കേരളവാർത്തകൾ - തിരുവിതാംകൂർ

  • Published on January 24, 1906
  • Svadesabhimani
  • By Staff Reporter
  • 61 Views

 ഹൈക്കോടതിക്ലാര്‍ക്കായ മിസ്റ്റര്‍ വില്‍ഫ്രെഡ് ഡിനെറ്റൊ (ബി ഏ ബി എല്‍) യെ കായങ്കുളം മജിസ്ട്രേറ്ററായി നിശ്ചയിച്ചിരിക്കുന്നു.

 തിരുവനന്തപുരം വള്ളക്കടവില്‍ കമ്പിയാപ്പീസും തപാലാപ്പീസും ഒന്നായിച്ചേര്‍ത്തു ഏര്‍പ്പെടുത്തിക്കൊടുക്കണമെന്നു അവിടത്തെ കച്ചവടക്കാര്‍ അപേക്ഷചെയ്തിരിക്കുന്നു.

 ഒരു പോലീസുകേസ്സ് സംബന്ധിച്ച് അസിസ്റ്റന്‍റ് പോലീസ് സൂപ്രേണ്ട് മിസ്റ്റര്‍ സ്വിന്നി മിനിഞ്ഞാന്ന് ആറ്റിങ്ങല്‍ എത്തി, അന്നു തിരികെപോയിരിക്കുന്നതായി അറിയുന്നു.

 ആറ്റിങ്ങല്‍ നെയ്ത്തുശാലകളുടെ തല്‍ക്കാലസ്ഥിതി വളരെ മോശമാണെന്നു ആക്ഷേപിക്കുന്ന ഒരു ലേഖനം ഞങ്ങള്‍ക്കു കിട്ടിയിരിക്കുന്നു. അധികൃതന്മാര്‍ഇക്കാര്യത്തെ അന്വേഷിക്കാമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.

 ആറ്റിങ്ങല്‍ ക്ഷേത്രത്തില്‍വച്ചുള്ള അരിയിട്ടുവാഴ്ക അടിയന്തിരം കഴിഞ്ഞ ഞായര്‍, തിങ്കള്‍ എന്നദിവസങ്ങളില്‍ നടന്നിരിക്കുന്നു. തഹശീല്‍ദാര്‍ ഗോവിന്ദപ്പിള്ള അവര്‍കളുടെ ഉത്സാഹത്താല്‍ അടിയന്തരം വളരെ മംഗളമായി കഴിഞ്ഞുകൂടി.

 ചിറയിങ്കീഴ് അഞ്ചലാപ്പീസില്‍ ചെലവിനുംകൂടുതലിനും കിട്ടുന്ന എഴുത്തുകളില്‍ ചിലത് മേല്‍വിലാസക്കാര്‍ക്കു കിട്ടുന്നില്ലെന്നു പരാതിഉണ്ടായിരിക്കുന്നു. ഇതിനെപ്പറ്റി അഞ്ചല്‍ സൂപ്രേണ്ടിന് ഈ പത്രം ആപ്പീസില്‍ നിന്നുതന്നെ പരാതികള്‍ അയച്ചിട്ടുണ്ട്.

 കോട്ടയം അഞ്ചലാപ്പീസിലെ പണാപഹരണക്കേസ്സില്‍ ഉള്‍പ്പെട്ട ഗുമസ്താ ഇട്യേരയുടെ അപ്പീല്‍  ഹൈക്കോടതി ജഡ്ജിമാര്‍ കേട്ടതില്‍, കീഴ് ക്കോടതിവിധി  സ്ഥിരപ്പെടുത്തുകയും, ഇട്ട്യേരയെ സര്‍ക്കാര്‍ജോലിയില്‍ മേലാല്‍ നിയമിക്കുവാന്‍ പാടില്ലെന്ന് തീരുമാനിക്കയും ചെയ്തിരിക്കുന്നു.

 ചിറയിങ്കീഴിലുള്ള ചില ചെറിയ അക്രമികളുടെ ശല്യം അധികമായിരിക്കുന്നു, കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം പുളിമൂട്ടുകടവിനടുത്തുവച്ച് ഏതാനും അക്രമികള്‍കൂടി ഒരു മഹമ്മദീയന്‍റെ ഓടിവള്ളം തടയുകയും, അയാളെ തല്ലുകയും ചെയ്തിരിക്കുന്നു. പോലീസ് ഇന്‍സ്പെക്ടരുടെ ദൃഷ്ടി ഈ വിഷയത്തില്‍ പതിയുമെന്നു വിശ്വസിക്കുന്നു.

 പോലീസ് സൂപ്രേണ്ടു മിസ്റ്റര്‍ ബെന്‍സിലി വടക്കന്‍ സര്‍ക്കീട്ടുകഴിഞ്ഞു മടങ്ങിയിരിക്കുന്നു.

  തിരുവനന്തപുരം പബ്ലിക് ലൈബ്രറിയുടെ കാര്യദര്‍ശിയായി പ്രൊഫെസ്സര്‍ ഹാഡ്ജ്സനെ നിശ്ചയിച്ചിരിക്കുന്നു.

 സര്‍ക്കാരച്ചുക്കൂടം സൂപ്രേണ്ടു മിസ്റ്റര്‍ സി. വി. രാമന്‍പിള്ള ബി. ഏ ക്ക് 50 രൂപ ശമ്പളക്കൂടുതല്‍ നല്‍കപ്പെട്ടിരിക്കുന്നു.

