ്. 

     ഈയിടെ ലാഹൂറിലെ മിസസ്സ് സൽഫിക്കർ ആലി എന്ന മഹമ്മദീയ വിദൂഷി മിസസ്സ് ഉമറാവു സിംഗ് മുതലായ ഏതാനും ഹിന്തു സ്ത്രീകളെ ഒരു വിരുന്നിനു ക്ഷണിക്കയും, അവരെല്ലാം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കയും ചെയ്തിരിക്കുന്നു. ഈ മാതിരി വിരുന്നു സൽക്കാരങ്ങൾ കൊണ്ട് ഈ രണ്ടു ജാതിക്കാരും ഏറെ മൈത്രീബന്ധത്തിൽ പെടുമെന്ന് ഒരു മിസസ്സ് മുട് ടസ്സ് ആലി എന്ന മഹമ്മദീയ സ്ത്രീ നടത്തുന്ന "തഹ്സിബ് നിസ്വാൻ" എന്ന പത്രത്തിൽ പറഞ്ഞിരിക്കുന്നു. 

                                                                                                *

     ബ്രിട്ടീഷ് ഗവര്‍ന്മേണ്ടിനെയും പ്രജകളെയും തമ്മിൽ ഛിദ്രിപ്പിക്ക തക്ക ലേഖനങ്ങളെഴുതി പ്രസിദ്ധമാക്കിയ "പഞ്ചാബി" എന്ന പത്രത്തിൻ്റെ മേൽ നടന്ന കേസ്സിൽ, ഉടമസ്ഥർക്ക് രണ്ടു വർഷത്തെ കഠിന തടവും, ആയിരം രൂപ പിഴയും, പിഴ ഒടുക്കാത്ത പക്ഷം ആറുമാസം കൂടുതൽ തടവും; പത്രാധിപർക്ക് 6 മാസം കഠിന തടവും, 200 രൂപ പിഴയും, പിഴ ഒടുക്കാഞ്ഞാൽ മൂന്നുമാസം കൂടുതൽ തടവും ലാഹൂർ ഡിപ്ടി കമിഷണര്‍ വിധിച്ചിരിക്കുന്നു. ഈ വിധിയെപ്പറ്റി അറിഞ്ഞ് അക്ഷമന്മാരായ്ത്തീർന്ന അനേകം വിദ്യാർത്ഥികൾ കൂട്ടം കൂടി യൂറോപ്യന്മാരെ അധിക്ഷേപിക്കയും, ഗവര്‍ന്മെണ്ടാഫീസ്സിന്  ചുറ്റും കൂടി കേസ്സ് വിസ്തരിച്ച സായിപ്പിൻ്റെ ബങ്കളാവിൽ ചളി വാരി എറികയും മറ്റും ചെയ്തു വരുന്നു.      

  

You May Also Like