പത്രാധിപക്കുറിപ്പുകൾ

  • Published on July 31, 1907
  • By Staff Reporter
  • 515 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 കഴിഞ്ഞകുറി പ്രസ്താവിച്ചിരുന്ന മരുമക്കത്തായ നിയമതര്‍ക്കത്തെസംബന്ധിച്ച് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നു. ജഡ്ജി മിസ്റ്റര്‍ ഏ. ഗോവിന്ദപ്പിള്ളയും, മിസ്റ്റര്‍ ഹണ്ട് സായിപ്പും ഒരു പക്ഷത്തിലും, മിസ്റ്റര്‍ ഏ. എം. മുത്തുനായകംപിള്ള മാത്രം എതിര്‍ പക്ഷത്തിലും ചേര്‍ന്നാണ് കേസ്സ് വിധിച്ചിരിക്കുന്നത്. കേസ്സിന്‍റെ സ്വഭാവം, ഒരമ്മയുടെ ആദ്യഭര്‍ത്താവുകൊടുത്ത വസ്തു, രണ്ടാമത്തെ ഭര്‍ത്താവിന്‍റെ പെണ്‍മക്കള്‍ക്ക് കിട്ടേണ്ടതാണെന്ന് പെണ്‍മക്കളും, അതല്ലാ, തറവാട്ടില്‍ ചേരേണ്ടതാണെന്ന് കാരണവനും, വാദിക്കുന്നതാണല്ലൊ. മിസ്റ്റര്‍ ഹണ്ടും മിസ്റ്റര്‍ ഗോവിന്ദപ്പിള്ളയും മേല്പടി പെണ്‍മക്കളുടെ ഭാഗത്തേക്ക് അനുകൂലമായ വിധി എഴുതിയിരിക്കുന്നു; മിസ്റ്റര്‍ മുത്തുനായകംപിള്ള മേല്പടി കാരണവന്‍റെ ഭാഗത്തേക്കു അനുകൂലമായി വിധി എഴുതീട്ടുണ്ട്. ഭൂരിപക്ഷാഭിപ്രായമനുസരിച്ച്, കേസ്സിലെ തീര്‍ച്ച കാരണവന് പ്രതികൂലംതന്നെ. അമ്മയുടെ സ്വാര്‍ജ്ജിതസ്വത്തുക്കള്‍ പെണ്‍മക്കള്‍ക്കു തന്നെ കിട്ടേണ്ടതാണെന്ന് ഒരുവിധി കിട്ടുവാന്‍ പലരും ആശിക്കുന്നുണ്ടായിരുന്നു. അത്, ഇക്കേസ്സിലെ വിധികൊണ്ട് സാധിച്ചു എന്നു പറയാം. എന്നാല്‍, ഇക്കേസ്സിന്‍റെ സ്വഭാവവിശേഷങ്ങള്‍ വെറേയുണ്ട്. അതിനെപ്പറ്റി, ജഡ്ജിമാര്‍ അപ്പീലില്‍ തീര്‍ച്ച ചെയ്തിട്ടില്ലെന്നും, ഇതിന്മേല്‍ ഒരു "റിവിഷന്‍" ഉണ്ടാകുമെന്നറിയുന്നു. കേസ്സിന്‍റെ വിധിവിവരങ്ങള്‍ സവിസ്തരം അറിഞ്ഞശേഷം, ഇതിനെക്കുറിച്ച് പറയാമെന്നുകരുതുന്നു.

