തന്റേടം ചിന്തേരിട്ട തൂലിക

  • Published on January 01, 1970
  • By Staff Reporter
  • 715 Views

കഷ്ടിച്ച് നാല്‍പ്പത്തി ഒന്നു കൊല്ലം (1875 - 1916) മാത്രമേ ഭൂമുഖത്ത് ജീവിച്ചുള്ളു. പക്ഷെ സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയുടെ നാമധേയം അഭിമാന പുളകങ്ങള്‍ സൃഷ്ടിച്ച് കൊണ്ട് തലമുറകളുടെ ആവേശമായി നിലനില്‍ക്കുന്നു. 

 പത്രപ്രവര്‍ത്തനം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ചെറുപ്പകാലം മുതല്‍ക്കേ ഒരു "ജ്വര"മായിരുന്നു. പത്രങ്ങള്‍ക്കു വ്യക്തമായ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കണമെന്ന് അന്നേ അദ്ദേഹം വിശ്വസിച്ചു.

 തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന "കേരള ദര്‍പ്പണ"ത്തിന്‍റെ പത്രാധിപത്യം 1900 - ല്‍ രാമകൃഷ്ണപിള്ള ഏറ്റെടുത്തു. തുടര്‍ന്ന് കേരള പഞ്ചികയുടെയും 1903 - ല്‍ 'മലയാളി'യുടെയും പത്രാധിപരായി.

 കേരളന്‍' എന്ന മാസിക 1905 - ല്‍ രാമകൃഷ്ണപിള്ള തിരുവനന്തപുരത്തു നിന്നാരംഭിച്ചു. പല കാരണങ്ങളാലും അത് അധിക കാലം നടത്താന്‍ കഴിഞ്ഞില്ല. ഇക്കാലത്താണ് വക്കം മൗലവി വക്കത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'സ്വദേശാഭിമാനി'യുടെ പത്രാധിപ സ്ഥാനത്തേക്ക് രാമകൃഷ്ണപിള്ളയെ ക്ഷണിച്ചത്. 1906 ല്‍ ജനുവരിയില്‍ അദ്ദേഹം ആ ക്ഷണം സ്വീകരിച്ചു. അക്കൊല്ലം ബി.എ. പാസായി തിരുവനന്തപുരത്തു നിയമ പഠനത്തിനു ചേര്‍ന്നതിനെത്തുടര്‍ന്നു 'സ്വദേശാഭിമാനി' തിരുവനന്തപുരത്തേക്കു മാറ്റി. സ്വദേശാഭിമാനി പത്രവും അതിന്‍റെ പത്രാധിപരും തമ്മിലുള്ള അഭേദ്യമായ ആത്മബന്ധമാണ് കെ.രാമകൃഷ്ണപിള്ളയെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാക്കിയത്.. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ കേരളം കണ്ട ഏറ്റവും സാഹസികമായ പത്രപ്രവര്‍ത്തന ശൈലിയായിരുന്നു സ്വദേശാഭിമാനിയുടേത്. അഴിമതികളെയും കൊള്ളരുതായ്മകളെയും, അവ എത്ര ഉന്നത മണ്ഡലത്തിലുള്ളവര്‍ നടത്തിയാലും സ്വദേശാഭിമാനി തുറന്നു കാട്ടി. പദവിയുടെ പ്രൗഢി കൂടുന്നതിനനുസരിച്ച് വിമര്‍ശനത്തിന്‍റെ കരുത്തും കൂടി. അന്നു തിരുവിതാംകൂര്‍ ദിവാനായിരുന്ന പി.രാജഗോപാലാചാരി ആ വിമര്‍ശനങ്ങളെ ശരങ്ങളേറ്റു പുളഞ്ഞു. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കുറ്റമറ്റ രീതിയില്‍ മാത്രമേ പെരുമാറാവൂ എന്നു രാമകൃഷ്ണപിള്ള ശഠിച്ചു. 

അങ്ങനെയാണ് 1910 സെപ്റ്റംബര്‍ 26-ാം തീയ്യതി സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ടത്. അദ്ദേഹത്തിന്‍റെ വീടും സ്വദേശാഭിമാനി അച്ചടിച്ച പ്രസ്സും പോലീസ് പൂട്ടി സീല്‍ വച്ചു. 

വിശാലമായ വിശ്വവീക്ഷണവും, അഗാധമായ പാണ്ഡിത്യവും ഉണ്ടായിരുന്ന രാമകൃഷ്ണപിള്ള ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്‍റെ കേളികൊട്ടു മുഴങ്ങുന്നതിനു മുമ്പ്, കൊച്ചു കേരളത്തിന്‍റെ ഒരറ്റത്തിരുന്ന് ഈ മനുഷ്യന്‍ കാറല്‍ മാക്സിനെപ്പറ്റി ഒരു പുസ്തകമെഴുതി. ഏതെങ്കിലും ഇന്ത്യന്‍ ഭാഷയില്‍ അതിനു മുമ്പ് മാര്‍ക്സിസ്റ്റിനെപ്പറ്റി ഒരു ഗ്രന്ഥവും ആരും രചിച്ചിരുന്നില്ല. തന്‍റെ പത്രപ്രവര്‍ത്തനാനുഭവങ്ങള്‍ ക്രോഡീകരിച്ച് പത്രപ്രവര്‍ത്തകരുടെ പുത്തന്‍ തലമുറക്കു വേണ്ടി 'വൃത്താന്ത പത്രപ്രവര്‍ത്തനം' എന്ന ആധികാരിക ഗ്രന്ഥം അദ്ദേഹം രചിച്ചു.

 സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള 1916 മാര്‍ച്ച് -15 ന് അന്തരിച്ചു. കണ്ണൂരിലെ പയ്യമ്പലം കടപ്പുറത്താണ് അദ്ദേഹത്തിന് അന്ത്യ വിശ്രമത്തിനുള്ള ആറടി മണ്ണു കിട്ടിയത്.   

You May Also Like