കുന്നത്തുനാട് താലൂക്കിലെ ജനസങ്കടം

  • Published on April 25, 1908
  • By Staff Reporter
  • 577 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തിരുവിതാംകൂർ സംസ്ഥാനത്തിലെ ജനങ്ങളുടെ മേൽ പതിച്ചിട്ടുള്ള ശാപങ്ങളിൽ ഒന്ന്, സർക്കാരുദ്യോഗസ്ഥന്മാരെ കൊണ്ടുള്ള ഉപദ്രവം ആണെന്ന്, വായനക്കാർ നല്ലവണ്ണം അറിഞ്ഞിട്ടുണ്ടല്ലോ. ഇതിലേക്ക് വേണ്ടതിലധികം ദൃഷ്ടാന്തങ്ങൾ അപ്പോഴപ്പോൾ പത്രങ്ങളിൽ പ്രസ്താവിച്ചിട്ടുമുണ്ട്. മഹാരാജാവിന്‍റെ പേരിലുള്ള ഭക്തിയുടെ മറ്റൊരു രൂപമായ ക്ഷമാശീലം നിമിത്തം, ഈ നാട്ടിലെ ജനങ്ങൾ, സർക്കാരുദ്യോഗസ്ഥന്മാരുടെ അക്രമങ്ങളെ വളരെക്കാലം സഹിച്ചതിന്‍റെ ശേഷമേ, വേറെ ഗതിയില്ലാതെയാകുമ്പോൾ, പുറമെ പറയുക പതിവുള്ളൂ. ഈ സ്വഭാവത്തെ, വിപരീത ഗതിക്കാരായ ബ്രിട്ടീഷ് ഇന്ത്യൻ ജനങ്ങളുടെ മേൽ ഭരണം ചെയ്തു ശീലിച്ച ഉദ്യോഗസ്ഥൻമാർ, ഈ നാട്ടിലെ ചുമതലപ്പെട്ട ഉദ്യോഗങ്ങളിൽ കടക്കുമ്പോൾ, അന്യഥാ ധരിക്കയും, തിരുവിതാംകൂർ രാജ്യം യാതൊരു ജനസങ്കടവും കൂടാതെ ഭരിക്കപ്പെടുന്നു എന്ന്  അവർ നിശ്ചയിക്കുകയും ചെയ്യുന്നു എന്നും നാം അനുഭവത്താലറിഞ്ഞിരിക്കുന്ന സംഗതിയാണ്. കുന്നത്തുനാട് താലൂക്കിൽ നിന്ന് അവിടത്തെ തഹശീൽ മജിസ്‌ട്രേറ്റ് ശങ്കരനാരായണയ്യരവർകളെ പറ്റി ഈയിടെ മഹാരാജാവ് തിരുമനസ്സിലേക്ക് സമർപ്പിക്കപ്പെട്ടിട്ടുള്ള ഒരു മഹാജന സങ്കട ഹർജി ജനങ്ങളുടെ സഹനശീലത്തിന് മറ്റൊരു ഉദാഹരണത്തെ കാണിക്കുന്നു. മിസ്റ്റർ അയ്യർ, കുറേക്കാലം മുമ്പ്, അമ്പലപ്പുഴ പാല്പായസ കേസിൽ, ജനരഞ്ജനയില്ലാത്തവനെന്നും, രാജ്യതന്ത്ര വിവേകമില്ലാത്തവനെന്നും, ആക്ഷേപിക്കപ്പെട്ട് ഗവർന്മേണ്ടിനാൽ ശിക്ഷിക്കപ്പെട്ട ഒരു ഉദ്യോഗസ്ഥനാണ്. അങ്ങനെയുള്ള ഒരു ഉദ്യോഗസ്ഥന്‍റെ പേരിൽ ഒരു താലൂക്കിലെ ജനങ്ങൾ സങ്കടങ്ങൾ പറവാൻ ഇടയാകുന്നത് ആശ്ചര്യമല്ല. മേല്പറഞ്ഞ സങ്കട ഹർജിയിൽ പറയുന്ന കുറ്റങ്ങൾ മിസ്റ്റർ അയ്യർ ചെയ്തിട്ടുണ്ടെന്ന്, ഹർജി കണ്ട് കൊണ്ട് മാത്രം നിർണ്ണയിച്ചു കൂടുന്നതല്ല. എങ്കിലും, ഈ പരാതി വളരെ നാളായി പല പത്രങ്ങൾ മുഖേനയും ഗവർന്മേണ്ടിനെ അറിയിച്ചിട്ടുള്ള സ്ഥിതിക്കും, ഇപ്പോൾ, ബഹുജന ഹർജിയായി പരിണമിച്ചിട്ടുള്ള സ്ഥിതിക്കും, ഇതിനെപ്പറ്റി അന്വേഷിക്കുവാൻ ഗവർന്മേണ്ട്  കടപ്പെട്ടിരിക്കുന്നു.  ഹർജിയിൽ ആരോപിക്കുന്ന ദോഷങ്ങൾ വളരെ ഗൗരവപ്പെട്ടവയാണ്. അവ വാസ്തവത്തിലുള്ളവയാണെങ്കിൽ, അവയ്ക്കടിമപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥന്  മതിയായ ശിക്ഷ കൊടുത്ത് മറ്റുള്ളവർക്ക് പാഠം നൽകേണ്ടതും, ജനസങ്കടം പരിഹരിക്കേണ്ടതും ആവശ്യമാകുന്നു. ഹർജിയിലെ പ്രധാന ഭാഗങ്ങൾ താഴെ പകർത്തുന്നവയാണ്:- 

  "തന്‍റെ ഉദ്യോഗസംബന്ധമായി നടക്കുന്ന കേസ്സുകൾ ന്യായമായും സത്യമായും നിർദ്ദാക്ഷിണ്യമായും കേട്ടു തീരുമാനിക്കേണ്ടത് പോലെ ചെയ്യാതെ, അതിനു വിപരീതമായി തീർച്ച ചെയ്തു വരുന്നു. ഓരോ പ്രവർത്തികളിലും നിന്നു മേൽ പ്രകാരം വരുന്ന എല്ലാ കേസ്സുകൾക്കും രൂപാ വാങ്ങിക്കൊടുക്കുന്നതിനും, അതാതു സ്ഥലങ്ങളിൽ സർക്കീട്ടായും മറ്റും ചെല്ലുമ്പോൾ വേണ്ട ഉപകരണങ്ങളെയും, ശയ്യാഗൃഹം ഒരുക്കി വേശ്യാസ്ത്രീകളെയും വശത്താക്കി കൊടുക്കുന്നതിനും, ശക്തന്മാരായി   അവിടെയുള്ള ഏതാനും ചില ആളുകളെയും, ചില പാർവത്യക്കാരൻമാരെയും സ്വാധീനന്മാരാക്കി വച്ചിട്ടുണ്ട്.  അവർ മുഖാന്തരം വരുന്ന കേസുകളും, ആവലാതികളും അല്ലാതെ സ്വീകരിക്കുകയോ, അവർ പറയുന്നതു പോലെ അല്ലാതെ തീർച്ച കൽപ്പിക്കയോ ഇല്ലാത്തതാകുന്നു. മേൽ പറഞ്ഞവർ മുഖാന്തരവും അല്ലാതെയും ജനങ്ങളെ പീഡിപ്പിച്ചു ജനങ്ങളിൽ നിന്നു രൂപായായും മറ്റു സാമാനങ്ങളായും വാങ്ങി ഒന്നര വർഷത്തിനിടയ്ക്ക്, 20,000/- രൂപയിൽ കുറയാതെയുള്ള സ്വത്ത് അന്യായമായി ഈ തഹശീൽദാർ സമ്പാദിച്ചിട്ടുണ്ട്. അതിന് ദൃഷ്ടാന്തം തഹശീൽദാർക്ക് മാസംന്തോറുമുള്ള ശമ്പളത്തിന്‍റെയും, തഹശീൽദാരുടെയും മറ്റുള്ള ഇഷ്ടന്മാരുടെയും പേര് വച്ച് മാസം തോറും പല ഗഡുക്കളായി ചെങ്കോട്ടയ്ക്ക് പോസ്റ്റ് വഴിയും അഞ്ചൽ വഴിയും അയച്ചിട്ടുള്ള മണിയോർഡറുകളുടെയും