കേരളവാർത്തകൾ - തിരുവിതാംകൂർ

  • Published on July 17, 1907
  • By Staff Reporter
  • 876 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 നിയമനിര്‍മ്മാണസഭയുടെ യോഗം കര്‍ക്കടകം 9നു- നടത്തപ്പെടുന്നതാണ്.

 ഡര്‍ബാര്‍ഫിസിഷന്‍ വടക്കന്‍ താലൂക്കുകളിലേക്ക് സര്‍ക്കീട്ടുപോയിരിക്കുന്നു.

 ബ്രിട്ടീഷ് റെസിഡണ്ട് മിസ്റ്റര്‍ ആര്‍. സി. സി. കാര്‍, കുറ്റാലത്തുപോയിരിക്കുന്നു.

 ദേവസ്വംകമീഷണര്‍ മിസ്റ്റര്‍ രാമചന്ദ്രരായര്‍ക്ക് **ദിവസത്തെ ഒഴിവ് നല്‍കിയിരിക്കുന്നു.

 മദിരാശിക്കുപോയിരുന്ന ചീഫ് ജസ്റ്റിസ് മിസ്റ്റര്‍ സദാശിവ അയ്യര്‍, തലസ്ഥാനത്തു മടങ്ങി എത്തി.

 അഞ്ചല്‍ സൂപ്രണ്ടാഫീസ്സില്‍ 70 രൂപ മാസപ്പടിയിന്മേല്‍ ഒരു മാനേജരെ നിയമിപ്പാന്‍ ഗവര്‍ന്മേണ്ട് നിശ്ചയിച്ചിരിക്കുന്നു.

 ബ്രിട്ടീഷ് റെസിഡണ്ട് മിസ്റ്റര്‍ ആര്‍. സി. സി. കാര്‍, കഴിഞ്ഞ ആഴ്ചയില്‍, തിരുവനന്തപുരം ഹജൂര്‍ ഖജാനയെ സന്ദര്‍ശിക്കയുണ്ടായി.

 ഹജൂര്‍ഖജാനാ ആഫീസര്‍ മിസ്റ്റര്‍ കൃഷ്ണസ്വാമി ശാസ്ത്രിക്ക് മിഥുനം 1നു- മുതല്‍, 15 രൂപ ശമ്പളക്കൂടുതല്‍ അനുവദിച്ചിരിക്കുന്നു.

 സര്‍ക്കാര്‍ ടെക്സ്റ്റ് ബുക് കമ്മിറ്റിയുടെ നടത്തിപ്പിലേക്കായി, ഏതാനും ചട്ടങ്ങള്‍ എഴുതിഉണ്ടാക്കി അച്ചടിപ്പിച്ചിരിക്കുന്നു എന്നറിയുന്നു.

 റെസിഡന്‍സി മാനേജര്‍ മിസ്റ്റര്‍ വര്‍ഗ്ഗീസ്, രണ്ടുമാസത്തെ ഒഴിവുകഴിഞ്ഞു, കഴിഞ്ഞ ബുധനാഴ്ച തിരികേ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നു.

 രജിസ്ട്രേഷന്‍ ഡയറക്ടര്‍ മിസ്റ്റര്‍ എന്‍. രാമന്‍പിള്ള, പത്തനംതിട്ട മുതലായ സ്ഥലങ്ങളിലേക്ക്, കഴിഞ്ഞ ഞായറാഴ്ച സര്‍ക്കീട്ടുപോയിരിക്കുന്നു.

 ഏലംസൂപ്രേണ്ടും ഡിസ്ട്രിക്ട് മജിസ്ട്രേറ്റുമായ മിസ്റ്റര്‍ എല്‍ വര്‍ണ്ണീഡിനെ, 1083 ആടിമാസാന്ത്യംവരെ വേലയില്‍ ഇരിക്കുന്നതിന് ഗവര്‍ന്മേണ്ടനുവദിച്ചിരിക്കുന്നു.

 ജെനറല്‍ആശുപത്രിയില്‍ റെസിഡണ്ട് മെഡിക്കല്‍ ആഫീസര്‍ മിസ്റ്റര്‍ ദ്രവ്യം ശമ്പളക്കൂടുതലിനും ഉദ്യോഗക്കയറ്റത്തിനും ഡര്‍ബാര്‍ ഫിസിഷനോട് അപേക്ഷിച്ചിരിക്കുന്നു.

