തിരുവിതാംകൂർ വിദ്യാഭ്യാസവകുപ്പ്

മിസ്റ്റർ പി. അയ്യപ്പൻപിള്ളയെ സെക്രട്ടറിയായി നിയമിച്ചിട്ട് ഇപ്പോൾ നാലു വർഷ ത്തിലധികമായിരിക്കുന്നു. ഇദ്ദേഹം വിദ്യാഭ്യാസ വകുപ്പിൽ(*).............. ഇൻസ്പെക്റ്ററായിട്ടും 25 സവത്സരം കഴിച്ചു കൂട്ടീട്ട്, ആ വകുപ്പിൻ്റെ ഗവൺമെൻ്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടുവല്ലൊ. ഇദ്ദേഹത്തിൻ്റെ സ്ഥാനത്തിൽ ഇദ്ദേഹത്തിനു മുമ്പെ ഇരുന്നിരുന്ന ഡോക്ടർ മിച്ചൽ സായ്പ് മലയാളം അറിയാൻ പാടില്ലാതെ വളരെ കുഴങ്ങി. എന്നാൽ, ഇദ്ദേഹത്തിന് ആ കുഴങ്ങലിന് അവകാശമില്ല. ഇദ്ദേഹം ഒരു നാട്ടുകാരനും, വിശേഷിച്ച് ഒരു മലയാളിയും ആകക്കൊണ്ട്, മലയാള വിദ്യാഭ്യാസത്തിൻ്റെ ദുർദ്ദശ നീങ്ങി എന്നു ഏവരും വിചാരിച്ചു. എന്നാൽ, അങ്ങനെയുള്ള നല്ല കാലം ഉണ്ടാകുന്നതിന് മിസ്റ്റർ പി. അയ്യപ്പൻപിള്ളയും ദൈവവും സമ്മതിച്ചില്ല. ഇംഗ്ലീഷ് പള്ളിക്കൂടം നാട്ടുകാരായ ഇൻസ്പെക്റ്റർമാരുടെയും ഈ സെക്രട്ടറിയുടെയും ഭരണത്തിൽ ഒരുവക "ചാത്തനാടിയ കളം" പോലെ പരിണമിച്ചിരിക്കുന്നു. ആ സ്കൂളുകളിൽ ഉള്ള ഭാഷ മലയാളവും ഇംഗ്ലീഷും അല്ലാത്ത ഒരുവക നപുംസക ഭാഷയാകുന്നു. ഇംഗ്ലീഷിനോട് എത്ര മലയാള വാക്കുകളെ ചേർക്കാമോ അതിലും അധികം ചേർത്തിട്ട് അരച്ചുകുഴച്ച ഒരുവക ഭാഷയെ ഇംഗ്ലീഷ് .......ഇംഗ്ലീഷ് വാക്കുകൾ ചേർക്കാമോ അതിലധികം ചേർത്തിട്ട് ഒരു "പിഴച്ച" മലയാള ഭാഷയെ മലയാളം സ്കൂളുകളിലും പഠിപ്പിച്ച് വരുന്നു. അവയിൽ ഉപയോഗിച്ചുവരുന്ന മലയാള പാഠപുസ്തകങ്ങൾ ഈ സ്കൂളുകൾക്കു പ്രത്യേകമായി രചിക്കപ്പെട്ടതുപോലെ കാണുന്നു. അതു എങ്ങനെയും പോകട്ടെ. നമുക്ക് മിസ്റ്റർ പി. അയ്യപ്പൻപിള്ള ചെയ്തിട്ടുള്ളതും ചെയ്യുന്നതും എന്തൊക്കെയാണെന്ന് അന്വേഷിച്ചറിയുക. 

