കേരളവാർത്തകൾ - തിരുവിതാംകൂർ

  • Published on February 27, 1907
  • By Staff Reporter
  • 734 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 നാഗര്‍കോവില്‍ ടൌണ്‍മജിസ്ട്രേറ്റ് മിസ്തര്‍ പി. സത്യനേശന്‍ ഒരുമാസത്തെ ഒഴിവ് അപേക്ഷിച്ചിരിക്കുന്നു.

 തിരുവനന്തപുരം നഗരത്തില്‍ കലശലായി സഞ്ചരിച്ചിരുന്ന വിഷൂചിക മിക്കവാറും വിട്ടുമാറിയതായി കാണുന്നു.

 "ശ്രീമൂലം പ്രജാസഭ"യുടെ മൂന്നാം യോഗത്തിന്‍റെ റിപ്പോര്‍ട്ട്, ഇംഗ്ലീഷിലുള്ളത്, ഉടന്‍ പുറപ്പെടുമെന്നറിയുന്നു.

 ചെങ്കോട്ട സബ് അസിസ്റ്റന്‍റ് സര്‍ജ്ജന്‍ മിസ്റ്റര്‍ മാത്തന് 2-മാസത്തെക്കുകൂടെ ഒഴിവു നല്‍കിയിരിക്കുന്നു.

 തിരുവനന്തപുരം സ്ക്കൂള്‍ അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ മിസ്റ്റര്‍ പപ്പുതമ്പി അടുത്തൂണ്‍ കിട്ടുവാന്‍ അപേക്ഷ അയച്ചിട്ടുണ്ടത്രേ.

 തിരുവനന്തപുരത്തു നിന്ന് അസിസ്റ്റന്‍റ് ഇഞ്ചിനീയര്‍ മിസ്റ്റര്‍ വി. കെ. നാരായണന്‍ ഉണ്ണിത്താനെ കോട്ടയത്തേക്ക് മാറ്റിയിരിക്കുന്നതായറിയുന്നു.

 പാറശ്ശാല വിഷൂചിക കലശലാകയാല്‍, അപ്പാത്തിക്കരി മിസ്തര്‍ രാമനെ അതു സംബന്ധിച്ച് വിശേഷാല്‍ ജോലിക്ക് നിയോഗിച്ചിരിക്കുന്നു.

 നാഗര്‍കോവില്‍ ഡിസ്ട്രിക്ട് ഹാസ്പിറ്റല്‍ അസിസ്റ്റന്‍റ് ഗോപാലയ്യങ്കാരവര്‍കളെ 4-ക മാസപ്പടിയില്‍ ഒരു സാനിട്ടെരി ഇന്‍സ്പെക്ടരാക്കിയിരിക്കുന്നു.

 പോലീസ് സൂപ്രേണ്ട് മിസ്റ്റര്‍ ബെന്‍സ്ലി ബംഗ്ളൂര്‍ക്കു പോകുന്നതിനാല്‍, അക്കാലമത്രയും കോട്ടയം അസിസ്റ്റന്‍റ് സൂപ്രേണ്ട് പകരം ജോലി നോക്കുന്നതാണ്.

 നെയ്യാറ്റിങ്കര മുന്‍സിഫായി മാറ്റപ്പെട്ട മിസ്റ്റര്‍ കല്യാണരാമയ്യര്‍ മിനിഞ്ഞാന്ന് തിരുവനന്തപുരത്തു എത്തി നെയ്യാറ്റിങ്കരയ്ക്കു പുറപ്പെട്ടിരിക്കുന്നു എന്നറിയുന്നു.

 ചങ്ങനാശേരി ഇംഗ്സീഷ് സ്ക്കൂള്‍ ഹെഡ് മാസ്റ്റരായി മിസ്റ്റര്‍ ജ്ഞാനശിഖാമണി ബി. ഏ. ബി. എല്‍-നെ 40 ക മാസപ്പടിയില്‍ നിയമിച്ചിരിക്കുന്നതായറിയുന്നു.

