ദേശവാർത്ത - തിരുവിതാംകൂർ

  • Published on December 12, 1908
  • Svadesabhimani
  • By Staff Reporter
  • 55 Views

 വെറ്റിനറി സര്‍ജന്‍ മിസ്തര്‍ ബക്കിളിന് 3 -മാസത്തെ അവധി അനുവദിച്ചിരിക്കുന്നു.

അസിസ്റ്റന്‍റ് ഇഞ്ചിനിയര്‍ മിസ്തര്‍ കുര്യന്‍ 45 ദിവസത്തെ അവധിക്കു അപേക്ഷിച്ചിരിക്കുന്നു.

 ഡിസ്ട്രിക്ട് കോര്‍ട്ടു രണ്ടാംജഡ്ജി മിസ്തര്‍ ഏ കൃഷ്ണയ്യങ്കാരെ ആ ജോലിയില്‍സ്ഥിരപ്പെടുത്തിയിരിക്കുന്നു.

 തിരുവനന്തപുരം സര്‍ക്കാര്‍ കാളേജ് ലാബ്രട്ടറിഅസിസ്റ്റന്‍റ് വരദ അയ്യങ്കാര്‍ക്കു 5 - രൂപ ശമ്പളം കൂട്ടിക്കൊടുത്തിരിക്കുന്നു.

 ഹൈക്കോര്‍ട്ടുജഡ്ജി മിസ്തര്‍ കേ. പി. ശങ്കര മേനവന്‍റെ ശമ്പളം 75 - രൂപയായി സ്ഥിരപ്പെടുത്തിയിരിക്കുന്നു.

 ചീഫ് ഇഞ്ചിനീയര്‍ മിസ്തര്‍ ബ സ്റ്റോ ഈ മാസം 14-ാനു- കൊളമ്പില്‍നിന്ന് ആസ്ട്രേലിയായിലെക്കു കപ്പല്‍ കയറുന്നതാണെന്നറിയുന്നു.

 തിരുവനന്തപുരം സ്ത്രീസമാജത്തെ മേലില്‍ പൂര്‍വാധികം പരിഷ്കൃതരീതിയില്‍ നടത്തുന്നതിന് സ്ഥലത്തെ ഏതാനും മാന്യന്മാര്‍കൂടി ഒരു അഡ്വൈസറിക്കൌണ്‍സില്‍ ഏര്‍പ്പെടുത്തുവാനാലോചിച്ചുവരുന്നു.

 കാക്കൂര്‍ സ്പെഷ്യല്‍ആഫീസര്‍ ആയിരുന്ന മിസ്തര്‍ രാഘവാചാരിക്കു 45 - ദിവസത്തെ അവധി അനുവദിച്ചിരിക്കുന്നു. പകരം, 1-ാംക്ലാസുമജിസ്ട്രേട്ടായി മിസ്തര്‍ പപ്പുപിള്ളയെതന്നെ നിയമിച്ചിരിക്കുന്നു.

 തിരുവിതാംകൂര്‍ ഖജനാവുകളില്‍ ഏര്‍പ്പെടുത്തപ്പെട്ടിരിക്കുന്ന സേവിംഗ്സ് ബാങ്കുകളെ ഏറെത്താമസിയാതെ അഞ്ചലാഫീസുകളിലെക്കു മാറ്റുന്നതിനു ഗവര്‍ന്മേണ്ട് ആലോചിച്ചുവരുന്നു.

 വാക്സിനേറ്റരന്മാര്‍ സര്‍ക്കീട്ടു ചെയ്യുമ്പോള്‍ കടത്തുകൂലി, വള്ളക്കൂലി ഇവ കൊടുക്കേണ്ടിവന്നാല്‍, ആവക പണം സര്‍ക്കാരില്‍നിന്ന് അവര്‍ക്കുകൊടുക്കുന്നതാണെന്നു ഗവര്‍ന്മേണ്ടു തീരുമാനിച്ചിരിക്കുന്നു.

 കോട്ടയം പേഷ്കാര്‍ ഡാക്ടര്‍ സുബ്രഹ്മണ്യയ്യര്‍ കഴിഞ്ഞ ചിങ്ങമാസത്തില്‍ ദേവസ്വം കാണ്‍ഫറന്‍സും കഴിഞ്ഞു തിരിയെ പോകുംവഴി അവധിയും അനുവാദവും കൂടാതെ രണ്ടുദിവസം വര്‍ക്കലെത്താമസിച്ചതായി ഗവര്‍ന്മേന്‍റ് അറിയുകയാല്‍ അദ്ദേഹത്തിന്‍റെ സമാധാനം ഗവര്‍ന്മേണ്ടു ആവശ്യപ്പെട്ടിരിക്കുന്നു.

 റെവന്യൂസംബന്ധമായ ചില വീഴ്ചകള്‍ക്കായി കല്‍ക്കുളം തഹശീല്‍ മിസ്തര്‍ ആണ്ടിപ്പിള്ളയെ രണ്ടാമതു കല്പനവരെ സസ്പെന്‍സുചെയ്തു എന്നുള്ള പ്രസ്താവം അസംബന്ധമാണ്. 11 ക പിഴ നിശ്ചയിച്ചു പ്രോസിഡിംഗ്സ് പാസ്സായതില്‍ പിന്നെയും പേഷ്കാര്‍ മിസ്തര്‍ ശങ്കരപ്പിള്ള ഡെമി അഡിഷ്യനായി എന്തൊക്കെയോ എഴുതിഅയയ്ക്കുകയും, അതിനെ അടിസ്ഥാനപ്പെടുത്തിയും മറ്റും മിസ്തര്‍ ആണ്ടിപ്പിള്ള തഹശീല്‍ദാര്‍ ജോലിക്കു അയോഗ്യനാണെന്നു റിമാര്‍ക്കോടുകൂടി അദ്ദേഹത്തെ തന്‍റെ പഴയ ജോലിയായ കായങ്കുളം രണ്ടാംക്ലാസു മജിസ്ട്രേട്ടായിട്ടു തിരികെ ആക്കുകയും, രണ്ടുകൊല്ലത്തേക്കുഉദ്യോഗക്കയറ്റം തടയുകയും ചെയ്തു ഉത്തരവയച്ചിരിക്കുന്നു. മിസ്തര്‍ ആണ്ടിപ്പിള്ളയ്ക്കു പകരം, പാറശ്ശാല മജിസ്ട്രേട്ടു മിസ്റ്റര്‍ എന്‍. നീലകണ്ഠപ്പിള്ള ബി. ഏ. ബി. എല്‍ -നെ കല്‍ക്കുളത്തേക്കു നിയമിച്ചിരിക്കുന്നു. മിസ്തര്‍ നീലകണ്ഠപ്പിള്ളയ്ക്കുപകരം, ഇപ്പൊള്‍ തല്‍കാലം ജോലി നോക്കുന്ന മിസ്തര്‍ ശേഷയ്യങ്കാരെതന്നെ പാറശ്ശാല മജിസ്ട്രേട്ടായി നിയമിച്ചിരിക്കുന്നു.


 

You May Also Like