മദിരാശി
- Published on October 23, 1907
- By Staff Reporter
- 162 Views
അക്ടോ 13-നു -
മിസ്റ്റര്‍ ശങ്കരന്‍നായര്‍
മദിരാശി ഹൈക്കോടതിയില്‍ ഇപ്പോള്‍ അഡ് വോക്കേറ്റുജനറലായിരിക്കുന്ന ആണറബിള്‍ മിസ്റ്റര്‍ സി. ശങ്കരന്‍നായര്‍ ബി. എ., ബി. എല്‍., സി. ഐ. ഈ., ജസ്റ്റിസ് മിസ്റ്റര്‍ ജി സുബ്രഹ്മണ്യയ്യര്‍ തല്‍കാലം അവധിയെടുത്തിരിക്കുന്നതിനാല്‍ ഒരു ജഡ്ജിയായി നിയമിക്കപ്പെട്ടതനുസരിച്ച്, കഴിഞ്ഞ വ്യാഴാഴ്ച മുതല്‍, പ്രസ്തുതജോലിയില്‍ പ്രവേശിച്ചിരിക്കുന്നുവെന്നുള്ള വാര്‍ത്ത സ്വവര്‍ഗ്ഗൌന്നത്യകാംക്ഷികളായ സകല മലയാളികള്‍ക്കും ഏറ്റവും ആഹ്ളാദജനകമായിരിക്കുമെന്നുള്ളതിനു സംശയമില്ല. മുന്‍പ് പലപ്രാവശ്യവും തല്‍ക്കാലം തല്‍ക്കാലമായി ജഡ്ജിപ്പണിയില്‍ ഇരുന്ന് സര്‍വജനപ്രീതിയെനേടിയിട്ടുള്ള ഇദ്ദേഹത്തിന്‍റെ ഗുണങ്ങളെ നല്ലപോലെ അറിഞ്ഞിട്ടുള്ള ഈ മദിരാശിനിവാസികള്‍ക്കും, ഇദ്ദേഹത്തിന്‍റെ ഈ നിയമനം എത്രത്തോളം പരിതോഷകരമായിട്ടാണ് തീര്‍ന്നിരിക്കുന്നതെന്നു വിശിഷ്യ പ്രസ്താവിക്കേണ്ടതായിട്ടില്ല. ഇദ്ദേഹത്തിനെ ഒരു ജഡ്ജി (സ്ഥിരം) ആയി നിയമിച്ചു കാണണമെന്നുള്ള നമ്മുടെ ആഗ്രഹം ഇപ്പോള്‍ സഫലമായി എന്നു വിചാരിക്കാന്‍ നിവൃത്തിയില്ല. എന്നാല്‍, നമ്മുടെ എല്ലാപേരുടേയും ഹൃദയങ്ങളില്‍ അങ്കുരിച്ച്. വളര്‍ന്ന് ഇപ്പോള്‍ തഴച്ചിരിക്കുന്നതായ ഈ അഭിലാഷം കാലവിളംബമന്യെ പുഷ്പിച്ചു ഫലസമന്വിതമായി കാണപ്പെടുമെന്ന് നമുക്കിപ്പോള്‍ വിശ്വസിക്കാന്‍ ചില വിശ്വാസയോഗ്യങ്ങളായ ശ്രുതികള്‍ ഇപ്പോളിവിടെ പൊങ്ങിയിരിക്കുന്നത്, വാസ്തവങ്ങളായിത്തന്നെ പരിണമിക്കാന്‍ ദൈവം കടാക്ഷിക്കട്ടെ!