 കണ്ടെഴുത്തു നിമിത്തം  കുടികള്‍ അനുഭവിച്ചതും അനുഭവിക്കുന്നതുമായ സങ്കടങ്ങളെയെല്ലാം എഴുതിക്കൂട്ടി നോക്കിയാല്‍, ഒരു പത്തു മഹാഭാരതം ആകും. ഈ സംഗതിയെ പ്പറ്റി ഒരു ദിവസം ഒരു നിമേഷമെങ്കിലും കുടികള്‍ പരാതിയില്ലാതെയിരുന്നിട്ടുണ്ടോ എന്നുള്ളത് സംശയഗ്രസ്തമാണ്. ജനങ്ങള്‍ കൂടുതള്‍ കരം കൊടുത്താലും, കുറച്ചു കരം കൊടുത്താലും ആവക പണമെല്ലാം, അവരുടെ ക്ഷേമപരിപാലനത്തിനായി വ്യയം ചെയ്യുവാനാണ്. അങ്ങനെയിരിക്കെ, അവരെ********************************************ജീവനക്കാര്‍ക്ക് ശമ്പളം കൊടുപ്പാന്‍ വേണ്ട പണം കുടികള്‍ അധ്വാനിച്ച് ഉണ്ടാക്കികൊടുക്കണം. സര്‍ക്കാര്‍ ജീവനക്കാരെകൊണ്ട് കാര്യങ്ങള്‍ വേഗം സാധിക്കുന്നതിനും കുടികള്‍ വിശേഷാല്‍ പണം കൊടുക്കണം. സര്‍ക്കാര്‍ ജീവനക്കാരുടെ മനസ്സിനെ സത്യസ്ഥിതി യില്‍ തന്നേ നിറുത്തുവാനും കുടികള്‍ അവര്‍ക്കു പണം കൊടുക്കണം. സര്‍ക്കാര്‍ ജീവനക്കാരുടെ വീഴ്ചകളെ ശരിപ്പെടുത്തുന്നതിന് വേണ്ട വഴക്കു പറവാനും കുടികള്‍ പണം ചെലവാക്കണം. ഇപ്രകാരം ഒരു നൂറുമാര്‍ഗ്ഗങ്ങളില്‍ കുടികള്‍ പണം ചെലവു ചെയ്താലും, അവര്‍ക്കു സങ്കടത്തിനേ വകയുള്ളു. ഇതാണ് രാജ്യഭരണ നീതി എന്നുവന്നാല്‍, ജനങ്ങള്‍ എന്തു ചെയ്യും? അവരുടെ സങ്കടങ്ങളെ കേള്‍പ്പാന്‍ ആളില്ല; ആളുണ്ടെങ്കില്‍, ചെവിയില്ലാ; ചെവിയുണ്ടെങ്കില്‍, മനസ്സില്ലാ; മനസ്സുണ്ടെങ്കില്‍, അവകാശമില്ലാ. ഇപ്രകാരം ഒരായിരം തടസ്ഥങ്ങളെല്ലാം കുടിയാനവന്മാര്‍ സഹിച്ച് കഷ്ടപ്പെടുന്നതുകാണുമ്പോള്‍, ഗവര്‍മേണ്ട് എന്നൊരു വെള്ളാനയ്ക്കുവേണ്ടിയാണ്, പ്രജകള്‍ എന്നൊരു വക തീറ്റിസാധനത്തെ ഈശ്വരന്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് തോന്നിപ്പോകും. പ്രജകളില്ലാതെ ഗവര്‍ന്മേണ്ടെന്തിന്? ഗവര്‍ന്മേണ്ടിന്‍റെ അനീതികളാല്‍ പ്രജകള്‍ നഷ്ടപ്രായന്മാരായാല്‍, പിന്നെ ഗവര്‍ന്മേണ്ട് ആരെ ഭരിക്കും? ഗവര്‍ന്മേണ്ടിന്‍റെ ക്ഷേമം, പ്രജകളുടെ ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു; നേരേമറിച്ചും.

