നായന്മാരോട് ഒരുവാക്ക്

  • Published on January 24, 1906
  • Svadesabhimani
  • By Staff Reporter
  • 67 Views

നായന്മാരോട് മേലാൽ വല്ലതും ഗുണം ഉണ്ടാകണമെങ്കിൽ ഒരു നിശ്ചയം ചെയ്തു നടപ്പിൽ വരുത്തിയാലേ നേരെയാവൂ എന്നു ഞാൻ വിചാരിക്കുന്നു. അല്ലാതീ ബഹളമൊക്കെ കൂട്ടിയത് കൊണ്ട് കാര്യമൊന്നും നടപ്പിൽ വരുമെന്ന് കാണുന്നില്ലാ. നായന്മാരായ ഉദ്യോഗസ്ഥന്മാർക്ക് സ്വജാതിക്കാരോട് കരുണയും അവരുടെ കാര്യങ്ങളിൽ അനുകമ്പയും തോന്നണം. അതു ആദ്യം സർവ്വസാധാരണമായി നടപ്പിൽ വരട്ടെ. പിന്നെ മറ്റുള്ളതിനൊക്കെ വട്ടം കൂട്ടിയാൽ മതിയല്ലോ. ഇപ്പോൾ മിക്ക ഉദ്യോഗസ്ഥന്മാർക്കും ഒരു നായരെ മുമ്പിൽ കണ്ടു പോയെങ്കിൽ അതു ചതുർത്ഥി  കണ്ടത് പോലുള്ള ഫലമായിട്ടാണ് തോന്നാറുള്ളത്. അവന് വല്ല ഗുണവും ചെയ്യുവാനുള്ള സന്ദർഭമായിരുന്നു ആ കാഴ്ച്ച എങ്കിൽ അതു മിക്കവാറും പൂജ്യം തന്നെ. അതു ഒന്നുകിൽ ഒരുവക സ്പർദ്ധ നിമിത്തമോ, അതല്ലാത്ത പക്ഷം അങ്ങനെ ചെയ്താൽ അന്യന്മാർ അതിനെക്കുറിച്ച് എന്തു പറഞ്ഞേക്കുമോ എന്നുള്ള ഭീതി നിമിത്തമോ ആയിരിപ്പാനെ ഇടയുള്ളൂ. നന്നായി വരുന്നത് പരസ്പരം കാണാൻ പാടില്ല. ഒരാൾ ഉയർന്നു വരുകയാണെങ്കിൽ അയാളിൽ ഒരു മാലിന്യം ആരോപിപ്പാൻ പലരും ബദ്ധകങ്കണന്മാരായി പുറപ്പെടും. ഇതര സമുദായത്തിൽ ഇത് നേരെ മറിച്ചാണ് കാണുന്നത്. അഥവാ, വല്ല ദൂഷ്യവും ഒരാളിൽ കണ്ടാൽ തന്നെയും അതിനെ പുറത്ത് വിട്ടയയ്ക്കാതെ അമർത്തി അയാളെ പ്രോത്സാഹിപ്പിക്കുന്നത് സാധാരണമായി കണ്ടുവരുന്നതാണ്. നായന്മാർ ഈ വക ദൂഷ്യം കണ്ടുപോയാൽ ഉടനെ അവരുടെ നിർദ്ദാക്ഷിണ്യം മുഴുവൻ അക്കാര്യത്തിൽ പ്രയോഗിക്കുകയായി. ഉടനെ, അവൻ മീശ വെച്ചാൽ  കുറ്റം, മുഖക്ഷൗരം ചെയ്തത് കുറ്റം. നല്ല കോട്ടോ തൊപ്പിയോ ധരിച്ചിട്ടുണ്ടെങ്കിൽ അതു അധികപ്രസംഗം. നല്ല മുണ്ടുടുത്ത് പോയാൽ, അതഹങ്കാരം. മൂക്കിൽ വിരലും