             മിസ്റ്റർ അയ്യപ്പൻപിള്ളക്കു സെക്രട്ടറിയുടെ നിലയിൽ പലവക ജോലികൾ ചെയ്യുവാനായിട്ടുണ്ടെന്ന് എല്ലാവർക്കും അറിയാമല്ലോ. ആ ജോലികളിൽ പ്രധാനമായിട്ടുള്ളത് പള്ളിക്കൂടങ്ങളുടെയും അദ്ധ്യാപകന്മാരുടെയും വർഷംതോറും ഉള്ള സ്ഥിതിയെ അറിയുകയാകുന്നു. ഈ അറിവുകൂടാതെ സെക്രട്ടറിക്ക് യാതൊരു ജോലിയും ചെയ്യാവുന്നതല്ലാ. പള്ളിക്കൂടങ്ങൾക്ക് ഗ്രാൻ്റനുവദിക്കുന്നതും അദ്ധ്യാപകന്മാരെ നിയമിക്കുന്നതും അവർക്ക് ശമ്പളക്കൂടുതൽ ചെയ്തോ മറ്റു വിധത്തിലോ അവരെ നിഷ്കർഷിപ്പിക്കുന്നതും പള്ളിക്കൂടങ്ങളെയും അദ്ധ്യാപകന്മാരെയും അറിയാതെ പാടില്ലാത്തതാണല്ലോ. ഇതിലേക്ക് മൂന്നു ഇൻസ്പെക്റ്റർമാരെയും, ഇരുപതോ ഇരുപത്തഞ്ചോ സബ് ഇൻസ്പെക്ടർമാരെയും നിയമിച്ചിട്ടുണ്ട്. അവരുടെ അഭിപ്രായം അനുസരിച്ച് ചെയ്യുന്നതായാൽ, വിദ്യാഭ്യാസ വകുപ്പിലെ കീഴ്ജീവനക്കാർക്കു ഒരുവക ആശ്വാസത്തിനു വഴിയുണ്ട്. അങ്ങനെയും ചെയ്തുകാണുന്നില്ല. സെക്രട്ടറി പത്തു രൂപയിലധികം ശമ്പളം ഉള്ള ജോലികൾക്ക് ആളുകളെ  നിയമിക്കുന്നതും ജോലിക്കാർക്ക് പ്രൊമോഷൻ കൊടുക്കുന്നതും ഇൻസ്പെക്റ്റർമാരുടെ ശിപാർശ കൂടാതെയോ അതിനു വിപരീതമായിട്ടോ ആകുന്നു. സെക്രട്ടറിക്ക് സ്കൂളുകളെക്കുറിച്ച് ശരിയായ വിവരങ്ങൾ കിട്ടണമെങ്കിൽ, അവയെ സെക്രട്ടറി താൻ തന്നെ പോയി നോക്കുകയോ അവയെ നോക്കി ഇൻസ്പെക്ടർമാർ എഴുതീട്ടുള്ള ഡയറിപ്പകർപ്പുകളെ പരിശോധിച്ചറിയുകയോ .......................................... വാങ്ങിവരുന്ന സ്കൂളുകൾക്കു അങ്ങിനെ ഗ്രാൻ്റു വാങ്ങുന്നതിന് എത്രത്തോളം യോഗ്യതയുണ്ടെന്ന് അറിയേണ്ടത് സെക്രട്ടറിക്ക് അത്യാവശ്യമല്ലയോ? ആയറിവുണ്ടാകുന്നതായാൽ, പള്ളിക്കൂടങ്ങൾക്ക് കൂടുതൽ ഗ്രാൻ്റ് അനുവദിക്കുന്ന സന്ദർഭങ്ങളിലും നൂതന ഗ്രാൻ്റ് കൊടുക്കേണ്ടതായിരിക്കുമ്പോഴും സെക്രട്ടറിക്ക് സഹായമായിരിക്കുമല്ലോ. ഒരു വകുപ്പിൻ്റെ അധ്യക്ഷൻ ഏർപ്പെടുത്തുന്ന ചട്ടങ്ങൾ ശരിയായിട്ട് നടപ്പിൽ വരുന്നുണ്ടോ എന്നറിയേണ്ടത് സെക്രട്ടറിയുടെ ചുമതലയാകുന്നു. അതുകൊണ്ടു വിദ്യാഭ്യാസവകുപ്പിലെ സെക്രട്ടറി അതിൻ്റെ അധ്യക്ഷനും കൂടി ആയിരിക്കുമ്പോൾ, ആ സെക്രട്ടറിയുടെ പ്രധാന ജോലി സർക്കീട്ടിൽ ആകുന്നു. മൈസൂർ, മദ്രാസ്സ് പ്രെസിഡൻസി ആദിയായ ദേശങ്ങളിലും വിദ്യാഭ്യാസ മേലധ്യക്ഷൻ്റെ ജോലിയുടെ പ്രധാന ഭാഗം ഡിസ്ട്രിക്ടുകൾ തോറും സഞ്ചരിച്ചു അവയുടെ വിദ്യാഭ്യാസ ന്യൂനതകളെ അറിയുകയും പരിഹരിക്കുകയും ചെയ്യുകയാകുന്നു. കൃഷിവക കാര്യങ്ങളിൽ സഹായിക്കുന്നവനായി മൈസൂരിലെ ഇൻസ്പെക്ടർ ജനറൽ ഓരോ പ്രവർത്തിയിലും സഞ്ചരിച്ചു പ്രൈമറി സ്കൂളുകൾ അദ്ധ്യാപകന്മാർ മുഖാന്തരം നൂതന കൃഷികളെ ഏർപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിൻ്റെ അധ്യക്ഷൻ സാധാരണ ധാരാളമായി സഞ്ചരിക്കേണ്ടത് പ്രാഥമിക വിദ്യാഭ്യാസകേന്ദ്രങ്ങളായ സ്ഥലങ്ങളിൽ ആണ്.  ഈ ജോലി ചെയ്യുന്നതിന് മിസ്റ്റർ അയ്യപ്പൻപിള്ളക്കു ബുദ്ധിഗുണം ഇല്ലാഞ്ഞിട്ടോ ദേഹശക്തി  ക്ഷയിച്ചു പോയത് കൊണ്ടോ എന്തോ, അദ്ദേഹം ഇത് ചെയ്തു കാണുന്നില്ലാ. ഇൻസ്പെക്ടറായിരുന്നപ്പോൾ തന്നെയദ്ദേഹം പട്ടണങ്ങളിലും പട്ടണപാഠശാലകളിലും മാത്രം പോയി ഇൻസ്പെക്ടറുടെ ജോലിയെ നിർവഹിച്ചിരുന്നു. ആ കാലങ്ങളിലും അദ്ദേഹത്തിൻ്റെ റേഞ്ചിലുള്ള എല്ലാ പള്ളിക്കൂടങ്ങളെയും അദ്ദേഹം സന്ദർശിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഇൻസ്പെക്ടറായിരുന്നുതന്നെ സെക്രട്ടറിയുടെ ജോലിക്ക് ആവശ്യമുള്ള അറിവിനെ സമ്പാദിച്ചിട്ടുണ്ടെന്ന് പറയുവാൻ അദ്ദേഹം ഒരുങ്ങുമോ? ആ കാലത്തും അദ്ദേഹം വഴിയരികിൽ ഉള്ള പള്ളിക്കൂടങ്ങളെ മാത്രം പരിശോധിച്ച് തൃപ്തിപ്പെട്ടതേയുള്ളൂ. അഥവാ, അദ്ദേഹത്തിന് അങ്ങനെ പണ്ട് അറിവ് സിദ്ധിച്ചിരുന്നാലും, ഇന്ന് ആയറിവ് ഉപകാരപ്പെടുകയില്ലാ. സെക്രട്ടറി രാജ്യം മുഴുവനും സഞ്ചരിച്ചു വിദ്യാഭ്യാസ സ്ഥിതിയെ അറിയുകയും, നന്നാക്കുന്നതിന് ശ്രമിക്കയും, പള്ളിക്കൂടങ്ങളിൽ ചെന്ന് അവിടെ വിദ്യാഭ്യാസ ചട്ടങ്ങൾ ശരിയായിരിക്കുന്നുവോ എന്നു പരിശോധിക്കയും ചെയ്താലേ സെക്രട്ടറിക്ക് ഇതര ജോലിയെ ന്യായമായി ചെയ്യുന്നതിന് തരമുള്ളു...........