 ഏറ്റുമാനൂര്‍, മൂവാറ്റുപുഴ മുതലായ താലൂക്കുകളില്‍ നിന്ന് കിട്ടിയിരിക്കുന്ന കണ്ടെഴുത്തു പരാതികള്‍, ആ സ്ഥലങ്ങളിലെ കുടിയാനവന്മാര്‍ക്ക്, ഗവര്‍ന്മേണ്ട് സംഭരിച്ചിരിക്കുന്ന ക്ലേശപര്‍വ്വതത്തിന്‍റെ നിഴലിനെ ദൂരത്തു നിന്ന് കാണിച്ചു തരുന്നു. കണ്ടെഴുത്തു ജീവനക്കാരുടെ ധൂര്‍ത്ത നടവടികളാല്‍, ജനങ്ങള്‍ കണ്ടെഴുത്തില്‍ തന്നെ, തങ്ങളുടെ ജീവിതരക്തത്തിന്‍റെ രൂപാന്തരമായ പണം ക്രമത്തിലേറെ കളഞ്ഞു. ഇനി സിവിള്‍കോടതികളില്‍ കയറി, അവിടെയും ജനങ്ങള്‍ സ്വജീവിതശക്തിയെയും ധനത്തിനേയും ബലി കഴിക്കേണ്ടിയിരിക്കുന്നു. ചേര്‍ത്തല നിന്ന് ഒരു ലേഖകന്‍ ഇങ്ങനെ എഴുതുന്നു:- ഈ താലൂക്കിലെ തെളിവു ചീട്ടുകള്‍******************************************************************************തെളിവുചീട്ടു കൊടുത്തിരിക്കുന്നതായി, ആ സ്ത്രീ പരാതി ഹര്‍ജി ബോധിപ്പിച്ചിരിക്കുന്നു. വാരനാട്ടുകാരനായ ഒരു കക്ഷിക്ക് കോര്‍ട്ടു ലേലത്തില്‍ കിട്ടിയതും, അന്യ ആളോടു വില വാങ്ങിയതുമായ വസ്തുക്കള്‍ക്കുള്ള തെളിവു ചീട്ട് അന്യര്‍ക്ക് കൊടുത്തിരിക്കുന്നത് സങ്കടമെന്ന് ഹര്‍ജി ബോധിപ്പിച്ചതിന്, സിവിള്‍ വ്യവഹാരം ചെയ്തുകൊള്ളണമെന്നുപറഞ്ഞ്, ഹര്‍ജി തള്ളിയിരിക്കുന്നു. ഏറ്റുമാനൂര്‍ താലൂക്കിലെ കണ്ടെഴുത്തുസങ്കടങ്ങളെപ്പറ്റി സങ്കടം പറവാന്‍ തിരുവനന്തപുരത്തേക്ക്, അവിടെ നിന്ന് ഏതാനും പ്രതിനിധികള്‍ വന്നിട്ടള്ളതായി കാണുന്നു. മൂവാറ്റുപുഴെ നിന്ന് ഒരു ലേഖകന്‍ എഴുതിയിരിക്കുന്ന സങ്കടങ്ങള്‍, ചേര്‍ത്തലെയും, മറ്റു താലൂക്കുകളിലും കാണുന്ന പ്രകാരത്തിലുള്ളവതന്നെയാണ്. പാട്ടം തോട്ടമായും; തോട്ടം പാട്ടമായും; ജന്മം പുതുവലായും ; മറിച്ചും, എഴുതിയാല്‍, അതിനെ കണ്ടെഴുത്തെന്ന് എങ്ങനെ പറയാം? പഴയ കണക്കുകളും പുതിയവയും തമ്മില്‍ ഒത്തു നോക്കുമ്പോള്‍ പഴമപരിചയക്കാരായ പ്രവൃത്തിപ്പിള്ളമാര്‍ പിശകുകള്‍ കണ്ടു പിടിച്ച് കുടിയാനവന്മാരും അവരും തമ്മില്‍ ഭിന്നിക്കുന്നു; ഒപ്പു വയ്പാന്‍ വിസമ്മതിക്കുന്നു. ജോലി എളുപ്പം തീരുന്നില്ലാ. നഷ്ടവും അല്പമല്ലാ. ഇങ്ങനെയായാല്‍, കുടികള്‍ക്ക് എങ്ങനെ ക്ഷേമവും ഐശ്വര്യവുമുണ്ടാകും?