കയറ്റി നിന്നില്ലെങ്കിൽ ധിക്കാരം. എന്തിന്? ഇങ്ങനെ സർവ്വവും കൊള്ളരുതായ്മയാക്കി സങ്കൽപ്പിച്ചു അയാളെ യാത്രയയയ്ക്കുകയായി. ഇങ്ങനെ ഒരു ഉദ്യോഗസ്ഥൻ ഭാവിയ്ക്കുകയാണെങ്കിൽ ആ ആളുടെ സ്വജാതിക്കാർ എങ്ങനെ ഏത് കാലത്ത് നന്നാവും? ...............ഈ വക ദുർഗ്ഗുണങ്ങളൊന്നും കൂടാത്ത ചുരുക്കം ചില മഹാമനസ്കന്മാർ ഈ സമൂഹത്തിലുണ്ടെന്ന് ഉള്ളതിനെ വിസ്മരിച്ചിട്ടല്ല, ഇത്രയും പറഞ്ഞു പോയത്.  അവരെപ്പോലെയുള്ളവരുടെ  സൽഗുണം സമുദായം ഒട്ടുക്കും വ്യാപിച്ചെങ്കിൽ മാത്രമേ അതുകൊണ്ടുള്ള പ്രയോജനം പൂർണ്ണമായി സിദ്ധിക്കുകയുള്ളു. അങ്ങിനെയല്ലാതെ, അവനവന്റെ കാര്യം മാത്രം മുറയ്ക്കു കൃത്യമായി നടത്തണമെന്നു ഉറച്ചുംകൊണ്ട് ജനബോദ്ധ്യത്തിനായി വല്ല ബഹളവും കൂട്ടിയതുകൊണ്ട്  ഒരു പ്രയോജനവും ഉണ്ടാകുകയില്ല. ആ മാതിരി ബോദ്ധ്യം ഉണ്ടാകുന്ന സമയവും കുറെ മുൻപേ തന്നെ കഴിഞ്ഞുപോയിരിക്കുന്നു. അല്ലെങ്കിൽ “മലയാളി സഭ” എന്നോ “നായർസമാജം” എന്നോ മറ്റോ ഒട്ടുവളരെ സംഘങ്ങൾകൂടി പ്രസംഗങ്ങൾ ചെയ്തുതുടങ്ങിയിട്ടു കാലം  ഏകദേശം രണ്ടു പന്തീരാണ്ടിനുമേൽ കഴിഞ്ഞിട്ടുണ്ട്. ഇതുകൊണ്ട് എന്തെല്ലാം  സാധിച്ചു? അന്യന്മാർ  സമ്മതിക്കതക്കവണ്ണം ഒറ്റവിരൽ മടക്കാവുന്ന ഒരു കാര്യം പറയാനില്ലാ. ഇനി എത്ര കാലം കഴിയുമ്പോളാണ് ആദ്യകാലം മുതൽക്കേയുള്ള പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളൊക്കെ ഫലവത്തായി കാണുന്നത്? ഓരോരുത്തരുടെ പ്രസംഗത്തിൽനിന്നും  ഓരോ വലിയ കാര്യങ്ങൾ പുറത്ത് പുറപ്പെടുന്നുണ്ടെന്നല്ലാതെ അവയിൽ ഏതെങ്കിലും ഒന്ന് നടപ്പിൽ വരുത്തി സ്ഥായിയായി നിൽപ്പാനുള്ള വല്ലതും കണ്ടിട്ടുണ്ടോ? നടപ്പിൽ വന്നുകാണണമെങ്കിൽ  പ്രമാണികളുടെ മനസ്സിന് നിഷ്കളങ്കമായ  ഗുണം ഉണ്ടാകണം. അല്ലാതെ ഈ വക ക്രിയകൾ കൊണ്ടൊന്നും ഫലിക്കുകയില്ലെന്നാണ്.....................

You May Also Like