വൃത്താന്തകോടി

  • Published on December 13, 1909
  • By Staff Reporter
  • 342 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 റഷ്യയില്‍ മാസ്കൊ എന്ന പട്ടണത്തില്‍ കാളറാദീനം പിടിപെട്ടിരിക്കുന്നതായി അറിയുന്നു.

 കല്‍ക്കത്തായിലെ കാഴ്ചബംഗ്ലാത്തോട്ടത്തില്‍ മൃഗങ്ങളുടെ കൂട്ടത്തില്‍ രണ്ടു പുതിയമാതിരി ഇന്‍ഡ്യന്‍ കാണ്ടാമൃഗങ്ങളെ കൊണ്ടു ഇട്ടിരിക്കുന്നു. അവ നീപ്പാള്‍ ദേശത്തു നിന്ന് കിട്ടിയിട്ടുള്ളവയാണ്.

 തെക്കെ ഇന്ത്യയിലെ സര്‍ക്കീട്ടു കഴിഞ്ഞ് വൈസ്രായിയും പരിവാരവും ഡിസംബര്‍ 15നു- കല്‍ക്കട്ടായില്‍ എത്തുന്നതും, അടുത്ത ദിവസം ലേഡി മിന്‍റോ ഡാര്‍ജിലിങ്ങിലെക്കു പോകുന്നതും ആണെന്നറിയുന്നു.

 അടുത്ത ഭാരതമഹാജനസഭയ്ക്കു അധ്യക്ഷനായിരിക്കാമെന്ന് സമ്മതിച്ചിരുന്ന സര്‍ ഫിറൊസിഷാമേഥാ, ഇപ്പൊള്‍ കഴിയുകയില്ലെന്നു പറഞ്ഞ് ഉപേക്ഷിച്ചിരിക്കുന്നു. കാരണം, സഭാസമ്മേളനം കഴിഞ്ഞിട്ട് അറിയിക്കുന്നതാണുപോല്‍.

  ഗംഗാനദിയില്‍ 'സാറാഗാട്ടില്‍, ഒരു പാലം പണിയുന്നതിന് ബ്രിട്ടീഷ് ഗവര്‍ന്മേണ്ടില്‍നിന്ന് അനുവദിച്ചിരിക്കുന്നു. അതിലെക്കു ഉദ്ദേശം മൂന്നു കോടി രൂപ ചെലവാകുന്നതാണ്. താമസിയാതെ വേല തുടങ്ങുന്നതും നാലു വര്‍ഷം കൊണ്ടു തീരുന്നതും ആണെന്നറിയുന്നു.

 കാഷ്മീയര്‍രാജ്യത്തിലെ ഇലക്‍ട്റിക്കല്‍ എഞ്ചിനീയരായ മിസ്റ്റര്‍ ഇ. സി. ഗുപ്താ എന്ന ആള്‍ അമേരിക്കയില്‍ മെസാച്ചുസററസ് ദേശത്തിലെ മിസ് എത്തല്‍കൊലാര്‍ഡ് എന്ന സ്ത്രീയെ കല്‍ക്കത്തായില്‍ വച്ചു കല്യാണം കഴിച്ചിരിക്കുന്നു. ഈ വിവാഹം പ്രമാണിച്ച് അനേകം അമേരിക്കക്കാര്‍ കല്‍ക്കത്തയില്‍ വന്നിട്ടുണ്ട്.