 പട്ടണപരിഷ്കരണ കമ്മിറ്റികളുടെ കീഴിലുള്ള സാനിട്ടേരി ഇന്‍സ്പേക്ടര്‍മാരെ, ആക്കാനും നീക്കാനും ഉള്ള അധികാരം സാനിട്ടെരി കമിഷണര്‍ക്ക് വിട്ടുകൊടുത്തിരിക്കുന്നുപോല്‍.

 പബ്ലിക്ക് പണിവക  ഓവര്‍സീയര്‍ മിസ്റ്റര്‍ എം.കേ കേശവപിള്ളയെ കോട്ടയത്തുനിന്ന് പീരുമേട്ടിലേക്കും, പകരം മിസ്റ്റര്‍ ജായ്സ്സിനെ അവിടെനിന്ന് കോട്ടയത്തേക്കും മാറ്റിയിരിക്കുന്നു.

  അവധിയില്‍പോയിരിക്കുന്ന ഡാക്ടര്‍ ലക്ഷ്മണന്‍ പത്തുദിവസത്തേക്കു കൂടി അവധി അപേക്ഷിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്‍റെ ഭാര്യയുടെ അഛനായ മിസ്റ്റര്‍ അനന്തസിംഗ് മരിച്ചുപോയതായി അറിയുന്നു.

 നെടുമങ്ങാട്ടു പോലീസ് ഇന്‍സ്പെക്റ്റര്‍ മിസ്റ്റര്‍ ധര്‍മ്മലിംഗംപിള്ള ഒരു മാസത്തെ ഒഴിവുവാങ്ങിപോകയാല്‍ പകരം പുത്തന്‍ ചന്ത ഇന്‍സ്പെക്ടര്‍ മിസ്റ്റര്‍ ആറുമുഖം പിള്ളയെ അവിടെ മാറ്റിയിരിക്കുന്നു.

 1073-ലെ 4-ാംറെഗുലേഷനായ കലാല്‍ നിയമം 63-ാംവകുപ്പനുസരിച്ചുള്ള കേസ്സുകള്‍ രാജിയാകാനും, പ്രതിഫലം വസൂലാക്കാനും അസിസ്റ്റന്‍റ് എക്സൈസ് കമിഷണര്‍മാര്‍ക്കു അധികാരം നല്‍കിയിരിക്കുന്നു.

 നെടുമങ്ങാട്ടു തഹശീല്‍മജിസ്ട്രേട്ട് മിസ്റ്റര്‍ രാമസ്വാമിഅയ്യരെ തിരുവനന്തപുരം 1-ാം ക്ലാസ് മജിസ്ട്രേട്ടായി തല്‍ക്കാലത്തേക്ക് മാറ്റുകയാല്‍ പകരം പാറശ്ശാലെനിന്ന് മിസ്റ്റര്‍ നീലകണ്ഠപിള്ള ബി. ഏ. ബി. എല്‍നെ നെടുമങ്ങാട്ടേക്ക് മാറ്റിയിരിക്കുന്നു.

 തിരുവനന്തപുരം രാജകീയ ഇംഗ്ലീഷ് കാളേജ് മലയാളമുന്‍ഷി മിസ്തര്‍ പി. കേ. നാരായണപിള്ള ബി. ഏ. ഏതാനും മാസത്തെ ഒഴിവുവാങ്ങിപ്പോകുന്നതിനുപകരം, അസിസ്റ്റന്‍റ് മിസ്റ്റര്‍ സി. സുബ്രഹ്മണ്യന്‍പോറ്റിയെ തല്‍സ്ഥാനത്തില്‍ നിശ്ചയിക്കുന്നതാണെന്നറിയുന്നു.

