തിരുവിതാംകൂർ എക്സൈസ് വകുപ്പ്

  • Published on August 08, 1908
  • By Staff Reporter
  • 575 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
കൈക്കൂലി, സേവ മുതലായ അഴിമതികളാൽ, എക്‌സൈസ് ഡിപ്പാർട്ടുമെണ്ടിന് കളങ്കം പറ്റുവാൻ അനുവദിച്ചിരുന്ന മിസ്റ്റർ പൊന്നമ്പലംപിള്ളയുടെ കമിഷണരുദ്യോഗം, ഭരണനീതിയുടെ ഉത്തമതത്ത്വങ്ങളെ നിർബന്ധമായി അനുഷ്ഠിക്കുന്ന മിസ്റ്റർ രാമൻപിള്ളയുടെ മേൽ ഏല്പിക്കപ്പെടുവാൻ സംഗതി വന്നത് അനുമോദനീയം ആണെന്ന് സർവ്വ സമ്മതമായി തീർന്നിട്ടുണ്ടല്ലൊ. മിസ്റ്റർ പൊന്നമ്പലംപിള്ളയുടെ ഇഷ്ടംപോലെ നടക്കുവാൻ തയ്യാറായിരുന്ന ചില കീഴുദ്യോഗസ്ഥന്മാർ നിമിത്തം, രാജ്യത്തിലെ എക്‌സൈസ് മുതലെടുപ്പിനുണ്ടാകാമായിരുന്ന വർദ്ധന ചുരുങ്ങീട്ടുള്ളതും, ചില സ്ഥലങ്ങളിൽ കൈക്കൂലി വാങ്ങിക്കൊണ്ട് ചുരുങ്ങിയ തീരുവയ്ക്കോ തീരുവ കൂടാതെയോ ചരക്കുകൾ കടത്തി വിട്ടിട്ടുള്ളതും വായനക്കാർ ഏറെക്കുറെ അറിഞ്ഞിരിക്കാനിടയുണ്ട്. ഇങ്ങനെയുള്ള അഴിമതികളുടെ ലക്ഷ്യങ്ങൾ ഇനിയും ഞങ്ങൾക്ക് കിട്ടി വരുന്നവ വഴിയെ വെളിപ്പെടുത്തിക്കൊള്ളാവുന്നതാണ്. മിസ്റ്റർ രാമൻപിള്ളയ്ക്ക് തൻ്റെ കൈയ്ക്കൽ പെട്ടിരിക്കുന്ന ഡിപ്പാർട്ടുമെണ്ടിനെ പരിശുദ്ധമായ നിലയിൽ വച്ചു കൊള്ളുന്നതിന് തക്ക പ്രാപ്തിയുണ്ടെങ്കിലും, അതിലേക്കുള്ള യത്നത്തെ പ്രതിബന്ധിക്കുന്നവയായി ചില ദുർഘടങ്ങൾ ഉണ്ടെന്നു് അദ്ദേഹം ഇതിനിടെ അറിഞ്ഞിരിക്കുമെന്ന് ഞങ്ങൾ വിചാരിക്കുന്നുണ്ട്. എക്‌സൈസ് ഡിപ്പാർട്ടുമെണ്ടിനെ ഇപ്പോഴത്തെ സമ്പ്രദായത്തിൽ പരിഷ്കരിക്കുന്നതിനു മുമ്പ് ഇങ്ങനെയൊരു പരിഷ്‌ക്കാരം കൊണ്ട്, ഉണ്ടാകുമെന്ന് ആശിച്ചിരുന്നെടത്തോളം ആദായ വർദ്ധന ഉണ്ടായിട്ടുണ്ടെന്ന് പറവാൻ നിർവാഹമില്ലാ. ഇതിന്‍റെ മുഖ്യകാരണം, മിസ്തർ പൊന്നമ്പലത്തിന്‍റെ കാലത്തു, ഈ വകുപ്പിൽ പ്രവർത്തിക്കപ്പെട്ടിട്ടുള്ള അനീതിയാണ്. എക്‌സൈസ് വകുപ്പിൽ എന്തെങ്കിലും കീഴ്‌ജീവനം കിട്ടുവാനായി, ഈ നാട്ടിൽ മിക്കവാറും പതിവായി തീർന്നിട്ടുള്ളതിന്മണ്ണം, കൈക്കൂലി കൊടുത്തു കാര്യം സാധിക്കുന്നതിന് ശ്രമിച്ചിട്ടുള്ളവർ പലരുണ്ട്. കൈക്കൂലി വാങ്ങിക്കൊണ്ട് പലരെയും കഷ്ടപ്പെടുത്തീട്ടുള്ളതിനും ഉദാഹരണങ്ങൾ ചിലതു ഞങ്ങളുടെ അറിവിലും, വിശ്വാസത്തിലും തന്നെ പതിഞ്ഞിട്ടുണ്ട്. പരിഷ്കാരത്തിനു മുമ്പ് ഉണ്ടായിരുന്ന കീഴ്ജീവനക്കാരെ കഴിവുള്ളെടത്തോളം പുതിയ വ്യവസ്ഥയിൽ സ്വീകരിച്ചു കൊണ്ട്, അത്യാവശ്യമായി മാത്രം പുതിയ ആളുകളെ നിയമിക്കുക എന്ന പ്രമാണത്തെ മിസ്റ്റർ പൊന്നമ്പലംപിള്ള ധ്വംസിക്കുകയും, തൻ്റെ സേവന്മാരെയും, ഇഷ്ടന്മാരെയും, ആശ്രിതന്മാരെയും, ചില സംഗതികളിൽ, കൈക്കൂലി വാങ്ങുന്ന കീഴ് ഉദ്യോഗസ്ഥന്മാരുടെ ശിപാർശ ഉള്ളവരേയും നിയമിക്കുകയും, പലേ പഴയ ജീവനക്കാരെ തീരെത്തള്ളിക്കളകയും ചെയ്തിട്ടുള്ള വിവരം ഞങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്. ഈ ദ്രോഹത്തിന്‍റെ ഫലത്തെ ഉദാഹരിക്കുന്നതിന് ഇപ്പോഴും കമിഷണരുടെ തീർച്ചയ്ക്കായി ചെല്ലുന്ന ചില പഴയ സിൽബന്തികളുടെ സങ്കട ഹർജികൾ ലക്ഷ്യങ്ങളാണ്. സർക്കാരിനെ പത്തിരുപതു കൊല്ലം ഭക്തിയോടും വിശ്വാസത്തോടും കൂടി സേവിച്ച്, അപ്പോഴപ്പോഴുള്ള മേലാവുകളുടെ തൃപ്തിക്കു പാത്രമായി, മുറയ്ക്കു ഉദ്യോഗക്കയറ്റം കിട്ടുമെന്നു ആശിച്ചു കൊണ്ടിരിക്കുന്ന സിൽബന്തികളെ ഒരു മേലാവ് യാതൊന്നും സമാധാനം പറയാതെ ജീവന ലിസ്തിൽ നിന്ന് തള്ളുന്നത്, ഗവർന്മേണ്ടിനെപ്പറ്റി ഇതരന്മാർക്ക് വെറുപ്പുണ്ടാക്കുന്ന പ്രവൃത്തിയാണല്ലൊ. ഇത് ഒരു പ്രകാരത്തിൽ വിശ്വാസവഞ്ചനം എന്നാണ് പറയേണ്ടത്; വിശ്വാസവഞ്ചനം മാത്രമല്ലാ, ഗവർന്മേണ്ട് ദ്രോഹം എന്നു കൂടെ പറയാവുന്നതാണ്. മിസ്തർ പൊന്നമ്പലം ഇത്തരം വഞ്ചനങ്ങളും ദ്രോഹങ്ങളും പ്രവർത്തിച്ചത് തൻ്റെ ഇഷ്ടം നടത്താനാണെന്ന് ഞങ്ങൾ മുമ്പ് സൂചിപ്പിച്ചിട്ടുണ്ടല്ലൊ. പുതിയ പരിഷ്കാരത്തിൽ സേവൻ ശങ്കരൻ തമ്പിയുടെ ശിപാർശയെ ആദരിച്ച്, എത്രയോ പുതിയ ആളുകൾക്ക് മിസ്തർ പൊന്നമ്പലം, പഴയ സിൽബന്തികളുടെ അവകാശത്തെ വിസ്മരിച്ച് ജോലി കൊടുത്തിട്ടുണ്ട്, തൻ്റെ ഇഷ്ടന്മാരായും, ആശ്രിതന്മാരായും, മറ്റുമുള്ളവർക്കും, പഴയ ജീവനക്കാരുടെ അവകാശങ്ങളെ അഗണ്യമായി ഉപേക്ഷിച്ചിട്ട് ഉദ്യോഗക്കയറ്റവും, പുതിയ ഉദ്യോഗങ്ങളും കൊടുത്തിട്ടുണ്ട്. ഇപ്രകാരമുള്ള നിയമനങ്ങളിൽ ആളുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി ഗണിക്കുക എന്ന പ്രമാണം മിസ്റ്റർ പൊന്നമ്പലം നിഷ്കർഷപ്പെടുത്തിയിരുന്നില്ലാ എന്ന് ഞങ്ങൾക്കറിയാം. ബി.എ. പരീക്ഷയുടെ ഏതാനംശം ജയിച്ചിട്ടുള്ള ഒരു ക്ലാർക്കിന്‍റെ സ്ഥാനത്തു, ശങ്കരൻ തമ്പിയുടെ ഒരു ബന്ധുവിനെ പുതുതായി പ്രതിഷ്ഠിക്കുന്നതിനു വേണ്ടി ആ ക്ലാർക്കിനെ ബുദ്ധിമുട്ടിച്ചതും, അദ്ദേഹം മറ്റൊരു ഡിപ്പാർട്ടുമെണ്ടിൽ അഭയം പ്രാപിച്ചതും, ഞങ്ങൾ മുമ്പേ പറഞ്ഞിട്ടുണ്ട്. ശങ്കരൻ തമ്പിയുടെ സേവയ്ക്ക് വേണ്ടി ഒരു ആഭാസ പുസ്തകമെഴുതി കാഴ്ച്ച വെച്ച "തെരുവിൽ കച്ചവടക്കാരൻ" ആയിരുന്ന ഒരുവനും, പരീക്ഷാ വിജയം നേടീട്ടുള്ള മറ്റൊരുവനും വേലയ്ക്ക് അപേക്ഷിച്ചതിൽ, ശങ്കരൻ തമ്പിയുടെ ശിപാർശ അനുസരിച്ച് ആ "കച്ചവടക്കാര" നെ പെറ്റിയാപ്സരായി നിയമിച്ചതും, മറ്റേ ആളോട് മിസ്തർ പൊന്നമ്പലം പിള്ളയുടെ സേവനായ ഒരു സിൽബന്തി ഏതാനും പണം ആവശ്യപ്പെട്ടതും, ഈ ആളെ ഒരാണ്ടോളം കാലം,ഒഴിവു വരുമ്പോൾ ആപ്പീസിൽ ഹാജരാകാൻ പറഞ്ഞിരുന്നതും ഞങ്ങൾക്കറിയാം. മിസ്തർ പൊന്നമ്പലം പിള്ളയുടെ കീഴിൽ കുത്തകയേറ്റിട്ടുള്ള ചിലരുടെ ശിപാർശക്കത്തുകളും കൊണ്ട് ചിലർ  ആവശ്യം സാധിച്ചിട്ടുള്ളതും, മറ്റു ചിലർ മിസ്തർ പൊന്നമ്പലം പിള്ളയുടെ അടികളെ അങ്ങുമിങ്ങും തുടരേണ്ടി വന്നതും ഞങ്ങളറിഞ്ഞിട്ടുണ്ട്. ഇപ്രകാരമുള്ള ദുർന്നയങ്ങളാലും, അക്രമങ്ങളാലും, മിസ്തർ പൊന്നമ്പലം പിള്ള അലങ്കോലമാക്കിയിരിക്കുന്ന