കേരളവാർത്ത - തിരുവിതാംകൂർ

  • Published on July 25, 1906
  • By Staff Reporter
  • 205 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 ഡര്‍ബാര്‍ ഫിസിഷന്‍ തെക്കന്‍ സര്‍ക്കീട്ടുകഴിഞ്ഞു മടങ്ങി തലസ്ഥാനത്തു എത്തിയിരിക്കുന്നു.

 ഒഴിവുവാങ്ങി ഡിന്‍ഡിഗലിലേക്കു പോയിരുന്ന മിസ്റ്റര്‍ വി. നാഗമയ്യര്‍ മടങ്ങി എത്തി കുറ്റാലത്തു  പാർത്തുവരുന്നുവത്രേ.

 മൂവാറ്റുപുഴ അസിസ്റ്റന്‍റ് ഇഞ്ചിനീയര്‍ മിസ്റ്റര്‍ എവറാര്‍ഡ് ഒരുമാസത്തെ ഒഴിവു വാങ്ങിപ്പോയിരിക്കുന്നു.

 തിരുവനന്തപുരത്തും അയല്‍പ്രദേശങ്ങളിലും ഇക്കഴിഞ്ഞ ആഴ്ചയില്‍ മിക്കദിവസവും മഴ കലശലായിരുന്നു.

 സ്ക്കൂള്‍റേഞ്ജ് ഇന്‍സ്പെക്ടര്‍ മിസ്തര്‍ സി. കൃഷ്ണപിള്ള, ബി. ഏ. കോട്ടയത്തുനിന്ന് തിരുവനന്തപുരത്തെത്തി ചാര്‍ജേറ്റിരിക്കുന്നു.

 ഹജൂര്‍ കണ്ടെഴുത്തുപേഷ്കാരുടെ ആപ്പീസിലെ ജോലിക്കാര്‍ക്ക് ശമ്പളക്കൂടുതല്‍ കൊടുത്തിരിക്കുന്നു.

 കോട്ടയം പോലീസ് അസിസ്റ്റന്‍റ് സുപ്രേണ്ട് മിസ്തര്‍ ഫര്‍ഗുസന്‍ കാര്യവശാല്‍ തലസ്ഥാനത്തുചെന്നിരിക്കുന്നു.

 കോട്ടയം ദിവാന്‍ പേഷ്കാര്‍ മിസ്തര്‍ ശങ്കരമേനോന്‍, ഒഴിവുള്ള ഹെഡ് സര്‍ക്കാര്‍ വക്കില്‍വേലയ്ക്ക് അപേക്ഷിച്ചിരിക്കുന്നുപോല്‍

 അസിസ്റ്റന്‍റ് ഹെഡ് സര്‍ക്കാര്‍ വക്കീല്‍ സ്ഥാനം വേണ്ടെന്നു വെയ്ക്കുവാൻ  ഇടയുണ്ടെന്നറിയുന്നു.

 ഇഞ്ചിനീയര്‍ വകുപ്പില്‍ ഓവര്‍സീയര്‍ മിസ്തര്‍ രാമന്‍പിള്ളയുടെ ശമ്പളത്തില്‍ പത്തുരൂപ കുറച്ചിരിക്കുന്നു.

 നെടുമങ്ങാട്ടു പോലീസ് ഇന്‍സ്പെക്ടര്‍ മിസ്തര്‍ ഡാനിയലിനെ ആ ജോലിയില്‍ സ്ഥിരപ്പെടുത്തുവാന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നു.

 ദിവാന്‍ ഇഞ്ചാര്‍ജ് മിസ്തര്‍ രാജരാമരായര്‍ സുഖക്കേടുനിമിത്തം ഈയിട ഹജൂര്‍കച്ചേരിയില്‍ ഹാജരാകാറില്ലാ.

  ജെനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ സ്റ്റോറില്‍ അസിസ്റ്റന്‍റായിട്ടു മിസ്തര്‍ സി. കേ. താണുപിള്ളയെ നിയമിച്ചിരിക്കുന്നു.

 കന്യാകുമാരിയിലെ റെസിഡന്‍സിയെ സര്‍ക്കാരില്‍നിന്ന് തിരികെ കൈവശപ്പെടുത്തിയിരിക്കുന്നു.

ഹജൂര്‍ ഖജനാശ്രാപ്പായി മിസ്റ്റര്‍ എസ്. വി കൃഷ്ണസ്വാമി ശാസ്ത്രികളെ നിശ്ചയിച്ചിരിക്കുന്നു.

 മഹാരാജാവു തിരുമനസ്സുകൊണ്ട് കര്‍ക്കടകം 15-നു- കന്യാകുമാരിയില്‍ എഴുന്നള്ളുമെന്ന് അറിയുന്നു.

 മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ രണ്ടു നെല്പുരകളെ നിറുത്തലാക്കുകയില്ലെന്നു സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിരിക്കുന്നു.

 എക്സൈസ് വകുപ്പില്‍ ഒമ്പത് സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍മാര്‍ വേണമെന്നാണ് കമ്മിഷണര്‍ ശുപാര്‍ശി ചെയ്തിരിക്കുന്നതെന്നറിയുന്നു.

 ജനറല്‍ആശുപത്രി സ്റ്റോറില്‍ അക്കൌണ്ടന്‍റായി, ആശുപത്രി റൈറ്റര്‍ മിസ്തര്‍ മാധവന്‍പിള്ളയെ നിയമിക്കാന്‍ ഇടയുള്ളതായി കേള്‍ക്കുന്നു.

  സ്കൂള്‍ ഇന്‍സ്പെക്ടര്‍ മിസ്തര്‍ പി. രാമസ്വാമിഅയ്യര്‍, കര്‍ക്കടകം 15-നു- ഇടയ്ക്കേ കൊല്ലം റേഞ്ജ് ചാര്‍ജേല്‍ക്കുവാന്‍ പോവുന്നുള്ളു എന്നറിയുന്നു.

 തിരുവിതാംകൂറിനുള്ളിലുള്ള കൊല്ലം തിരുനല്‍വേലി തീവണ്ടിപ്പാതപ്പറമ്പുകളെല്ലാം തങ്കച്ചേരി മജിസ്ട്രേറ്റിന്‍റെ അധികാര അതിര്‍ത്തിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

  തിരുവനന്തപുരത്തു മതില്‍ക്കകത്തു ഇക്കഴിഞ്ഞകുറി നടത്തിയ പെരുന്തമൃതു പൂജ അടിയന്തിരസ്സദ്യ മോശമായി എന്ന് ഒരു ആക്ഷേപം ഉണ്ട്.

 തിരുവിതാംകൂര്‍ വിദ്യാഭ്യാസവകുപ്പിന്‍റെ ന്യൂനതകളെപ്പറ്റിയുള്ള "ശാസ്താ" വിന്‍റെ ലേഖനങ്ങള്‍ പുതിയ ദിവാന്‍ജി വന്നുചേര്‍ന്നശേഷം തുടരുന്നതാണെന്ന് ആ ലേഖകന്‍ വായനക്കാരെ അറിയിക്കുന്നു.

 "കേരളന്‍" മാസികപുസ്തകത്തില്‍ പരസ്യപ്പെടുത്തിയിരുന്ന "പാറപ്പുറം" എന്ന മലയാളം നോവലിനെ, അടുത്ത ഓണനാളില്‍ പുറപ്പെടുവിക്കാന്‍ തക്കവണ്ണം, അതിന്‍റെ പ്രസാധകന്‍ ഏര്‍പ്പാടുചെയ്തിരിക്കുന്നു.

 സര്‍ക്കാരില്‍നിന്ന് കിട്ടിവരുന്ന അടുത്തൂണ്‍ മേലാലും നെല്ലായിട്ട് മതി എന്നും പണമായി വാങ്ങാന്‍ മനസ്സില്ലെന്നും, മാവേലിക്കര മുതലായ സ്ഥലങ്ങളിലെ തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും അഭിപ്രായം അയച്ചിരിക്കുന്നു.