 തിരുവനന്തപുരം ഉത്സവമഠം മജിസ്ട്രേറ്റായി തല്‍കാലത്തേക്ക് സബ് രജിസ്ട്രാര്‍  വെങ്കിടാചലമയ്യരെ നിയമിച്ചിരിക്കുന്നു.

 ഉത്സവമഠത്തില്‍നിന്നു കുറേപുകയില കളവുചെയ്ക രണ്ടു ബ്രാഹ്മണരെ ഉത്സവമഠം മജിസ്ട്രേറ്റിന്‍മുമ്പെ ചാര്‍ജ് ചെയ്തിരിക്കുന്നു.

  കൊട്ടാരക്കരെ ഓവര്‍സീയര്‍ മിസ്റ്റര്‍ രാമന്‍പിള്ളയെ അടൂര്‍ക്കും പകരം മിസ്റ്റര്‍ രാമലിങ്ഗമയ്യരെ കൊട്ടാരക്കരയ്ക്കും മാറ്റിയിരിക്കുന്നു.

 മദ്രാസിലെ കലാപ്രദര്‍ശനത്തിന് തിരുവനന്തപുരം കരകൌശലശാലയില്‍ നിന്ന്  ഏതാനും ദന്തപ്പണിത്തരങ്ങള്‍ അയച്ചിരിക്കുന്നു.

  ചിറയിങ്കീഴ് പോലീസ് ഇന്‍സ്പേക്റ്റര്‍ സി. ആര്‍. പരമേശ്വരന്‍പിള്ള അവര്‍കളെ കൊല്ലത്തേയ്ക്കു നിയോഗിച്ചതനുസരിച്ചു അദ്ദേഹം ഇന്നലെ പോയിരിക്കുന്നു.

ബീ.ഏ, ക്ളാസില്‍ ചേര്‍ന്നു പഠിക്കുവാന്‍ സഹായമായി, ശ്രീമതി ടി.ബി.കല്യാണി അമ്മയ്ക്ക് സര്‍ക്കാരില്‍നിന്ന് 20 രൂപ മാസന്തോറും സ്കാളര്‍ഷിപ്പ് അനുവദിച്ചിരിക്കുന്നു.

 കഴിഞ്ഞ ശനിയാഴ്ചയ്ക്ക് തിരുവനന്തപുരം റെഡിഡണ്ടുബങ്കളാവിനടുത്തു രണ്ടു പീടികകള്‍ക്കു തീപിടിച്ചു. എങ്കിലും പട്ടാളക്കാരുടെ ഉത്സാഹത്താല്‍, അധികമായ നാശത്തിനിടയായില്ലാ.

  മിസ്റ്റര്‍ എസ്. തിരുവാരിയന്‍ പിള്ളയെ മദ്രാസ്സിലെ ഒരു ഇംഗ്ലീഷ് പത്രം ആപ്പീസില്‍ ഉപപത്രാധിപരായി സ്വീകരിക്കുവാന്‍ ആലോചിച്ചിരിക്കുന്നു. ഇദ്ദേഹം ഇക്കഴിഞ്ഞ ഭാരതമഹാജനസഭയ്ക്ക് മദ്രാസ് മെയിലിന്‍റെ പ്രതിനിധിയായി പോയിരുന്നു. ഈ ആലോചന ഫലിച്ചുകാണ്മാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

  പരവൂര്‍ ചിറക്കരെ മോഷണക്കേസ്സില്‍ തെളിവുശേഖരിക്കുവാനായി തിരുവനന്തപുരത്തുനിന്നു വിശേഷാല്‍ അയയ്ക്കപ്പെട്ടിട്ടുള്ള ഹെഡ് കണ്‍സ്റ്റബിള്‍ മിസ്റ്റര്‍ പാച്ചുപിള്ളയേയും, മറ്റൊരു കണ്‍സ്റ്റബിളിനേയും ഒരുവന്‍ കത്തികൊണ്ടുകുത്തി, അപായകരമായ മുറിവേല്പിച്ചിരിക്കുന്നു. മുറിപ്പെട്ടവര്‍നെടുങ്ങോലം ആശുപത്രിയില്‍ കിടക്കുകയാണ്.

  ഇക്കഴിഞ്ഞ " ശ്രീമൂലംപ്രജാസഭ" വക നടവടികളെല്ലാം ഉള്‍പ്പെട്ടതായ ഒരു പുസ്തകം തിരുവിതാംകൂര്‍ ഗവര്‍ന്മേണ്ട് പുറപ്പെടുവിച്ചിരിക്കുന്നു. ഇതില്‍, ദിവാന്‍ജിയുടെ ഉപക്രമപ്രസംഗവും, സാമാജികന്മാരുടെ പ്രസംഗങ്ങളുടെ ചുരുക്കവും ദിവാന്‍ജിയുടെ മറുവടികളും, പ്രജാസഭച്ചട്ടങ്ങളും, സാമാജിക ലീസ്റ്റും, നെല്‍ക്കരം നിറുത്തേണ്ടതിനെപ്പറ്റിയുള്ള സങ്കടഹര്‍ജിയും, പ്രതിപാദിത വിഷയങ്ങള്‍ക്കു ഓര്‍മ്മക്കുറിപ്പും അടങ്ങീട്ടുണ്ട്. എല്ലാംകൂടെ, 134 ഫുള്‍ സ്കേപ് പുറങ്ങളുണ്ട്.

 

You May Also Like