വിദ്യാഭ്യാസവകുപ്പിലെ ചില പൈശാചിക ഗോഷ്ടികൾ

  • Published on September 19, 1908
  • By Staff Reporter
  • 540 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തിരുവിതാംകൂർ സർക്കാർ സർവീസിന്‍റെ ദൂഷകതാ ഹേതുക്കളിൽ ഒന്ന്, മേലുദ്യോഗസ്ഥന്മാർ കീഴ്ജീവനക്കാരെ അഭ്യസിപ്പിക്കുന്ന അഴിമതികളാണെന്ന് ഞങ്ങൾ പലകുറി പറഞ്ഞിട്ടുണ്ട്. യോഗ്യന്മാരെന്നും പഠിപ്പുള്ളവരെന്നും, ബിരുദം നേടീട്ടുള്ളവരെന്നും പറയപ്പെട്ടു വരുന്ന പലേ മേലുദ്യോഗസ്ഥന്മാർ, സഞ്ചാരബത്തയ്ക്കായും മറ്റും കള്ളക്കണക്കെഴുതി ഗവര്‍ന്മേണ്ടിനെ വഞ്ചിക്കുവാൻ ഒരുക്കമായിരുന്നാൽ, അവരുടെ കീഴിലുള്ള ജീവനക്കാർ അത്തരം ദൂഷ്യകർമ്മങ്ങൾ പ്രവർത്തിക്കുന്നതിന് തുനിയുന്നതു അസംഭവ്യമല്ലാ എന്ന് കുറെ മുമ്പ് ഞങ്ങൾ സവിസ്തരം പ്രതിപാദിച്ചിരുന്നു. ഈ മാതിരി നീച സമ്പ്രദായങ്ങൾ, പലതുമുള്ള കൂട്ടത്തിൽ കീഴ്ജീവനക്കാരോടും, പൊതുജനങ്ങളോടും, ഓരോ ആവശ്യം പറഞ്ഞ്, പണം പിരിച്ചെടുക്കുകയും ചെലവു ചെയ്തതിന് ശരിയായ കണക്കു കാണിക്കാതെ മിക്കവാറുമോ   മുഴുവനുമോ അപഹരിക്കുകയും ചെയ്യുന്ന നടപ്പുണ്ടെന്നുള്ളത് വിസ്മരിക്കാവുന്നതല്ല. കഴിഞ്ഞ കാലങ്ങളിൽ പൊതുജനങ്ങളുടെ വക പണത്തിൽ ഒട്ടേറെ തുക ഈ വിധത്തിൽ ചില ഉദ്യോഗസ്ഥന്മാരുടെ കൈക്കൽ പെട്ട് പോയിട്ടുണ്ട്. അതിലേക്ക്, ഗവർണർ മുതലായവരുടെ സംസ്ഥാന സന്ദർശനം മുതലായ വിശേഷ അവസരങ്ങളിൽ ചെലവാക്കാനെന്നു പറഞ്ഞ് നാട്ടിലെ ജനങ്ങളോട് ചില തഹശീൽദാരന്മാർ, പർവത്യകാരന്മാർ മുതലായ ജീവനക്കാർ പണം പിരിച്ചെടുത്തിട്ടുള്ളത് സംബന്ധിച്ചുണ്ടായിട്ടുള്ള വഴക്കുകൾ ഉദാഹരണങ്ങളാണല്ലൊ. ഗവര്‍ന്മേണ്ട്  ആവശ്യപ്പെടാതെയും, ഗവര്‍ന്മേണ്ടിനോട് ആവശ്യപ്പെട്ട് വിവരം അറിയിക്കാതെയും, ചുമതലപ്പെട്ട ഉദ്യോഗസ്ഥന്മാർ കീഴ്സിൽബന്തികളോടും ജനങ്ങളോടും    പണം പിരിക്കുന്നത് എപ്പോഴും ശങ്കനീയമായ പ്രവർത്തിയായിരിക്കുകയേ ഉള്ളൂ. മേലാവുകാരുടെ കോപത്തെയോ, അധികൃതന്മാരുടെ നീരസത്തെയോ, ഭയപ്പെട്ട് കീഴ്‌ജീവനക്കാരോ ഭരണീയ ജനങ്ങളൊ, അവർ ആവശ്യപ്പെടും പോലെ പണം കൊടുത്തു പോകുന്നത് അത്ഭുതമല്ലാ. ഇതിലേക്കു ഈയിട കൊച്ചി ദിവാൻജി ചില ചട്ടങ്ങൾ  വ്യവസ്ഥപ്പെടുത്തിയതു പോലെ, ചില ഉത്തരവുകൾ ഈ നാട്ടിലും ഉണ്ട് എന്നിരിക്കിലും, ഈ ഉത്തരുവുകളെ അനുഷ്ഠിക്കുന്നതിലധികം ലംഘിക്കുന്നതിനാലാണ് ചില ഉദ്യോഗസ്ഥന്മാർ ഗവര്‍ന്മേണ്ടിന്‍റെ നേർക്ക് ആദരവ് കാണിക്കാറുള്ളതു