  പൂനയിലെ കളക്ടര്‍ മിസ്റ്റര്‍ ലെയാര്‍ഡ് മാക്ക് ഗ്രിഗറിന്‍റെ മുമ്പാകെ ഏതാനും റെയില്‍വേ കൊള്ളക്കാരെ പൊലീസുകാര്‍ പിടിച്ച് ചാര്‍ജ് ചെയ്തിരിക്കുന്നു. പിടിച്ചവരില്‍നിന്ന് കിട്ടിയ വര്‍ത്തമാനത്തില്‍ അവര്‍ റെയില്‍വേ കള്ളന്മാരാണെന്നും, മദ്രാസ് റെയില്‍വെ, തെക്കെഇന്‍ഡ്യാ റെയില്‍വേ, മറാട്ടാ റെയില്‍വേ എന്നീ കമ്പനിക്കാരുടെ വണ്ടികളില്‍ സവാരി ചെയ്യുന്നവരുടെ സാമാനങ്ങള്‍ മുതലായവ മോഷ്ടിക്കുന്നതിനും മററുമുള്ള ഏതാനും കള്ളന്മാരുടെ കൂട്ടത്തില്‍ ഉള്ളവരാണെന്നും. പലമാതിരി താക്കോലുകള്‍, പിച്ചാത്തികള്‍ മുതലായത് അവരുടെ പക്കല്‍ ഉണ്ടെന്നും അറിയുന്നു. ഇപ്പൊള്‍ കിട്ടിയിട്ടുള്ള 12 പേരെയും മുറയ്ക്കു ജയിലില്‍ ബന്തോവസ്തു ചെയ്തിരിക്കുന്നു

 കുറെമുമ്പ് കല്‍ക്കത്തായില്‍ ഒരു മരുന്നുഷാപ്പില്‍ ക്ലര്‍ക്കായിരുന്ന ബാസുദേവഭട്ടാചാര്യ എന്നുപേരായ ബെങ്കാളിയുവാവ് ലണ്ടനില്‍ചെന്ന് താമസിച്ചിരുന്നു. അവിടെ വച്ചു ഒരു മദാമ്മയുമായി ഇഷ്ടമാകുകയും ഒടുവില്‍ ആ ഇംഗ്ലീഷ് സ്ത്രീ ഈ ബെങ്കാളിയെ വിവാഹം കഴിക്കയും ചെയ്തു. ആ സ്ത്രീ തന്‍റെ ഭര്‍ത്താവിന്‍റെ അച്ഛനു ഇപ്രകാരം ഒരു എഴുത്തു എഴുതുന്നു. - " നിങ്ങളുടെ മകനെ ഞാന്‍ കല്യാണം കഴിച്ചിരിക്കുന്നു എന്നു പറയുമ്പോള്‍ നിങ്ങള്‍ക്കു വളരെ അതിശയം തോന്നുമായിരിക്കാം. എന്നാല്‍ അതില്‍ അതിശയിക്കാന്‍ ഒന്നും ഇല്ലാ. എന്നെപ്പററി കുറഞ്ഞൊന്നു ഗ്രഹിപ്പിക്കാം. ഞാന്‍ ഒരു ഇംഗ്ലീഷ് സ്ത്രീയാണ്. എനിക്കു അച്ഛന്‍ ഇല്ലാ. അമ്മയുണ്ട്. എനിക്കു വളരെ പണവും ഉണ്ട്. അതിനാല്‍ നിങ്ങളുടെ മകനും വളരെ സുഖമാണ്. മകനെപ്പററി യാതൊന്നും ഭയപ്പെടേണ്ട. അദ്ദേഹം താമസിയാതെ നല്ലസ്ഥിതിയില്‍ വരും. ഞാന്‍ അദ്ദേഹത്തെ അമേരിക്കയില്‍ ന്യുയാര്‍ക്കു പട്ടണത്തില്‍ ചില കൈത്തൊഴില്‍ അഭ്യസിക്കുവാനായി അയച്ചിരിക്കയാണ്. നിങ്ങളുടെ മകനു ജാതിഭേദം വന്നുപോയല്ലോ എന്നു വ്യസനിക്കണ്ടാ. അങ്ങനെ ഒന്നും വന്നിട്ടില്ലാ. കല്യാണത്തിനു മുമ്പ് ഞാന്‍തന്നെ ഹിന്ദുവായി ചേര്‍ന്നു. എന്നെ ഹിന്ദുമതത്തില്‍ ചേര്‍ത്തത് മിസ്റ്റര്‍ ബെപ്പിന്‍ ചന്ദ്രപാള്‍ ആണ്,,.


You May Also Like