സേവിങ്സ് ബാങ്ക് വ്യവസ്ഥ
- Published on August 26, 1908
- Svadesabhimani
- By Staff Reporter
- 51 Views
തിരുവിതാംകൂര്‍ സര്‍ക്കാര്‍വകയായി ഒരു സേവിങ്സ് ബാങ്ക് വ്യവസ്ഥ ഏര്‍പ്പെടുത്തീട്ടുള്ളതായി സര്‍ക്കാര്‍ പഞ്ചാംഗത്തിലും, സര്‍ക്കാര്‍ റിക്കാര്‍ഡുകളിലും കാണുവാനുണ്ട്. എന്നാല്‍, ഈ വ്യവസ്ഥ ഏര്‍പ്പെടുത്തിയതിന്‍റെ ശേഷം, എത്രയെത്രപേര്‍, "സേവിങ്സ് ബാങ്കി"ല്‍ പണമടച്ചിട്ടുണ്ടെന്നു അന്വേഷിക്കേണ്ടതു ആവശ്യം തന്നെയാണ്. ബ്രിട്ടീഷ് തപാല്‍ ആഫീസുകളിലെ സേവിങ്സ് ബാങ്കുകളില്‍, തിരുവിതാംകൂറിലുള്ളവര്‍ പലരും പണം ഏല്പിച്ചുകൊണ്ടിരിക്കുമ്പോള്‍, ആവക പണം, തിരുവിതാംകൂര്‍ സര്‍ക്കാര്‍ സേവിങ്സ് ബാങ്കില്‍ ഏല്പിക്കാത്തത് എന്തുകൊണ്ടായിരിക്കും? ബാങ്കിന്‍റെ സ്ഥാപനകാലത്തുതന്നെ, അതിനെ അഞ്ചലാഫീസുകളിലാക്കുന്നതായാലേ ജനങ്ങള്‍ക്ക് സൌകര്യമധികമുണ്ടായിരിക്കൂ എന്ന് പത്രങ്ങള്‍ ചൂണ്ടിപറഞ്ഞിരുന്നു. സര്‍ക്കാര്‍ താലൂക്ക് ഖജനാകളില്‍ പണമടയ്ക്കാനും, വാങ്ങാനും ചെല്ലുന്ന ആളുകള്‍ക്ക് നേരിടുന്ന ക്ലേശങ്ങള്‍ പണ്ടത്തേതില്‍നിന്ന് ഇപ്പൊഴും ചുരുങ്ങീട്ടില്ലാ; ഖജാന്‍ജിമാരുടെ വേലകളും കുറഞ്ഞിട്ടില്ലാ. അങ്ങനെയിരിക്കെ, ഈ സ്ഥാപനത്തെ പൊതുവില്‍ ജനങ്ങള്‍, ആശിക്കാവുന്നെടത്തോളം അനുകൂലിക്കാത്തത് അവര്‍ക്കു സൌകര്യക്കുറവുള്ളതിനാലാകുന്നു. പ്രധാനപ്പെട്ട അഞ്ചലാഫീസുകളില്‍ വിശ്വസ്തന്മാരും ചുമതലക്കാരുമായ ജീവനക്കാരുണ്ട്; പൊലീസുബന്തവസ്സിനും സൌകര്യമുണ്ട്; ജനങ്ങള്‍ക്ക് സാധാരണയായി അഞ്ചലാഫീസുകളില്‍പോയി പണമേല്പിക്കുവാന്‍ അധികം എളുപ്പവുമുണ്ടായിരിക്കും. ഇങ്ങനെ ഒക്കെയിരിക്കെ, സേവിങ്സ് ബാങ്കിനെ പ്രധാനപ്പെട്ട അഞ്ചലാഫീസുകളിലെക്ക് മാറ്റിസ്ഥാപിച്ച് അഭിവൃദ്ധിയെ പരീക്ഷിക്കുന്നത് ഉചിതമായിരിക്കുന്നതാണ്. അഞ്ചല്‍മാസ്റ്റര്‍മാര്‍ക്ക് ചില ജോലികള്‍ കുറയ്ക്കുകയും, പണച്ചുമതല വര്‍ദ്ധിപ്പിച്ച്, തക്ക ശമ്പളക്കൂടുതല്‍ കൊടുക്കയും ചെയ്യേണ്ടിവരുമെങ്കിലും, ഈ സമ്പ്രദായം പരീക്ഷണീയം ആണെന്ന് തന്നെ ഞങ്ങള്‍ വിചാരിക്കുന്നു.