എന്ന് പറയാതെ കഴികയില്ലാ. ഇപ്രകാരമുള്ള ദൂഷ്യങ്ങൾ വിദ്യാഭ്യാസ വകുപ്പിനെ ബാധിക്കാൻ പാടുള്ളതല്ലായിരിക്കെ, ബാധിച്ചിട്ടുള്ളതായി കാണുമ്പോൾ വ്യസനിക്കാത്തവർ ദുർല്ലഭമായിരിക്കുമല്ലൊ. കീഴിലുള്ള അല്പശമ്പളക്കാരായ വാധ്യാന്മാരോട് അവരുടെ ശമ്പളത്തിന്‍റെ ഒരംശം നിർബന്ധമായി ആവശ്യപ്പെട്ടു വാങ്ങുക, വിദ്യാർത്ഥികളോട് നിരന്തരം അപ്പോഴപ്പോൾ ഒന്നും രണ്ടും ചക്രം പിരിപ്പിക്കുക, കുട്ടികളുടെ രക്ഷാകർത്താക്കന്മാരുടെ പക്കൽ നിന്നും സ്‌കൂൾ കെട്ടിടം മേച്ചിലിനും അറ്റകുറ്റപ്പണിക്കും ഓല മുതലായ സാധനങ്ങൾ ശേഖരിക്ക, ഇങ്ങനെ പല ഹീന നടവടികളും സ്‌കൂൾ ഡിപ്പാർട്ട്മെണ്ടില്‍  വളരെക്കാലമായി നടന്നു വരുന്നുണ്ട്. ഇവയൊക്കെ വാധ്യാന്മാരുടെയൊ ഇൻസ്പെക്ടർമാരുടെയൊ ഇച്ഛ പോലെയാണ് നടത്തുന്നത് എന്നു ഇവ സംബന്ധിച്ച സംഗതികളെ അന്വേഷിച്ചാൽ വെളിപ്പെടുന്നതാണ്. ദിവാൻ മിസ്റ്റർ രാജഗോപാലാചാരി ഈ നാട്ടിലെ മന്ത്രിസ്ഥാനം ആദ്യമായി കൈയ്യേറ്റ കാലത്തിനടുത്തു തന്നെ, ഒരു വാധ്യാർ, കുട്ടികളുടെ വീടുകളിൽ ചെന്ന് ഓല ശേഖരിച്ചു കൊണ്ടു വന്നു എന്ന സംഗതിക്കായി, വാധ്യാരെ ശമ്പളം കുറച്ച് തരംതാഴ്ത്തിയതായി ഒരു കേസ്സ് ഞങ്ങൾ ഓർക്കുന്നുണ്ട്. ഈയിട സ്‌കൂൾ ഡിപ്പാർട്ട്മെണ്ടിലെ കീഴ് പതിവനുസരിച്ച്, സൈക്ളോസ്റ്റൈൽ മേടിപ്പാനായി വാധ്യാന്മാരോട് പത്തുപന്ത്രണ്ടുറുപ്പിക ശേഖരിക്കുകയും, പിന്നീട്, സർക്കാരിൽ നിന്ന് അനുവദിച്ചു കിട്ടിയപ്പോൾ, സ്‌കൂൾ വക പണം തിരികെ മണിയോർഡറായി അയയ്ക്കുകയും ചെയ്തു എന്ന കേസ്സിൽ ഒരു അസിസ്റ്റന്‍റ്  ഇൻസ്‌പെക്ടരെ തരംതാഴ്ത്തിയതായും ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. എന്നാൽ, എത്രയോ അധികം കഠിനമായി അനീതി പ്രവർത്തിച്ചിട്ടുള്ളവരുടെ കഥകൾ ദിവാൻജി അറിയാഞ്ഞിട്ടായിരിക്കുമൊ, അവയെപ്പറ്റി യാതൊന്നും ഗണ്യമാക്കാതെയിരിക്കുന്നത്. ശിക്ഷിക്കപ്പെട്ട ഇവർക്ക് പ്രേരണം നൽകിയവരായും, ഇവരെ ഈ മാർഗ്ഗത്തിലേക്ക് ചാടിക്കുവാൻ പതിവ് ഏർപ്പെടുത്തിയവരായുമുള്ള റേഞ്ജ് ഇൻസ്പെക്ടർമാർ, അസിസ്റ്റന്‍റുകൾ മുതലായവരുടെ കഥകൾ ഗവര്‍ന്മേണ്ട് ഗൗനിക്കേണ്ടത്  നീതിക്കു അത്യാവശ്യം തന്നെയാണ്. ഇത്തരക്കാരിൽ ഒരു ഉദ്യോഗസ്ഥനാണ് റേഞ്ജ് ഇൻസ്പെക്ടർ മിസ്റ്റർ പി. രാമസ്വാമി അയ്യർ എന്ന് അദ്ദേഹത്തിന്‍റെ നടവടിയെക്കുറിച്ചു ഞങ്ങൾക്കു കിട്ടിയിരിക്കുന്ന വിശ്വാസയോഗ്യമായ അറിവുകൊണ്ട് ഞങ്ങൾ ഉറപ്പിച്ചു