വാർത്തകൾ

  • Published on May 13, 1908
  • By Staff Reporter
  • 402 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 അരുമനശ്രീനാരായണന്‍തമ്പിഅവര്‍കളെ തിരുവിതാംകൂര്‍ നിയമ നിര്‍മ്മാണ സഭയില്‍ സാമാജികനായി, ജനപ്രതിനിധികള്‍ തെരഞ്ഞെടുത്തിരിക്കുന്നതായി അറിയുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. ഈ തെരഞ്ഞെടുപ്പിനെ ഗവര്‍ന്മേണ്ടും അംഗീകരിക്കുമെന്നുതന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു. മിസ്റ്റര്‍ തമ്പിയുടെ സാമുദായികമായ സ്ഥാനവലിപ്പത്തെപ്പറ്റി ഞങ്ങള്‍ പറയേണ്ടുന്ന ആവശ്യമില്ലാ. പൊതുജനങ്ങള്‍ക്കു ഉപകാരപ്രദങ്ങളായ കാര്യങ്ങളില്‍ ചേര്‍ന്ന് ഉത്സാഹിക്കുന്നതിനും, പൊതു ജനാഭിപ്രായത്തെ പരിപോഷിപ്പിക്കുന്നതിനും ഇദ്ദേഹത്തെപ്പോലെ യത്നിക്കുന്ന പ്രഭുകുഡംബജാതന്മാര്‍ ഈനാട്ടില്‍ ചുരുക്കമാണ്. നാടുനീങ്ങിപ്പോയ വിശാഖം തിരുനാള്‍ മഹാരാജാ തിരുമനസ്സിലെ പുത്രനായ മിസ്റ്റര്‍ തമ്പി, ആ തിരുമനസ്സിലെ പരിശ്രമശീലത, പൊതുജനക്ഷേമതല്‍പരത, മുതലായ ഗുണങ്ങളെ സിദ്ധിച്ച് ബഹുജന സന്തോഷത്തിന് പാത്രമായിത്തീര്‍ന്നിട്ടുണ്ട്. നാട്ടുകാര്‍ക്കുപകാരപ്പെടാതെ ജീവിതം നയിക്കുന്നവരായിട്ടാണ് ഈനാട്ടിലെ പ്രഭുക്കന്മാരെ പ്രായേണ കണ്ടുവരാറുള്ളത്. എന്നാല്‍, മിസ്റ്റര്‍ തമ്പി, ' നാളതുവരെ' യുള്ള ലോകപരിഷ്കാരചരിത്രജ്ഞാനത്തില്‍ ഉല്‍സുകനും അതിന്‍റെ ഗുണത്തെ പ്രചരിപ്പിക്കുന്നതില്‍ തല്‍പരനും ആകുന്നു. പൊതുജനങ്ങളുടെ കാര്യം, ഇദ്ദേഹത്തിന്‍റെ കൈക്കല്‍ പ്രത്യേകമായ പരിചരണത്തെ ലഭിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

