പുരാണവസ്തു സംരക്ഷണം

  • Published on November 04, 1908
  • By Staff Reporter
  • 418 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

  പുരാണവസ്തു സംരക്ഷണത്തിനായി തിരുവിതാംകൂറിൽ ഒരു സംഘത്തെ ഗവർന്മേണ്ട് നിശ്ചയിച്ചിട്ടുള്ളത് സംബന്ധിച്ചു ഇന്നലത്തെ ഗസറ്റിൽ ഒരു പ്രൊസിഡിംഗ്സ് ചേർത്തു കാണുന്നു. ഈ സംഘം അന്വേഷിച്ചതിൽ, താഴെപ്പറയുന്ന കെട്ടിടങ്ങളെയും സ്ഥലങ്ങളെയും പുരാണ വസ്തുക്കളിൽ ഉൾപ്പെടുത്തുന്നതിനു ശിപാർശ ചെയ്യപ്പെട്ടിരിക്കുന്നു. പത്മനാഭപുരം ഡിവിഷനിൽ ഏഴെണ്ണമുള്ളവയിൽ ഒന്നാമത്തെത്, കൊല്ലവർഷം 904 മുതൽ 933 വരെ നാടുവാണിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവ് സ്വയം രക്ഷാർത്ഥം 908ൽ പപ്പു തമ്പിയെ വധിച്ച സ്ഥലമായ നാഗരുകൊവിലിലെ മഹാമേരുമാളിക കൊട്ടാരം ആണ്. ആ മഹാരാജാവിന്‍റെ അഭയ സ്ഥാനങ്ങളിൽ ഒന്നായ കള്ളിയങ്കാട്ടു ക്ഷേത്രവും; ഈ സംസ്ഥാനത്തുള്ള കൊട്ടാരങ്ങളിൽ ഏറെ പുരാതനമായ ഇരണിയാൽ കൊട്ടാരവും; വേലുത്തമ്പി ദളവയുടെ തറവാട്ടുവീടായ തലക്കുളത്തു കീഴെ വീടും, ക്യാപ്റ്റൻ ഡിലനായി മുതലായ യൂറപ്യന്മാരെ അടക്കിയിരിക്കുന്ന പുലിയൂർ കുറിശിക്കോട്ടയും; രാമയ്യൻ ദളവയുടെ ആദ്യകാലത്തെ താമസസ്ഥലമായ അരുവിക്കരയും; രാജാ കേശവദാസൻ്റെ തറവാട്ടു വീടായ വിളവങ്കോട്ടു കരുവലത്തു വീടും മറ്റു പുരാണ വസ്തുക്കളാണ്. തിരുവനന്തപുരം ഡിവിഷനിൽ, രാജാകേശവദാസൻെ പാർപ്പിടമായ നെയ്യാറ്റുംങ്കരേ കുന്നത്തുവീടും; അയ്യിപ്പിള്ള ആശാൻ എന്ന പുരാതന കവിയുടെ വീടും; ബ്രിട്ടീഷ് റെസിഡണ്ട് ജെനറൽ കല്ലൻ സായിപ്പിന്‍റെ കോവിളത്തുള്ള സമുദ്രതീര വാസസ്ഥലവും; പട്ടികയിൽ ചേർക്കപ്പെട്ടിട്ടുണ്ട്. കൊല്ലം ഡിവിഷനിലെ സ്ഥലങ്ങൾ ഒന്നു തിരുവല്ലയിൽ നിരണത്തുള്ള കണ്ണശ്ശൻ പറമ്പും; മറ്റൊന്നു അമ്പലപ്പുഴെ ക്ഷേത്രത്തിനു സമീപമുള്ള നമ്പ്യാർ മഠവും; കൊല്ലത്തെ മൺറോ ആപ്പീസും; കാർത്തികപ്പള്ളിൽ കരുമ്പാലിക്കോയിക്കലും ആകുന്നു. ഈ ലീസ്റ്റിൽ ചേർക്കേണ്ടവയായി ഇനിയും ചില സ്ഥലങ്ങൾ ഉണ്ടായിരിക്കുമെന്ന് ഞങ്ങൾക്ക് നിശ്ചയമുണ്ട്. മാർത്താണ്ഡവർമ്മ മഹാരാജാവിന്‍റെ നാമത്താൽ സ്മരിക്കപ്പെടുന്നവയായി പലേ സംഗതികൾ ഇന്നും നെയ്യാറ്റിൻങ്കര മുതലായ ചില പ്രദേശങ്ങളിലുണ്ട്. ആ മഹാരാജാവു ശത്രുക്കളുടെ ആക്രമത്തെ ഭയപ്പെട്ടു ഒളിച്ചു പാർത്തിരുന്ന ഒരു പിലാവ് ഇന്നും നെയ്യാറ്റിൻങ്കര ശ്രീകൃഷ്ണ ക്ഷേത്രവളപ്പിൽ നിൽക്കുന്നുണ്ട്. ഈ ക്ഷേത്രം അവിടെ ഉണ്ടാക്കപ്പെടുവാൻ ഹേതുവും, ആ മഹാരാജാവിന് അഭയം നൽകിയ ആ പിലാവ് തന്നെയാണ്. ഇതിനെ "അമ്മച്ചിപ്പിലാവ്'' എന്നു ഇപ്പോഴും വിളിച്ചുവരുന്നു. ഇതുപോലെ, ആ മഹാരാജാവിന് ഈ പത്രത്തിൻ്റെ അധിപരുടെ പൂർവ്വികന്മാരിൽ ഒരാൾ അഭയം നൽകിയിരുന്നതായും, ആ സ്ഥലം ആ ആളുടെ വക ഒരു "ഇലങ്കം" ആയിരുന്നു എന്നും അറിയപ്പെട്ടിട്ടുണ്ട്. ഈ അഭയസ്ഥാനം ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്ന് നിശ്ചയമില്ല. നെയ്യാറ്റിൻങ്കര താലൂക്കിൽ തന്നെ അരുവിപ്പുറം എന്ന ദിക്കിനു സമീപത്തും ചില അഭയ സ്ഥലങ്ങൾ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ സ്മരിക്കപ്പെടേണ്ടവയായി പല സ്ഥലങ്ങളും, തിരുവിതാംകൂറിൻ്റെ നാനാഭാഗങ്ങളിൽ കാണുവാൻ സംഗതിയുണ്ട്. 

You May Also Like