കണ്ണൂർ പ്രദർശനം

  • Published on May 15, 1907
  • By Staff Reporter
  • 528 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                           കണ്ണൂര്‍ പ്രദര്‍ശനം

                                                           (സ്വന്തം ലേഖകന്‍)             

 കണ്ണൂരില്‍വെച്ച് നടത്തപ്പെട്ട പ്രദര്‍ശനത്തില്‍ സമ്മാനം ലഭിച്ചവരുടെ പേരുവിവരം താഴെചേര്‍ക്കുന്നു. ആദ്യം സ്വര്‍ണ്ണമുദ്ര ലഭിച്ചവരുടെ പേര്‍തന്നെ എഴുതാമെന്ന് വിചാരിക്കുന്നു.

                                                            സ്വര്‍ണ്ണമുദ്രകള്‍

 കൃഷിസംബന്ധമായും മറ്റും പലവിധം സാമാനങ്ങള്‍ അയച്ചതിന്ന് വേങ്ങയില്‍ കുഞ്ഞികൃഷ്ണന്‍ നായനാര്‍ അവര്‍കള്‍ക്കും, ചന്ദനമരത്തില്‍ സാമാനങ്ങള്‍ അയച്ചതിന്ന് മയിസൂര്‍ ഗവര്‍ന്മെണ്ട് കാഴ്ചബങ്കളാവിന്നും, മരംകൊണ്ടുള്ള പലവിധ മേശകളും മറ്റും ഹാജരാക്കിയതിന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജേലിന്നും; പലസാമാനങ്ങളും പ്രദര്‍ശിപ്പിച്ചതിന് കോഴിക്കോട് പിയര്‍സ് ലസ്ലി കമ്പിനിയാര്‍ക്കും; കല്‍ക്കത്തയിലെ ഡട്ട് കമ്പനിയാര്‍ക്കു ചില വിശേഷ മസാല, അച്ചാറ് മുതലായതുകള്‍ പ്രദര്‍ശിപ്പിച്ചതിന്നു അവര്‍ക്കും; സുഗന്ധദ്രവ്യത്തിന്ന് കല്‍ക്കത്താ സി. സി. ബോസ് കമ്പനിയാര്‍ക്കും; കാപ്പിപ്പൊടിക്ക് കോയമ്പത്തൂരിലെ സ്റ്റെയിന്‍ കമ്പനിയാര്‍ക്കും, തലശ്ശേരിയില്‍ നിന്നയച്ച ഔഷധങ്ങള്‍ക്ക് എം കെ വൈദ്യര്‍ക്കും; പരുത്തികൊണ്ടുള്ള തുണിനെയ്ത്തിന്ന് ആറൊന്‍ കമ്പനിയാര്‍ക്കും; ആനക്കൊമ്പുകൊണ്ടുള്ള പണികള്‍ക്ക് വിശഖാപട്ടണത്തിലെ അണ്ണപ്പനും; ചന്ദനമരസാമാനങ്ങള്‍ക്ക് മയിസൂരിലെ ടി മഞ്ചപ്പാള്‍ക്കും; യന്ത്രസാമാനങ്ങള്‍ക്ക് കോഴിക്കോട്ട് സിങ്ങര്‍ കമ്പനിയാര്‍ക്കും; പാല്‍കട്ടിഅയച്ചതിന്നു ബോമ്പയിലെ ടി. കമ്പനിക്കും; കൈവേലസാമാനങ്ങളയച്ച എം കൃഷ്ണന്‍ എന്നാളുടെ ഭാര്യക്കും കൃഷിസാമാനങ്ങള്‍ അയച്ചതിന്നു പാരി കമ്പനിയാര്‍ക്കും; പലവിധസാമാനങ്ങളും അയച്ച മദ്രാസ്സ് ഹോകമ്പനിയാര്‍ക്കും; ചില ഔഷധങ്ങള്‍ അയച്ചതിന്ന് തലശ്ശേരിയിലെ എം **** ശാലക്കും വിശേഷപത്രം അയച്ച ബോമ്പയിഎസ്സ്.എച്ച് കണ്‍ട്റാര്‍ക്കും; ഓട്ടുസാമാനങ്ങളയച്ച ഹെങ്കികമ്പനിയാര്‍ക്കും; ബാസല്‍മിശ്യന്‍ കമ്പനിക്കും ഓരോ സ്വര്‍ണ്ണമുദ്രതന്നേ നല്‍കിയിരിക്കുന്നു. ഞാന്‍ മേല്‍പറഞ്ഞ കൂട്ടത്തില്‍ ചിലരുടെ പേര്‍വിവരം എഴുതാന്‍ കഴിഞ്ഞിട്ടില്ല. സ്വര്‍ണ്ണമുദ്രതന്നെ കിട്ടീട്ടുള്ളവരടക്കം ചിലരുടെപേര്‍ വഴിയെ അറിയിക്കാമെന്നു വിചാരിക്കുന്നു. ഇനി, 

                                                   വെള്ളിമുദ്രകള്‍.