 സ്ക്കൂള്‍ റേഞ്ജ് ഇന്‍സ്പെക്ടര്‍ മിസ്റ്റര്‍ സി. കൃഷ്ണപിള്ള, 83-ചിങ്ങം 1-നു-മുതല്‍ അടുത്തൂണ്‍വാങ്ങി, ജോലിയില്‍നിന്നു പിരിഞ്ഞാല്‍, പകരം, ഇപ്പോള്‍ ആ ജോലി നോക്കുന്ന മിസ്റ്റര്‍ ഈശ്വരപിള്ളയെ സ്ഥിരപ്പെടുത്തുകയില്ലെന്ന് ഒരു കേള്‍വി പ്രബലപ്പെട്ടുവരുന്നുണ്ട്. ഇപ്പോള്‍ അവധിയില്‍ പോയിരിക്കുന്ന എഡ്യക്കേഷനല്‍ സിക്രട്ടരി മിസ്റ്റര്‍ അയ്യപ്പന്‍പിള്ള, തിരികെവന്നു ജോലിയില്‍ പ്രവേശിക്കുമെന്നും; ആ സമയം, ആക്ടിങ് എഡ്യുക്കേഷനല്‍ സിക്രട്ടറി മിസ്റ്റര്‍ രംഗസ്വാമി അയ്യങ്കാരെ, റേഞ്ജ് ഇന്‍സ്പെക്ടരായി നിയമിച്ചയക്കുമെന്നും കേള്‍ക്കുന്നുണ്ട്. മിസ്റ്റര്‍ അയ്യങ്കാര്‍ക്ക് ഇത് സമ്മതമായിരിക്കുമോ എന്ന് നിശ്ചയമില്ലാ. എന്നാല്‍, മിസ്തര്‍ ഈശ്വരപിള്ളയെക്കാള്‍, മിസ്തര്‍ അയ്യങ്കാര്‍ക്കു, ഈ ജോലിയില്‍ യോഗ്യതയും, അവകാശവും ഉണ്ടോ എന്നുള്ളത് ചിന്തിക്കേണ്ട കാര്യമാണല്ലൊ. മിസ്തര്‍ അയ്യങ്കാര്‍, കാളേജില്‍ ചരിത്രപണ്ഡിതസ്ഥാനത്തില്‍ ശോഭിച്ചതുപോലെ, ആക്ടിങ് എഡ്യുക്കേഷനല്‍ സിക്രട്ടരിസ്ഥാനത്തിലും ശോഭിച്ചാല്‍ നന്നായിരിക്കുമെന്ന് പൊതുവില്‍ ഒരു അഭിപ്രായം, അദ്ദേഹത്തിന്‍റെ നിയമനകാലത്ത് പ്രചരിച്ചിരുന്നു. പലരുടെ അവകാശങ്ങളെ വിസ്മരിച്ചിട്ട്, ദിവാന്‍ജി, മിസ്തര്‍ അയ്യങ്കാരെ എഡ്യുക്കേഷനല്‍ സിക്രട്ടരിസ്ഥാനത്തില്‍ തല്‍കാലം നിശ്ചയിച്ചപ്പോള്‍, ആ യശസ്സിനെ നിലനിറുത്തക്കവണ്ണം ശ്രദ്ധ വയ്ക്കുമെന്ന് ജനങ്ങള്‍ ആശിച്ചിരുന്നു. എന്നാല്‍, ഇത്രയും കാലംകൊണ്ട്, മിസ്തര്‍ അയ്യങ്കാര്‍ ഈ ആശയെ സഫലീകരിക്കുന്ന പ്രകാരത്തില്‍ നടന്നതായിട്ടല്ലാ കാണുന്നത്. അദ്ദേഹത്തിന് സ്വന്തഅഭിപ്രായങ്ങളുണ്ടെങ്കിലും, രാജ്യകാര്യം ചാപലങ്ങളുടെ ജനയിതാക്കളില്‍ ചിലരുടെ അഭിപ്രായങ്ങള്‍, അദ്ദേഹത്തെ തലപൊക്കാന്‍ സമ്മതിച്ചിട്ടില്ലെന്നും, അതുനിമിത്തം മിസ്തര്‍ അയ്യങ്കാര്‍, അന്യന്മാരുടെ വ്യാമോഹങ്ങള്‍ക്കുള്ള ആക്ഷേപങ്ങളെ  ഏല്‍ക്കാന്‍ പാത്രമായി ഭവിക്കുന്നുണ്ടെന്നും കാണുന്നതില്‍, ഞങ്ങള്‍ വ്യസനിക്കുന്നു. മിസ്തര്‍ അയ്യങ്കാര്‍, തന്‍റെ ചരിത്രപാണ്ഡിത്യത്താല്‍ സമ്പാദിച്ച യശസ്സ്, കേവലം ഉച്ഛേദപ്പെടുന്നതിനുമുമ്പ്, ഈ വസ്തുത അറിഞ്ഞാല്‍ ഉത്തമമായിരിക്കും. അദ്ദേഹത്തിന് തിരുവിതാംകൂറിലെ സമ്പ്രദായങ്ങളെപ്പറ്റി പഴമ പരിചയവും, മലയാളഭാഷയില്‍ അഭിജ്ഞതയും ഇല്ലായ്മനിമിത്തം പലേ ന്യൂനതകളും സംഭവിക്കുന്നുണ്ട്. ഒരു റേഞ്ജ് ഇന്‍സ്പെക്ടര്‍ സ്ഥാനത്തിന്, ഈ വൈകല്യം സമാധേയമല്ലാ.

