തിരുവിതാംകൂർ രാജ്യഭരണം

  • Published on April 25, 1908
  • By Staff Reporter
  • 489 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

1082 - ാം കൊല്ലത്തിലെ രാജ്യഭരണ റിപ്പോർട്ടിൽ പ്രധാനങ്ങളായ ഭാഗങ്ങളെ ഞങ്ങൾ കഴിഞ്ഞ ലക്കത്തിൽ പ്രസ്താവിച്ചിരുന്നുവല്ലോ. മേൽപ്പടി ഭരണ റിപ്പോർട്ടിൻ്റെ ഒരു പ്രതി; ഗവൺമെന്‍റില്‍ നിന്ന് അയച്ചു തന്നത്, ഇപ്പോൾ ഞങ്ങൾക്ക് കിട്ടിയിരിക്കുന്നു. 1907 ഡിസംബറിൽ തന്നെ തയ്യാറായിരുന്ന ഈ റിപ്പോർട്ട്, പുറമെ കൊടുക്കുവാൻ ഇത്രകാലം വൈകിയത് എന്തുകൊണ്ടായിരുന്നാലും, ഈ വിധത്തിലുള്ള കാലവിളംബം യുക്തമല്ലെന്നു പറയുന്നത് അനപേക്ഷിതമായി ഗണിക്കപ്പെടുവാൻ സംഗതിയില്ലെന്നു വിചാരിക്കുന്നു. ഈ റിപ്പോർട്ടിലെ പലേ വിവരങ്ങളും, ഇക്കഴിഞ്ഞ "ശ്രീമൂലം പ്രജാസഭാ" യോഗത്തിലെ അധ്യക്ഷനായിരുന്ന ദിവാൻജി വായിച്ച പ്രസംഗത്തിൽ  സംഗ്രഹിച്ചിരുന്നവ തന്നെയാണ്. ആകപ്പാടെ നോക്കിയാൽ, മാറിപ്പോയ ദിവാൻ മിസ്റ്റർ ഗോപാലാചാര്യരുടെ ഭരണകാലത്ത്, ഗവൺമെന്‍റ് പല സംഗതികളിലും ഉത്സാഹപൂർവ്വം വേല ചെയ്തിരുന്നു എന്നും; "രാജസേവകപ്പാവ" എന്നുള്ള ആശ്രിത ഭാവത്തെ അദ്ദേഹത്തിൻെറ തലയിൽ കയറ്റാതിരുന്നുവെങ്കിൽ, മിസ്റ്റർ ഗോപാലാചാര്യർ തൻ്റെ ഉദ്യോഗകീർത്തിക്ക് തിരുവിതാംകൂറിനെ ഇത്രവേഗം ശവകുടീരമായി ഭവിപ്പിക്കേണ്ടി വരുകയില്ലായിരുന്നു എന്നും പറയാതെ കഴിയുകയില്ല. ഒരു മന്ത്രി ചെയ്ത ഭരണപ്രവൃത്തിയെപ്പറ്റിയുള്ള റിപ്പോർട്ട് എഴുതുവാൻ മറ്റൊരു മന്ത്രിയ്ക്ക് ഇടവരുത്തുന്നതു സംഭവ്യമെങ്കിലും, ശോചനീയമായ സംഭവം തന്നെയാകുന്നു. ഈ വിമർശങ്ങളോടു കൂടി, പ്രസ്തുത വർഷത്തിലെ രാജ്യഭരണത്തെ, അതിൻ്റെ നാനാ വകുപ്പുകളിലും കടന്ന്, അന്വേഷിക്കണമെന്ന് ഞങ്ങൾ വിചാരിക്കുന്നു. 

