സദാചാരദൂഷണം

  • Published on August 29, 1906
  • By Staff Reporter
  • 806 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തമിഴ്നാടകക്കാരായ ബാലാമണി തുടങ്ങിയ പാരദേശിക സ്ത്രീകൾ തിരുവിതാംകൂറിൽ കടന്ന് വളരെ നാൾ തിരുവനന്തപുരം പട്ടണത്തിൽ, നാടകശാല ഏർപ്പെടുത്തി ജനസമുദായത്തിന്റെ സന്മാർഗ്ഗനിഷ്ടയെ ഭ്രംശിപ്പിക്കത്തക്ക അസഭ്യനാടകങ്ങൾ  അഭിനയിച്ചതിനാൽ ഈ നാട്ടിനുണ്ടായിട്ടുള്ള ദൂഷ്യഫലങ്ങളിൽ ഒന്ന്, മലയാള നാടകക്കാർക്ക് സ്ത്രീകളെക്കൂടെ വേഷക്കരായി നടനരംഗത്ത് പ്രവേശിപ്പിക്കുന്നതിനുള്ള അഭിരുചി ആണെന്ന് ചില ലക്ഷ്യങ്ങളാൽ കണ്ടിരിക്കുന്നു. കുറെ നാളായി, തിരുവനന്തപുരത്തുള്ള ചില നാടകസമാജക്കാർ, സ്വപ്രവൃർത്തിയുടെ ഗൗരവത്തെയും മാന്യതയെയും യുക്തതയെയും ചിന്തിക്കാതെ, അപ്പൊഴപ്പോൾ ഉണ്ടാകുന്ന ആഗ്രഹത്തിന് അടിമപ്പെട്ട്, വല്ല മലയാള നാടകവും അഭ്യസിച്ചു, അതിൽ സ്ത്രീപാത്രങ്ങളായി ചില യുവതികളെക്കൂടെ വേഷം ധരിപ്പിച്ച്, ജൂബിലി ടൗൺ ഹാളിലും മറ്റും നാടകം അഭിനയിച്ച് വരുന്നുണ്ടെന്ന് ലജ്ജാവ്യസനങ്ങളോടെ പ്രസ്താവിക്കേണ്ടി വന്നിരിക്കുന്നു. ലോകത്തിൽ സ്ത്രീ വർഗ്ഗത്തിന് ഉൾക്കൃഷ്‌ടതയെയും കീർത്തിയെയും സമ്പാദിച്ചു് താൻ തന്നെ ഉദാഹരണമായി ഭവിച്ച് വാണിരുന്ന വിക്ടോറിയ മഹാരാജ്ഞി തിരുമനസ്സിലെ തിരുനാമസ്മാരകമായി സ്ഥാപിച്ചിരിക്കുന്ന മേല്പടി ഹാളിനെ, ഇപ്രകാരം, സ്ത്രീവർഗ്ഗത്തിന് അപകർഷകാരണമായും ജനസമുദായത്തിന് ധർമ്മദൂഷണഹേതുവായും ഭവിക്കത്തക്ക വിധത്തിൽ, ഉപയോഗപ്പെടുത്തുവാൻ തൽഭാരവാഹികൾ  അനുവദിക്കുന്നതിനെപ്പറ്റി ഞങ്ങൾ ഏറ്റവും സഹതപിക്കുകയാണ് ചെയ്യുന്നത്. ജൂബിലി ഹാളിൽ ഈയിട ചില സമാജക്കാർ നടത്താറുള്ള നാടകാഭിനയങ്ങൾക്ക് നായർ സമുദായത്തിലെ ഏതാനും ബാലികകളെ വേഷക്കാരായി കെട്ടിക്കയറ്റുന്നു എന്നുള്ളത് ശോചനീയമായ ഒരു സംഗതി ആകുന്നു.  