 ലഭിച്ചവരുടെപേരാണുപറയുന്നത്, കോയമ്പത്തൂര്‍ ജേലിലേ തുണികള്‍ക്കും, ഒരു ചെറുതായ പണിക്ക് മദ്രാസിലെ പൊന്നകമ്പനിയാര്‍ക്കും, മരംകൊണ്ടുള്ള സാമാനങ്ങള്‍ക്ക് മയിസൂരിലെ ഗണേശപ്പന്നും, കളിമണ്ണുകൊണ്ടു ഒരു ബ്രാഹ്മണനേ ഉണ്ടാക്കിഅയച്ച മദ്രാസ്സ് പോള്‍കമ്പനിയാര്‍ക്കും, മരസ്സാമാനങ്ങള്‍ക്ക് തിരുവനന്തപുരം അച്ചുക്കൂടത്തിലെ വി.കുഞ്ചുവിന്നും, പിച്ചളസാമാനങ്ങള്‍ക്ക് തെക്കു സി.മായന്നും, റവറണ്ട ഹോളേസായ്പിന്‍റെ വക ചിത്രപടങ്ങള്‍ക്കും, നേന്ത്രപഴത്തിന്‍റെ ഒരുഭോജ്യത്തിന്നു ഒരു ജാനകിഅമ്മയ്ക്കും, കല്ലായിലെ പി.കെ മേനോന്‍റെ അലുമിന്യം പാത്രങ്ങള്‍ക്കും, മാനക്ക്ജി കമ്പനിയുടെ ഓടുകള്‍ക്കും, തലശ്ശേരി എം കേ വൈദ്യരുടെ ഔഷധചെടികള്‍ക്കും, ചൂടി, കയര്‍ മുതലായതിന്നു തിരുവനന്തപുരത്തുഅയ്യപ്പന്‍ കേശവനും, ദന്തചൂര്‍ണ്ണത്തിന്ന് മദ്രാസിലെ ടി. സുബ്രഹ്മണ്ണ്യന്‍കമ്പനിക്കും, തുണിനെയിത്തിന്നു ഒരു ചാല്യൻ ചാത്തുവിന്നും, വളത്തിന്നു പി. എം.കരുണന്നും, മരങ്ങള്‍ അയച്ച കോഴിക്കോട്ടു ഗോപാലക്കുറുപ്പിന്നും, ചികരിക്ക് എം.കൃഷ്ണന്നും, പുല്ലുപായകള്‍ക്കു കേ. കുഞ്ചുപണിക്കര്‍ക്കും, ഒരു റാവുത്തന്നും, മലപ്പുറത്തെ കൃഷിസംഘത്തിലെ കൃഷിപ്പണി സാമാനങ്ങള്‍ക്കും, മദിരാശിയിലെ കരകൌശലവിദ്യാശാലയിലെ തോലിന്നും, എറണാകുളത്തേ കയറ്റുപായകള്‍ക്കും, തിരുവനന്തപുരത്തെ കൃഷ്ണദാസന്‍റെ ആഭരണങ്ങള്‍ക്കും; കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്കും, സ്റ്റിവന്‍കമ്പനിയാരുടെ ബിസ്ക്കറ്റ് മുതലായതുകള്‍ക്കും; കല്‍ക്കത്ത ഓറിയന്‍ല്‍ സോപ്പിനും; മലങ്കാട് ഡിപ്പാര്‍ട്ടുമെന്‍റിലെ കാട്ടു സാമാനങ്ങള്‍ക്കും, കൃഷ്ണവര്‍മ്മ രാജാവിന്‍റെ ചിത്രസാമാനങ്ങള്‍ക്കും; എം.മൂപ്പില്‍നായര്‍ അവര്‍കളുടെ കാട്ടുസാമാനങ്ങള്‍ക്കും, ഓരോ വെള്ളിമുദ്രകളാണ് കൊടുത്തിട്ടുള്ളത്. ഇതിലും ചിലരുടെ പേരുകള്‍ കിട്ടാതെ പോയിട്ടുണ്ട്. അതുകളെ പറ്റി വഴിയെ അറിയിക്കാം. ഈ പറഞ്ഞതില്‍ തന്നെ വല്ല വ്യത്യാസവും വന്നുപോയിട്ടുണ്ടെങ്കില്‍ അതുകളെ ക്ഷമിപ്പാനും അവകാശികളോടു ആവശ്യപ്പെടുന്നു.

                                                                                                  (തുടരും)You May Also Like