 പരിഷ്കൃതങ്ങളായ വിദ്യാഭ്യാസസമ്പ്രദായങ്ങളെ സ്വീകരിച്ചിരിക്കുന്ന നാടുകളില്‍, സ്ക്കൂള്‍ ഇന്‍സ്പെക്ടര്‍ വേലയ്ക്ക് നിയമിക്കുന്നത് പഴമ പരിചയമുള്ള വാധ്യാന്മാരെയാണ്. വാധ്യാര്‍ വേലയിലിരുന്ന്  വാധ്യാരുടെയും അധ്യേതാക്കളുടെയും സ്ഥിതികളെ നല്ലവണ്ണം അറിഞ്ഞ്, വിദ്യാഭ്യാസ കാര്യപരിചയം സമ്പാദിച്ചവരെ വേണം ഇന്‍സ്പെക്ടര്‍ വേലയ്ക്ക് നിശ്ചയിപ്പാന്‍ എന്നുള്ള സംഗതി സാധുവായുള്ളതാണ്. വിദ്യാഭ്യാസന്യൂനതകളെ കണ്ടുപിടിപ്പാന്‍, അങ്ങനെയായാല്‍ എളുപ്പമുണ്ട്. വാധ്യാര്‍വേലയില്‍ പഴകാത്ത ഒരാളെ ഇന്‍സ്പെക്ടരാക്കിയാല്‍ ആ ആള്‍, വാധ്യാന്മാരുടെയും കുട്ടികളുടെയും ക്ലേശങ്ങളെ അറിയുന്ന കാര്യം സംശയഗ്രസ്തമാണ്. പഠിപ്പിക്കുന്ന സമ്പ്രദായത്തില്‍ ഇന്ന ന്യൂനതകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ അഭ്യാസം സിദ്ധിക്കാത്തതെന്ന് കണ്ടുപിടിപ്പാന്‍ അയാള്‍ക്ക് എപ്പോഴും സാധ്യമായി എന്നു വരുകയില്ലാ, അയാള്‍ കീഴ് ജീവനക്കാരുടെ പേരില്‍ തനിക്കു തോന്നിയതിനും കുറ്റങ്ങള്‍ ആരോപിക്കയും അവരെ കഷ്ടപ്പെടുത്തുകയും ചെയ്യും. ഇതിലേക്ക് ഉദാഹരണങ്ങള്‍ തിരുവിതാംകൂറിലെ ചില ഇന്‍സ്പെക്ടര്‍മാര്‍ തന്നെ നമുക്ക് നേടിത്തന്നിട്ടുണ്ട്. പിന്നെ, ഇന്‍സ്പെക്ടര്‍ നാട്ടിലെ ഭാഷയെ അഭ്യസിച്ചിട്ടുള്ള ആളായിരുന്നില്ലെങ്കില്‍ നാട്ടുഭാഷയ്ക്കുള്ള സ്ക്കൂളിലെ അഭ്യാസത്തെക്കുറിച്ച് പരിശോധന ചെയ് വാന്‍ യോഗ്യനല്ലാ. നാട്ടുഭാഷയില്‍ അല്പമായ പരിചയംകൊണ്ടു പോരെന്നും, നാട്ടുഭാഷയുടെയും ഉപഭാഷയായ് സ്വീകരിക്കപ്പെട്ടിട്ടുള്ള (ഇംഗ്ലീഷ്) ഭാഷയുടെയും ഗതികളെയും നല്ലവണ്ണം അറിയുന്ന ഒരാളല്ലെങ്കില്‍, ആ രണ്ടു ഭാഷകള്‍ മുഖേനയും കുട്ടികളേ വിദ്യ അഭ്യസിപ്പിക്കുന്നതിനുള്ള സമ്പ്രദായ ഭേദങ്ങളെയും അവ പരസ്പരം ചെയ്യുന്ന സഹായത്തെയും, ഗുണദോഷങ്ങളെയും കണ്ടറിവാന്‍ സാധിക്കയില്ല.