 സര്‍ക്കാര്‍ അച്ചുക്കൂടം സുപ്രെണ്ടു മിസ്റ്റര്‍ സി. വി. രാമന്‍പിള്ള ജൂലൈ 11നു- അച്ചുകൂടം ചാര്‍ജ്, ഹജൂര്‍ സെപ്പെറേറ്റ് റെവന്യൂ ഹെഡ് ക്ലാര്‍ക്ക് മിസ്റ്റര്‍ രാമലിംഗമയ്യരെ ഏല്പിക്കയും, അവധിയില്‍പോകയും ചെയ്തിരിക്കുന്നു. മിസ്റ്റര്‍ പിള്ള, മദിരാശിക്കു പോയിരിക്കുന്നതായി അറിയുന്നു.

 കഴിഞ്ഞകുറി എം.ബി.എം.സി. പരീക്ഷ ജയിച്ച വഞ്ചിയൂര്‍ കരിമ്പുവിളാകത്ത് എം. കൃഷ്ണപിള്ള ബി.ഏ. അവര്‍കളെ മദിരാശി മെഡിക്കല്‍ കാളേജില്‍ "അനാറ്റമി" (അംഗവിജ്ഞാനീയം) വിഷയത്തില്‍ "ഡെമാണ്‍സ്ട്രേറ്റര്‍" (പ്രയോഗകര്‍ത്താവ്) ആയി സ്വീകരിച്ചിരിക്കുന്നു.

 കൊല്ലം അസിസ്റ്റന്‍റ്  പോലീസ് സൂപ്രേണ്ട് ആയി നിയമിക്കപ്പെട്ട മിസ്റ്റര്‍ സി.എസ്. സ്വാമിനാഥശാസ്ത്രി ബി.ഏ.ബി.എല്‍-ന് പകരം, തിരുവനന്തപുരം ജില്ലാ സര്‍ക്കാര്‍വക്കീലായി മിസ്റ്റര്‍ കേ. പരമേശ്വരയ്യര്‍ ബി.ഏ.ബി.എല്‍-നെ തല്‍ക്കാലത്തേക്കു സ്ഥിരപ്പെടുത്തിയിരിക്കുന്നു.

  കരുനാഗപ്പള്ളിയില്‍ പുതിയതായി ഏര്‍പ്പെടുത്തുന്ന ഡിസ്പെന്‍സറിയിലെക്ക് അസിസ്റ്റന്‍റ് അപ്പാത്തിക്കരി മിസ്തര്‍ ഡിലേമസ്സിനെ മാറ്റുകയും, പകരം തിരുവനന്തപുരം നേത്രചികിത്സാശാലയിലേക്ക് അസിസ്റ്റന്‍റായി മിസ്റ്റര്‍ ഗോപാലഅയ്യങ്കാര്‍ എന്ന ആളിനെ നിശ്ചയിക്കയും ചെയ്തിരിക്കുന്നു.

 മഹാരാജാവ് തിരുമനസ്സുകൊണ്ട്, കുറ്റാലത്തേക്ക് എഴുന്നള്ളുമ്പോള്‍, വലിയകൊട്ടാരം സര്‍വാധികാര്യക്കാര്‍ മിസ്റ്റര്‍ അയ്യപ്പന്‍ പിള്ള കൂടെ പോകുന്നതാകയാല്‍, പകരം സര്‍വാധി കാര്യക്കാരുടെ നിലയില്‍ കാര്യാന്വേഷണങ്ങള്‍ക്ക്, രജിസ്ട്രേഷന്‍ ഡയറക്റ്റര്‍ മിസ്റ്റര്‍ രാമന്‍പിള്ളയെ ചുമതലപ്പെടുത്തുന്നതിന് നിശ്ചയിച്ചിരിക്കുന്നു. മിസ്റ്റര്‍ രാമന്‍പിള്ള സര്‍ക്കീട്ടുകഴിഞ്ഞ് കര്‍ക്കടകം 15-നു-ക്കു മുമ്പ് തലസ്ഥാനത്തെത്തി സര്‍വാധികാര്യക്കാരോടു ചാര്‍ജ് എല്‍ക്കുന്നതാണ്.