 ആറ്റിങ്ങല്‍ തമ്പുരാട്ടിമാര്‍ ഈ കുംഭം23നു-യിടയ്ക്ക് ആറ്റിങ്ങലേക്ക് എഴുന്നള്ളുന്നതാണ്. ഇത് ക്ഷേത്രത്തില്‍ ഭജനം പാര്‍ക്കാനാണെന്ന്  അറിയുന്നു.

 നെയ്യാറ്റിങ്കരെ പുലയര്‍ മുതലായ താണജാതിക്കാര്‍ക്കായുള്ള മലയാളം പ്രൈമറിസ്ക്കൂളിനെ നിറുത്തലിലാക്കണമെന്ന് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ ശുപാര്‍ശിചെയ്തിരുന്നതിന്, അതിനെ ഒരു അപ്പര്‍പ്രൈമറി സ്ക്കൂളാക്കിയിരിക്കുന്നു എന്നറിയുന്നു.

  നേമത്ത് വിഷൂചികാരോഗികളെ ചികിത്സിക്കുന്നതിന് വിശേഷാല്‍ നിയമിച്ചിരുന്ന മിസ്റ്റര്‍ വി. എന്‍. വല്യത്താനെ ഇപ്പോള്‍ തിരുവനന്തപുരം തൈക്കാട്ട് ആശുപത്രിയില്‍ മാറ്റിയിരിക്കുന്നു.

 തിരുവനന്തപുരം ഇംഗ്ലീഷ് ബാലികാ പാഠശാലയില്‍ വീണവായന പഠിപ്പിക്കുന്നതിനു ഒരു ഉപാധ്യായിനിയെ നിയമിച്ചതായി ചില പത്രങ്ങള്‍ പറയുന്നത് ശരിയല്ലെന്നറിയുന്നു. ആലോചനയുണ്ടത്രേ.

 തിരുനല്‍വേലി ജില്ലയില്‍ കോയില്‍പ്പട്ടിയില്‍ വച്ചു നടത്തുവാനിരിക്കുന്ന പ്രദര്‍ശനത്തിന് തിരുവനന്തപുരം സര്‍ക്കാര്‍ കരകൌശലശാലയില്‍നിന്ന് സാധനങ്ങള്‍ അയപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു.

 ഹൈക്കോടതിയും സെഷന്‍ കോടതികളും മധ്യവേനല്‍ ഒഴിവിനായി മീനം 5-നു- മുതല്‍ ഇടവം 5-നു-വരേയും; മുന്‍സിഫ് കോടതികള്‍ മീനം 26-നു-മുതല്‍ ഇടവം 6-നു-വരേയും പൂട്ടപ്പെടുന്നതാണ്.

 ബംബയില്‍പോയി എല്‍. ടി. എം. ജയിച്ചിട്ടുള്ള തിരുവട്ടാറ്റ് കുമാരപിള്ള അവര്‍കള്‍ക്ക് ബംബയില്‍ ഒരു നെയിത്തുശാലയില്‍ 50- ക- മാസപ്പടിയില്‍ ഒരുദ്യോഗം നല്‍കിയിരിക്കുന്നുവെന്നറിയുന്നു.

 മിസ്സ് ഡി. എച്ച്. വാട്ട്സ്, മിസ് റൊഡ്റിക് സ്, മിസ്സസ് ജേ. ഭഗവതിഅമ്മ എന്നിവരെ സ്ക്കൂള്‍ ഇന്‍സ്പെക്ട്റസ്സുകളായി നിയമിക്കുവാന്‍ ആലോചന ഉണ്ടെന്ന് ഒരു ലേഖകന്‍ കേള്‍ക്കുന്നു.

 കുന്നത്തൂര്‍ തഹശീല്‍ മജിസ്ട്രേറ്റായി മാറ്റിയ മിസ്തര്‍ കേ. നാരായണന്‍ പണ്ടാലയെ കണ്ടെഴുത്തു വകുപ്പില്‍ നിയമിച്ചതിനുപകരം, ഹജൂരാഫീസില്‍ നിന്ന് മിസ്തര്‍ ആണ്ടിപ്പിള്ളയെ നിയോഗിപ്പാനിടയുണ്ടെന്നറിയുന്നു.