" "മിസ്റ്റര്‍ കെയിർ ഹാർഡി "
ഇംഗ്ലണ്ടില്‍ "വ്യവസായകക്ഷി"യുടെ നായകനും, അന്‍പതില്‍പരം പാര്‍ല്ലമെന്‍റ് സാമാജികന്മാരുടെ നേതാവും ആയ ഇദ്ദേഹം, ഇന്‍ഡ്യയില്‍ എത്തിയിട്ട് രണ്ടു ആഴ്ചയില്‍ അധികമായിരിക്കുന്നു. ഇന്‍ഡ്യാകാര്യങ്ങളെ സംബന്ധിച്ചു റൂട്ടരുടെ കമ്പിവര്‍ത്തമാനങ്ങള്‍ എത്രത്തോളം വാസ്തവങ്ങളെന്നുള്ള സൂക്ഷ്മത്തെ ആരാഞ്ഞറിയുന്നതിനും ഇന്‍ഡ്യാക്കാരുടെ ഇപ്പൊഴത്തെ സംകടങ്ങള്‍ പ്രത്യക്ഷം കണ്ടു മനസ്സിലാക്കി അവയ്ക്കു പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുന്നതിനും ആയിട്ടാണ് ഈ മഹാമനസ്കൻ ഇപ്പോള്‍, ഇവിടെ എത്തിയിട്ടുള്ളത്. ബങ്കാള്‍, പഞ്ചാബ് എന്നീ സ്ഥലങ്ങളില്‍ സഞ്ചരിച്ചതില്‍ വച്ചു, ഇംഗ്ലണ്ടിലെ പത്രങ്ങള്‍ക്കു, ഇന്‍ഡ്യയില്‍നിന്നും, ആംഗ്ലോഇന്‍ഡ്യന്‍മാര്‍ അയച്ചുവരുന്ന വിശ്വാസയോഗ്യങ്ങളല്ലാത്ത വര്‍ത്തമാനങ്ങളുടെ സൂക്ഷ്മസ്ഥിതി ഏറെക്കുറെ, താന്‍ മനസ്സിലാക്കിയിരിക്കുന്നുവെന്ന്, ഇദ്ദേഹം പരസ്യമായി പ്രസ്താവിച്ചിരിക്കുന്നു, ഇന്‍ഡ്യക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന "സ്വദേശി" നയത്തെപ്പറ്റി വളരെ ശ്ലാഘിച്ച് പറഞ്ഞതുകൊണ്ടും, "വന്ദേമാതര" ഗാനശ്രവണത്തില്‍ വളരെ ഉല്‍സുകനായിരിക്കുന്നതുകൊണ്ടും, ഇംഗ്ലീഷുപത്രാധിപന്മാര്‍ മിസ്റ്റര്‍ കേയിർ ഹാര്‍ഡിയെ കണക്കിലധികം ശകാരവര്‍ഷം ചെയ്യുന്നുണ്ടെന്നുള്ളത്, ഇംഗ്ലണ്ടിലെ പ്രധാനപത്രങ്ങളില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. ഇപ്രകാരമുള്ള ശകാരങ്ങളെ തൃണപ്രായമായി ഗണിച്ച്, ഉത്തര ഇന്‍ഡ്യയില്‍ പല സ്ഥലങ്ങളിലും സഞ്ചരിക്കുന്ന ഇദ്ദേഹം താമസിയാതെ ഇവിടെയും എത്തുന്നതാണെന്നു സൂക്ഷ്മമായി അറിയുന്നു. ഇന്‍ഡ്യാക്കാര്‍ക്ക് സ്വരാജ്യഭരണം കൊടുക്കുന്നതിനുവേണ്ട പ്രയത്നങ്ങള്‍ നിഷ്കളങ്കമായി ചെയ്യുന്നതിനു സന്നദ്ധമാണെന്ന് പല സന്ദര്‍ഭങ്ങളിലും ഇദ്ദേഹം പലരോടും പ്രതിജ്ഞചെയ്തിരിക്കുന്നു. ഇന്‍ഡ്യയില്‍വന്ന് ഇന്‍ഡ്യന്‍ വായുസ്പര്‍ശനത്താല്‍ ദുഷിച്ചുണ്ടാകാത്ത ഒരു ഇംഗ്ലീഷുകാരന്‍റെ സ്വഭാവവിശേഷങ്ങള്‍ ഇദ്ദേഹത്തില്‍ തെളിഞ്ഞ് വിലസുന്നുണ്ട്. മുഹമ്മദീയരും, ഹിന്ദുക്കളും തമ്മില്‍ കലഹമുണ്ടെന്ന് പുലമ്പുന്നവരുടെ അഭിപ്രായം കേവലം അടിസ്ഥാനമില്ലാത്തതാണെന്നും ഇദ്ദേഹം മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. ആംഗ്ലേയന്മാര്‍ പലരും മന:പൂര്‍വമായി ഇന്‍ഡ്യക്കാരായ ചില മഹാന്മാരേ അവമാനിക്കുന്നതു തന്‍റെ കണ്ണില്‍ വെട്ടത്തുവച്ചുതന്നെ കണ്ടതുകൊണ്ട്, ഏറെക്കുറെ ഇവരുടെ പ്രവൃത്തിവിശേഷം ഒരു ഇംഗ്ലീഷുകാരനുതന്നെ മനസ്സിലാകാനിടവന്നത് ഇന്‍ഡ്യയുടെ ഭാഗ്യോദയം തന്നെ.