തുക എടുക്കുകയും ഈയിടെ ചെങ്കോട്ടയിൽ പുത്തനായി പണിയിച്ചിട്ടുള്ള കെട്ടിടത്തിന്‍റെ വില നിശ്ചയിക്കുകയും ചെയ്താൽ ബോദ്ധ്യപ്പെടുന്നതാകുന്നു. ഇടപ്പള്ളി സ്വരൂപം വക വസ്തുക്കളുടെ കരം അവിടത്തെ പാർവത്യകാരന്മാരുടെ എഴുത്തുകുത്തിന്മേൽ ഈടാക്കിച്ചു കൊടുക്കുന്നതിന് സ്വരൂപത്തിങ്കൽ നിന്ന് പ്രത്യേകമായ ഒരു ആദായം പറ്റി വരുന്നുണ്ട്. അത് സ്വരൂപം വകയും അവിടത്തെ പാർവത്യകാരന്മാരുടെയും, സ്വന്തം കണക്കുകൾ മാത്രം നോക്കിയാൽ അറിയാവുന്നതാണ്. ജന്മികളായ ബ്രാഹ്മണരുടെ സ്ഥലങ്ങളിൽ ചെന്ന് ആണ്ടുതോറും വിശേഷങ്ങൾക്ക് ഓണപ്പുടവ എന്നൊരു ഇനത്തിൽ അവകാശം പറ്റി വരുന്നു. പുന്നൊക്കൊട്ടമനയ്ക്കൽ നിന്ന് വിശേഷാൽ പാട്ടകോട്ടു കേസിലേക്ക് അൻപത് പറ നെല്ല് പറ്റിയിട്ടുണ്ട്. അതിലേക്ക്, മനയ്ക്കലെ കണക്ക് തന്നെ തെളിവാണ്. കരാർ കുത്തകക്കാരോട് മാസം 1 ന് 25 രൂപ വീതം ശമ്പളം പോലെ പറ്റി വരുന്നുണ്ട്. അത് അവരുടെ കണക്ക് പരിശോധിച്ചാൽ കാണാവുന്നതാണ്. ഈ താലൂക്കിൽ അധികം പാടങ്ങളും ഊട്ടുകളും ഇല്ലെങ്കിലും അവരെക്കൊണ്ടു കഴിയുന്ന ആദായം ഉണ്ടാക്കുന്നുണ്ട്.  പെരുമ്പാവൂർ ദേവസ്വക്കാരും ഊട്ടുകാരരും കൂടി തഹശീൽദാരുടെ  മഠത്തിൽ പതിവായും വിശേഷമായും ഉള്ള ഭക്ഷണത്തിനു വേണ്ട അരി കോപ്പുകൾ  മറ്റു സാമാനങ്ങൾ  മാസം തോറും രണ്ടു തവണയായി ഏല്പിച്ചു കൊള്ളണമെന്ന് കുത്തക പോലെ ഏർപ്പെടുത്തി, അങ്ങനെ നടന്നു വരുന്നുണ്ട്. പെരുമ്പാവൂർ ദേവസ്വം വക വസ്തുക്കൾ പൊളിച്ചെഴുത്തു സംബന്ധിച്ച് അകവൂർ മനയ്ക്കൽ നിന്ന് നമ്പൂരിപ്പാടിനോട് കഴിഞ്ഞ രണ്ടു മാസത്തിനിടയ്ക്ക് പത്തു പവൻ സൗജന്യമായി വാങ്ങിക്കയും, അതിനു ഗവർന്മേണ്ടിലേക്കുള്ള വരുമാനത്തെ കുറച്ച് സഹായിക്കുകയും ചെയ്തിട്ടുണ്ട്. അതും കണക്കും മറ്റും റിക്കോർഡ് കൊണ്ടും തെളിയുന്നതാണ്.  