"മനോരമ"യുടെ മനോഗതങ്ങൾ

  • Published on June 30, 1909
  • Svadesabhimani
  • By Staff Reporter
  • 34 Views

കോട്ടയത്തു നിന്നു പുറപ്പെടുന്ന 'മലയാള  മനോരമ'യ്ക്ക് 'പേർസണൽ ജർണലിസം' എന്നു ആളുകളെ കുറ്റം  പറയുന്ന പത്രസമ്പ്രദായം, ഇല്ലെന്ന് ആ പത്രം പ്രസ്താവിക്കാറുള്ളത് അസംബദ്ധമാണെന്നും; കാര്യശേഷിയും തന്ത്ര നിപുണതയും ഉണ്ടായിരുന്ന മിസ്റ്റർ ശങ്കരസുബ്ബയ്യർ ദിവാൻജിയെ ആക്ഷേപിക്കയും; രാജസേവന്മാരുടെ അഴിമതികളെ യഥേച്ഛം വളരുവാൻ അനുവദിച്ചു ഭരണത്തെ ദൂഷ്യപ്പെടുത്തിയിരുന്ന മിസ്റ്റർ കൃഷ്ണസ്വാമിരായരെ അദ്ദേഹത്തിൻ്റെ ഭരണകാലത്ത് സ്തുതിച്ചിട്ട്, അദ്ദേഹം വേലവിട്ടു പോയശേഷം കഠിനമായി ആക്ഷേപം പറയുകയും ചെയ്തിരുന്നു എന്നും മറ്റും കുറെക്കാലം മുമ്പ് ഒരു മാന്യനായ ലേഖകൻ 'സ്വദേശാഭിമാനി'യിൽ എഴുതിയിരിന്നു. ഈ ലേഖനം കഴിഞ്ഞ ഏപ്രിൽ 7-നു ലെ 'സ്വദേശാഭിമാനി'യിലാണ് ചേർത്തിരുന്നത്. ഇതിന് ഒരു പ്രത്യാഖ്യാനമായും  , പക്ഷേ, ഞങ്ങളോട് ഒരു ആഹ്വാനമായും, രണ്ടു മാസം കഴിഞ്ഞ്, ഈ ജൂൺ 16-നു മനോരമ, ഒരു മുഖപ്രസംഗം ചെയ്തിരുന്നു. 'മനോരമ'യുടെ മുഖപ്രസംഗത്തിൽ ഏറിയഭാഗവും, താൻ മുൻകാലത്ത് ചില പത്രങ്ങളുമായി നടത്തീട്ടുള്ള ക്രിമിനൽ കേസുകളേയും, തൻ്റെ പ്രതിപക്ഷികളുടെ മേൽ നേടിയ വിജയത്തേയും, ലേഖകൻ ആരെന്നുള്ള ചർച്ചയേയും മറ്റും പറ്റിയുള്ള ജയഭേരിധ്വനിയാണെങ്കിലും, 'സ്വദേശാഭിമാനി'യുടെ ലേഖകൻ പ്രസ്താവിച്ച സംഗതികൾ അടിസ്ഥാനമില്ലാത്തവയാണെന്നും, അവയെ സാധിക്കയോ ഖണ്ഡിക്കയോ ചെയ്യാത്ത പക്ഷം, വളരെ  ഗൗരവപ്പെട്ട വിധത്തിൽ കലാശിക്കാനിടവരുമെന്നും, 'സ്വദേശാഭിമാനി'യെ അറിയിക്കുക കൂടി ചെയ്തിരുന്നു. ഇതിന് എന്തെങ്കിലും മറുവടി ഞങ്ങൾ പറയുന്നത് ലേഖകൻ്റെ പക്കൽ നിന്നു മറുപടി കിട്ടിയതിന് മേലാവുകയല്ലാതെ യുക്തമല്ലെന്ന് വിചാരിച്ചു ഞങ്ങൾ ആ സംഗതിയെ പ്രതിപാദിക്കാതെയിരിക്കയാണ്. എന്നാൽ, പത്രങ്ങളിൽ കാണാറുള്ള ലേഖനങ്ങളുടെ കർത്താക്കന്മാരാരെന്ന് അന്വേഷിക്കുവാൻ ഈ നാട്ടിൽ ചിലർക്കുള്ള ആഗ്രഹത്തിൻ്റെ യുക്തായുക്തതയെപ്പറ്റിയുള്ള വിവേചനത്തിൽ, ഞങ്ങൾ മേല്പറഞ്ഞ ലേഖനത്തിൻ്റെ കർത്താവാരെന്നുള്ള ചർച്ചയിൽ, 'മനോരമ'യോട് അടുപ്പമുള്ള