 തിരുവനന്തപുരം സര്‍ക്കാര്‍ഇംഗ്ലീഷ് ഹൈസ്ക്കൂളിലെ വാധ്യാന്മാരായ മിസ്റ്റര്‍ ഏ. ജി.ജാണ്‍, മിസ്റ്റര്‍ യു.ആര്‍.കുക്കിലയാ, മിസ്റ്റര്‍ ഓ. എം. ചെറിയാന്‍ എന്നിവര്‍ക്ക് കഴിഞ്ഞ മകരം 1-നു-മുതല്‍ 5-രൂപവീതം ശമ്പളക്കൂടുതല്‍ കൊടുപ്പാന്‍ ഈയിടെ തീരുമാനിച്ചിരിക്കുന്നു.

 ദിവാന്‍പേഷ്കാര്‍ മിസ്റ്റര്‍ കേ.പി. ശങ്കരമേനവനെ കോട്ടയത്തുനിന്ന് പത്മനാഭപുരത്തേക്കും; പകരം, മിസ്റ്റര്‍ സുബ്രഹ്മണ്യയ്യരെ പത്മനാഭപുരത്തു നിന്ന് കോട്ടയത്തേക്കും മാറ്റിയിരിക്കുന്നു. ഇത് 83 ചിങ്ങമാസം മുതല്‍ നടപ്പു വരുത്തുവാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു.

 "വടശ്ശേരി അമ്മയും ശ്രീവേലായുധന്‍ തമ്പിയും രണ്ടുകൊച്ചമ്മമാരും" കൂടി കര്‍ക്കടകം 11 നു- കുറ്റാലത്തേയ്ക്കു പുറപ്പെടുന്നതാണെന്നും; അവര്‍ തിരികെ എത്തുന്നതുവരെ അവര്‍ക്കു വേണ്ട വട്ടംകൂട്ടി കൊടുക്കണമെന്നും, അതാതുതാലൂക്കിലെ തഹശീല്‍ദാരന്മാര്‍ക്ക് ഗവര്‍ന്മേണ്ട് ഉത്തരവു അയച്ചിരിക്കുന്നു എന്നറിയുന്നു.

 മീനച്ചല്‍ താലൂക്കില്‍ വിഷൂചിക രോഗത്താല്‍ അച്ഛനമ്മാര്‍ മരിക്കയാല്‍ അഗതികളായ് തീര്‍ന്ന പ്രായംചെല്ലാത്ത, രണ്ടു ശൂദ്രക്കുട്ടികളെയും, ഒരു മുഹമ്മദീയക്കുട്ടിയെയും, അവര്‍ക്കു പ്രായമാവുന്നതുവരെ, ഗവര്‍ന്മേണ്ടില്‍ നിന്ന് രക്ഷിക്കുന്നവകയ്ക്ക് മാസം ഒന്നിന് 30- പണം വീതം കൊടുക്കുന്നതിന് മഹാരാജാവുതിരുമനസ്സുകൊണ്ട് കല്പിച്ച് അനുവദിച്ചിരിക്കുന്നു.

 പൂജപ്പുര ജേല്‍സൂപ്രേണ്ടായി തല്‍ക്കാലം ഒരു കൊല്ലത്തേക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന മിസ്റ്റര്‍ സ്വിന്നിയെ, മദ്രാസ്, ചെങ്കല്‍പട്ട് മുതലായ സ്ഥലങ്ങളിലെ ജേലുകള്‍, ദുര്‍ഗുണപരിഹാരപാഠശാലകള്‍ എന്നിവയില്‍ചെന്ന്, അവയുടെ നടത്തിപ്പു മുതലായ സംഗതികള്‍ രണ്ടു മാസകാലം കൊണ്ട് അന്വേഷിച്ചു പഠിച്ചുവരുന്നതിലേക്കായി, ഗവര്‍ന്മേണ്ടില്‍നിന്ന് അയയ്ക്കാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു.