 ചിറയിങ്കീഴ് തഹശീല്‍ മജിസ്ട്രേട്ട് മിസ്റ്റര്‍ പത്മനാഭപിള്ളയുടെമേല്‍ തദ്ദേശനിവാസികള്‍ ഗവര്‍ന്മേണ്ടിന് ബോധിപ്പിച്ച ഹര്‍ജികളേയും, പത്രങ്ങളില്‍ പ്രസ്താവിച്ചിരുന്ന ആക്ഷേപങ്ങളേയും വിചാരണചെയ് വാനായി ഡിവിഷന്‍പേഷ്കാര്‍ മിസ്റ്റര്‍ ശങ്കരപ്പിള്ള ഈയിട ആററങ്ങല്‍ ചെന്ന്, ഏതാനും പേരെ വിളിച്ച് മൊഴിമേടിച്ചിട്ട് മടങ്ങിയിരിക്കുന്നു. ഇങ്ങനെ ഒരു വിചാരണനടത്തി റിപ്പോര്‍ട്ട് അയയ്ക്കുന്നതിന്, പേഷ്കാരോട് ഗവര്‍ന്മേണ്ടാവശ്യപ്പെട്ടിട്ട് കുറെക്കാലമായി; ഒന്നിലധികം പ്രാവശ്യം ഗവര്‍ന്മേണ്ടു, ഈ റിപ്പോര്‍ട്ടാവശ്യപ്പെട്ട് പേഷ്കാരെ ഓര്‍മ്മപ്പെടുത്തി ഉത്തരവയയ്ക്കയും ചെയ്തിരുന്നു.  വിചാരണയെപ്പററി തൃപ്തികരമായ അഭിപ്രായം പറവാന്‍കഴിവില്ലാഎന്നും, തഹശീല്‍ദാര്‍ക്കു ദോഷകരമായ ഭാഗങ്ങളെ വെളിപ്പെടുത്തി ഉറപ്പിക്കുന്നതിനുപകരം, വസ്തുതകളെ തിരിച്ചുപിരിച്ച് കാണിക്കുന്നതിന് ഉതകുന്ന വിധത്തിലായിരുന്നു മൊഴികള്‍ മേടിച്ചിരിക്കുന്നതെന്നും ജനങ്ങള്‍ക്ക് ശങ്കയുണ്ട്. ഹര്‍ജികളില്‍ പ്രമാണിയെ വിചാരണചെയ്തതായി കാണുന്നില്ലാ. ദൂഷ്യങ്ങള്‍ ഉണ്ടായകാലത്ത് തന്നെ വിചാരണനടത്തിയിരുന്നുവെങ്കില്‍, തെളിവുമറയുവാനോ മറയ്ക്കുവാനോ എളുപ്പമായിരിക്കയില്ലായിരുന്നു. തഹശീല്‍ദാര്‍ നിര്‍ദ്ദോഷിയാണെന്ന് സ്ഥാപിച്ചാണ് പേഷ്കാര്‍ റിപ്പോര്‍ട്ടുചെയ്യുന്നതെങ്കില്‍, അത് അത്ഭുതമായി ഞങ്ങള്‍ വിചാരിക്കയില്ലാ.

 മെഡിക്കല്‍ വകുപ്പിലെ അപ്പാത്തിക്കരിമാര്‍ മുതലായവര്‍ക്ക് കയററത്തിനും ശമ്പളക്കൂടുതലിനും വേണ്ട യോഗ്യതയുണ്ടോ എന്നറിവാനായി, ആണ്ടുതോറും പരീക്ഷ നടത്തുക പതിവുണ്ട്. ഈ പരിക്ഷ നടത്തുന്നത് അവരെ എല്ലാം ഒരെടത്തു വിളിച്ചുവരുത്തീട്ടല്ലാ. അതാതുസ്ഥലങ്ങളിലെ താലൂക്ക് തഹശീല്‍ദാര്‍മാര്‍ മുഖേന ചോദ്യപത്രംകൊടുത്ത് അവരുടെ നോട്ടത്തിങ്കീഴ് ഉത്തരം എഴുതിച്ചുവരുത്തുകയാണ് ചെയ്യാറുള്ളത്. ഇതുസംബന്ധിച്ചു ചില അപവാദങ്ങളും നടക്കാറുണ്ട്. ഇംഗ്ലീഷറിവില്ലാത്ത തഹശീല്‍ദാര്‍മാര്‍, പരീക്ഷാമേല്‍നോട്ടക്കാരായിരുന്നാലുള്ള വിശേഷപ്രയോജനം പൂജ്യം തന്നെയാണല്ലൊ. തലസ്ഥാനത്തു നിന്ന് അകലെയല്ലാത്ത ഒരു താലൂക്കിലെ തഹശീല്‍ദാര്‍, ഒരിക്കല്‍ ചോദ്യപത്രത്തെ ഇന്നതെന്നറിയാതെ മെഡിക്കലാഫീസര്‍ക്ക് മുന്‍കൂട്ടി അയച്ചുകൊടുത്തതായും, ആ ഉദ്യോഗസ്ഥന്‍ വിവരംപറഞ്ഞു മട ക്കികൊടുത്തതായും കേട്ടിട്ടുണ്ട്. ഇപ്രകാരമുള്ള ദൂഷ്യങ്ങള്‍ ഉണ്ടാകാതെയിരിക്കുന്നതിന്, പരീക്ഷ ഒരുസ്ഥലത്തുവച്ചു തന്നെ നടത്തുകയാണ് ആവശ്യമായുള്ളത്. ഇതിനെപ്പററി ആക്‍ടിങ് ഡബാര്‍ ഫിസിഷന്‍ ഗവര്‍ന്മേണ്ടിനോടു ശിപാര്‍ശ ചെയ്തിട്ടുള്ളതായി അറിയുന്നു.