ഒരാൾ തിരുവനന്തപുരത്ത് വന്നതായും, ഈ ആപ്പീസിലെ ഒരു ജോലിക്കാരനോട് അതിനെ വിഷയമാക്കി ചോദ്യങ്ങൾ ചെയ്തതായും അടുത്തു കഴിഞ്ഞ ഒരു സംഗതിയെ ഉദാഹരിക്കേണ്ടതായി വരുകയും, അതിനെ ഉറപ്പിക്കുവാൻ 'മനോരമ'യുടെ ജൂൺ 16-ലെ മുഖപ്രസംഗത്തിൽ അടങ്ങിയിരിക്കുന്ന ചില ചിത്തചാപലദ്യോതകങ്ങളായ വാചകങ്ങളെ ഞങ്ങൾ പരാമർശിക്കുകയും ചെയ്തിരുന്നത് 'മനോരമ' യെ ആകപ്പാടെ ഇളക്കിമറിച്ചതായി ജൂൺ 26-ലെ 'മനോരമ' പ്രസംഗം കൊണ്ട് മനസ്സിലാകുന്നു. ഈ പ്രസംഗത്തിൽ 'മനോരമ' പലപ്പൊഴും പറയാറുള്ളവിധം 'പായ്യാരങ്ങൾ' ഉള്ളതിനെ ഞങ്ങൾ ഗണ്യമാക്കേണ്ട ആവശ്യമില്ലാ. മുഖ്യമായ ഒരു സംഗതി, ജൂൺ 16-ലെ 'മനോരമ'യിൽ ആവശ്യപ്പെട്ടിരുന്നതിന്മണ്ണം എന്തെങ്കിലും മറുവടി പറയുന്നതിന് പകരം, 'സ്വദേശാഭിമാനി' മറ്റൊരു കുറ്റം ആരോപിച്ചിരിക്കുന്നു എന്നാണ്. "ലേഖനത്തിൻ്റെ കർത്താവിനെ അറിയാനായി ---- യാതൊരു വിധത്തിലും "മനോരമ"യോട് സംബന്ധിച്ചവരാരും, പ്രവർത്തിച്ചിട്ടില്ലെന്നു ധൈര്യസമേതം പ്രസ്താവിച്ചുകൊള്ളുന്നു"---- എന്നു "മനോരമ" പറയുന്നു. ഞങ്ങളുടെ അറിവ് ഈ പ്രതിജ്ഞയോട് യോജിക്കുന്നില്ലെന്ന് ഞങ്ങളും "ധൈര്യമായി പ്രസ്താവിച്ചുകൊള്ളുന്നു. ഇതിനെപ്പറ്റി പ്രൈവറ്റ് എഴുത്തുകുത്തുകൾ നടത്തുകയോ, പത്രത്തിൽ വാദം ചെയ്കയോ, ഒരു മധ്യസ്ഥൻ മുഖേന കേട്ടു തീരുമാനിക്കയോ ചെയ്യാൻ ഞങ്ങളുടെ സഹജീവി അഭിപ്രായപ്പെടുന്നുണ്ട്. ഒരു പത്രത്തിൽ കണ്ടതായ ലേഖനത്തിൻ്റെ  കർത്താവാരാണെന്നുള്ള ചിന്ത തന്നെ ഞങ്ങളുടെ കർത്തവ്യപ്രമാണങ്ങൾക്ക് വിരുദ്ധമാണ്. അങ്ങനെയിരിക്കെ, അതിനെപ്പറ്റിയുള്ള മധ്യസ്ഥവിചാരണകളോ വാദപ്രതിവാദങ്ങളോ ഞങ്ങൾ ആവശ്യപ്പെടുന്നില്ല. ഞങ്ങൾ "മനോരമ"യെ കുറ്റം പറയാനായിട്ടല്ലാ ജൂൺ 21-ലെ "ഒരു നീചസ്വഭാവം" എന്ന മുഖപ്രസംഗം എഴുതിയത്. അത്, പത്രലേഖനകർത്താക്കന്മാരെ അറിയാൻ ചിലർ കാണിക്കുന്ന ആഗ്രഹവും പ്രയോഗിക്കുന്ന കുടിലനയങ്ങളും മനസ്സിൻ്റെ ഉത്തമാംശത്തിനു ചേർച്ചയായിട്ടുള്ളതല്ലെന്നും അത് ആത്മശ്രൈഷ്ഠൃത്തെ ഇല്ലായ്മ ചെയ്യുന്ന ഒരു സംഗതിയാണെന്നും പൊതുവെ അറിയിക്കാനാണ്. സംഗതിവശാൽ "മനോരമ"യുടെ ജൂൺ 16-ലെ മുഖപ്രസംഗത്തിൽ, "സ്വദേശാഭിമാനി"യുടെ ഏപ്രിൽ 7-നു ലെ ലേഖനത്തിൻ്റെ കർത്താവ്, "മനോരമ"യോട്, തൻ്റെ ലേഖനങ്ങളെ "മനോരമ", ചേർക്കായ്കയാലോ തൻ്റെ ഗുണത്തിന് വേണ്ടി മനോരമ, ഒന്നും മുഖപ്രസംഗം ചെയ്യായ്കയാലോ, വിരോധമുള്ള ഏതോ ഒരു ചില്ലറ സർക്കാർ ഉദ്യോഗസ്ഥനായിരിക്കാമോ, എന്നു സന്ദേഹപ്പെടുകയും, അങ്ങനെ ചിലർ 'മനോരമ'യെ ദുഷിച്ചു വരുന്നുണ്ടെന്നും പ്രതിജ്ഞ ചെയ്കയും ചെയ്തിട്ടുള്ളത്, ഞങ്ങൾ ആക്ഷേപിച്ചുകൊണ്ടിരുന്ന സ്വഭാവദോഷത്തിന് ഒരു ലക്ഷ്യമായി കാണുക കൊണ്ടായിരുന്നു ഈ വിവരം കൂടി ഞങ്ങൾ മുഖപ്രസംഗത്തിൽ ഉദാഹരിച്ചത്. "മനോരമ"യ്ക്കു "സ്വദേശാഭിമാനി" യിൽ ഏപ്രിൽ 7-നു കണ്ട ലേഖനം വാസ്തവവിരുദ്ധവും കേവലം ദോഷാരോപപരവും ആണെന്ന് നിശ്ചയമായിരുന്നാൽ, ആ വസ്തുതയെ പ്രസ്താവിപ്പാൻ വളഞ്ഞു പൊളഞ്ഞുള്ള ഗതി വേണ്ടിയിരുന്നില്ലാ. ഈ സംഗതിയിൽ, "മനോരമ"യുടെ പൂർവ്വപരാക്രമങ്ങളും വിജയങ്ങളും, പ്രതിയോഗികളായവരുടെ തോൽവിയും, ചില ചില്ലറ സർക്കാർ ഉദ്യോഗസ്ഥന്മാർക്കുള്ളതായി ഉൽഭാവനം ചെയ്യുന്ന നീരസവും, ഭാവനാസൃഷ്ടങ്ങളായ ഇവരുടെ ദൂഷണ പ്രചാരണവും മറ്റും കേവലം അപ്രകൃതങ്ങളാണെന്നും; ആ മുഖപ്രസംഗം എഴുതിയ ആളുടെ ചിത്തചാപലത്തിന് ലക്ഷ്യങ്ങളാണെന്നും ആരും സംവദിക്കുന്നതാണ്. "സ്വദേശാഭിമാനി"യോട് ആവശ്യപ്പെട്ടിട്ടുള്ള മറുവടിക്ക് ഞങ്ങളുടെ സഹജീവി ഇത്രമേൽ ബദ്ധപ്പെടേണ്ട അവശ്യമെന്തെന്നു ഞങ്ങളറിയുന്നില്ലാ. അത് സംബന്ധിച്ച വിവരങ്ങൾ ലേഖകൻ്റെ പക്കൽ നിന്നു കിട്ടിയശേഷം ഞങ്ങൾ മറുവടി പറഞ്ഞുകൊള്ളുന്നതാണ്. ഏപ്രിൽ 7- ലെ "സ്വദേശാഭിമാനി"യിൽ കണ്ടതായ ലേഖനത്തിന് ഒരു പ്രത്യാഖ്യാനം ചെയ്യാൻ 'മനോരമ"യ്ക്ക് ജൂൺ16-നു വരെ രണ്ടു മാസത്തിലധികം കാലം വേണ്ടി വന്ന സ്ഥിതിക്ക്, ജൂൺ 16-നു ലെ "മനോരമ"യിൽ ആവശ്യപ്പെട്ട മറുവടി പറവാനുള്ള കാലം ഞങ്ങൾക്ക് ഇനിയും കഴിഞ്ഞുപോയിട്ടില്ലാ. പിന്നെ, "മനോരമ"യുടെ മുഖപ്രസംഗത്തിൽ പല്ലവിയായി പാടീട്ടുള്ള കോടതികയറ്റത്തിന് അതിൽ വ്യഞ്ജിപ്പിച്ചിട്ടുള്ളപ്രകാരം നിർബന്ധനില വന്നുപോയിട്ടുണ്ടെന്നിരുന്നാൽ, അതിലേക്ക് ഞങ്ങളുടെ മറുവടി കിട്ടേണ്ട നിർബന്ധവുമില്ലാ. ഈ കാര്യത്തെപ്പറ്റി ഇതിലധികം പത്രപംക്തി ചെലവാക്കാൻ ഒരുക്കമില്ലാ എന്നു മാത്രമേ ഇനി പ്രസ്താവിപ്പാനുള്ളൂ.  

You May Also Like