ടൗൺ ഹൈസ്കൂൾ അഗ്നിബാധ

  • Published on August 26, 1908
  • By Staff Reporter
  • 1195 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ഇന്നു രാവിലെ ഏകദേശം മൂന്നു മണി സമയം തിരുവനന്തപുരം പട്ടണത്തിൽ കിഴക്കേകോട്ട വാതുക്കലും പട്ടാളം കോത്തിലും കൂട്ടമണി അടിക്കുകയും, തന്നിമിത്തം പട്ടണവാസികൾ പരിഭ്രമിച്ച് എന്തെന്നറിവാൻ അങ്ങും ഇങ്ങും ഓടിത്തുടങ്ങുകയും ചെയ്തു. അപ്പോൾ, കോട്ടയ്ക്കകത്തു വെട്ടിമുറിച്ച കോട്ടവാതിലിനടുത്തു തെക്കുവശം ടൗൺഹൈസ്ക്കൂൾ കെട്ടിടത്തിൽ അഗ്നിബാധയുണ്ടായതായി അറിഞ്ഞു എല്ലാവരും അങ്ങോട്ടു എത്തി. അനേകായിരം ആളുകൾ ഓടിക്കൂടി എങ്കിലും തീ കെടുക്കുന്നതിനു വേണ്ട ശ്രമമൊന്നും ചെയ്യാൻ കഴിയാതെ എല്ലാവരും കുറേനേരത്തേക്കു ഇങ്ങനെ സംഭവിച്ചതിനു കാരണം കാഴ്ച്ചക്കാരായി നിൽക്കേണ്ടിവന്നുപൊയി.   തീ കെടുക്കുന്നതിനുള്ള എഞ്ജിൻ വന്നു ചേരുന്നതിനുള്ള താമസവും ജല ദൗർല്ലഭ്യവും കുടം മുതലായവ വേണ്ടുവോളം കരസ്ഥമായി ഭവിക്കുന്നതിനുള്ള ബുദ്ധിമുട്ടും മറ്റുമായിരുന്നു. പോലീസ് സൂപ്രണ്ടന്റ്, ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആദിയായ ചിലർ സാമാന്യം താമസിച്ചേ സ്ഥലത്തെത്തുകയുണ്ടായുള്ളു. പള്ളിക്കൂടത്തിന്റെ പ്രധാന ഭാഗമായ രണ്ടു നിലയുള്ള കെട്ടിടം കൽച്ചുമരൊഴികെ അശേഷവും ദഹിച്ചു പോയി എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. കെട്ടിടം ഓടിട്ടതായിരുന്നുവെങ്കിലും, തട്ടും മേൽ പുരയും ഓടുകളോടു കൂടി നശിച്ച് പോയിരിക്കുന്നു. എപ്പോൾ എങ്ങനെ തീ പിടിച്ചു എന്നു മനസ്സിലാകുന്നതിനു തത്ക്കാലം ബലമുള്ള സാക്ഷ്യങ്ങൾ ഇല്ല. പള്ളിക്കൂടം വക റിക്കാർഡുകളും പുസ്തകങ്ങളും മരസാമാനങ്ങളും പ്രകൃതി ശാസ്ത്രം മുതലായവ പഠിപ്പിക്കുന്നതിനായി ഉപയോഗിച്ചു വരുന്ന പല സാമാനങ്ങളും വളരെ നഷ്ടമായിപ്പോയിട്ടുണ്ട്. ഈ വിഷയത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ പിറകെ അറിയിച്ചു കൊള്ളാം.  

You May Also Like