തൃക്കാക്കര ക്ഷേത്രം പണിക്ക് ചെമ്പു ഏല്പിക്കാൻ ഉടമ്പടി  ഏറ്റിട്ടുള്ള  സേഠിനോട് ചെമ്പ്  ഉടനെ ഏറ്റുവാങ്ങാനും മറ്റുമായി അഞ്ചു പറ അരി വയ്ക്കാവുന്ന ഒരു പുത്തൻ ചെമ്പ് സമ്മാനമായി വാങ്ങി, കരിപറ്റിക്കാതെ തഹശീൽദാരുടെ മഠത്തിൽ ഇട്ടിട്ടുണ്ട്. തൃക്കാക്കര, മഞ്ഞപ്ര, പൂത്തുപ്പള്ളി, ഈ ക്ഷേത്രങ്ങളിലെ പൂജാ പാത്രങ്ങൾ വാർത്തു ഏല്പിക്കുന്നതിന് കോൺട്രാക്ട് കൊടുത്തിരുന്ന മൂശാരിയോട് വില കൊടുക്കാതെ രണ്ടു പാൽ കിണ്ടി വാങ്ങി തഹശീൽദാരുടെ മഠത്തിൽ വച്ചിട്ടുണ്ട്.  സർക്കാർ വക മലകളിൽ നിന്ന് ഈട്ടിത്തടികൾ വ്യാജമായി വെട്ടിച്ചു വരുത്തി മേശ, അലമാര, കസേര, അരിപ്പെട്ടി, കട്ടിൽ മുതലായവകൾ തീർപ്പിച്ചു ഉപയോഗപ്പെടുത്താതെ പുത്തൻ ഭവനത്തിനു അലങ്കരിക്കാൻ, പരസ്യമായിട്ടല്ലാതെ വച്ചിരിക്കുന്നതും; കാലടിയിൽ ശങ്കരാചാര്യ സ്വാമിയുടെ സ്മാരകത്തിനായി പണിയുന്ന കെട്ടിടം മുതലായതിന്‍റെ കോൺട്രാക്ടർമാരോട്  തഹശീൽദാർ ഗവർന്മേണ്ടിനു കൂടി ആക്ഷേപം വരത്തക്ക നിലയിൽ കമ്മീഷൻ നൂറ്റിന് പത്തു വീതം വാങ്ങുന്നതിനു പുറമെ, കരിങ്കല്ല് വേലക്കാരെ കൊണ്ട് പ്രതിഫലം കൊടുക്കാതെ, അമ്മികൊഴവി, തിരുവക്കല്ല്, ആട്ടുകല്ല്, ചാണക്കല്ല് മുതലായത് തീർപ്പിച്ചു ചെങ്കോട്ടയ്ക്ക് അയയ്ക്കാനായി വച്ചിരിക്കുന്നതും, തഹശീൽദാർ അവധിക്ക് പോകുന്നതിന് മുമ്പ് നോക്കിയാൽ കണ്ടു കിട്ടുന്നതാണ്. വ്യാജമായി വരുത്തിയ ഈട്ടിത്തടികൾ ചെത്തി പണിചെയ്ത് ഉരുപ്പടികളാക്കി കൊടുത്ത ആശാരി നമ്പിച്ചരൻ എന്നവന് പണിക്കൂലി കൊടുക്കാതെ, അതിനു പ്രതിഫലമായി താലൂക്ക് കച്ചേരിയിലെയും സത്രത്തിലെയും മെയിന്‍റനൻസ് നടത്തുന്നതിന് ഉടമ്പടി കൊടുക്കുകയും, യാതൊരു അറ്റകുറ്റവേലയും നടത്താതെ അനുവദിച്ച സംഖ്യ ആശാരി വാങ്ങി തഹശീൽദാരുടെ സ്വന്തം പണിക്കൂലിയായി എടുത്തു കൊള്ളുകയും ചെയ്തിരിക്കുന്നു. പൊതുജനങ്ങൾക്കും കന്നുകാലികൾക്കും വെള്ളത്തിന് ഉപയോഗിച്ച് വന്നിരുന്ന മഴുവന്നൂരുള്ള എന്ത്രാൻ ചിറയും, തൃക്കാക്കരയിലുള്ള പള്ളിപ്പുറത്തു ചിറയും, മഴുവന്നൂർ പാർവത്യക്കാർക്കും പള്ളിപ്പുറത്തു നമ്പൂതിരിക്കും സ്വന്തമായിട്ടുള്ളതാണെന്നു വിധി എഴുതി കൊടുത്തിട്ട്, ജനങ്ങളെ കഷ്ടപ്പെടുത്തുന്നു.

You May Also Like