വ്യവഹാര കാര്യം - തഹശീൽകേസ്

  • Published on May 02, 1906
  • Svadesabhimani
  • By Staff Reporter
  • 113 Views

അന്യായഭാഗം ഒന്നം സാക്ഷി തഹശീൽദാർ ശങ്കരനാരായണയ്യരുടെ മൊഴി. 

തുടർച്ച

2 മുതൽ പ്രതിവക്കീൽ ക്രാസ്സ്.

ഉത്സവത്തിൻ്റെ ഇടയ്ക്ക് അടിക്കണമെന്ന് ഗൂഢമായി ആലോചനയുള്ള വിവരം ഞാൻ പോലീസുകാരുടെ അടുക്കൽ പറഞ്ഞിട്ടില്ലാ. അങ്ങിനെ ആലോചന നടന്നതായി ഉത്സവത്തിന് മുമ്പ് തന്നെ ഞാൻ അറിഞ്ഞു. ചോദ്യം- അങ്ങക്കു ആ വർത്തമാനം കേട്ടതിൽ ആശ്ചര്യം തോന്നിയോ? ഉത്തരം- ഞാൻ അതിനെ ഗൗനിച്ചില്ലാ. എന്നാൽ ഉത്സവം കഴിയുന്നതുവരെ കരുതിയിരിക്കാമെന്ന് വിചാരിച്ചു. ഈ വർത്തമാനം എന്നോടു പറഞ്ഞവർ എന്നെക്കുറിച്ച് സ്ഥായിയും സ്നേഹവും ഉള്ള ആളുകൾ ആണ്. ആദ്യം ഈ വർത്തമാനം എന്നോടു പറഞ്ഞത് ആരാണെന്ന് ഓർമ്മിക്കുന്നില്ലാ. പിന്നീട് പറഞ്ഞിട്ടുള്ളവരുടെ ആരുടെയും പേരുകൾ ഓർമ്മിക്കുന്നില്ലാ. അമ്പലപ്പുഴ ക്ഷേത്രത്തിൽ പതിവായി പാലളക്കുന്നവരായി 10 വീട്ടുകാരില്ലയോ എന്ന ചോദ്യം - 500 കയ്ക്കണക്ക് കൊടുക്കുന്നുണ്ട്. അത്രയും വീട്ടുകാരോ അത്രയും പേരോ ഉണ്ടെന്നു നിശ്ചയമില്ല ................... എന്നാൽ ചിലപ്പോൾ ഒരാൾ തന്നെ ഒന്നിലധികം കയ്ക്കണക്കുകൾ വാങ്ങും. പതിവ് പാൽകാരു ആരും ഈ കഴിഞ്ഞ ചിങ്ങം 2നു പാൽ അളന്നില്ലല്ലോ? എന്നു ചോദ്യം. അവർ  പാൽ കൊണ്ടുവന്നു. അവരെക്കൊണ്ടു ദുർബോധനക്കാരു അന്നു പാൽ അളപ്പിച്ചില്ലാ എന്നുത്തരം. ചിങ്ങം 2നു നടന്ന സംഗതിക്ക് പാൽ അളവുകാരു എൻ്റെ മേൽ പരാതി ബോധിപ്പിച്ചിട്ടുണ്ട്. എത്ര ആൾ പരാതി ബോധിപ്പിച്ചിട്ടുണ്ടെന്ന് അറിഞ്ഞുകൂടാ. പരാതിക്കാർ പത്തുനൂറു പേരിലധികം ആളുകൾ കാണും. പാൽ അളവുകാരുടെ കൂട്ടത്തിൽ പല സ്ഥിതിയിലുള്ള ആളുകളും ഉണ്ട്. പാൽ അളക്കുന്നതിന് തടസ്ഥം ചെയ്തതു 5 പേരാണ്. അതിൽ രണ്ടു പേർ രണ്ടും മൂന്നും പ്രതികൾ ആണ്. അവരു പോകെ (1) കടയ്ക്കൽ പരമുക്കുറുപ്പും (2) ചമ്പക്കാട്ടു ഉണ്ണി എന്നവനും (3) കൊക്കാട്ടു രാമകൃഷ്ണൻ എന്നവനും ആണ്. ചോദ്യം- പാൽ അളവു തർക്കം ഉണ്ടാക്കിയവരുടെ കൂട്ടത്തിൽ താമരഭാഗത്ത് പണിക്കരു എന്നൊരാൾ കൂടി ഉണ്ടായിരുന്നോ? ഉത്തരം- മുൻപിട്ട് നിന്നിരുന്നവരുടെ കൂട്ടത്തിൽ താമരഭാഗത്ത് പണിക്കരെ കണ്ടില്ലാ. പാൽ അളവു സംഗതിയെ സംബന്ധിച്ചു ഹർജിക്കാരെക്കൊണ്ട് മൊഴി കൊടുപ്പിച്ചത് താമരഭാഗത്ത് പണിക്കരാണെന്നു പിന്നെ എനിക്ക് അറിവ് കിട്ടി. താമരഭാഗത്ത് പണിക്കരും നിങ്ങളും തമ്മിൽ ചിങ്ങം2 