വൃത്താന്തകോടി

  • Published on April 04, 1910
  • By Staff Reporter
  • 440 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ദക്ഷിണധ്രുവം കണ്ടുപിടിക്കുവാന്‍പോകുന്ന കാപ്‍ടന്‍ സ്കാട്ടനു ന്യൂസിലാണ്ടുകാര്‍ ആയിരം പവന്‍ കൊടുക്കാമെന്നു സമ്മതിച്ചിരിക്കുന്നു.

 പ്രസിദ്ധപ്പെട്ട കാണ്‍പൂര്‍ നെയിത്തുശാലയില്‍ ഇതിനിടെ തീ പിടിച്ചു ഏകദേശം മൂന്നര ലക്ഷം രൂപ വിലവരുന്ന സാമാനങ്ങള്‍ നശിച്ചുപോയിരിക്കുന്നു.

 മൈമന്‍ സിംഗില്‍ കൂടുവാന്‍ നിശ്ചയിച്ചിരുന്ന കാണ്‍ഫറന്‍സിനെ ഗവര്‍ന്മെണ്ടു മുടക്കുക മൂലം ബംഗാളികളുടെ ഇടയില്‍ വലിയ ക്ഷോഭം ഉണ്ടായിരിക്കുന്നു.

 മദ്രാസ് ഗവര്‍ണര്‍ സര്‍. ആര്‍തര്‍ ലാലി, കാലില്‍ നീര്‍ക്കെട്ടു മൂലം തീരെ കിടപ്പിലാണ്. തന്മൂലം ഇക്കൊല്ലത്തെ സര്‍വകലാശാലാ ബിരുദധാരണത്തിനു ഹാജരായിട്ടില്ലെന്നു കാണുന്നു.

 കല്‍ക്കത്തയ്ക്കടുത്ത രംഗപുരത്തു ഇതിനിടെ അതികഠിനമായ മഴയും കൊടുങ്കാറ്റുമുണ്ടായി പലേ ഗൃഹങ്ങള്‍ക്കും, കന്നുകാലികള്‍ക്കും നാശം വന്നിരിക്കുന്നു. ഒരു സ്ത്രീയും മരിച്ചു പോയിരിക്കുന്നു.

 തീവണ്ടികളില്‍ ഒന്നും രണ്ടും ക്ലാസുകളില്‍ സഞ്ചരിക്കുന്നവരെ പലപ്പൊഴും ഒരു തരം കൊള്ളക്കാര്‍ കടന്നു ഉപദ്രവിച്ചുവരുന്നതിനെ തടുക്കുന്നതിലെക്കായി, എല്ലാത്തരം തീവണ്ടികളുടെയും പുറമെയുള്ള നിറം ഒരുപോലെയാക്കുന്നതിനു റെയില്‍വേ അധികൃതന്മാര്‍ നിശ്ചയിച്ചിരിക്കുന്നു.

 ഇതിനിടെ തങ്ങളെ അവമാനിക്കാന്‍ ഒരുമ്പെട്ട ഒരുവനെ രണ്ടു ബെംഗാളി സ്ത്രീകള്‍ കൂടി കൊന്നു കളഞ്ഞിരിക്കുന്നു. ഇവരെ കോടതി മുമ്പാകെ പിടിച്ചു ഹാജരാക്കിയപ്പൊള്‍ സ്വയരക്ഷയ്ക്കായിട്ടാണ് കൊലപാതകം ചെയ്തതെന്നു അവര്‍ സമ്മതിച്ച് മൊഴി കൊടുത്തിരിക്കുന്നു.

 

You May Also Like