പറയുന്നു. കീരിക്കാടു, മുതലായ പ്രദേശങ്ങളിലെ ജനങ്ങളിൽനിന്ന് മിസ്റ്റർ അയ്യർ, ആയിരത്തിലധികം രൂപ സ്കൂൾ കെട്ടിടങ്ങൾ നന്നാക്കാനാണെന്നും മറ്റും പറഞ്ഞു പിരിച്ചിട്ടുള്ളതിന്, ഇപ്പോൾ ഒരാണ്ടു കാലമായിട്ടും യാതൊരു കണക്കും കാണിച്ചിട്ടില്ലാ. കെട്ടിടങ്ങൾ നന്നാക്കിയതായൊ, സ്ഥാപിച്ചതായോ അറിയുന്നുമില്ലാ. സ്കൂൾ കെട്ടിടങ്ങളുടെ കെട്ടിമേച്ചിലിനും മറ്റുമായി, ഫ്രീസ്കാളർമാരായ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കന്മാരോട് സാമാനമായും മറ്റും ഓരോന്നു ശേഖരിക്കുന്നതിന് ഈ ഇൻസ്പെക്ടർ തന്നെ സർക്കുലർ അയച്ച്, അതിന്മണ്ണം നിർബന്ധിച്ച് നടത്തിച്ചതായും ഗവര്‍ന്മേണ്ടില്‍ നിന്ന് ആ വകയ്ക്ക്  അനുവദിച്ചിട്ടുള്ള കണ്ടിൻജൻസി പണം വാധ്യന്മാരോട് മേടിച്ചിട്ടുള്ളതായും ഇതിന് കീഴ് ചേർക്കുന്ന ലക്ഷ്യങ്ങളാൽ മനസ്സിലാക്കാവുന്നതാണ്. ഇങ്ങനെയുള്ള നിന്ദ്യമായ നടവടികളെ ഞങ്ങൾ അധികം വിസ്തരിക്കുന്നില്ലാ. അവ അന്യത്ര ചേർത്തിരിക്കുന്ന റെക്കോർഡുകളാൽ തെളിയുന്നതാണ്. ചോദ്യക്കടലാസ് അച്ചടിക്കാനായിട്ടെന്നും, സ്കൂൾ കെട്ടി മേച്ചിലിനായിട്ടെന്നും ബെഞ്ച്, കസേര, മണി മുതലായവ മേടിപ്പാനെന്നും മറ്റും പറഞ്ഞ് വാധ്യാന്മാരോടും കുട്ടികളോടും ഇവരുടെ മാതാപിതാക്കന്മാരോടും റേഞ്ജിന്‍സ്പെക്ടമാർ, അസിസ്റ്റന്‍റുമാർ, വാധ്യാന്മാര്‍ തുടങ്ങിയവർ എത്രയെത്ര പണങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും, അവയെ ചെലവു ചെയ്തതിനു  കണക്കുകൾ ഉണ്ടോ എന്നും, ഗവര്‍ന്മേണ്ട്  അന്വേഷിച്ചാൽ, അസത്യം, അന്യായം, അപഹരണം, പരോപദ്രവം മുതലായ ദുർഗുണങ്ങളെ അഭ്യസിപ്പിക്കാനായിട്ടാണ് തിരുവിതാംകൂറിലെ വിദ്യാലയങ്ങളെ ചില ഉദ്യോഗസ്ഥന്മാർ പ്രവർത്തിപ്പിച്ചു വരുന്നതെന്നു ലജ്ജിച്ചു തലതാഴ്‌ത്തേണ്ടി വരും. മാസത്തിൽ ആഹാര ചെലവിനും വസ്ത്ര ധാരണത്തിനും കൂടേയും തൃപ്തി ആവോളം തികയാത്ത ശമ്പളം മേടിക്കുന്ന വാധ്യാന്മാരോടു പണം പിരിക്കുന്നതും വ്യയസാധ്യമായ വിദ്യാഭ്യാസ സമ്പ്രദായത്താൽ കഷ്ടപ്പെടുന്ന കുടിയാനവന്മാരോട് - അവർക്കു കുട്ടികളെ പഠിപ്പിക്കാൻ പണമില്ലാതെ ദാരിദ്ര്യമോർത്തു കുട്ടികൾക്ക് ഫ്രീ സ്‌കാളർഷിപ്പ് അപേക്ഷിച്ചു വാങ്ങിക്കഴിയുമ്പൊഴും പണവും സാമാനങ്ങളും ശേഖരിക്കുന്നതും, ദിവാൻ രാജഗോപാലാചാരി അവർകളുടെ  മന്ത്രതന്ത്രങ്ങളാൽ കഴിയുന്ന വേഗത്തിൽ ഉച്ചാടനം ചെയ്യപ്പെടേണ്ട പൈശാചിക ഗോഷ്ടികൾ ആകുന്നു. 

You May Also Like