  എഡ്യുക്കേഷനല്‍ സിക്രട്ടറിയുടെ ആഫീസില്‍ ഹെഡ് രായസം മിസ്റ്റര്‍ കൊച്ചുകൃഷ്ണപിള്ള വരുന്ന ചിങ്ങം 1നു- മുതല്‍ സബ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടരായി പോകാത്ത പക്ഷം, അദ്ദേഹത്തെ, അടുത്തൂണ്‍ കൊടുത്തു്, ജോലിയില്‍നിന്ന് പിരിക്കുമെന്ന് ആദ്യം ഒരു ഉത്തരവു പുറപ്പെട്ടിരുന്നു. എന്നാല്‍, പിന്നീടുണ്ടായ ഒരു ഉത്തരവില്‍, മിസ്തര്‍ പിള്ളയ്ക്ക് ചിങ്ങം 1നു- മുതല്‍ അടുത്തൂണ്‍കൊടുത്ത് ജോലിവിടുര്‍ത്തുമെന്ന് തീര്‍ച്ചയായി പറഞ്ഞിരിക്കുന്നു എന്നറിയുന്നു.

 കൂത്താട്ടുകുളം, മൂവാറ്റുപുഴെനിന്ന് പത്തു പന്ത്രണ്ടുനാഴിക അകലെയാകയാല്‍, അവിടെ ഉണ്ടാകുന്ന മജിസ്തീരിയല്‍ കേസ്സുകളുടെ വിഷയത്തില്‍, കക്ഷികള്‍ വളരെ ക്ലേശങ്ങള്‍ അനുഭവിച്ചുവരുന്നുണ്ട്. ഇതിന്‍റെ പരിഹരണത്തിനായി, കൂത്താട്ടുകുളം സബ് രജിസ്ട്രാര്‍ക്കു മൂന്നാംക്ലാസ് മജിസ്ട്രേട്ടധികാരം കൂടെ കൊടുത്തു നടത്തിക്കുന്നത് ഉചിതമായിരിക്കയില്ലയോ എന്ന്, കോട്ടയം ദിവാന്‍ പേഷ്കാര്‍ ആലോചിച്ചുവരുന്നു. ഇതിലേക്ക്, കൂത്താട്ടുകുളംസബ് രജിസ്ട്രാര്‍ക്ക് മൂന്നാം ക്ലാസ് മജിസ്ട്രേട്ടധികാരം കൂടിവഹിച്ചു ജോലിനടത്തുവാന്‍ സൌകര്യപ്പെടുമോ എന്നറിവാന്‍, പേഷ്കാര്‍, രജിസ്ട്രേഷന്‍ ഡയറക്ടര്‍ക്ക് എഴുതിയിരിക്കുന്നു - എന്ന് ഒരു വടക്കന്‍ ലേഖകന്‍ അറിയിക്കുന്നു.

 ലാകാളേജ് പ്രൊഫസ്സര്‍ മിസ്റ്റര്‍ കൊച്ചുകൃഷ്ണമാരാരും, ആര്‍ട്ട്സ് കാളേജ് അസിസ്റ്റന്‍റ് പ്രൊഫസ്സര്‍ മിസ്റ്റര്‍ ആര്‍. കൃഷ്ണസ്വാമിഅയ്യരും, ഏതാനും കാലം, ഗവര്‍ന്മേണ്ടില്‍നിന്ന് കൂടുതല്‍ ശമ്പളം പറ്റിപ്പോയിട്ടുണ്ടെന്നും, അതിലേക്ക് മിസ്റ്റര്‍ മാരാരുടെ ശമ്പളത്തില്‍നിന്ന്, മേല്പടി അധികപ്പറ്റു തികയുന്നതുവരെ, മാസംതോറും, 50- രൂപ പിടിക്കുന്നതിന് ഗവര്‍ന്മേണ്ട് തീര്‍ച്ചപ്പെടുത്തിയെന്നും, മുന്‍ ഒരു ലക്കം "സ്വദേശാഭിമാനി"യില്‍ പറഞ്ഞിരുന്നുവല്ലൊ. മിസ്റ്റര്‍ കൃഷ്ണസ്വാമിഅയ്യര്‍ മാസംതോറും കൂടുതലായിപറ്റിവന്ന 20-രൂപ, അക്കാലങ്ങളിലേക്ക് അദ്ദേഹത്തിന്‍റെ ശമ്പളക്കൂടുതലായി ഗണിച്ചാല്‍മതിയെന്നും, ഇപ്പോള്‍ പിടിക്കേണ്ട എന്നും ആര്‍ട്ട്സ് കാളേജ് പ്രിന്‍സിപ്പാളിന്‍റെ ശിപാര്‍ശപ്രകാരം ഗവര്‍ന്മേണ്ട് തീരുമാനിച്ചിരിക്കുന്നു.

