നന്നാകേണ്ടത് ആർ?

  • Published on January 12, 1910
  • By Staff Reporter
  • 175 Views

ഇംഗ്ലണ്ടിലെ  മന്ത്രിയായിരുന്ന മിസ്റ്റർ വില്യം ഈവാർട്ട് ഗ്ലാഡ്സ്റ്റന്‍റെ പിൻഗാമിയായി പ്രധാനമന്ത്രിസ്ഥാനം വഹിച്ച സാലിസ്ബറി പ്രഭുവിനെപ്പറ്റി ഒരു കഥ കേട്ടിട്ടുണ്ട്. സാലിസ്ബറി പ്രഭു തന്‍റെ  മന്ത്രിസ്ഥാന കാലത്തു ഒരിക്കൽ  ഏതോ ഒരു കുതിരപ്പന്തയ ഓട്ടം കാണ്മാനായി പോയി നിന്നിരുന്നു. ഈ നടത്തയെക്കുറിച്ച് ബ്രിട്ടീഷ് ദ്വീപുകളിലെ പ്രധാനപ്പെട്ട വർത്തമാന പത്രങ്ങളിൽ പിറ്റെന്നു തുടങ്ങി കുറെ ദിവസത്തേക്കു പ്രഭുവിനെ ആക്ഷേപിച്ചുകൊണ്ട്  പല ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും, നാടു മുഴുവൻ പ്രഭുവിന്‍റെ മേല്പറഞ്ഞ നടവടിയെപ്പറ്റി വെറുപ്പു തോന്നുകയും ചെയ്തു. ഒരു കുതിരപന്തയ ഓട്ടം കാണ്മാനായി ഒരു രാജ്യത്തിലെ മന്ത്രി പന്തയസ്ഥലത്തു ചെന്നു നിന്നതിനെക്കുറിച്ച്  ഇത്രയേറെ ആക്ഷേപബഹളം കൂട്ടുവാൻ എന്താണുള്ളത് എന്നു വായനക്കാർ ചോദിക്കുമായിരിക്കും. അതിന്‍റെ കാരണം എന്താണെന്ന് സാലിസ്ബറി പ്രഭുവിന് പിന്നീടാണ് മനസ്സിലായത്.  പ്രഭുവിന്‍റെ മുൻവാഴ്ചക്കാരനായ മിസ്റ്റർ ഗ്ലാഡ്സ്റ്റൻ സദാചാരനിഷ്ഠയിൽ നിഷ്കർഷയുള്ള ആളായിരുന്നു എന്ന് മാത്രമല്ല, തൻ്റെ  നടത്തയുടെ ശ്രേഷ്ഠത കൊണ്ട് ഒരു രാജ്യത്തിലെ മന്ത്രിയുടെ മാതൃക ഇന്നവിധത്തിലായിരിക്കണമെന്ന് അദ്ദേഹം ആചരണത്താൽ ഒരു നിശ്ചയം വരുത്തുകയും ചെയ്തിരുന്നു. അതിനാൽ, മന്ത്രിമാർ കുതിരപ്പന്തയ ഓട്ടം മുതലായ സന്മാർഗ്ഗവ്യഭിചാരകമായ ഏർപ്പാടുകളിൽ ആനുകൂല്യം  കാണിക്കുന്നത് അവരുടെ ഉന്നതമായ മന്ത്രി പദത്തിന് കളങ്ക കാരണമാകുന്നു എന്നും,  സാലിസ്ബറി പ്രഭു ഇങ്ങനെ അനുകൂലിച്ചത് അദ്ദേഹത്തിന്‍റെ മന്ത്രി പദത്തിന് മാലിന്യം ഉണ്ടാക്കുകയായിരുന്നു എന്നും ആണ് ബഹുജനങ്ങൾ വാദിച്ചത്. ഈ കഥ ഓരോ രാജ്യങ്ങളിൽ മന്ത്രിമാർ പ്രത്യേകിച്ചും, സദാചാരാനുഷ്‌ഠാനത്തിൽ  