സഞ്ചാരത്തിൽ അത്ര പ്രിയമില്ലാത്തതുകൊണ്ടോ സ്വസ്ഥമായി ആഫീസിലും ഗ്രഹത്തിലും കഴിച്ച് കൂട്ടുന്നതിന് മാത്രം ശ്രദ്ധയുള്ളവനായിരുന്നാലും, ഇൻസ്പെക്റ്റർമാരുടെയും സബ്ഇൻസ്പെക്റ്റർമാരുടെയും ഡയറിപ്പകർപ്പുകളെ വായിച്ചു എന്തെങ്കിലും സ്വല്പമായ അറിവ് സെക്രട്ടറിയുടെ........ജോലി ചെയ്യുന്നതിന് സഹായമായി സമ്പാദിക്കാമെന്നുള്ളതാണ്. അതും .........ചെയ്തുവരുന്നില്ലെന്ന് നിസ്സംശയം ........സബ് ഇൻസ്പെക്റ്റർമാരുടെ ഡയറികളെ പരിശോധിക്കുന്നതിന് തനിക്ക് തരമില്ലാത്തതുകൊണ്ടു അവയെ തീരെ ഉപേക്ഷിച്ചു. ഇൻസ്പെക്റ്റർമാരുടെ ഡയറികളെ അവർത്തന്നെ പരിശോധിച്ചാൽ മതി എന്നു വച്ചിട്ടുണ്ടോ എന്നു സംശയിക്കുന്നു. എന്നാൽ, അങ്ങനെ അല്ലാ. അവർ അവരുടെ ഡയറി ഹജൂരിലേക്ക് അയച്ചു കൊടുക്കണമെന്നുണ്ട്. അയച്ചില്ലെങ്കിൽ സെക്രട്ടറി ആവശ്യപ്പെടുന്നത് അത്ര തീർച്ചയില്ലാത്ത കാര്യമാണ്. ആ ഡയറികളെ പരിശോധിക്കുന്നത് തീർച്ചയായിട്ടും സെക്രട്ടറി അല്ലാ. ചിലപ്പോൾ ആരെങ്കിലും ആ ഡയറികളെ പരിശോധിച്ച് പ്രൊസീഡിങ്സ്, ഉണ്ടാക്കി അവർക്ക് അയച്ചുകൊടുക്കുവാനും മതി. എന്തായാലും, അതു കേവലം കുറ്റം പറയുന്ന മാതിരിയിലായിരിക്കും. അല്ലാതെ, ഇൻസ്പെക്റ്റർമാരുടെ പരിശോധന ജോലിയെ രീതിപ്പെടുത്തുന്നതായിട്ടും, പാഠശാലകളുടെ ഭരണസമ്പ്രദായങ്ങളെ പരിഷ്കരിക്കുന്നതായിട്ടും ഉള്ള പ്രൊസീഡിങ്സ് മിസ്റ്റർ അയ്യപ്പൻപിള്ളയുടെ കാലത്തുണ്ടായിട്ടില്ലെന്ന് ധൈര്യത്തോടുകൂടി പ്രസ്താവിക്കാം. അതിലേക്ക് അദ്ദേഹം ശീലിച്ചിട്ടില്ലെന്ന് ഇവിടെ പറയുന്നില്ലാ. പക്ഷേ,  അദ്ദേഹം അങ്ങനെ ചെയ്യുന്നില്ലെന്നേ ഉള്ളൂ. ഡയറികളെക്കുറിച്ച് പ്രസ്താവിക്കുന്ന ഈ ലേഖനത്തിൽ, ഒടുവിൽ ഇൻസ്പെക്റ്റർമാരുടെ ഡയറികളെത്തന്നെ കുറെ നിരൂപണം ചെയ്താലോ എന്നു വിചാരിക്കുന്നു. ഡയറിയിൽ വേണ്ട വിവരം ഒക്കെ കാണുന്നതിന് പരിശോധന ശരിയായിട്ട് നടത്തേണ്ടതാണ്. പരിശോധന ജോലി ശരിയായി നടത്തുന്ന ഇൻസ്പെക്റ്റർമാർ നന്നാ ചുരുങ്ങും. ഒരു സ്ഥലത്ത് ഒരു ഇൻസ്പെക്ടർ സ്കൂൾമാനേജരുടെ നിലയിൽ വേല ചെയ്യുന്നതായി കാണപ്പെടും. വേറെ സ്ഥലങ്ങളിൽ വേറെ കാര്യങ്ങൾ ചെയ്യുന്നതിൽ താല്പര്യമുള്ളവരായി കാണപ്പെടും. എന്തായാലും പരിശോധന ജോലി അവർ ഇഷ്ടപ്പെടുന്ന ഒരു കാര്യമല്ല. സബ് ഇൻസ്പെക്മാർ മിക്കവാറും ഇങ്ങനെയുള്ളവർ തന്നെയാകും. പിന്നെ, ഡയറി ശരിയായി എഴുതുന്നവർക്ക് പരിശോധന ശരിയായി നടത്തിയിരിക്കേണ്ടത് കൂടാതെ, പരിശോധന ഫലങ്ങളെ ശരിയായിട്ട് കുറിച്ചെടുക്കേണ്ടതും ഉണ്ട്. അതിലേക്കും ഒരുക്കമുള്ളവർ ചുരുങ്ങും. 

              എന്തായാലും, സെക്രട്ടറി അദ്ദേഹത്തിൻ്റെ ജോലിയുടെ പ്രധാനാംശങ്ങളെ തീരെ ഉപേക്ഷിച്ചിരിക്കുന്നതായി ഇവിടെ പറയേണ്ടി വന്നതിൽ ഖേദിക്കുന്നു. മറ്റേത് ജോലിയെയും ഹെഡ് ക്ലാർക്കിനെയൊ മറ്റുരായസക്കാരെയോ എൽപ്പിക്കുന്നതായാലും, മേൽപ്പറഞ്ഞ രണ്ടു  ജോലികളും  സെക്രട്ടറി തന്നെ       ചെയ്യേണ്ടതല്ലെയോ?

                  മിസ്റ്റർ അയ്യപ്പൻപിള്ള ഈ രണ്ടു ജോലികളെയും ഒഴിച്ചിട്ടു മറ്റു ജോലികളെ ചെയ്യുന്നുണ്ടെന്ന് സമ്മതിക്കാതെ നിർവാഹമില്ല. ആ ജോലികളിൽ ഓരോന്നായി എടുത്തു, ആ ജോലിയെ ഏത് വിധത്തിൽ ആണ് ചെയ്യുന്നതെന്ന് നമുക്ക് പരിശോധിക്കാം- ഇങ്ങനെ പരിശോധിക്കുന്നത് അദ്ദേഹത്തിൻ്റെ യശസ്സിനെ ക്ഷയിപ്പിക്കുന്നതിനോ വെറും ദോഷാരോപം ചെയ്യുന്നതിനോ അല്ലാ. പിന്നെയോ, നാട്ടുകാരുടെ സ്വന്തഗുണത്തിനായി രണ്ടു വകുപ്പുകളാണ് ഉള്ളത്. അവയിൽ പ്രധാനം വിദ്യാഭ്യാസം- അതു നേരെയിരിക്കാഞ്ഞാൽ, നമ്മുടെ കുട്ടികൾ ഉത്തമ രീതിയിലുള്ള വിദ്യാഭ്യാസം ഇല്ലാതെ നശിച്ചു പോകുമല്ലോ എന്നു വിചാരിച്ചാകുന്നു.   

You May Also Like