 തിരുവല്ലാ മുന്‍സിഫായി മാറിപ്പോയ നെയ്യാറ്റിങ്കരെ മുന്‍സിഫ് മിസ്തര്‍ ജി. ശങ്കരപ്പിള്ളയ്ക്ക് നെയ്യാറ്റിങ്കരക്കാര്‍ ചേര്‍ന്ന് വളരെ കേമമായ ഒരു തേവിരുന്നു കഴിച്ച് യാത്ര പറഞ്ഞയച്ചിരിക്കുന്നുവെന്നു  ഒരു ലേഖകന്‍ എഴുതുന്നു.

 ഈയിട കൊല്ലത്തുനിന്ന് ഒരു വള്ളത്തില്‍ വന്നിരുന്ന ഒരു ബ്രാഹ്മണ പെണ്‍കുട്ടിയുടെ കഴുത്തില്‍ ധരിച്ചിരുന്ന താലിയെ വള്ളത്തില്‍വച്ച് മോഷ്ടിച്ച ഒരു പിച്ചമുത്തുവിന് തിരുവനന്തപുരം താലൂക്ക് മജിസ്ട്രേറ്റ് നാലുമാസത്തെ കഠിനതടവും 20-ക പിഴയും വിധിച്ചിരിക്കുന്നു.

 മൂവാറ്റുപുഴ സ്ക്കൂള്‍ അസിസ്റ്റന്‍റ് ഇന്‍സ്പെക്ടരായി നിയമിക്കപ്പെട്ട കേ. നാരായണക്കുരുക്കള്‍ ബി. ഏ. അവര്‍കള്‍ വൈക്കം ഇംഗ്ലീഷ് സ്ക്കൂള്‍ ചാര്‍ജ് വിട്ട് ഏതാനും ദിവസത്തെ ഒഴിവില്‍ തിരുവനന്തപുരത്തുപോയിട്ട് മൂവാറ്റുപുഴയ്ക്കു പുറപ്പെട്ടിരിക്കുന്നു. ഇദ്ദേഹം ഒരാണ്ടത്തെ ഒഴിവിന് അപേക്ഷിച്ചിട്ടുണ്ടെന്നറിയുന്നു.

 ചെറുശ്ശേരി ചാത്തുമേനോന്‍ അവര്‍കളാല്‍ മലയാളത്തില്‍ കിളിപ്പാട്ടായി തര്‍ജ്ജിമ ചെയ്യപ്പെട്ടിട്ടുള്ളതും, തൃച്ചൂര്‍ ഭാരതവിലാസം അച്ചുക്കൂടത്തില്‍ അച്ചടിക്കപ്പെട്ടതുമായ "ദേവീഭാഗവതം പൂര്‍വാദ്ധം" ആറു സ്കന്ധങ്ങളുള്ളതിന്‍റെ ഒരു പ്രതി അഭിപ്രായത്തിനായി അയച്ചുതന്നിട്ടുള്ളതിനെ സന്തോഷപൂര്‍വം കൈപ്പറ്റിയിരിക്കുന്നു. അഭിപ്രായം വഴിയെ.

 തിരുവട്ടാറ്റു അമ്മവീട്ടില്‍ ശങ്കരന്‍തമ്പി അവര്‍കളുടെ അനന്തരവനായ വേലായുധന്‍ തമ്പി എന്ന യുവാവിന് പഠിത്തച്ചെലവുവകയ്ക്കായി കോട്ടയംതാലൂക്കില്‍നിന്ന് മാസംപ്രതി 25-ക. സ്കാളര്‍ഷിപ്പ് കൊടുക്കുവാന്‍ ഉത്തരവുണ്ടായിട്ടുള്ളതായി കേള്‍ക്കുന്നു. ഈ യുവാവ് നാലഞ്ചുകുറിയായി മെട്റിക്ക് പരീക്ഷ തോറ്റുവരുന്നുണ്ടെന്നും അറിയുന്നു. തിരുവട്ടാറ്റമ്മ വീട്ടില്‍നിന്ന് ഈ യുവാവിന്‍റെ പഠിത്തച്ചെലവിലേക്ക് കൊടുപ്പാന്‍ പണമില്ലായിരിക്കാം!

