കൃഷി

  • Published on May 30, 1908
  • By Staff Reporter
  • 734 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ഈ സംസ്ഥാനത്തെ കൃഷി എല്ലാ വിഷയങ്ങളിലും പൂർവ്വകാലത്തെ സ്ഥിതിയിൽ ഇപ്പോഴും ഇരിക്കുന്നു എന്നും, ശീതോഷ്ണാവസ്ഥകൾ കണക്കാക്കി  ഗവർന്മേണ്ടോ ജനങ്ങളോ ഈ കാര്യത്തിൽ കാലാനുസരണം  വേണ്ടത്ര  പ്രവർത്തിച്ചിട്ടില്ലെന്നും അനേകം ആക്ഷേപങ്ങൾ ഉണ്ടാകുന്നുണ്ടല്ലോ.  എന്നാൽ, ഡോ. കുഞ്ഞൻ പിള്ളയുടെ ആഗമനത്തോട് കൂടി കർഷകന്മാർക്കും സർക്കാരിനും കൃഷി വിഷയത്തിൽ ഉത്സാഹം ജനിച്ചു കാണുന്നത് സന്തോഷകരം തന്നെ.  കന്നുകാലി വളർത്തുന്ന രീതി, ചാണകം മുതലായ വളങ്ങളെ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന വിധം,  ഭൂമിയുടെ സ്വഭാവവും ആവശ്യവും അറിഞ്ഞ് കാലാനുസരണം  ചെയ്യേണ്ട വേലകൾ, വിത്തുകളെ പരിപാലിക്കുകയും  തൈകളെ  വളർത്തുകയും  ചെയ്യേണ്ട വിധങ്ങൾ ഇത്യാദിയെല്ലാം ഈ നാട്ടിലെ കൃഷിക്കാർ കഴിയുന്ന വേഗത്തിൽ പഠിച്ചു  കൊള്ളുമെന്നു വിശ്വസിക്കുന്നു.  നവീനതരം കൃഷിയായുധങ്ങൾ കുറേയെങ്കിലും  ഇപ്പോൾ തന്നെ ഈ രാജ്യത്തെ കൃഷി പാഠശാലകളിലുണ്ട്,  എങ്കിലും ജനങ്ങൾ അവയെ അനുകരിച്ച് ആയുധങ്ങളുണ്ടാക്കി ഉപയോഗിക്കുന്നതിൽ വളരെ ശ്രദ്ധ കാണിച്ചിട്ടുള്ളതായി അറിയുന്നില്ല,  ഈ ന്യൂനതയും താമസിയാതെ പരിഹാര്യമാകുമെന്നും വിചാരിക്കാം.  വൃക്ഷങ്ങൾക്ക്, പ്രത്യേകിച്ച് തെങ്ങിന്, പലവിധ രോഗങ്ങൾ പിടിപെട്ടുകാണുക സാധാരണയായിപ്പോയിരിക്കുന്നു .  ഈ ദോഷം കൂടിയവേഗത്തിൽ ഇല്ലാതാകുമെന്നാണ് ബഹുജന വിശ്വാസം.  കഴിഞ്ഞ പ്രജാസഭയിൽ പ്രസ്താവിക്കപ്പെട്ട മിക്ക കൃഷിയാവശ്യങ്ങൾക്കും ദിവാൻജിയുടെ  മറുപടി മിസ്റ്റർ കുഞ്ഞൻ  പിള്ള വരട്ടെ എന്നായിരുന്നുവല്ലോ.  ആ വാഗ്‌ദാന പ്രകാരം ഗവർന്മേണ്ട്  ഇപ്പോൾ പ്രവർത്തിച്ചിരിക്കുന്ന സ്ഥിതിക്ക് ജനങ്ങൾ തങ്ങൾക്കു കിട്ടിയിട്ടുള്ള മാർഗ്ഗത്തെ ശരിയായി ഉപയോഗിച്ച് കൊള്ളേണ്ടതേയുള്ളൂ .   

