പ്രെസ് ലാ

  • Published on September 12, 1910
  • By Staff Reporter
  • 463 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ദിവാൻ മിസ്റ്റർ രാജഗോപാലാചാരി തന്‍റെ നടത്തയെയും നടപടികളെയും പറ്റി ആക്ഷേപം പറയുന്ന പത്രങ്ങളുടെ നേർക്ക് ഇളക്കുന്നതിലേക്കായി ഇന്നത്തെ നിയമനിർമ്മാണ സഭയാകുന്ന കൊല്ലവേലപ്പുരയിൽ വെച്ച് കാച്ചി അടിച്ച്‌ പ്രയോഗിക്കുവാൻ ആഗ്രഹിച്ചിരുന്ന പ്രെസ്സാക്ടായുധത്തെ ഉലയിൽ വെപ്പാൻ തക്ക കൈക്കരുത്തു കുറഞ്ഞിട്ടോ എന്തോ അതിനെ വെളിയിൽ എടുക്കാതെ വെച്ചുകളയേണ്ടിവന്നത് സ്മരണീയമായ സംഭവം തന്നെയാകുന്നു. തിരുവിതാംകൂറിലെ പത്രങ്ങളെ അമർത്തുന്നതിനായി മിസ്റ്റർ ആചാരി ഒരു പ്രെസ്സാക്ട് കൊണ്ട് വരുന്നു എന്നും മറ്റും ചില സഹജീവികൾ വിലപിക്കയും, അങ്ങനെയൊരു നിയമം കൊണ്ടവരരുതേ എന്ന മുറവിളിയോടെ യാചിക്കയും ചെയ്തതിന്‍റെ ഫലമായിട്ടായിരിക്കുമോ മിസ്റ്റർ ആചാരി തന്‍റെ ആയുധത്തെ അടിച്ച്‌ മൂർച്ച കൂട്ടുന്നതിനു ഉത്സാഹിക്കാതെ അടങ്ങിയതെന്നു ഞങ്ങൾക്കു നിശ്ചയമില്ല. പത്രങ്ങളുടെ സ്വാതന്ത്ര്യത്തെ കുറയ്ക്കുന്നതിന്നു ഒരു നിയമം കൊണ്ടു വരേണ്ട ആവശ്യകത ഈ സംസ്ഥാനത്തു ഉണ്ടായിട്ടില്ലെന്നും, ഇവിടുത്തെ പത്രങ്ങളിൽ ചിലതിനു സ്വരഭേദം ഉണ്ടെന്നല്ലാതെ, യാതൊന്നും രാജദ്രോഹകരമോ രാജാധികാരധ്വംസകമോ ആയ പ്രസംഗം ചെയ്യുന്നില്ലെന്നും, ജനസമുദായം നിശ്ശേഷം രാജഭക്തന്മാരും സമാധാനപ്രിയന്മാരും ആണെന്നും പരക്കെ സമ്മതമായ സംഗതികളായിരിക്കെ, മിസ്റ്റർ ആചാരി ഒരു പുതിയ നിയമം കൊണ്ടുവരുന്ന പക്ഷത്തിൽ അതു തന്‍റെ സ്വകാര്യ വൈരനിര്യാതനത്തിന്നായിട്ടല്ലാതെ, പൊതുജന ക്ഷേമാർത്ഥമായിരിക്കുന്നതല്ലാ എന്നു ഞങ്ങൾ ഇതിന്മുമ്പ് പ്രസ്താവിച്ചിട്ടുണ്ടല്ലൊ. ഈ തത്വം മിസ്റ്റർ ആചാരിക്കു പക്ഷെ ഇപ്പോൾ ബോധ്യപ്പെട്ടിരിക്കാനിടയുണ്ടെന്നുള്ളതിന്നു ഗവർന്മെണ്ടിന്‍റെ വിശ്വസ്ഥതയെ സംമ്പാദിച്ചിട്ടുള്ള "വെസ്റ്റർൻസ്റ്റാറി"ന്‍റെ നവംബർ 1- ലെ മുഖപ്രസംഗം സൂചന തന്നിട്ടുമുണ്ട്. " തിരുവിതാംകൂർ സംസ്ഥാനത്തു ജനക്കലക്കമോ രാജ്യക്ഷോഭമോ ഒരിക്കലും ഉണ്ടായിട്ടില്ലാ. ഈ സംസ്ഥാനത്തു ഒരു കാൺഗ്രസ്സോ കാൺഫെറെൻസോ ഉണ്ടായിട്ടില്ലാ. ഈ സംസ്ഥാനത്തു രാജാധികാരധ്വംസനമോ, രാജദ്രോഹമോ സ്വപ്‌നത്തിൽ പോലും കണ്ടിട്ടില്ലാ... അതിനാൽ, നിയമമനുസരിച്ചു നടക്കുന്ന ഒരു ജനതതിയെ അമർത്തുന്നതിന്നു എന്തെങ്കിലും നിയമം കൊണ്ടുവരുന്നതു അയുക്‌തമായിരിക്കുമെന്നു മാത്രമല്ല, രാജദ്രോഹമോ രാജാധികാരദ്വേഷമോ ഇല്ലാത്ത ഒരു രാജ്യത്തു അവയെ ഒതുക്കുന്നതിന്നായുള്ള ഒരു നിയമം കൊണ്ടു വരുന്നതിന്‍റെ ഒരേ ഒരു ഫലം അവയിലൊന്നിലെക്കു ജനങ്ങളെ പ്രേരിപ്പിക്കുകയായിരിക്കുന്നതുമാണ്- ഇപ്രകാരമാണ് ' സ്റ്റാർ‘ മിസ്റ്റർ ആചാരിയെ അറിയിച്ചിരിക്കുന്നത്. ഇതിന്‍റെ അർത്ഥം ഏറെ സ്പഷ്ടം തന്നെയല്ലൊ. ഈ സംസ്ഥാനത്തിന്‍റെ നില ഇപ്രകാരമായിരിക്കുന്ന സ്ഥിതിക്കു മിസ്റ്റർ ആചാരിയുടെ ആവേഗത്തെ ബ്രിട്ടീഷ് ഗവർന്മെണ്ട് വിവേകമെന്നു തെറ്റിദ്ധരിക്കയില്ലെന്നു വിശ്വസിക്കാം. മിസ്റ്റർ ആചാരിയുടെ നടത്തയെയും നടപടികളെയും പറ്റി പരുഷവചനങ്ങൾ കൊണ്ട് ആക്ഷേപം പറയുന്ന പത്രങ്ങൾ തിരുവിതാംകൂറിലുണ്ട്. പക്ഷെ, ആ വക പത്രങ്ങളുടെ സ്വരത്തെ മാർദ്ദവപ്പെടുത്താനായിരിക്കാം, 'സ്റ്റാർ ' താൽകാലികമായ ഒരു വ്യവസ്ഥ ചെയ്യേണ്ടിയിരിക്കുന്നുണ്ടെന്നു ഞങ്ങൾക്ക് തോന്നുന്നു, എന്നുകൂടെ അഭിപ്രായപ്പെട്ടിരിക്കുന്നത്.  ഈ കാര്യം സാധിക്കണമെന്ന ഉദ്ദേശത്തോടു കൂടിയാണ് ഒരു പത്രാധിപയോഗം കൂടേണമെന്നു 'സ്റ്റാർ ഉത്സാഹിച്ചതെന്നും പറഞ്ഞിരിക്കുന്നു.  സ്റ്റാറിന്‍റെ ഈ അഭിപ്രായം സെപ്റ്റംബർ 1 ലെ ലക്കത്തിലാണ് പുറപ്പെടുവിച്ചിട്ടുള്ളതെന്നും, തലേദിവസമായ ആഗസ്റ്റ് 31 നാണ് പത്രാധിപയോഗത്തിന്നായുള്ള ക്ഷണക്കത്തുകൾ അയച്ചുതുടങ്ങിയതെന്നും, അതിന്നും തലേനാൾ ആഗസ്റ്റ് 30 നായിരുന്നു ദിവാൻജിയുടെ വ്യപദേഷ്ടാക്കളായ സർക്കാരച്ചുകൂടം