 പള്ളിക്കൂടം അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ മിസ്റ്റര്‍ നാരായണക്കുരുക്കളും ഗവര്‍ന്മേണ്ടുമായുള്ള എഴുത്തുകുത്തുകളെയും, മറ്റുംകുറിച്ച് ഞങ്ങളോട് അന്വേഷണംചെയ്യുന്ന വരിക്കാരെയും ലേഖകന്മാരെയും, വിവരങ്ങളെല്ലാം ശരിയായി ഗ്രഹിപ്പിക്കുന്നതിന്, ഇനിയും കാലമായിട്ടില്ലെന്നു ഞങ്ങള്‍ വ്യസനിക്കുന്നു. ഈ സംഗതി സംബന്ധിച്ചുള്ള സകല വിവരങ്ങളും ലക്ഷ്യങ്ങളോടുകൂടി ഞങ്ങള്‍ വഴിയേ പ്രതിപാദിക്കുന്നതാണ്. മിസ്റ്റര്‍ കുരുക്കള്‍ ഉദ്യോഗം രാജി വയ്ക്കയും, ജോലിക്കു പോകാതിരിക്കയും ചെയ്തിട്ടും, ഗവര്‍ന്മേണ്ട് ഇതേവരെ, രാജിഅനുവദിക്കയോ, ജോലിയില്‍ നിന്ന് തള്ളുകയോചെയ്ത് യാതൊരു തീരുമാനവും ഉണ്ടാക്കാതെ ഇരിക്കകൊണ്ടാണ്, ഈ വിഷയത്തെപ്പറ്റിയുള്ള വിവരങ്ങളെ ഞങ്ങള്‍ നീട്ടിവയ്ക്കുന്നത്.