നു മുൻപുതന്നെ വിരോധം ആയിരുന്നില്ലേ? എന്നു ചോദ്യം. താമരഭാഗത്ത് പണിക്കരു പാൽ കേസ്സിനു മുമ്പ് എന്നെയും സർക്കാരെയും പ്രതി ചേർത്ത് ഒരു സിവിൽ കേസ്സ് കൊടുത്തിട്ടുണ്ട് എന്നുത്തരം. താമരഭാഗത്തു പണിക്കർക്ക് എന്നോട് വിരോധമുണ്ടോ എന്നു എനിക്ക് അറിഞ്ഞുകൂടാ. പാൽകേസ്സിനെ പറ്റി ഞാൻ ഡിവിഷിനലിൽ മൊഴി കൊടുത്തിട്ടുണ്ട്. താമരഭാഗത്ത് പണിക്കർക്ക് നിങ്ങളോട് വിരോധമാണെന്നു ആ മൊഴിയിൽ പറഞ്ഞിട്ടുണ്ടോ എന്നു ചോദ്യം. അയാളുടെ പേരിൽ കരക്കുടിശ്ശികയ്ക്കു നടപടി നടത്തിയിട്ടുണ്ട്. അതിലേക്കു സിവിൽ വ്യവഹാരം ചെയ്തിട്ടുണ്ട്.  അതു സംബന്ധിച്ച് വിരോധം ഉണ്ട്. ആ വിരോധത്തെപ്പറ്റിയാണ് ഡിവിഷൻ കച്ചേരിയിൽ പാൽ അളവു സംഗതിക്കു കൊടുത്ത മൊഴിയിൽ പറഞ്ഞിട്ടുള്ളത് എന്നുത്തരം. മേൽപ്പറഞ്ഞ അഞ്ചുപേരിൽ പരമുക്കുറുപ്പിനു എന്നോട് വിരോധമുള്ളതായി എനിക്ക് അറിഞ്ഞുകൂടാ. പരമുക്കുറുപ്പ് എന്നെ വഴിക്കു വെച്ചു അധിക്ഷേപിച്ചതുകൊണ്ടു അയാൾ എന്നെ അക്രമിച്ചു സമാധാനലംഘനം നേരിടുവിച്ചുവെന്ന്  ഞാൻ കഴിഞ്ഞ ആണ്ടിൽ ഡിസ്റ്റ്രിക്ട് മജിസ്റ്റ്രേട്ടിൽ റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. അധിക്ഷേപിച്ചതു കഴിഞ്ഞ ആണ്ടു കുംഭമാസത്തിലാണ് റിപ്പോർട്ടും ആ‍യിടയ്ക്ക് വിസ്തരിച്ചു തള്ളിയിരിക്കാം. പാൽ അളവുകാരെക്കൊണ്ട് ചിങ്ങം 2നു  പാൽ അളപ്പിക്കണമെന്നു ഞാൻ പറഞ്ഞപ്പോൾ അളപ്പിക്ക ഇല്ലെന്നു തർക്കിച്ചതു രണ്ടും മൂന്നും പ്രതികളും മേല്പറഞ്ഞ മറ്റു മൂന്നു ആളുകളുമാണ്. ചിങ്ങം 2നു മുമ്പു രണ്ടും മൂന്നും പ്രതികൾക്ക് നിങ്ങളോട് വല്ല വിരോധത്തിനു കാരണം ഉണ്ടോ? എന്നു ചോദ്യം. ചിങ്ങം 2നു മുമ്പു രണ്ടാം പ്രതിക്കു എന്നോടു വിരോധം ഉണ്ടോ എന്നു അറിഞ്ഞുകൂടാ. മൂന്നാം പ്രതിയെ വേല നോക്കിക്കരുതെന്നു ചിങ്ങം 2നു മുമ്പു ഞാൻ തീർച്ച ചെയ്തിട്ടുണ്ട്. ആ വിരോധം അയാൾക്കുണ്ട്. ചിങ്ങം 2 നു മുമ്പു രണ്ടാം പ്രതിക്ക് എന്റെമേൽ വിരോധത്തിനു കാരണം ഉള്ളതായി എനിക്കറിവില്ല എന്നുത്തരം.    പാൽ അളവു സംഗതി സംബന്ധിച്ച്  രണ്ടും മൂന്നും പ്രതികൾ സഹായിക്കാൻ  പോകുന്നതിനു മുമ്പ് അവർക്ക് എന്റെമേൽ വിരോധത്തിനു ഞാൻ അറികെ കാരണം ഉണ്ടായിട്ടില്ല. ചോദ്യം- പാൽ അളവു സംഗതിയെ സംബന്ധിച്ച് നാലും അഞ്ചും പ്രതികൾ  നിങ്ങൾക്ക് വിരോധമായി പ്രവർത്തിച്ചതിന് കാരണം എന്തായിരിക്കാമെന്നാണ് നിങ്ങൾ വിചാരിക്കുന്നതു? രണ്ടും മൂന്നും പ്രതികളുടെയും മറ്റും പേരിൽ ഞാന് റിപ്പോർട്ട് ചെയ്തുകൊണ്ട് അവർക്ക് ദോഷം വരാതിരിക്കാൻ വേണ്ടി നാലും അഞ്ചും പ്രതികൾ അവരെ സഹായിച്ചതായിരിക്കും എന്നാണ് ഞാൻ വിചാരിക്കുന്നതു. ........