തിരുവിതാംകൂറിലെ മലകളിലും മലപ്രദേശങ്ങളിലും കുറെ മുമ്പ് വരെ കാപ്പിക്കൃഷി ധാരാളമുണ്ടായിരുന്നു,  എന്നാൽ, കാലക്രമം കൊണ്ട് കാപ്പിമരങ്ങൾക്ക് ഒരുമാതിരി ഇത്തിൾ പറ്റുകയും തന്നിമിത്തം മരങ്ങൾ മിക്കവാറും നശിച്ചു പോകയും ചെയ്തിട്ടുള്ളത് കൃഷി ഡയറക്ടറുടെ ശ്രദ്ധക്ക് ഒരു പാത്രമാകുന്നു.  വൈക്കം ചേർത്തല  അമ്പലപ്പുഴ ചിറയിൻകീഴ് മുതലായ താലൂക്കുകളിൽ  ഓരു നിമിത്തം നെൽകൃഷിക്കുണ്ടായിക്കൊണ്ടിരിക്കുന്ന ഹാനിയും ആ  പ്രദേശങ്ങളിലെ നിലങ്ങൾ ഓരു  നിമിത്തം ഒട്ടൊക്കെ തില്പായി  തീർന്നുപോയിരിക്കുന്ന കഥയും കൃഷി ഡയറക്ടർ അറിഞ്ഞാൽ അവയ്ക്ക്   നിവാരണ മാർഗ്ഗമുണ്ടായേക്കാം.  നെൽകൃഷിക്കാർക്ക് 'ചാഴി' മുതലായവയുടെയും തെങ്ങു കൃഷിക്കാർക്ക് ചെല്ലി തുടങ്ങിയുള്ള ജന്തുക്കളുടെയും ഉപദ്രവങ്ങൾ വളരെയുണ്ട്; അതുപോലെ തന്നെ പിച്ചി മുതലായ പുഷ്പച്ചെടികളെ      ഒരു വിധം ധ്വംസനം ചെയ്യുന്ന പുഴുക്കളുമുണ്ട്.  ഡോ.  കുഞ്ഞൻ പിള്ള സർക്കീട്ടിൽ ഈ വകയെല്ലാം ഗൗനിക്കുന്നതിനും നാട്ടുകാർ അവയെ അദ്ദേഹത്തിന്‍റെ  ദൃഷ്ടിയിൽ എത്തിക്കുന്നതിനും ഇപ്പോൾ വേണ്ടുവോളം എളുപ്പമുണ്ട്.  വെറ്റില,  കുരുമുളക് ഈ രണ്ടു കൃഷികളിലും ചില ഭാഗങ്ങളിൽ മുമ്പത്തെ പോലെ  ആദായം കാണുന്നില്ല, എന്നുമാത്രമല്ല, പ്രായം ചെല്ലുന്തോറും ചിലയിടങ്ങളിൽ ആ വക ചെടികളുടെ ഇലകൾക്കും  വള്ളികൾക്കും ഉണക്ക് തട്ടി വരുന്നതായി കേട്ടിട്ടുണ്ട്.  ഏകദേശം പത്തുവർഷകാലത്തിനു മുമ്പ് വരെ നെൽക്കൃഷിക്കുപയോഗിച്ചു കൊണ്ടിരുന്ന വളരെ ഏലാകൾ  ഇപ്പോൾ, തക്ക കാലത്ത് മഴയില്ലായ്ക കൊണ്ട് മാത്രം, അശേഷം ഒരു കൃഷിയും ഇല്ലാതെ കിടക്കുന്നുണ്ട്.  ഒരു വേള  കൃഷി ഡയറക്ടർ ആ ഏലാകളിൽ ഇനിമേൽ കൃഷിക്കുതകുന്ന ധാന്യങ്ങളും ചെടികളും വൃക്ഷങ്ങളും ഇന്നവ എന്ന് വിധിക്കുമായിരിക്കാം.  കിംബഹുനാ യുവാവും ഈ നാട്ടുകാരനുമായ കൃഷി ഡയറക്ടർ തന്നെ സംബന്ധിച്ചുള്ള സർവ്വ കൃത്യങ്ങളെയും കൃത്യനിഷ്ഠ,  സ്വരാജ്യസ്നേഹം,  ആത്മപരിത്യാഗം മുതലായവയോടു കൂടി വഴിയാംവണ്ണം നിറവേറ്റുമെന്ന് എല്ലാവരും ആശിക്കുന്നു.  

You May Also Like