അക്രമങ്ങളുടെ വളർച്ച

  • Published on July 28, 1909
  • By Staff Reporter
  • 280 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ, തിരുവനന്തപുരം നഗരത്തിൽ സംഭവിച്ചു കണ്ടിരിക്കുന്ന ഭയങ്കരമായ അക്രമങ്ങൾ, ഈ നഗരത്തിലെ പോലീസിന്‍റെ കൃത്യനിർവഹണത്തിന് തീരെ സ്‌പൃ ഹണീയമല്ലാത്ത ഒരു വ്യാഖ്യാനമാകുന്നു. ചാല ലഹളക്കേസിന്‍റെ അപ്പീൽ തീർച്ച കഴിഞ്ഞതിന്‍റെ ശേഷമായി, പോലീസുകാർ കാട്ടി വരുന്ന അലസത അല്പമല്ലെന്ന് ഞങ്ങൾ മുമ്പ് പറഞ്ഞിട്ടുണ്ട്. പൊതുജനങ്ങളുടെ സമാധാന രക്ഷയ്ക്ക് ഇവർ തീരെ ശ്രദ്ധ വയ്ക്കുന്നില്ലെന്നു മാത്രമല്ല, അക്രമങ്ങളെ സഹിക്കാൻ വയ്യാതെ സങ്കടം പറയുന്നവരോട്, ഹൈക്കോടതിയെ നിന്ദിച്ചുള്ള മറുപടി പറയുകയാണ് ഇവരിൽ ചിലരുടെ നടത്ത.  ഇങ്ങനെയാവുക നിമിത്തം, അക്രമികൾക്ക് യാതൊരു ഭയവും ആരെക്കുറിച്ചും ഇല്ലാതാകുകയും, ഇഷ്ടം പോലെ എന്തും, പ്രവർത്തിക്കാമെന്ന് ധൈര്യം ഉണ്ടാകുകയും ചെയ്തിരിക്കുന്നു.  ഇതിലേക്ക്, ഉദാഹരണങ്ങൾ ഈയിടെ നടന്ന ഭയങ്കര സംഭവങ്ങൾക്ക് പുറമെ വേറെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കർക്കടകവാവു നാൾ ശംഖിന്മു‍ഖത്തു വച്ചു നടത്തപ്പെട്ട അടികലശലും, അന്നു വൈകുന്നേരം ജനറൽ ആശുപത്രിക്ക് സമീപം നടന്ന അടികലശലും കുത്തിമുറിവേൽപ്പിക്കലും, ഇതിന്‍റെ അനുബന്ധമായി കുന്നുകുഴിയിൽ അന്നുതന്നെ നടന്ന അടികലശലും, കഴിഞ്ഞ ആഴ്ചവട്ടത്തിൽ കൈതമുക്കിന് സമീപം പുന്നപുരത്ത് റോഡിൽ നടന്ന അടികലശലും വെട്ടും കുത്തും, ജനങ്ങളുടെ ഇടയിൽ സമാധാനത്തെ ധ്വംസിക്കത്തക്കവണ്ണം പകൽ സമയത്തും പബ്ലിക് സ്ഥലത്തും ഉണ്ടായിട്ടുള്ള സംഭവങ്ങളാണ്. പച്ചപകലിൽ തന്നെ മൃത്യുകരങ്ങളായ ആയുധങ്ങൾ ധരിച്ച് റോട്ടുകളില്‍ നടന്ന് വിരോധമുള്ളവരെ വെട്ടുകയും കുത്തുകയും തല അടിച്ചു കീറുകയും ചെയ്യാൻ ആരെയും ഭയപ്പെടേണ്ട എന്നുവന്നാൽ,  ജനരക്ഷ എവിടെ എന്ന്  സംശയിക്കാതെയിരിപ്പാൻ നിവൃത്തിയില്ല. ഈ സംഭവ സമയങ്ങളിൽ പോലീസുകാരിൽ ആരെങ്കിലും അവിടെയുണ്ടായിരുന്നുവോ? അനേകം ജനങ്ങൾ കണ്ടുനിൽക്കേ നടത്തപ്പെട്ട ഈ അക്രമങ്ങളുടെ കർത്താക്കന്മാരെ ഇതേവരെ ബന്ധിച്ചുവോ? കടല്പുറത്തെ ലഹളയ്ക്ക് മുമ്പ് ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റ് അവിടെ ഉണ്ടായിരുന്നതായി ഞങ്ങൾക്ക് അറിവ് കിട്ടീട്ടുണ്ട്. അക്രമങ്ങൾ ഉണ്ടാകുവാൻ സംഗതിയുണ്ടെന്ന് ശങ്കിക്കുന്നതിന് ധാരാളം അവകാശമുണ്ടായിരുന്നിട്ടും ആ ഉദ്യോഗസ്ഥൻ എന്തെങ്കിലും