എന്നും ഉത്തരം. പാൽ അളവുകാരു ചിങ്ങം 2 നു പാൽ അളവ് സംഗതിയെപ്പറ്റി ഒരു കമ്പി അയച്ചിട്ടുണ്ട്. പാൽ അളവുകാരു എൻ്റെ മേൽ ബോധിപ്പിച്ച ഹർജ്ജിയെപ്പറ്റിയാണ് ഇപ്പോൾ വിചാരണ നടക്കുന്നത്. എൻ്റെ റിപ്പോർട്ടിനെപ്പറ്റി അല്ല. പാൽ അളവ് സംഗതിയിൽ നിങ്ങൾക്ക് എതിരായി നിന്നതു കൊണ്ടു അവരോട് നിങ്ങൾ വിരോധം ഉണ്ടോ എന്നു ചോദ്യം. ഇല്ലാ എന്നുത്തരം. നാലാം  പ്രതി മണക്കാടമ്പള്ളി മേനവനെ അറിയാം. അയാൾ ഒരു പുരാതന കുടുംബക്കാരനാണോ എന്നു എനിക്കു അറിഞ്ഞുകൂടാ. നാലാം പ്രതി മെട്രിക്കുലേഷൻ പരീക്ഷയിൽ ജയിച്ചിട്ടുണ്ടോ എന്നു നിശ്ചയമില്ല. അഞ്ചാം പ്രതി തിരുവനന്തപുരത്തുകാരനെന്നാണ് എൻ്റെ ബോധ്യം. അയാൾ അമ്പലപ്പുഴ വന്നതിൽ പിന്നെ ചികിത്സക്കായി താമസിക്കയാണ്. അയാൾ അമ്പലപ്പുഴ താമസിക്കുന്നത് സ്വന്തവീട്ടിലല്ല. പാൽ അളവിനെപ്പറ്റി ആദ്യം അയച്ച കമ്പി നാലാം പ്രതി അയച്ചതാണോ എന്നു എനിക്കു ഇപ്പോൾ ഓർമ്മയില്ല. മൂന്നാം പ്രതിയെ വേല വിരോധിച്ചത് ആടിമാസം ഒടുവിലാണ്...........................മൂന്നാം പ്രതി വീഴ്ച്ചക്കു  കാരണമുണ്ടാക്കുന്നതിന് മുമ്പ് എൻ്റെ മേൽ പരാതി ഹർജ്ജി കൊടുത്തിട്ടുണ്ടോ എന്നും ഓർമയില്ലാ. ആറാട്ടിന് പതിവായിട്ട് തഹശീൽദാർ കൂടെ ചെന്നു എഴുന്നള്ളിച്ച് കൊണ്ടുവരുന്ന പതിവുണ്ട്. ചോദ്യം- ആറാട്ടിന് തഹശീൽദാർ എപ്പോൾ കൂടെ ചെല്ലണമെന്നാണ് പതിവ്? ഉത്തരം- അങ്ങനെ പതിവൊന്നും ഇല്ല. ആറാടിക്കഴിഞ്ഞു തിരികെ എഴുന്നള്ളിച്ച് വരുന്ന വഴിമദ്ധ്യേ ഞാനും കൂടി ചെന്നു എഴുന്നള്ളിച്ച് കൊണ്ടുവരുന്നതാണ്, ഞാൻ ചെന്നതിൽ പിന്നെ പതിവ്. കഴിഞ്ഞയാണ്ട് ആറാട്ടിന് എഴുന്നള്ളിച്ച് പാതിവഴി വന്നതിൽ പിന്നെ ഞാൻ ചെന്നു എന്നാണ് ഓർമ്മ. ആറാട്ടുനാൾ ഞാൻ മഠത്തിൽ പോയില്ല. അമ്പലത്തിൽ തന്നെയായിരുന്നു. കടപ്പുറത്തേക്ക് തിരിക്കുന്നതിന് മുമ്പ് ഞാൻ കലവറപ്പന്തലിൽ ഇരിക്കയായിരുന്നു. രാത്രി 9  മണി മുതൽ അവിടെ ഇരിക്കുകയായിരുന്നു. ഊണും കഴിഞ്ഞ് 9 മണിക്കാണ് അവിടെ വന്നത്. ഞാൻ കലവറ വാതുക്കൽ പന്തലിൽ ഇരുന്നു ഓരോ കാര്യങ്ങൾ ശട്ടം കെട്ടിക്കൊണ്ടിരിക്കയായിരുന്നു. ശട്ടം കെട്ടിയ ആളുകളുടെ ആരുടെയും പേര് ഇപ്പോൾ ഓർക്കുന്നില്ല. അപ്പോൾ കീഴ്ജീവനക്കാർ കൂടാതെ പലരും പന്തലിൽ വന്നും പോയും ഇരുന്നു.

(*)missing   

You May Also Like