ഇങ്ങനെയുള്ള നാടകസമാജക്കാർ അവരുടെ പ്രവൃത്തി കൊണ്ട് എന്ത് ദോഷമാണ് സമുദായത്തിന് വരുത്തിവെയ്ക്കുന്നതെന്നു അറിയാഞ്ഞിട്ടാണ് അവർ ഇപ്രകാരം ചെയ്യുന്നതെന്നല്ലാതെ, അവരെ , നായർ സമുദായ പ്രമാണികൾ ഉപദേശിച്ചിരുന്നാൽ, അവർ, അതിനെ ധിക്കരിച്ച് ഈ വിധം നായർ ബാലികകളെ നടനശാലയിൽ പ്രവേശിപ്പിക്കുവാൻ ശാഠ്യമുള്ളവരായിരിക്കുമെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല.  എന്നാൽ, നാടകം അഭിനയിക്കാൻ ഉദ്യമിക്കുന്ന സമാജക്കാരുടെ മാന്യത എന്തു മാത്രമെന്നും,സമാജത്തിന് അംഗീകരണീയമായ ഒരു ഘടന ഉണ്ടോ എന്നും, സമാജക്കാർ തങ്ങളുടെ നടന പ്രവൃത്തി  കൊണ്ട് പൊതുജനങ്ങളുടെ  സദാചാരത്തെ ദുഷിപ്പിക്കയില്ലയോ എന്നും ഹാളിൻെറ ഭാരവാഹികൾ ആലോചിക്കുകയും നടന്മാരുടെ ഉദ്ദേശങ്ങളിലും ഭാവങ്ങളിലും പ്രവൃത്തികളിലും തൃപ്തിപ്പെടുകയും ചെയ്തിരുന്നു എങ്കിൽ, ഇത്രയേറെ ദൂഷ്യമായ   വിധത്തിൽ ഹാളിൻെറ ഉപയോഗത്തെ സന്മാർഗ്ഗത്തിൽ നിന്ന്  ഭ്രംശിപ്പിക്കാൻ ഇടയാവുകയില്ലായിരുന്നു.

സ്ത്രീകളെ നാടകകാരികളായി സങ്കല്പിക്കുന്നതുകൊണ്ട് എന്ത് ദൂഷ്യമാണുള്ളത്? എന്നും, ഇംഗ്ലീഷുകാരുടെയും മറ്റു ദേശികന്മാരുടെയും  ഇടയിൽ മാത്രമല്ല, ഇന്ത്യയിലെ ചില വർഗ്ഗക്കാരുടെ ഇടയിൽ പോലും നടികൾ ഉണ്ടായിരിക്കുന്നില്ലേ ? എന്നും ചിലർ ചോദിക്കുമായിരിക്കാം. പരിഷ്‌കൃത രാജ്യങ്ങളിലെ ഈ നടപടികൾ കേവലം ആക്ഷേപരഹിതങ്ങളായിരിക്കുന്നില്ല. ഇംഗ്ലണ്ടിൽ നടനശാലാജീവിതക്കാരായ സ്ത്രീകളെപ്പറ്റി മഹാന്മാർ വളരെ നിന്ദയെ പുറപ്പെടുവിക്കുന്നുണ്ട്. അനേകം വത്സരത്തെ പരിചയം കൊണ്ട്, നാടകശാലയിൽ സ്ത്രീകളെ വേഷം കെട്ടിക്കുന്ന നടപ്പിനെ പലരും ആക്ഷേപിച്ചിരിക്കുന്നു. ദേവദാസികളുടെ ആട്ടം കൊണ്ടും ജീവിതത്തെ നികൃഷ്ടപ്പെടുത്തുന്ന അനേകം സുഖാനുഭവ ദുർമാർഗ്ഗങ്ങൾ കൊണ്ടും ഇന്ത്യയിലെ പലേ ഹിന്ദുരാജ്യങ്ങളിലുമുള്ള പ്രഭുക്കന്മാർ, ഈ വക ചപലതകളെ അനുവദിക്കുന്നവരായിരിക്കുന്നതിനാൽ, മറ്റു രാജ്യങ്ങളും ഇവയുടെ ദൂഷണശക്തിയെ  അറിയുന്നില്ലാ. വിനോദങ്ങൾ മനുഷ്യർക്ക് ആവശ്യം തന്നെ. എന്നിരുന്നാലും, നമ്മുടെ ജീവിതോദ്ദേശ്യങ്ങളെ സാധിക്കാനുള്ള പ്രവൃത്തികൾ ചെയ്യുന്നതിൽ, നമുക്ക് ഉത്സാഹശക്തി  