മുൻകരുതലുകൾ ചെയ്തിരുന്നതായി ഞങ്ങളറിയുന്നില്ല. അദ്ദേഹം അന്ന് അവിടെ നടന്നിരുന്ന ബഹളങ്ങളെ അറിയുകയും, അവയുടെ ആവശ്യം ഭാവിയായ ഫലങ്ങളെ ഊഹിക്കുകയും ചെയ്യുവാൻ ത്രാണിയില്ലാത്ത ഒരാളായിരുന്നുവോ? ചാല ലഹളക്കേസപ്പീല്‍ വിധി കഴിഞ്ഞ ശേഷം പോലീസുകാരുടെയിടയിൽ അലസത നേരിട്ടിട്ടുണ്ടെന്നും, അതു നിമിത്തം അക്രമികൾ തലപൊക്കി തുടങ്ങീട്ടുണ്ടെന്നും പത്രങ്ങളിൽ പല ലേഖകന്മാർ എഴുതിയിരുന്നിട്ടും, അതിനെ ഗൗനിക്കുകയോ, അക്രമങ്ങളുടെ വളർച്ചയെ തടുക്കുവാൻ കരുതുകയോ ചെയ്തിരുന്നുവോ? ഒരു ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഇക്കാര്യങ്ങളിൽ ശ്രദ്ധയില്ലാത്തവനാണെങ്കിൽ, അങ്ങനെയുള്ള ഒരു ഉദ്യോഗസ്ഥന്‍റെ ഭരണത്തിങ്കീഴിൽ പെടുവാൻ സംഗതിയായിട്ടുള്ള ജനങ്ങളുടെ ഭാഗ്യദോഷം ദയനീയം തന്നെയാണ്. ഈ നഗരത്തിൽ, അടുത്തടുത്ത് നാലിലധികം പോലീസ് ഇൻസ്പെക്ടർമാരും സ്റ്റേഷങ്ങളും ഉണ്ട്.  ഇവരിലാരെങ്കിലും, തങ്ങളുടെ അതിർത്തിക്കകത്ത് ശരിയായി ചുറ്റിനോക്കാറുണ്ടോ? ബീറ്റ് കോൺസ്റ്റബിൾമാർ തങ്ങളുടെ ബീറ്റതിർത്തിക്കുള്ളിൽ റോന്തു ചുറ്റി അക്രമികളുടെ നടത്തയെ സൂക്ഷിച്ചു കണ്ടറിഞ്ഞ് റിപ്പോർട്ട് ചെയ്യുന്നതിന് പകരം, വല്ല മൂലകളിലുമിരുന്ന് ഉറക്കം തൂങ്ങുകയോ, ചങ്ങാതികളോട് കൂടി സല്ലപിച്ചു നേരം പോക്കുകയോ ചെയ്യുന്നത് ഇൻസ്‌പെക്ടർമാർ കണ്ടിട്ടുണ്ടോ? മേല്പറഞ്ഞ അക്രമങ്ങൾ മാത്രമല്ല, വള്ളക്കടവ് മുതലായ കച്ചവടസ്ഥലങ്ങളിൽ നടക്കുന്ന അപഹരണം മുതലായ അക്രമങ്ങളും, പോലീസിന്‍റെ  കൃത്യനിഷ്ഠാ വൈകല്യത്താൽ പ്രേരിക്കപ്പെടുന്നവയാണെന്ന് പറഞ്ഞേ കഴിയൂ. ജനങ്ങളുടെ പണം ശമ്പളം കൊടുത്ത് അവരുടെയിടയിൽ സമാധാനരക്ഷയെ പാലിക്കാനായി നിശ്ചയിക്കപ്പെട്ടിരിക്കുന്നവരുടെ ഈ അലസതയെ ഗവൺമെന്‍റ്  ഗൗനിക്കയില്ലെങ്കിൽ, നാട്ടിന്‍റെ അവസ്ഥ വളരെ പരിതാപകരം തന്നെയാണ്. ആശുപത്രികളിൽ രോഗികളുടെയും, മജിസ്‌ട്രേറ്റ് കോടതികളിൽ കക്ഷികളുടെയും ലീസ്തുകളെ വലുതാക്കുവാൻ, തൻ്റെ  ഭരണദശയിൽ സംഗതി ഉണ്ടായി എന്ന് വരുന്നതു ദിവാൻ മിസ്റ്റർ ആചാരിക്ക് തെല്ലും ശ്രേയസ്‌കരമെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. ഇപ്പോൾ, പോലീസ് രജിസ്തറില്‍ കയറീട്ടുള്ള മേല്പറഞ്ഞ സംഭവങ്ങളെ പറ്റി  നിഷ്കർഷമായ നടവടികൾ നടത്തി, അക്രമം ചെയ്തവർക്ക് കഠിനശിക്ഷ കൊടുപ്പിച്ച്, നാട്ടിൽ സമാധാനത്തെ വീണ്ടെടുക്കാത്ത പക്ഷം, തിരുവിതാംകൂർ അരാജകമായിത്തീരരുതെന്നേ ഞങ്ങൾക്ക് അഭിവാഞ്ചയുള്ളു.  

You May Also Like