 നെയ്യാറ്റിങ്കര ആശുപത്രിയിലെ അപ്പാത്തിക്കിരി മിസ്തര്‍ ഡാനിയല്‍ നാഗര്‍കോവിലിലേക്കും, അവിടെനിന്ന് മിസ്തര്‍ എം. ആര്‍. പരമേശ്വരന്‍പിള്ള നെയ്യാറ്റിങ്കരയ്ക്കും മാറുന്നതിന് അന്യോന്യം സമ്മതിച്ച് മേലാവിനെ ബോധിപ്പിച്ചിരിക്കുന്നതായി അറിയുന്നു.

 എഡിന്‍ബറോവില്‍ വൈദ്യ വിദ്യാഭ്യാസം ചെയ്യുന്ന മിസ്റ്റര്‍ കേ. രാമന്‍തമ്പി, എം-ബി.സി.എം. അവസാന പരീക്ഷ ജയിക്കയും, പ്രസൂതി കര്‍മ്മത്തിന്‍ പദവി ലഭിക്കയും ചെയ്തിരിക്കുന്നു. മിസ്തര്‍ ജീ. രാമന്‍പിള്ള, എം.ബി.സി.എം. മൂന്നാം പരീക്ഷ ജയിച്ചിരിക്കുന്നു.

 തിരുവനന്തപുരത്ത് ആപ്പീസ് സ്ഥാപിച്ച് ജോലിനോക്കിവന്ന സ്ക്കൂള്‍റേഞ്ച് ഇന്‍സ്പെക്ടര്‍ മിസ്തര്‍ രാമസ്വാമിഅയ്യര്‍ ഇക്കൊല്ലത്തില്‍ ചാലയിലെ മലയാളം ഹൈസ്കൂളിനെ ഒരു തവണയെങ്കിലും പരിശോധിച്ചിട്ടുണ്ടോ എന്നു ഗവര്‍ന്മേണ്ട് അന്വേഷിക്കണമെന്ന് ഒരു മാന്യന്‍ ആവശ്യപ്പെടുന്നു.

 ആറ്റിങ്ങലില്‍ ആപ്പീസിട്ടിരിക്കുന്ന സര്‍വേ അസിസ്റ്റന്‍റ് മരിമിഖേല്‍പിള്ള അവര്‍കള്‍  പലപ്പൊഴും തിരുവനന്തപുരത്തു പോകാറുണ്ടെങ്കിലും, ആ ദിവസങ്ങളില്‍ കൊട്ടാരക്കര മുതലായ സ്ഥലങ്ങളില്‍ "ഇന്‍സ്പെക്ഷ"ന് പോയിരിക്കുന്നതായി  ഡയറി അയച്ചുവരാറുണ്ടെന്നു  സംശയിക്കപ്പെട്ടിരിക്കുന്നു.  ഇതിനെപ്പറ്റി ഗവര്‍ന്മേണ്ട് അന്വേഷിക്കെണ്ടതാകുന്നു.

  തെക്കന്‍തിരുവിതാംകൂറില്‍ മഴയില്ലാതെ കഷ്ടപ്പെടുന്ന ജനങ്ങള്‍ മഹാരാജാവു തിരുമനസ്സിന്‍റെ എഴുന്നള്ളത്തിനെപ്പറ്റി വളരെ സന്തോഷിക്കുന്നു എന്നും, ഇതിനു കാരണം, എഴുന്നള്ളത്തുണ്ടായാല്‍ അവര്‍ക്കു ധാരാളം ജലം കിട്ടുമെന്നുള്ളതാണെന്നും വെസ്റ്റന്‍സ്റ്റാറില്‍ ഒരു ലേഖകന്‍ എഴുതുന്നു. ഇവയുടെ പരസ്പരബന്ധത്തിനുള്ള യുക്തി എന്താണാവോ?

