തെക്കൻ ഡിവിഷൻ ദിവാൻ പേഷ്ക്കാർ

  • Published on July 31, 1907
  • By Staff Reporter
  • 562 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തെക്കൻ ഡിവിഷൻ ദിവാൻ പേഷ്ക്കാർ എൻ. സുബ്രഹ്മണ്യയ്യരുടെ ഉദ്യോഗ സംബന്ധമായ നടവടികളെപ്പറ്റി, തെക്കൻ ഡിവിഷനിലെ അനേകശതം ആളുകൾ കൂടി ഒപ്പിട്ട്, ഗവണ്‍മെന്‍റിനു മുമ്പാകെ സമർപ്പിച്ചിരിക്കുന്ന ഒരു പൊതുജനസങ്കട ഹർജിയുടെ പകർപ്പ് ഞങ്ങൾ കൈപ്പറ്റിയിരിക്കുന്നു. അഞ്ചു ഫുൾസ്‌കേപ്പ് പുറം നിറയെ അടുക്കിയടുക്കി അച്ചടിച്ചിട്ടുള്ള ഈ ഹർജിയിൽ വിവരിക്കുന്നിടത്തോളം ദോഷങ്ങൾ, ഒരു ഡിവിഷൻ പേഷ്‌ക്കാർ ചെയ്തു എന്ന് വിശ്വസിക്കാൻ മനസ്സിന് മടിപ്പ് തോന്നിക്കത്തക്കവണ്ണം, അത്ര അധികം ഉണ്ടെന്നു പറയുമ്പോൾ, പലരും ആശ്ചര്യപ്പെട്ടേക്കും. മിസ്റ്റർ സുബ്രമണ്യയ്യർ, മെഡിക്കൽ ഉദ്യോഗത്തിനായി പ്രത്യേക യോഗ്യത സമ്പാദിച്ചു വന്നു വളരെ നാൾ മെഡിക്കൽ വകുപ്പിൽ പണി വഹിച്ച ശേഷം, റവന്യൂ മജിസ്റ്റീരിയൽ കാര്യങ്ങൾ നോക്കാൻ എക്സിക്യൂട്ടീവ് വകുപ്പിൽ ചാടിക്കയറിയതു നിമിത്തം, അദ്ദേഹത്തിന് പല കുറ്റങ്ങളും ആരോപിക്കപ്പെടുവാൻ സംഗതി വന്നു എന്ന് നാം അറിഞ്ഞിട്ടുണ്ടല്ലോ. ഇദ്ദേഹത്തിന്‍റെ ചില വികൃതാഭിപ്രായങ്ങളെയും തന്ത്രങ്ങളെയും കുറിച്ച് ഞങ്ങൾ പലതവണ പറഞ്ഞിട്ടുണ്ടായിരുന്നു. ശ്രീമൂലം പ്രജാസഭയുടെ യോഗത്തിലും, ഈ വക സംഗതികൾ ഏറെക്കുറെ പ്രതിപാദിക്കപ്പെട്ടിട്ടുള്ളതായും നാം അറിഞ്ഞിട്ടുണ്ട്. മേൽപ്പറഞ്ഞ പൊതുജന സങ്കട ഹർജിയിൽ, ഗൗരവപ്പെട്ട എട്ടൊമ്പത് സങ്കടങ്ങളെ പല ദൃഷ്ടാന്തങ്ങളോടു കൂടി വിവരിച്ചിരിക്കുന്നു. 1. നാഞ്ചിനാട്ടിലോ ഈ നാട്ടിലോ വെള്ളത്തട്ടു വരുന്ന കാലങ്ങളിൽ അതതു സ്ഥലങ്ങളിൽ ചെന്ന് കുളങ്ങളിലുള്ള വെള്ളത്തെ, അതാതു ഏലായിലെ നിലങ്ങൾക്ക് വിടുവിച്ചു കൊടുക്കുന്ന കാര്യത്തിലും, ക്രമീകരിക്കുന്ന വിഷയത്തിലും, പ്രത്യേകം ദൃഷ്ടി വക്കുകയും, ജനങ്ങളുടെ ഇടയിൽ തന്നിമിത്തം സമാധാന ലംഘനം നേരിടാതെ പരിപാലിക്കുകയും ചെയ്യുന്നത് ഡിവിഷൻ പേഷ്‌ക്കാരന്മാരുടെ പ്രധാന ജോലിയാകുന്നു. എന്നാൽ, മിസ്റ്റർ സുബ്രഹ്മണ്യയ്യർ ഈ ഡിവിഷനിൽ വന്നതിൽ പിന്നീട് ഈ വിഷയത്തിൽ തീരെ ദൃഷ്ടി വെക്കാതെയും, ഉൾപ്രദേശങ്ങളിൽ സഞ്ചരിക്കാതെയും ഈ ഡിവിഷനെ ഭരിച്ചു വരുന്നത് നിമിത്തം കൃഷിക്കാരായ തദ്ദേശവാസികൾക്ക് വളരെ നഷ്ടങ്ങളും സമാധാന ലംഘനങ്ങളും നേരിട്ടിരുന്നു എന്നാണ് ഒന്നാമത്തെ സങ്കടം.  