 സ്ഥലംക്ഷേത്രത്തിലെ മൂര്‍ത്തിക്ക് ചാര്‍ത്താനായിട്ട് കൊട്ടാരത്തില്‍നിന്നും കല്പിച്ചനുവദിച്ച നീരാളപാവാട വിലയ്ക്കു വാങ്ങിയതില്‍ ആനവാള്‍ ചില തകരാറുകള്‍ കാണിക്കയും പണം അപഹരിക്കയും ചെയ്തതായി മുന്‍ പല പത്രങ്ങളിലും പ്രസ്താവിക്കപ്പെട്ടിരുന്ന കേസ്സിനെ പേഷ്കാര്‍ ഈയിട തീരുമാനിച്ച് ആനവാളിനെ 6-മാസത്തേക്ക് സസ്പെന്‍റു ചെയ്യാന്‍ ഉത്തരവെഴുതിയതായികേട്ടു. ഇത് ആനവാള്‍ അറിഞ്ഞ് നേരിട്ട് സങ്കടം ബോധിപ്പിക്കയാല്‍ പേഷ്കാര്‍ അതിനെ റദ്ദ് ചെയ്തതായി ഇപ്പോള്‍ അറിയുന്നു.

                                                                              തിരുവട്ടാര്‍ലേഖകന്‍.

" തിരുവനന്തപുരത്ത് കുറേ മാസം മുമ്പു മുതല്‍, ഒരു തരം പുകയുന്ന മണ്ണെണ്ണയല്ലാതെ; നല്ലത് കിട്ടി വരുന്നില്ലായിരുന്നു. ഇത് ആളുകള്‍ക്ക് പാഴ് ച്ചെലവിനും, നേത്രരോഗബാധയ്ക്കും കാരണമായി തീര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍, ചാലയില്‍ സുലൈമാന്‍ ആദംസേട്ടു അവര്‍കള്‍ നല്ല മണ്ണെണ്ണ വരുത്തി വിറ്റു വരുന്നുണ്ട്. പൂജപ്പുരജേലിലേക്ക് പലസാധനങ്ങളും കണ്ട്റാക്ട് ഏറ്റിരിക്കുന്ന ഈ സേട്ടു അവര്‍കളുടെ ഉത്സാഹത്താല്‍ ഇങ്ങനെ നല്ല ചരക്കുകള്‍ കിട്ടുവാന്‍ സൌകര്യപ്പെടുന്നത് ജനങ്ങള്‍ക്ക് ഉപകാരംതന്നെ" എന്ന് ഒരു മാന്യന്‍ എഴുതുന്നു.

 കഴിഞ്ഞ ഞായറാഴ്ച പകല്‍ വൈകുന്നേരം തിരുവനന്തപുരം നേറ്റീവ് ഹൈസ്ക്കൂളില്‍വച്ച് നായര്‍  സമാജത്തിന്‍റെ ഒരു യോഗം കൂടിയിരുന്നു. സാരബോധിനി പത്രാധിപര്‍ മിസ്തര്‍ മന്നത്തു നാരായണന്‍ നായര്‍ "നായന്മാരുടെ ബാധ്യത"യെപ്പറ്റി സരസവും സാരഗര്‍ഭവുമായ ഒരു പ്രസംഗം വായിച്ചു. അഗ്രാസനാധിപത്യംവഹിച്ച പി. കെ. നാരായണപിള്ള അവര്‍കള്‍ അസംബന്ധമായും,  അഭിപ്രായം പറഞ്ഞ സുഭാഷിണി പത്രാധിപര്‍ ബ്രാഹ്മണരെ സംബന്ധിച്ച് കുറെ ആഭാസമായും ഓരോന്ന് പറയ്കയും, തിരുവനന്തപുരത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്ത മണ്ടന്മാരുണ്ടെന്ന് അറിയിക്കയും ചെയ്തിരിക്കുന്നു എന്ന് സ്വന്തം ലേഖകന്‍ എഴുതുന്നു.