അന്യൂനന്മാരായിരിക്കേണമെന്ന സിദ്ധാന്തത്തെ നിയമിക്കുന്നതായിരിക്കുന്നുവെന്ന് ഗ്രഹിക്കുവാൻ ആർക്കും പ്രയാസമില്ലാത്തതാണല്ലോ. രാജ്യങ്ങളിലെ  മന്ത്രിമാരും, അവരെപോലെതന്നെ, രാജ്യ ഭരണകാര്യത്തിൽ  ചുമതലക്കാരായിരിക്കുന്ന സാംസ്ഥാനിക ഭരണാധ്യക്ഷന്മാരായ ദിവാൻജിമാർ മുതലായ വലിയ ഉദ്യോഗസ്ഥന്മാരും, അവരവരുടെ ഗവൺമെന്‍റെുദ്യോഗങ്ങളിൽ സത്തന്മാരായിരിക്കേണമെന്നല്ലാതെ, സ്വകാര്യ ജീവിതത്തിൽ കൂടെ ഈ നിർബന്ധം എന്തിനാണെന്ന് ചിലർ ചോദ്യം ചെയ്തേക്കാനിടയുണ്ട്. ദിവാൻജി, മന്ത്രി, എന്നിങ്ങനെ വിളിക്കപ്പെടുന്ന രാജ്യഭരണ കർത്താക്കന്മാർ രാജ്യാധിപതിയായ രാജാവിന്‍റെ അധികാരത്തെ പ്രതിപുരുഷന്മാരുടെ നിലയിൽ നിന്ന് നടത്തുന്നവരാക കൊണ്ട്, അവരുടെ ജീവിതത്തിൽ പബ്ലിക്കും പ്രൈവറ്റും എന്ന രണ്ടു ഭാവങ്ങൾക്കും ഭേദം കൂടാതെയിരിക്കേണ്ടതാണെന്നും, അവർ രാജ്യനിവാസികളായ പ്രജകൾക്ക് നടത്ത വിഷയത്തിൽ മാതൃകാ പുരുഷന്മാരായിരിക്കേണ്ടതാണെന്നും ആകുന്നു രാജധാർമ്മികമായ സമുദാചാര പദ്ധതി  നിബന്ധിക്കുന്നത്.   

ദിവാൻജിമാർ, അല്ലെങ്കിൽ  മന്ത്രിമാർ  അസത്യവാന്മാരും  കുലടാസക്തി മുതലായ ദുർവൃത്തികളിൽ  പ്രവണന്മാരും, തങ്ങളുടെ സ്ഥാനഗൗരവത്തെ  നിർവിചാരം     നശിപ്പിക്കുവാൻ തക്കവണ്ണം ദുശ്ചരിതന്മാരെ ചങ്ങാതികളായി കൊണ്ടുനടക്കുന്നവരും, തങ്ങളുടെ അധികാരത്തിങ്കീഴിലുള്ളവരെ അധമങ്ങളായ സ്വാഭിലാഷങ്ങളെ സാധിപ്പിക്കുന്നതിനായി പ്രേരിപ്പിക്കുന്നവരും ആയിരുന്നാൽ, അവരെ കണ്ടു പഠിക്കേണ്ട കീഴ് ജീവനക്കാരും, ഇവരോട് സദാ പെരുമാറേണ്ടിവരുന്ന ബഹുജനങ്ങളും അത്തരം ദുർനടവടികളെ അനുകരിക്കുവാൻ സംഗതിയാവുന്നതാകുന്നു. അത് രാജ്യഭരണത്തിന്‍റെ സ്വഭാവത്തിന്  ആകപ്പാടെ ദൂഷകരമായും ഭവിക്കുന്നു ഭരണാധികൃതന്മാർ, അവരുടെ ഉദ്യോഗസംബന്ധമായ നടവടികളിൽ സത്യസന്ധന്മാരായും സ്ഥിരപ്രതിജ്ഞന്മാരായും പൊതുജനഹിതകാംക്ഷികളായും ഇരിക്കുവാൻ തക്കവണ്ണം അവരുടെ നടവടികളുടെ ഗുണദോഷനിരുപണം