2. ഗവൺമെന്‍റ് പണത്തെ കൃഷിക്കാർക്കും പൊതുജനങ്ങൾക്കും ഉപയോഗമില്ലാത്ത വിഷയങ്ങളിൽ ചെലവാക്കി വരുന്നു എന്നാണ് രണ്ടാമത് പറയുന്നത്. 3. ഗവൺമെന്‍റിനെ തെറ്റിധരിപ്പിക്ക നിമിത്തം കുടികൾക്കും ഗവൺമെന്‍റിനും നഷ്ടം നേരിട്ടിരുന്നു എന്നുള്ളതാണ് മൂന്നാമത്. 4. റവന്യൂ വകുപ്പിലുള്ള പരിചയക്കുറവ് നിമിത്തം കുടികൾക്കും ഗവൺമെന്‍റിനും വലുതായ കഷ്ടനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നു എന്നുള്ളതാണ് നാലാമത്. 5. മജിസ്റ്റീരിയൻ ജോലി സംബന്ധിച്ചും ഇദ്ദേഹത്തിന്‍റെ നടവടി പിശകുകൾ നിമിത്തം സമാധാന ലംഘനങ്ങൾക്കും ജനസങ്കടത്തിനും സംഗതിയായിരിക്കുന്നു എന്നുള്ളതാണ് മറ്റൊരു ദോഷാരോപം. 6. 1050-ാം ആണ്ട് കന്നിമാസം 10-ന് ഉണ്ടായിട്ടുള്ള തിരുവെഴുത്തു വിളംബരത്തിനു വിപരീതമായും ന്യായമായി മറ്റാളുകൾക്കുള്ള അവകാശങ്ങളെ ഗണിക്കാതെയും, ദിവാൻ പേഷ്‌ക്കാർ തൻ്റെ സംബന്ധക്കാരെ തൻ്റെ കീഴിൽ ഉദ്യോഗങ്ങളിൽ നിയമിക്കുന്നത് സർവ്വ സാധാരണമായി തീർന്നിരിക്കുന്നു എന്നാണ് ആറാമതായി പറയുന്നത്. 7. ഫൈനാൻഷ്യൽ സർക്കുലറിനു വിപരീതമായി പ്രവർത്തിച്ചു വരുന്നുവെന്നും 8. ബന്ധുക്കളുടെയും സ്നേഹിതന്മാരുടെയും ശിപാർശ പ്രകാരം ന്യായമായ അവകാശങ്ങളെ ഗണിക്കാതെ ഉദ്യോഗദാന വിഷയങ്ങളിൽ, അനീതി പ്രവർത്തിച്ചു വരുന്നു എന്നും 9. പക്ഷപാതമായും അനീതിയായും ചിലത് പ്രവർത്തിക്കുന്നുണ്ടെന്നും തെളിയിക്കുന്നതിന് പല ദൃഷ്ടാന്തങ്ങൾ ചേർത്തിരിക്കുന്നു. ഇവയെല്ലാം വളരെ ഗൗരവപ്പെട്ട ദോഷാരോപണങ്ങൾ ആണെന്നതിനു സന്ദേഹമില്ല. ഇവയെപ്പറ്റി ഗവൺമെൻ്റ് വേണ്ടവിധം അന്വേഷണം ചെയ്ത്, മിസ്റ്റർ സുബ്രഹ്മണ്യയ്യരുടെ സമാധാനം വാങ്ങേണ്ടത് ആവശ്യമാണെന്നു തന്നെ ഞങ്ങൾ വിചാരിക്കുന്നു. ഇദ്ദേഹത്തെ തെക്കൻ ഡിവിഷനിൽ നിന്ന് മാറ്റിക്കിട്ടണമെന്നുള്ള പൊതുജനങ്ങളുടെ അപേക്ഷ, ഈ ഹർജി ഗവൺമെന്‍റിനു കിട്ടുന്നതിന് മുമ്പേ സാധിച്ചിരിക്കുന്ന സ്ഥിതിക്ക്, മിസ്റ്റർ അയ്യരെ പറ്റിയുള്ള ദോഷാരോപങ്ങളെ വിചാരണ ചെയ്യേണ്ടതില്ലെന്ന് വിചാരിച്ചു കൂടാ. അദ്ദേഹത്തിന്‍റെ ഭരണം ഒരു ഡിവിഷനിലെ ജനങ്ങൾക്ക് ദോഷാവഹമായിരുന്നു എങ്കിൽ അത്തരം ദോഷം മറ്റു ഡിവിഷനിലെ ജനങ്ങൾക്കും പറ്റാതിരിപ്പാൻ നോക്കേണ്ടത് ഗവണ്‍മെന്‍റിന്‍റെ കടമയാണല്ലോ.

You May Also Like