വർദ്ധിപ്പിക്കുവാനായിട്ടല്ലാതെ, മനസ്സിൻെറ സ്ഥിതിയെ നികർഷപ്പെടുത്തുവാനായി ഉപയോഗിക്കപ്പെടുന്നതിനു പാടുള്ളതല്ലാ. അങ്ങനെയുള്ള നികൃഷ്ട വിനോദങ്ങൾകൊണ്ടും  നാം സമയത്തെ കുറേശ്ശെയായി കൊലചെയ്യുന്നതായിരിക്കയെ ഉള്ളൂ. കൈയ്യിൽ കാശില്ലാത്തവനും ഒരു സ്ത്രീയുടെ നാട്യങ്ങളെ ഏതുപ്രകാരത്തിലാണെങ്കിലും, കടം വാങ്ങിയോ, യാചിച്ചോ, മോഷ്ടിച്ചോ പണമുണ്ടാക്കി നാടകശാലയിൽ കടക്കുവാൻ വിചാരിക്കുന്നതാണ്. അന്നന്ന് അല്പവൃത്തിക്കൊണ്ട് കാലം കഴിക്കുന്നവരും ഈ ആകർഷണത്താൽ കർമ്മാദായത്തെ ഇങ്ങനെ ദുർവ്യയം ചെയ്യുന്നു.

നാടകശാലകൾ ജനസമുദായത്തിൻെറ ധർമ്മദൂഷണം ചെയ്യുന്നവയായിത്തീരുന്നത് ഈ മാതിരി പ്രവൃത്തികൾ കൊണ്ടത്രേ. മലയാള നാടകങ്ങൾ എന്നുവേണ്ട , ലോകത്തിലെവിടെയുമുള്ള നല്ല നാടകങ്ങളിൽ പകുതിയും ശൃംഗാരരസപ്രധാനങ്ങൾ  ആണെന്നോ, മിസ്റ്റർ. ഡബ്ലിയു. ടി. സ്റ്റെഡ് പറയുന്നതിന്മണ്ണം,വ്യഭിചാരത്തെ അനുഷ്ഠിക്കയോ നിവാരണം ചെയ്യുകയോ ചെയ്യുന്നതിനെ അവലംബിക്കുന്നുവെന്നോ പറയാവുന്നതാണ് മനുഷ്യരുടെ മനസ്സിലുള്ള വികാരശക്തി, നാടകശാലകളിൽ വച്ച് വളരെ പ്രകടമായ വിധത്തിൽ പ്രവർത്തിപ്പിക്കപ്പെടുന്നു എന്നുള്ളതിലും രണ്ടുപക്ഷമില്ലല്ലൊ.  ഒരു സ്ത്രീ തന്നെ സ്ത്രീപാത്രമായി രംഗത്തുവന്നു ഒരു പുരുഷനോടൊന്നിച്ച് അനുരാഗ പ്രകടനം മുതലായ ശൃംഗാരവൃത്തികളെ അനുഷ്ഠിക്കുന്നതിനെ കാണുന്ന സദസ്യരുടെ വികാരങ്ങൾ ഉജ്ജ്വലിക്കുമെന്നുള്ളതിന്  എന്ത്  സംശയമാണുള്ളത് ?  നടിയായി നിൽക്കുന്ന  ഒരു ചെറുപ്പക്കാരത്തിയുടെ ചുണ്ടുകളിൽനിന്നും പുറപ്പെടുന്ന ശൃംഗാര കഥാപ്രസംഗങ്ങൾക്കോ, അനുരാഗ പ്രകടന വചനങ്ങൾക്കോ, യുവാക്കന്മാരുടെ വികാരങ്ങളെ ഇളക്കുവാൻ ഏറെ ശക്തിയുണ്ട്, നടികളായിരിക്കുന്ന സ്ത്രീകൾക്ക് ഇങ്ങനെ വികൃതചിത്തന്മാരായ പുരുഷന്മാർ നിമിത്തം ഉണ്ടാകാവുന്ന ദൂഷ്യങ്ങളും അല്പമല്ലാ. ആ സ്ത്രീകൾ ഏറിയകൂറും ദൂഷിതകളായിത്തീരുന്നു. ലണ്ടനിലെ നടനശാലകളിൽ മുപ്പത്തേഴു സംവത്സരത്തെ പഴമ പരിചയം സമ്പാദിച്ചിട്ടുള്ള മിസ്റ്റർ ക്ലിമെൻറ്റ് സ്കാർട്ട് എന്ന മാന്യപുരുഷൻ ഈ വിഷയത്തെപ്പറ്റി പറയുന്ന സാക്ഷ്യങ്ങൾ നമുക്ക് ഒരു നല്ല പാഠമായിരിക്കേണ്ടതാകുന്നു. അദ്ദേഹം ''ഡെയിലി ടെലഗ്രാഫ്'' പത്രത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു:- "നടനശാലയിലെ തൊഴിൽ ജീവിതവൃത്തിയായി സ്വീകരിക്കുന്ന ഒരു സ്ത്രീക്ക് ചാരിത്രശുദ്ധിയുള്ളവളായിരിപ്പാൻ മിക്കവാറും അസാധ്യമാകുന്നു. ചാരിത്രശുദ്ധിയെ പരിപാലിക്കുന്നതിന് ശ്രദ്ധിച്ച് യത്നിക്കുന്നവൾ തൻ്റെ തൊഴിലിൽ തോൽവി അടയുകയേയുള്ളു". ഒരേ അഭിപ്രായം ഏതു ജനസമുദായത്തിലും, അതേ സംഗതികളിൽ, യാഥാർത്ഥമായിട്ടല്ലാതെ വരുകയില്ലാ നാടകശാലയിൽ കാണാൻ പോകുന്ന ആളുകളിൽ വച്ച് ആരെങ്കിലും നാടകാഭിനയം കണ്ടിട്ട് മാത്രം ഏതെങ്കിലും ഒരു ഉൽകൃഷ്ടമായ ധർമ്മമാതൃകയിൽ അഭിരുചിപ്പെട്ടതായി താൻ കണ്ടിട്ടില്ലെന്നും മറിച്ച് സദാചാരദൂഷണം ഉണ്ടായതായിട്ടാണ് ധാരാളം ഉദാഹരണങ്ങൾ കണ്ടിരിക്കുവെന്നും മിസ്റ്റർ സ്റ്റെഡ്ഡ്  പറയുന്നു. ഈ മഹാന്മാരുടെ അഭിപ്രായങ്ങൾ അല്പപ്രേക്ഷണഫലങ്ങളല്ലാ; വളരെക്കാലത്തെ പരിചയത്തിൻെറ ഫലങ്ങളാകുന്നു.  ഇവയെ ഈ നാട്ടിലെ നാടകസമാജക്കാർ അറിയുകയും വകവയ്ക്കയും ചെയ്തില്ലെങ്കിൽ, അവരെ അറിയിക്കയും അനുസരിപ്പിക്കയും ചെയ്യേണ്ട കർമ്മം ജനസമുദായ പ്രമാണികൾക്കുള്ളതാകുന്നു. നായർ ബാലികകളെ എന്നുമാത്രമല്ലാ ഏതുവർഗ്ഗക്കാരായ യുവതികളെയും നാടക സമാജകങ്ങളിൽ നടികളായ ചേരുവാൻ അനുവദിച്ചുകൂടാത്തതാകുന്നു.  ബാലികകൾ നടികളായി രംഗത്തിൽ പ്രവേശിക്കുന്നതായിരിക്കുമെന്ന്, നാടകക്കാർ പലപ്പൊഴും പരസ്യം ചെയ്തു കാണുമാറുണ്ട്. അങ്ങനെയുള്ള നാടകാഭിനയക്കാരെ മാന്യന്മാരായ ജനങ്ങൾ തങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ഒരിക്കലും പ്രോത്സാഹിപ്പിക്കരുതാത്തതാകുന്നു. മലയാളത്തിൽ, 'ബാലാമണി'യെപ്പോലുള്ള നടികളുടെ ആവശ്യകത ഉണ്ടെന്ന് ഞങ്ങൾ വിചാരിക്കുന്നില്ലാ. അവരെ അഭിനന്ദിക്കുന്നവർ സമുദായ സദാചാരത്തെ ദുഷിപ്പിക്കുന്നവരായി ഗണിക്കപ്പെടുന്നതും ആണ്.   

\>
You May Also Like