ഒന്നാമതായി പറയാനുള്ളത് ഭൂഭരണത്തെക്കുറിച്ചാണ്. നിലം പുരയിടങ്ങളുടെ കരത്തിൽ ഉള്ള പുതുമുതൽ ഇനത്തിൽ പിരിയേണ്ട തുക 1081 വർഷം 25, 26, 959 - രൂപയായിരുന്നത് 1082 - ൽ 29, 06, 063 രൂപയായിക്കൂടി. ഇതിൽ കൂടുതലായി വന്ന തുക, കണ്ടെഴുത്തു പുതുക്കരം മാറ്റി പണക്കരം ആക്കിയതിനാലുള്ള ഭേദം നിമിത്തവും ഉണ്ടായതാണെന്ന് കാണുന്നു. ഭൂനികുതിയിൽ പിരിക്കേണ്ട വകയിൽ കുടിശ്ശികയിനത്തിൽ പിരിഞ്ഞതും, കണക്കിൽ കുറച്ചതും നീക്കി, 1081 -  ാം ആണ്ട് 3,12,920 രൂപ ബാക്കിയുണ്ടായിരുന്നു.  1081 -  ാം ആണ്ട്  211,595 രൂപയേയുണ്ടായിരുന്നുള്ളു. പുതുമുതൽ ഇനത്തിൽ നൂറിന് 98 വീതം നികുതി പിരിച്ചിട്ടുണ്ട്. മുൻ കൊല്ലത്തിൽ 95 വീതമേ പിരിഞ്ഞിരുന്നുള്ളു ഇത്രയധികം പിരിവ് നടത്തി, ബാക്കി ചുരുക്കിയത്, ദിവാൻ മിസ്റ്റർ ഗോപാലാചാര്യരുടെ പ്രയത്നത്താലാണെന്നും, അദ്ദേഹം, നികുതി വസൂലാക്കുന്നകാര്യത്തിൽ പ്രത്യേകം നിഷ്‌കർഷ വച്ചിരുന്നു എന്നും അഭിമാനിക്കപ്പെട്ടു കാണുന്നുണ്ട്. ഒരുലക്ഷത്തിലധികം കേസ്സുകളിൽ അഞ്ചുലക്ഷത്തിലധികം രൂപ കരത്തിന് ഡിമാൻഡ് നോട്ടീസ് അയച്ചിരുന്നു എങ്കിലും, ആകെ 93 കേസ്സുകളിലേ വസ്തുവില്പന നടത്തേണ്ടതായി വന്നിരുന്നുള്ളു എന്നും, ഇതു തന്നെയും 3681 രൂപ വസൂലാക്കാനായിരുന്നു എന്നും പ്രസ്താവിച്ചിരിക്കുന്നു. ഡിമാൻഡ് നോട്ടീസ് കിട്ടിയാലല്ലാതെ, നികുതി അടയ്ക്കുന്നതിന് മനസുവയ്ക്കാത്തവരാണ് കുടിയാനവന്മാരിൽ പലരും, എന്നുതോന്നുന്നതായി ഗവണ്മെന്‍റ്  ആക്ഷേപം പറയുവാൻ സംഗതിയായത്, കുടിയാനവാന്മാരുടെ മടികൊണ്ടോ, കൃഷി ഫലത്തിൻെറ മോശമായ അവസ്ഥയാൽ നേരിട്ടു വരുന്ന ക്ലേശങ്ങൾക്കൊണ്ടോ, എന്താണെന്ന് അന്വേഷിക്കേണ്ടതാകുന്നു. പുതുവൽ - പോക്കുവരവ് - കേസ്സുകൾ തീർച്ച ചെയ്‌തത്‌ വളരെ അതൃപ്തികരമായിരുന്നു എന്ന് ആക്ഷേപം പുറപ്പെടുവിച്ചിട്ടുണ്ട്. ഭൂനികുതി വകുപ്പിലെ മുഖ്യങ്ങളായ രണ്ട് പ്രവൃത്തികൾ മേല്പറഞ്ഞവയാണ്. അവയെ കാലവിളംബരം കൂടാതെ തീർച്ച ചെയ്യേണ്ട ചുമതല ജീവനക്കാർ, വേലനീക്കം വരുത്തുന്നതു കൊണ്ട് കുടിയാനവന്മാർക്ക് വളരെ ക്ലേശങ്ങൾ നേരിടുമാറുണ്ട്. തിരുവനന്തപുരം ഡിവിഷനിൽ 1077 - ാം ആണ്ട്  മുതൽ 1080 വരെയുള്ള കാലത്തേക്ക് 2,208 പുതുവൽക്കേസുകളും, 304 പോക്കുവരവ് കേസുകളും 1082 - ാം  കൊല്ലം അവസാനത്തിൽ കുടിശ്ശികയായിക്കിടന്നിരുന്നു എന്നു കാണുന്നത്, റവന്യു ഉദ്യോഗസ്ഥന്മാരുടെ പിടിപ്പുകേടിനെ ലക്ഷ്യപ്പെടുത്തുന്നതാണ്. ഈവകക്കേസുകൾ ചിറയിൻകീഴ്, നെടുമങ്ങാട് ഈ താലൂക്കുകളിൽ പലേ പ്രകാരത്തിൽ കുഴപ്പങ്ങൾക്ക് പാത്രമാക്കിത്തള്ളിയിരിക്കുന്ന വിവരം ഈ പത്രം  മുഖേന തന്നെ ഞങ്ങൾ മുമ്പ് പലകുറി പ്രസ്താവിച്ചിട്ടുള്ളതാണ്. 

  

You May Also Like