എക്‌സൈസ് ഡിപ്പാർട്ടുമെണ്ടിനെ ശുചീകരിക്കുന്നതിനു മിസ്തർ രാമൻ പിള്ളക്ക് മുഖ്യമായി നോക്കേണ്ടത്, ഡിപ്പാർട്ടുമെണ്ട് ദുഷിച്ചിട്ടുള്ളതിന് വാസ്തവമായ കാരണങ്ങൾ എന്തൊക്ക ആണെന്നാകുന്നു. ആ കാരണങ്ങളെ തേടിപ്പിടിച്ച് അടിയോടെ മാറ്റേണ്ടതാണ് ഈ ശുചീകരണ വിഷയത്തിൽ അവശ്യം ചെയ്യാനുള്ളത്. അന്യായ വഴികളിൽ കൂടെ തൻ്റെ ഡിപ്പാർട്ടുമെണ്ടിലെ ചുമതലപ്പെട്ട ജീവനങ്ങളിൽ കടന്നിട്ടുള്ളവർ ഒരിക്കലും അതേവിധം അന്യായത്തെ ആശ്രയിക്കാതെയിരിക്കയില്ലാ എന്നത് നിശ്ചയമാണ്. അത്തരക്കാരെ കൊണ്ട് ഡിപ്പാർട്ടുമെണ്ട് വഷളാകയും, ജനങ്ങൾ ക്ലേശിക്കയും ചെയ്യുമെന്നുള്ളതും ഓർക്കേണ്ട സംഗതിയാണ്. ഇനിയൊന്നുള്ളത് വളരെക്കാലം അതേ ഡിപ്പാർട്ടുമെണ്ടിൽ ഇരുന്ന് സർക്കാരിനെ സേവിച്ചിട്ടുള്ളവരും തങ്ങളുടെ യാതൊരു വീഴ്ചയാലും സർവീസിൽ നിന്ന് തള്ളപ്പെടുവാൻ സംഗതിയില്ലാത്തവരും എന്നാൽ, മൗനപൂർവം ഉപേക്ഷിക്കപ്പെട്ടവരും ആയവർക്ക് അർഹത പോലെ വേല വീണ്ടും കൊടുക്കുക എന്ന കാര്യമാകുന്നു. ഇത് ഡിപ്പാർട്ടുമെണ്ട് ഉദ്യോഗസ്ഥന്മാരുടെ വിശ്വസ്തതയെപ്പറ്റി സംശയം തട്ടീട്ടുള്ള ഇവരുടെ ഉള്ളിൽ ഡിപ്പാർട്ടുമെണ്ടിന്‍റെ നീതിനിഷ്ഠയെക്കുറിച്ച് ഉറപ്പു വരുത്തുന്നതിന് അത്യന്താപേക്ഷിതമാകുന്നു. എക്‌സൈസ് മുതലെടുപ്പിനെ ചിന്തിക്കുന്നതായാൽ, പ്രത്യേകിച്ച് വടക്കൻ ഡിവിഷനിൽ പലെടങ്ങളിലുമുണ്ടായിട്ടുള്ള കുഴപ്പങ്ങളെ ശരിപ്പെടുത്തുകയും, മുതൽ വർദ്ധനയുടെ പരിണാമത്തെ പരിശോധിക്കയും ചെയ്യുന്ന പക്ഷം, സർക്കാരിലേക്ക് കിട്ടുമായിരുന്ന ആദായത്തെ അപഹരിച്ച് കളഞ്ഞിട്ടുള്ളവരുടെ കൃത്രിമങ്ങൾ എന്തെന്ന് മനസ്സിലാവാനും, ഈ ഡിപ്പാർട്ടുമെണ്ട് നിമിത്തം ഗവർന്മേണ്ടിലേക്ക് തൻ്റെ പ്രയത്നത്താൽ ജനമർദ്ദനം കൂടാതെ മുതൽ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ചാരിതാർഥ്യപ്പെടുവാനും മിസ്തർ രാമൻപിള്ളയ്ക്ക് സംഗതി വരുന്നതാണ്. 
You May Also Like