 ജെനറല്‍ ആശുപത്രിയിലെ യൂറപ്യന്‍ നഴ് സുകള്‍ക്കു പാര്‍ക്കുവാനായി അയ്യായിരം ഉറുപ്പികയ്ക്കു ആശുപത്രിക്കുസമീപം ഒരു കെട്ടിടവും പറമ്പും സര്‍ക്കാര്‍വാങ്ങീട്ട് ഏതാനും മാസകാലമേ കഴിഞ്ഞിട്ടുള്ളു. ആ കെട്ടിടം പാര്‍ക്കാന്‍ കൊള്ളുകയില്ലെന്നു കണ്ട് വേറെ ഒരു സ്ഥലത്ത് ആറായിരം ഉറുപ്പിക ചെലവുചെയ്ത് ഒരു പുതിയ കെട്ടിടം പണിയുവാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നറിയുന്നത്, കുറെ ആക്ഷേപത്തിനു ഇടയാക്കുന്നുണ്ട്. സര്‍ക്കാര്‍ വിലയ്ക്കു മേടിച്ചകെട്ടിടം പാര്‍പ്പിടമാക്കാന്‍ നല്ലതല്ലെന്ന് വളരെക്കാലം മുമ്പെ ഒരു ശങ്ക ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. അങ്ങനെ ഇരിക്കെ, ക്രമത്തിലധികം വിലകൊടുത്ത് അതുവാങ്ങുവാന്‍ അനുവദിച്ചത് ആരുടെ പ്രേരണയാലാണെന്ന് ഗവര്‍ന്മേണ്ട് അന്വേഷിക്കേണ്ടതായിരുന്നു. സര്‍ക്കാര്‍പണം, ഓരോരോ ഉദ്യോഗസ്ഥന്മാരുടെ ഇഷ്ടംപോലെ "വട്ടെറിഞ്ഞുകളിക്കു,,ന്നതിനായി ഉപയോഗപ്പെടുത്തുവാന്‍ അനുവദിക്കുന്നത് ഗവര്‍ന്മേണ്ടിന്‍റെ കീര്‍ത്തിക്ക് യോജിക്കുന്നതല്ലാ.

 ജെനറല്‍ മെഡിക്കല്‍ സ്റ്റോറില്‍ കണ്ട്റാക്‍ടര്‍ മിസ്റ്റര്‍ ഗോവിന്ദ**********ഏതാനുപണം ഉറപ്പു***************രുന്നത്, മദ്രാസ് അര്‍ബത്ത് നട്ട് കമ്പനിയില്‍ പലിശയ്ക്കു ഏല്പിച്ചിരുന്നതായി അറിയുന്നു. കമ്പനി ഉടഞ്ഞതു നിമിത്തം, മേല്പടി പണത്തില്‍ ഒരു   പങ്കുമാത്രമേ    മേ തിരിയെ കിട്ടുന്നതിന് നിര്‍വാഹമുള്ളു എന്ന് വന്നിട്ടുണ്ട്. ഈ  ഓഹരി ഇന്നകാലത്തിനുള്ളില്‍ വാങ്ങേണമെന്ന്, ഈയിട പരസ്യം ചെയ്തിട്ടുമുണ്ടായിരുന്നു. ഈ വകപണം ഗവര്‍ന്മേണ്ട് വസൂലാക്കുന്നതിനു വല്ല ഏര്‍പ്പാടും ചെയ്തിട്ടുണ്ടോഎന്ന് ഞങ്ങളറിയുന്നില്ലാ. ചെയ്തിട്ടില്ലെങ്കില്‍, വളരെ, പോരായ്മതന്നെയാണ്; ഇതിന്‍റെ വീഴ്ചയ്ക്കു ആരുത്തരവാദി എന്ന് അന്വേഷിക്കേണ്ടതും ആവശ്യമാകുന്നു.

You May Also Like