ചെയ്ത് പ്രഖ്യാപനം ചെയ്യേണ്ടത് വർത്തമാന പത്രങ്ങളുടെ കർത്തവ്യമായിരിക്കുന്നത് മേൽ പറഞ്ഞ സംഗതി കൊണ്ടാണ് എന്ന് ആരും സമ്മതിക്കുമല്ലോ. പത്രങ്ങൾ ദിവാൻജിമാരുടെ സർക്കാർ നടവടികളെക്കുറിച്ചു ആക്ഷേപിക്കുന്നത്, അതിനാൽ, അവയുടെ കർത്തവ്യകർമ്മ സീമയിൽ ഉൾപ്പെട്ട പ്രവർത്തി മാത്രമാണ്. ദിവാൻജിമാരുടെ സ്വകാര്യ ജീവിതചരിതത്തെകൂടെയും  ഗുണദോഷനിരൂപണം ചെയ്യാൻ  അവകാശമുള്ള പത്രങ്ങൾ  അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അതു ഒരു ദാക്ഷിണ്യമെന്നു സമാധാനപ്പെടുവാനേ പാടുള്ളൂ. തിരുവിതാംകൂർ സംസ്ഥാനത്തെ പത്രങ്ങൾ മേല്പറഞ്ഞ സംഗതികളിൽ കുറെ ധൈര്യപൂർവകമായി മുന്നോട്ട് ചുവടു വച്ചിട്ടുണ്ടെങ്കിൽ, അതിനെപ്പറ്റി ഉദ്യോഗസ്ഥന്മാർ പരിഭവപ്പെടുവാൻ ഒരു ന്യായവുമില്ലാ. കഴിഞ്ഞ 1084 - ാമാണ്ടത്തെ രാജ്യഭരണ റിപ്പോർട്ടിൽ, തിരുവിതാംകൂറിലെ നാട്ടുഭാഷാ പത്രങ്ങളിൽ ചിലതിൻ്റെ സ്വരം ദിവാൻ മിസ്റ്റർ രാജഗോപാലാചാരിക്ക്, രസിച്ചിട്ടില്ലെന്ന് പ്രസ്താവിച്ചിരിക്കുന്നത്, ഞങ്ങൾ മേല്പറഞ്ഞതായ വിധത്തിൽ ഉണ്ടായിരിക്കാവുന്ന ദ്വേഷത്തിൻ്റെയോ കോപത്തിൻ്റെയോ സന്താനമായിരിക്കാം. പത്രങ്ങളെക്കുറിച്ച് സർക്കാരുദ്യോഗസ്ഥന്മാരുടെ മേലാവായ ദിവാൻജിക്ക് തോന്നുന്ന അഭിപ്രായം അവരുടെ നിലയിൽ നിന്നു നോക്കീട്ടുണ്ടാകുന്നത് മാത്രമാണ്. അതിനെ ബഹുജനങ്ങളുടെ അഭിപ്രായമായി സ്വീകരിക്കാൻ അവകാശവുമില്ല. പത്രങ്ങളെപ്പറ്റി മിസ്റ്റർ ആചാരിക്ക് അല്പം ഭ്രമം വന്നു പോയി എന്നാണ് ഞങ്ങൾക്ക് പറവാനുള്ളത്. ഭരണാധികാരികളായ ചില ഉദ്യോഗസ്ഥന്മാരുടെ നടത്തയും നടവടികളും നന്നാകേണ്ടിയിരുന്നു എന്നു തന്‍റെ പരിചയത്താൽ തന്നെ ബോധപ്പെട്ടിരിക്കുന്നു എന്നാണ് മിസ്‌റ്റർ ആചാരി പറയേണ്ടിയിരുന്നത്. ഈ ന്യൂനത ഇല്ലായിരുന്നു എങ്കിൽ, പത്രങ്ങളുടെ സ്വരത്തെപ്പറ്റി മിസ്റ്റർ ആചാരിക്ക് ഇത്ര അരോചകം തോന്നുകയില്ലായിരുന്നു എന്നാണ് ഞങ്ങളുടെ വിശ്വാസം.








You May Also Like