 തിരുവനന്തപുരത്തു നിന്ന് ഒരു മാന്യലേഖകന്‍ എഴുതുന്നത്:- ആറ്റിങ്ങല്‍ തമ്പുരാട്ടിമാര്‍ ഈയിട ഒരുദിവസം ശംഖിന്മുഖത്തു കടൽപുറത്ത് എഴുന്നള്ളി, കടലിന്നരുകിലിറങ്ങിക്കളിച്ച്, "ഭയങ്കരമായ ഒരു തിരമാല തട്ടി ഭയപ്പെട്ടു" എന്നും, തിരുമേനികളൊരുമിച്ചു പോയിരുന്ന മാതാവും, രാമവര്‍മ്മ വലിയ കോയില്‍ത്തമ്പുരാനവര്‍കളും, അകലെ സംസാരിച്ചുകൊണ്ടു നിന്നതിനാല്‍ റാണിമാരുടെ അപകടസ്ഥിതിയെ കണ്ടില്ലാ എന്നും, മറ്റും അര്‍ത്ഥത്തില്‍, ഇവിടത്തെ ഒരു പത്രത്തില്‍ എഴുതിയിരിക്കുന്നതു ഞാന്‍ വായിച്ചു. പ്രസ്തുത പത്രത്തില്‍ അസംബന്ധമായ വാര്‍ത്തകള്‍ പലതും, കോയിത്തമ്പുരാക്കന്മാരെയും, രാജകുഡുംബങ്ങളെയും സംബന്ധിച്ച് ചിലപ്പോള്‍ കാണ്മാറുണ്ട്. ഇതും ആ വകയില്‍ ചേര്‍ന്നതു തന്നെ എന്നു ഗണിച്ചുതള്ളാമെങ്കിലും, പൊതുജനങ്ങള്‍ അന്യഥാ ഗ്രഹിക്കാതിരിക്കാന്‍ വേണ്ടി ഈ ചെറിയ ലേഖനമെഴുതുകയാണ്. റാണിമാര്‍ കടപ്പുറത്തു എഴുന്നള്ളിയിരുന്നതും, കൂടെ മാതാവും മറ്റു ചിലരും, കോയിത്തമ്പുരാനും പോയിരുന്നതും ശരിതന്നെ. അവരെല്ലാം കടപ്പുറത്തു നിന്ന്, ഓരോരോ മനോഹരകാഴ്ചകളെയും, കടലിന്‍റെ ക്ഷോഭപ്രകടനങ്ങളെയും കണ്ടിരുന്നതും ശരിയാണ്. എന്നാല്‍, റാണിമാരുടെ ശരീരരക്ഷയെ കരുതാതെയോ, അവരെ കടലില്‍ കളിപ്പാന്‍ വിട്ടിട്ടോ, മറ്റുള്ളവര്‍ സംഭാഷണം ചെയ്തുകൊണ്ടിരിക്കയോ, "അര നാഴിക ദൂരെ നാസികാംഗുലിയന്മാരായി" നില്‍ക്കയോ അല്ലാ ചെയ്തിരുന്നത്. അവര്‍ അടുത്തു തന്നെ ഉണ്ടായിരുന്നു. റാണിമാരെ "ഭയങ്കരമായ ഒരു തിരമാല തട്ടിയി"രുന്നുവെങ്കില്‍, അവര്‍ തീരെ നനഞ്ഞു കുഴഞ്ഞു പോകുമായിരുന്നില്ലേ? റാണിമാര്‍ "ഭയപ്പെടുകയും" ചെയ്തു എന്നുപറവാന്‍ എന്തുലക്ഷ്യമാണാവോ? അവര്‍ ഭയപ്പെട്ടിട്ടുണ്ടെങ്കില്‍, അവര്‍ക്ക് തന്നെ ആ ഭയത്തെപ്പറ്റി അറിവുവേണമല്ലൊ. അവര്‍, ഭയപ്പെട്ടു എന്നുള്ളത്, മേല്പടി പത്ര പ്രസ്താവം കൊണ്ടു വേണം അറിവാന്‍. ഈ മാതിരി അസംബന്ധ പ്രസ്താവങ്ങള്‍ പലതും പ്രസ്തുതപത്രത്തില്‍ പലപ്പോഴും ചേര്‍ക്കുന്നതുകൊണ്ട്, പരന്മാര്‍ക്ക് തെറ്റായ ധാരണ ഉണ്ടാക്കാനും, പത്രപ്രവര്‍ത്തകന്നോ ലേഖകന്നോ, തന്നാല്‍ ആക്ഷിപ്തന്മാരുയുള്ളവരുടെ പേരില്‍ വച്ചിട്ടുള്ള ദ്വേഷത്തെ പ്രകടിക്കുവാനും സാധിക്കുമെന്നല്ലാതെ, മറ്റു പ്രയോജനവിശേഷം ഒന്നുമില്ലാ. മാന്യന്മാരായ ജനങ്ങള്‍, പ്രസ്തുതപത്രത്തിന്‍റെ ഏവം വിധങ്ങളായ ദുര്‍ഭാഷണങ്ങളെ ചെവികൊള്ളരുതെന്ന് ഞാന്‍ പ്രത്യേകം അറിയിക്കുന്നു. റാണിമാരുടെ, ശരീരരക്ഷയെപ്പറ്റി, പ്രസ്തുതപത്രാധിപരെക്കാള്‍ അധികം താല്‍പര്യവും അവകാശവും വാസ്തവത്തില്‍ ഉള്ളവര്‍, വേണ്ടപോലെ ഏര്‍പ്പാടുകള്‍ ചെയ്തു തന്നെയാണ് സവാരിക്കെഴുന്നള്ളിക്കുന്നത്. "പ്രകൃതി ഒരു ക്രൂരമാതാവാണെ"ന്ന് പ്രസ്തുത പത്രം പറഞ്ഞത് സദാനന്ദവേദാന്ത സിദ്ധാന്തമായിരിക്കുമോ? എല്ലാവരോടും ഒരു പോലെ, ദയയോടുകൂടിയിരിക്കുന്ന മാതാവാണ് പ്രകൃതി, എന്ന് ഗോള്‍ഡ് സ്മിത്ത് എന്ന കവി വര്‍ണ്ണിച്ചിട്ടുള്ളതും ഇതും തമ്മില്‍ എത്രയോ അന്തരപ്പെട്ടിരിക്കുന്നു!.,

You May Also Like