സൂപ്രെണ്ട് മിസ്തർ സി. വി. രാമൻപിള്ളയും ' സുഭാഷിണി , പത്രാധിപർ മിസ്തർ പി. കെ. ഗോവിന്ദപിള്ളയും ‘സ്റ്റാർ‘ പ്രവർത്തകനെ കണ്ട് ചില ആലോചനകൾ നടത്തിയതെന്നുമുള്ള വസ്തുതകളെ വായനക്കാർ ഓർത്തുകൊൾവാനപേക്ഷ. പത്രാധിപയോഗത്തിന്‍റെ ആലോചന ദിവാൻജിയുടെ രക്ഷയെ ഉദ്ദേശിച്ചുണ്ടായതാണെന്നും, തിരുവിതാംകൂറിലെ പത്രങ്ങളുടെ രക്ഷയെ അത്രമേൽ സഹായിക്കാനായിട്ടല്ലായിരുന്നെന്നും ഊഹിക്കുന്നതിനു മറ്റു തെളിവുകൾ ആവശ്യമെങ്കിൽ ഞങ്ങൾ പിന്നാലെ അറിയിച്ചുകൊള്ളാം. എന്നാൽ, മിസ്റ്റർ ആചാരിയുടെ വ്യപദേഷ്ടാക്കളുടെ പേരും ഉത്സാഹവും ഇന്നതാണെന്നു 'സ്വദേശാഭിമാനി‘ വെളിപ്പെടുത്തിയതു ഇവരുടെ ആശയെ ഭംഗപ്പെടുത്തി എന്നു അറിയുന്നതിൽ ഞങ്ങൾ വ്യസനിക്കുന്നു. ഇവരുടെ ഉത്സാഹം, ദിവാൻജിയെ ഒരു വൈഷമ്യത്തിന്‍റെ കൊമ്പുകളിൽ നിന്നു രക്ഷപ്പെടുത്താനായിരുന്നില്ലയൊ?  പ്രെസ്സാക്ടു കൊണ്ടുവരുന്നതിന് മിസ്റ്റർ ആചാരിക്ക് തൽകാലം അപാടവം ഉണ്ടെന്നും, എന്നാൽ പ്രെസ്സാക്ട് കൊണ്ടുവരുമെന്നു ചെയ്ത വീരവാദത്തെ ഉടൻ സാധിക്കാതെയിരിക്കുന്നത് തനിക്ക് അഭിമാനഹാനികരമാണെന്നും കാണുകയും, ഇവ രണ്ടിനെയുമോ ഒന്നിനെയോ തട്ടിനീക്കി സ്വസ്ഥതപ്പെടുന്നതിന് തന്നോടു പത്രപ്രവർത്തകന്മാർ ഒരു യോഗംകൂടി യാചിക്കുന്നതായാൽ ആ യാചനയെ ആധാരമാക്കികൊണ്ട് പ്രെസ്സാക്ടിനെ പിൻവലിച്ചതായി സമാധാനപ്പെടാമെന്നു മിസ്റ്റർ ആചാരിയുടെ വ്യപദേഷ്ടാക്കൾ നിശ്ചയിക്കുകയും ചെയ്തതിന്‍റെ ഫലമായിട്ടല്ലയോ പത്രാധിപയോഗാലോചനയെ മുട്ടയിട്ടത് എന്നാണ് സംശയം. എന്നാൽ , കഷ്ടം! മിസ്തർ ആചാരിയോ വ്യപദേഷ്ടാക്കളോ മുട്ടയിട്ടതും മിസ്തർ സി. വി .രാമൻപിള്ളയും കൂട്ടരും അടയിരുന്നതുമായ ഈ തന്ത്രം അവരുദ്ദേശിച്ച സ്വരുപത്തിലുള്ള സന്താനത്തെ പിരിച്ചെടുക്കാൻ സാധിക്കാതെപോയത് ശോചനീയം തന്നെയാകുന്നു.                                                                                      

You May Also Like