 തിരുവനന്തപുരം ഇംഗ്ലീഷ് കാളേജില്‍ നാട്ടുഭാഷാധ്യക്ഷനായ ഏ. ആര്‍. രാജരാജവര്‍മ്മ, എം. ഏ, എം. ആര്‍. ഏ. എസ്സ് അവര്‍കളാല്‍ ഉണ്ടാക്കപ്പെട്ട "കാന്താരതാരകം" എന്ന വ്യാഖ്യാനത്തോടുകൂടി, തൃച്ചൂര്‍ ഭാരതവിലാസം അച്ചുക്കൂടത്തില്‍നിന്ന് അതിന്‍റെ മാനേജര്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന "നളചരിതം ഒന്നാം ദിവസത്തെ ആട്ടക്കഥ"യുടെ ഒരുപ്രതി സസന്തോഷം കൈപ്പറ്റിയിരിക്കുന്നു, ഉണ്ണായിവാര്യരുടെ കൃതി, ഓരോരോ മുദ്രാശാലക്കാര്‍ തോന്നിയ വിധം അച്ചടിച്ചും, മറ്റുംപല മാറ്റങ്ങളും വരുത്തീട്ടാണ് നമുക്ക് ഇതേവരെ കിട്ടീട്ടുള്ളത്. ഈ പതിപ്പില്‍, ആ വക തെറ്റുകളെ തിരുത്തുകയും, വിദ്യാര്‍ത്ഥികള്‍ക്ക് വ്യുല്പത്തി ഉണ്ടാക്കുന്നതിനുതകുന്ന വിശദമായ ഒരവതാരികയും വ്യാഖ്യാനവും ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. തിരുവിതാംകൂര്‍ മുഖ്യപരീക്ഷാ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യപുസ്തകമായ ഈ കൃതി അവര്‍ക്ക ് വളരെ പ്രയോജനകരമായിരിക്കുമെന്നുള്ളതില്‍ സംശയമില്ലാ. ഇതിന് വില 8-ണയാണ്. ഇതു തൃച്ചൂര്‍ ഭാരതവിലാസം അച്ചുക്കൂടത്തില്‍ കിട്ടുന്നതുമാണ്.

 തിരുവനന്തപുരം ലേഖകന്‍ എഴുതുന്നത്:- ഞാന്‍ ഇന്നലെ (തിങ്കളാഴ്ച) വൈകുന്നേരം ചാലക്കമ്പോളത്തില്‍ പോയി ചില സാമാനങ്ങള്‍ വാങ്ങുന്നതിന് സുലൈമാന്‍ ആദം സേട്ടു അവര്‍കളുടെ ഷാപ്പില്‍ കയറിയിരുന്നപ്പോള്‍, അതിദുസ്സഹമായ ഒരു ദുര്‍ഗ്ഗന്ധം താഴത്തു റോട്ടിലെ ചാലില്‍ നിന്നു പുറപ്പെട്ട് എന്നെ കഠിനമായി ഉപദ്രവിച്ചു. ഈ വിധം അനേകം ആളുകള്‍, ചാലക്കമ്പോളത്തിലെ ചാലുകളുടെ അശുചിയായും ദുര്‍ഗ്ഗന്ധപൂരിതമായുമുള്ള അവസ്ഥകൊണ്ടു ക്ലേശിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലൊ. വിഷൂചിക മുതലായ സാംക്രമിക രോഗങ്ങള്‍ ഉള്ള ഇക്കാലത്തു നഗരത്തിലെ മലിനതകളെ ഒഴിക്കുന്നതിന് പട്ടണ പരിഷ്കരണ കമ്മിറ്റിക്കാര്‍ ശ്രദ്ധ വയ്ക്കാത്തത് കഷ്ടമല്ലേ? ചാലക്കമ്പോളത്തിലെ ചാലുകളില്‍ ദുര്‍ജ്ജലം നിറഞ്ഞു ജനങ്ങള്‍ക്ക് അസഹ്യത ഉണ്ടാക്കുന്നത് പതിവായിരിക്കുന്നു. ചില ദിവസങ്ങളില്‍ ചാലുകളിലുള്ള ചീത്ത വെള്ളം കളഞ്ഞ്, നല്ല വെള്ളം ഒഴിച്ച് അവയെ കഴുകാറുണ്ടായിരുന്നു എന്നു അറിയുന്നു. പ .പ. കമ്മിറ്റി പ്രെസിഡണ്ട് ഈ വിഷയത്തെ ഗൌനിക്കേണ്ടതാണ്.

You May Also Like