ഒരു അവകാശവാദം

  • Published on September 15, 1909
  • By Staff Reporter
  • 427 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

യൂറോപ്പു ഭൂഖണ്ഡത്തിലെ വൻകരയിലും ഇംഗ്ലാണ്ടിലും മറ്റും ഇപ്പൊൾ ഏറെക്കുറെ സാധാരണമായിരിക്കുന്ന വ്യോമയാന പാത്രങ്ങളുടെ സഞ്ചാരത്തെപ്പറ്റി, ജനങ്ങൾ, അവയുടെ പുതുമയിൽ മയങ്ങിപ്പോകയാൽ, ഒരു മുഖ്യ സംഗതി ചിന്തിക്കാറില്ലാ. പത്തു വർഷത്തിനകം വ്യോമയാനം സർവസാധാരണമാകുമെന്നും, തപ്പാൽകത്തുകൾ കൊണ്ടുപോവാനും യാത്രക്കാരെ കയറ്റിയിറക്കാനും വിമാനങ്ങളെ ഉപയോഗപ്പെടുത്തുമെന്നും, അമേരിക്കയിലെ പ്രഖ്യാതനായ എഡിസൻ എന്ന ശാസ്ത്രജ്ഞൻ ഇതിനിടെ പ്രസ്താവിച്ചിരുന്നതായി നാം അറിഞ്ഞിട്ടുണ്ടല്ലൊ. വ്യോമയാനം ഇത്രമേൽ സാധാരണ സംഗതിയായിത്തീരുമ്പൊൾ, ജനങ്ങളുടെ ശ്രദ്ധയെ ആകർഷിക്കുവാനിടയുള്ള മുഖ്യമായ ഒരു കാര്യം, വ്യോമചാരികൾക്ക് നിയമവിരോധം വരുത്താതെ വായുമണ്ഡലത്തിൽ സഞ്ചരിക്കുന്നതിന് സ്വാതന്ത്ര്യം ഉണ്ടോ എന്ന തർക്കമാകുന്നു. അന്യന്‍റെ പറമ്പിനു മുകളിൽ നക്ഷത്ര മണ്ഡലത്തോളം എത്തുന്ന ആകാശം (അഥവാ വായുമണ്ഡലം) ആ പറമ്പുടമസ്ഥന്‍റെ അനുവാദം ഇല്ലാതെ, ആരാലും അതിക്രമിക്കപ്പെടുവാൻ, നിയമഗതിയുടെ സഹായത്താൽ കഴിയുന്നതാണോ എന്നുള്ളത്, ചില രാജ്യങ്ങളിൽ തീർച്ചപ്പെടാതെ കിടക്കുന്നതാണ്. നമ്മുടെ മേൽ ഉള്ള വായുമണ്ഡലം, ഒരു പബ്ലിക് പാഥയെപ്പോലെ ഉപയോഗപ്പെടുത്താമെന്നും; അതിൽ സഞ്ചരിക്കുന്ന കാര്യത്തിൽ, അതിനു കീഴ് കിടക്കുന്ന പറമ്പിന്‍റെ ഉടമസ്ഥന്‍ തടസ്ഥം പറവാന്‍ പാടില്ലെന്നും, വ്യോമചാരികള്‍ പലരും സംഭാവനം ചെയ്തിരിക്കയാണ്. ജെർമനിയിലും സ്വിറ്റ്‌സർലാണ്ടിലും ഇങ്ങനെ അനുവദിക്കുന്നതായി പ്രത്യേകം ചട്ടങ്ങൾ നടപ്പിൽ വരുത്തീട്ടുണ്ട്. എന്നാൽ, ജെർമൻ വ്യോമചാരികൾ സ്വയം സംഭാവനം ചെയ്ത് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യത്തെ തടയുവാൻ പരന്ത്രീസുകാർ ഈയിട ഒരു കടത്തുചുങ്കം ഏർപ്പെടുത്തിയതായി ഏതാനും നാൾ മുമ്പ് പ്രസ്താവിക്കപ്പെട്ടിട്ടുണ്ടല്ലൊ. ഇംഗ്ലാണ്ടിൽ, വ്യോമമാർഗ്ഗത്തെ പബ്ലിക് പാഥയായി ഉപയോഗപ്പെടുത്താമോ പാടില്ലയോ എന്ന സംഗതി ഇതേവരെ തീർച്ചപ്പെട്ടതായി പറഞ്ഞുകൂടാ. ഏകദേശം ഒരു നൂറ്റാണ്ടിനു മുമ്പ്, ഇംഗ്ലാണ്ടിൽ, എല്ലെൻബറോ പ്രഭു ന്യായാധിപതിയായിരുന്ന് തീരുമാനിച്ച ഒരു കയ്യേറ്റക്കേസിൽ, വായുമണ്ഡലത്തിൻ്റെ വിനിയോഗത്തെ സംബന്ധിച്ച് ഒരു തർക്കമുണ്ടായിരുന്നു. പിക്കെറിങ് വാദിയായും റഡ് പ്രതിയായും ഉള്ള ഒരു കേസ്സിനെപ്പറ്റി, നിയമശാസ്ത്രാധ്യേതാക്കൾക്ക് അറിവുണ്ടായിരിക്കും. റഡ്, തൻ്റെ തൊഴിലിനെക്കുറിച്ച് ഒരു പരസ്യമെഴുതിയ പലകയെ, തൻ്റെ പറമ്പിൽ ഉള്ള  ഒരു മരത്തിന്മേൽ വെച്ച് പിടിപ്പിച്ചതിൽ, അതിൻ്റെ ഏതാനും ഭാഗം, അയൽക്കാരനായ പിക്കെറിങ്ങിൻ്റെ പറമ്പിലെക്ക് നീണ്ടു നിന്നു. കൈയേറ്റക്കുറ്റം ചുമത്തി, പിക്കറിങ് റഡിൻ്റെ പേരിൽ വ്യവഹാരപ്പെട്ടു. അതു കൈയേറ്റമല്ലെന്നു എല്ലെൻബറോ പ്രഭു അഭിപ്രായപ്പെടുകയും, അതിന്മണ്ണം അന്യായം തള്ളി വിധിക്കയും ചെയ്തു. എന്നാൽ, ഒരുവൻ്റെ പരസ്യപ്പലക അന്യൻ്റെ പറമ്പിലേക്ക് നീണ്ടു നിൽക്കുന്നതു സംബന്ധിച്ചെടത്തോളം, എല്ലെൻബറോ പ്രഭുവിൻ്റെ മേൽപറഞ്ഞതായ അഭിപ്രായത്തെ, പിൽക്കാലത്തെ ന്യായാധിപതിമാർ ആദരിച്ചിട്ടില്ലെന്നു മാത്രമല്ലാ; അത് കയ്യേറ്റക്കുറ്റമാണെന്നു സ്ഥാപിക്കയും ചെയ്തിട്ടുണ്ട്. പ്രസ്തുതമായ കേസ്സിൽ, എല്ലെൻബറോ പ്രഭു പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായങ്ങളിൽ ഒരു ഭാഗം, വ്യോമചാരികളുടെ അവകാശത്തെ സംബന്ധിക്കുന്നതായിരുന്നു. അദ്ദേഹം പറയുന്നതാവിത്:- " വേലി കെട്ടി അടച്ചിട്ടുള്ള ഒരു പറമ്പിൻ്റെ നേരെ മുകളിൽ കിടക്കുന്ന വായുസ്തംഭത്തിന് എന്തെങ്കിലും ബാധകമായി പ്രവർത്തിക്കുന്നതു, കൈയേറ്റക്കുറ്റം ആണെന്നു ഞാൻ വിചാരിക്കുന്നില്ലാ... വാദിയുടെ പറമ്പിലേക്ക് നീണ്ടു നിൽക്കുന്ന ഈ പരസ്യപ്പലക നിമിത്തം കൈയേറ്റക്കുറ്റം ഉണ്ടാകുന്ന പക്ഷം, ഒരു വിമാനസഞ്ചാരിയുടെ വിമാനം ഏതേതാളുകളുടെ പറമ്പുകൾക്കു മീതെകൂടെ പോകുന്നുവോ ആ ആളുകൾക്ക് ആ സഞ്ചാരിയുടെമേൽ കൈയേറ്റക്കുറ്റത്തിന് കേസു കൊടുത്തു അനുകൂലമായ വിധി സമ്പാദിക്കാമെന്നു വരും. വ്യവഹാരം നിലനിൽക്കത്തക്കതോ, അല്ലാത്തതോ എന്ന വിചാരണയിൽ, വിമാനം പറമ്പുകളുടെ മേൽ ആകാശത്തിൽ എത്ര നേരം നിന്നിരുന്നു എന്ന സംഗതി ഗണ്യമായിത്തീരുകയുമില്ലാ. പ്രഭുവിൻ്റെ അഭിപ്രായത്തിൽ, വ്യോമചാരികൾക്ക്, വായുപഥത്തെ നിഷ്പ്രതിബന്ധമായി ഉപയോഗിക്കാം എന്നു സൂചിപ്പിക്കുന്നുണ്ടല്ലൊ. ഇംഗ്ലാണ്ടിലെ മറ്റൊരു കേസ്സിൽ ഉണ്ടായ തീർച്ച, അന്യൻ്റെ പറമ്പിനു മീതെയുള്ള വായുമണ്ഡലഭാഗത്തിൽ വ്യതിയാനം ചെയ്യുന്നത് കുറ്റമാണെന്നു അറിയിക്കുന്നു. ഹാർട്ട് എന്നുപേരായ ഒരുവൻ, കെനിയൻ്റെ പറമ്പിനു പുറത്തു നിന്നുങ്കൊണ്ട് പറമ്പിനകത്തിരുന്ന ഒരു പക്ഷിയെ വെടി വെച്ചതിൽ, പക്ഷിക്കു വെടി കൊള്ളുകയും, വെടിയുണ്ടയും പക്ഷിയും ആ പറമ്പിനകത്തു വീഴുകയും ചെയ്തു. കോടതിയുടെ തീരുമാനം, വാദിക്കനുകൂലമായിട്ടായിരുന്നു. എന്നാൽ, വെടി തെറ്റിപ്പോകയും ഉണ്ട വാദിയുടെ പറമ്പിനെ കടന്നു അപ്പുറത്തു പൊയ്‌പോകയും ചെയ്തിരുന്നു എങ്കിൽ, പ്രതിയുടെ മേൽ കുറ്റം സ്ഥാപിപ്പാൻ നിർവാഹമില്ലായിരുന്നു എന്നും, കോടതി സൂചിപ്പിച്ചിരുന്നു. ഈ സൂചന, എല്ലെൻബറോ പ്രഭുവിൻ്റെ മേല്പറഞ്ഞ അഭിപ്രായത്തെ പ്രമാണമാക്കീട്ടുള്ളതായിരുന്നു. ഒരുവൻ അന്യൻ്റെ പറമ്പിനുമേലുള്ള വായുമണ്ഡലഭാഗത്തിൽ അതിക്രമിക്കുമ്പോൾ, ആ ഭാഗത്തെ തൻ്റെ അധീനതയിലാക്കുന്നതിനു തക്കതായ വിധം പ്രവർത്തിച്ചിട്ടുണ്ടെങ്കിലേ, കൈയേറ്റക്കുറ്റം സ്ഥാപിപ്പാൻ ന്യായമുള്ളൂ എന്നാണ് മിസ്തർ ലിറ്റിൽട്ടൺ ഫാക്‌സ് എന്ന വിദ്വാൻ, ഈ വിഷയത്തെപ്പറ്റി, "നാർത്ത് അമേരിക്കൻ റിവ്യൂ" പത്രഗ്രന്ഥത്തിൽ എഴുതിയിട്ടുള്ള ഉപന്യാസത്തിൽ, അഭിപ്രായപ്പെടുന്നത്. ഇങ്ങനെയല്ലാതെ, പറമ്പിന്മേലുള്ള വായുമണ്ഡലത്തെ അതിക്രമിച്ച് ഒരുവൻ തൻ്റെ യാനപാത്രത്തേയോ, വെടിയുണ്ടയേയോ ശരത്തെയോ മറ്റോ നയിച്ചതു കൊണ്ടുമാത്രം, കൈയേറ്റക്കുറ്റത്തിന് ശിക്ഷാർഹനായിത്തീരുകയില്ല. എന്നിരുന്നാലും, അന്യൻ്റെ പറമ്പിന്മീതെയോ, കെട്ടിടത്തിന്മീതെയോ, ഏതാനും അടിമാത്രം ഉയർന്ന് സഞ്ചരിക്കുന്നത് ആ പറമ്പിൻ്റെയോ കെട്ടിടത്തിൻ്റെയോ ഉടമസ്ഥനു അസഹ്യതയ്ക്കു ഹേതുവാകയാൽ, അത്തരത്തിലുള്ള അതിക്രമങ്ങളെ ശിക്ഷിക്കാതെ വിടുവാൻ ന്യായം അനുവദിക്കുമെന്നു തോന്നുന്നുമില്ലാ.  

You May Also Like