 ഒന്ന് നോക്കുമ്പോള്‍, എഡ്യുക്കേഷനല്‍ സിക്രട്ടരി സ്ഥാനം, ഇന്‍സ്പെക്ടര്‍ സ്ഥാനത്തോളം വിഷമതയുള്ളതല്ലാ. സിക്രട്ടരിക്ക് വിദ്യാഭ്യാസത്തില്‍ സാമാന്യപ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കാമെന്നുള്ളപ്പോള്‍, ഇന്‍സ്പെക്ടര്‍ക്ക് വിശേഷകാര്യങ്ങളെ നല്ലവണ്ണം അറിഞ്ഞു പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ട്. ഇപ്രകാരം പലേ സംഗതികളും ചിന്തിച്ചാല്‍, മിസ്റ്റര്‍ അയ്യങ്കാരെക്കാള്‍ കൂടുതള്‍ യോഗ്യത മിസ്തര്‍ ഈശ്വരപിള്ളയ്ക്കാണന്ന് നിര്‍ണ്ണയിക്കാം. മിസ്തര്‍ ഈശ്വരപിള്ള യാതൊരു വിധത്തിലും കളങ്കംകൂടാതെ, വിദ്യാഭ്യാസവകുപ്പിന് ഒരു അലങ്കാരമായിരിക്കുന്ന ആളാണ്, അദ്ദേഹത്തിന് ഇന്‍സ്പെക്ടര്‍വേലയ്ക്കുള്ള അവകാശം ******************ഇപ്പോള്‍ റേഞ്ജിന്‍സ്പെക്ടര്‍ വേലയിലിരിക്കുന്ന മറ്റു രണ്ടാളെക്കാളും, മിസ്തര്‍ ഈശ്വരപിള്ള, യോഗ്യതകൊണ്ടും, അവകാശം കൊണ്ടും ഇതിന്മുമ്പ് ഈ സ്ഥാനത്തെ പ്രാപിക്കേണ്ട ആളായിരുന്നു. അദ്ദേഹത്തിനു ഇതു കിട്ടാതിരിക്കാന്‍ കാരണങ്ങള്‍ വല്ലതുമുണ്ടെങ്കില്‍, "സേവയില്ലായ്മ" എന്നതിനെയാണ്, പ്രധാന കാരണമായി വലിയ അക്ഷരങ്ങളില്‍ എഴുതേണ്ടത്. അദ്ദേഹത്തിന്‍റെ ശിഷ്യനായും, വാധ്യാര്‍ വേലയില്‍ അപരിചിതനായുമിരുന്ന ഒരാളെ, അദ്ദേഹത്തിന്‍റെ മേലധികാരിസ്ഥാനത്തില്‍ നിയമിച്ചപ്പോഴും, ഗവര്‍ന്മേണ്ട് അതിപാവനമായ രാജനീതിയെ, എത്രയോ കഠിനമായി കൊല ചെയ്തുകളഞ്ഞു! ഈ സന്ദര്‍ഭത്തിലും, അദ്ദേഹത്തിന്‍റെ "ആക്ടിങ് സര്‍വീസ്" മുതലായ വിശേഷാവകാശങ്ങളെക്കൂടെയും ഗവര്‍ന്മേണ്ട് നിരാകരിക്കുന്നു എങ്കില്‍, അത് ഏറ്റവും ഹൈന്യകരമായ അനീതിയായിരിക്കുമെന്നുള്ളതില്‍ സന്ദേഹമില്ലാ.

You May Also Like