 കൊല്ലം പരവൂരിലെ കമ്പോളത്തില്‍ വച്ച് കള്ളഅളവുകളേയും മറ്റും നോക്കി എടുത്ത് കച്ചവടക്കാര്‍ക്കും ജനങ്ങള്‍ക്കും ക്ലേശങ്ങള്‍ ചില കണ്‍സ്റ്റബിള്‍മാര്‍ ഉണ്ടാക്കിയതായി കഴിഞ്ഞ കുറി "പാര്‍ത്ഥന്‍" പറഞ്ഞത് ഏതാനുമേ സത്യമുള്ളു എന്നും, അവിടെ കള്ള അളവുകള്‍ കൊണ്ട് വ്യാപാരികള്‍ ജനങ്ങളെ ക്രമത്തിലധികം പീഡിപ്പിക്കയാണു ചെയ്യുന്നതെന്നും ഒരു വിശ്വസ്തന്‍ ഒരു ദീര്‍ഘലേഖനം എഴുതി അയച്ചിരിക്കുന്നു.

  സര്‍വേ ആഫീസ്സ് വേലക്കാരെ കുറയ്ക്കുവാന്‍ നിശ്ചയിച്ചിരിക്കുന്ന ഈ അവസരത്തില്‍, ദിവാന്‍ ഇന്‍ചാര്‍ജ് മിസ്തര്‍ രാജാരാമരായരുടെ ആശ്രിതന്മാരായ ചില സര്‍വേ ആഫീസ് ക്ലാര്‍ക്കുകളെ ശമ്പളക്കൂടുതല്‍കൊടുത്ത്, കണ്ടെഴുത്ത് മരാമത്തു ഈ വകുപ്പുകളില്‍ മാറ്റി വരുന്നതായിഅറിയുന്നു. കാറ്റുള്ളപ്പോള്‍ തൂറ്റിക്കൊള്ളുകയാണല്ലൊ തന്ത്രം.

 അന്യന്മാര്‍ എഴുതി പ്രസിദ്ധപ്പെടുത്തീട്ടുള്ള ഉപന്യാസങ്ങളെ അതേവിധം പകര്‍ത്തി സ്വന്തപേരുവച്ച് പത്രങ്ങള്‍ക്കയച്ചു പത്രാധിപന്മാരെ ചതിച്ച് പ്രസിദ്ധമാക്കിവരുന്ന, ചേര്‍ത്തലെ വയലാര്‍ എന്നെടത്തുള്ള ഒരു കുത്സിത ലേഖകന്‍, കേ.ജീ ശങ്കരന്‍നായര്‍, നാരായണന്‍ നായര്‍, എന്നും മറ്റും പല കള്ളപ്പേരുകള്‍ വച്ച് ദൂരസ്ഥന്മാരായ പത്രാധിപന്മാരെ ഇപ്പോഴും ചതിച്ചുവരുന്നതായി ഒരു വിശ്വസ്തന്‍ ഞങ്ങളെ അറിയിച്ചിരിക്കുന്നു. ഈ വിവരം മലബാറിലെ ചില പത്രാധിപന്മാര്‍ അറിയേണ്ടതാണെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു. ഇപ്രകാരം ചില ചതികള്‍ ആരോ ഒരുവന്‍ ഞങ്ങളോടും പ്രയോഗിച്ചിട്ടുണ്ട്.

" സ്വദേശാഭിമാനി" ക്കയച്ചിരുന്നതും "സുജാനന്ദിനി"യില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നതും, ഈ രണ്ടു പത്രങ്ങളും തമ്മില്‍ വഴക്കിന് ഇടയുണ്ടാക്കിയതുമായ ലേഖനം ഞങ്ങള്‍ക്കയച്ചു തന്നതായി പേരെഴുതി ഒപ്പിട്ടിട്ടുള്ള ചേര്‍ത്തല മുകമ്മക്കാരന് ഞങ്ങള്‍ രജിസ്തർ കത്തയച്ചതില്‍ ഇതേവരെ മറുപടി തന്നിട്ടില്ലെങ്കിലും, മറുപടി രസീതിലെ കൈയെഴുത്തും ഒപ്പും ഞങ്ങളുടെ പക്കലുള്ള എഴുത്തിലെ കൈയക്ഷരത്തില്‍നിന്നും ഒപ്പില്‍നിന്നും വളരെ ഭേദപ്പെട്ടവയായി കണ്ടിരിക്കുന്നു. ഇനി, ആ ആളുടെ മറുപടിയെ ഞങ്ങള്‍ പ്രതീക്ഷിച്ചിരിക്കയാണ്.

You May Also Like