സ്വദേശവാർത്ത - തിരുവിതാംകൂർ

  • Published on March 25, 1908
  • By Staff Reporter
  • 451 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 അസിസ്റ്റന്‍റു സര്‍ജന്‍ മിസ്തര്‍ വല്യതാനെ ആലുവായില്‍ സ്ഥിരമായി നിയമിച്ചിരിക്കുന്നു.

 സ്പെഷ്യല്‍ആഫീസര്‍ മിസ്തര്‍ മഹാദേവയ്യന്‍റെ ആഫീസ് തിരുവനന്തപുരത്തേക്കു മാററിയിരിക്കുന്നു. എക്‍സിക്യൂട്ടീവ് ഇഞ്ചിനീയര്‍ മിസ്തര്‍ വൈകുണ്ഠമയ്യര്‍ താമസിയാതെ അവധിയില്‍ പോകുന്നതാണു -

സെറ്റില്‍മെന്‍റു അസിസ്റ്റന്‍റുപേഷ്കാര്‍ മിസ്തര്‍ രാമസ്വാമി അയ്യര്‍ മദ്രാസില്‍ വച്ചു മരിച്ചുപോയിരിക്കുന്നു.

 ഹൈക്കോര്‍ട്ടു വെക്കേഷന്‍ കഴിഞ്ഞു തുറക്കുന്നതുവരെ ദേവസ്വം കമിഷണര്‍ക്ക് ജോലി ഉണ്ടായിരിക്കുന്നതാണ്.

 അഞ്ചല്‍ എന്നസ്ഥലത്തുള്ള ഊട്ടുപുരയെ നിറുത്തല്‍ ചെയ്യുന്നതിന് മഹാരാജാവു തിരുമനസ്സു കൊണ്ട് കല്പിച്ചനുവദിച്ചിരിക്കുന്നു.

 കോട്ടാര്‍ഹൈസ്ക്കൂള്‍ ഹെഡ് മാസ്റ്റരായി തിരുനല്‍വേലിക്കാരനായ ഒരു ഡാനിയല്‍പിള്ള ബി. എ. എല്‍. എല്‍. ബി - യെ നിയമിക്കാന്‍ ഭാവമുണ്ടെന്നറിയുന്നു.

 പോലീസ് ഇന്‍സ്പെക്‍ടര്‍ മിസ്തര്‍ തര്യനെ ചെങ്ങന്നൂര്‍നിന്ന് അരിപ്പാട്ടേയ്ക്കും, അരിപ്പാട്ടുനിന്ന് മിസ്തര്‍ ഈ. എന്‍. കേശവപിള്ളയെ ചെങ്ങന്നൂര്‍ക്കും മാറ്റിയിരിക്കുന്നു.

 സാനിട്ടരികമിഷണര്‍ക്ക് ഒന്നരമാസത്തെ പ്രിവിലേജ് അവധി അനുവദിക്കയും, പകരം, സീനിയര്‍ ഹെല്‍ത്താഫീസര്‍ മിസ്തര്‍ മാനുവലിനെ നിയമിക്കയും ചെയ്തിരിക്കുന്നു.

 രാജകീയഗര്‍ത്സ് കാളേജ് ലേഡിപ്രിന്‍സിപ്പാളിന് നാല്പതുരൂപാവരെ ശമ്പളമുള്ള സില്‍ബന്തികളെ ആക്കാനും നീക്കാനുമുള്ള അധികാരം ഗവര്‍മ്മേന്‍റ് നല്‍കിയിരിക്കുന്നു.

 കണ്ണുചികിത്സാശുപത്രിയില്‍ സര്‍ജന്‍ മിസ്തര്‍ ജോസഫ് ഏതാനും മാസത്തെ അവധി കിട്ടണമെന്ന് ഡര്‍ബാര്‍ഫിസിഷന്‍റെ അടുക്കല്‍ അപേക്ഷിച്ചതില്‍, അപേക്ഷയെ നിരസിച്ചിരിക്കുന്നതായി അറിയുന്നു.

 കണ്ണൂര്‍തുറമുഖത്ത് പ്ലേഗ് പിടിപെട്ടിരിക്കുന്നതായി അറിവു കിട്ടിയിരിക്കകൊണ്ട് അവിടെ നിന്നുവരുന്ന ഉരുക്കളെ ക്വാറണ്ടൈന്‍പരിശോധനയില്‍ വയ്ക്കേണ്ടതാകുന്നു എന്ന് ഗവര്‍ന്മേണ്ട് തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു. - 

 ഇന്നലെ (ചൊവ്വാഴ്ച) നാലുമണിക്കു ദിവാന്‍ജി കച്ചേരി ചെയ്യുന്ന *********യില്‍വച്ചു, എല്ലാ സിക്രട്ടറിമാരുടെയും ഒരു യോഗം കൂടുകയും, സിവില്‍ അക്കൌണ്ടുകോഡ് പാസ്സാക്കുന്നതിനുള്ള വാദപ്രതിവാദങ്ങള്‍ നടത്തുകയും ചെയ്തിരിക്കുന്നു.

 തിരുവനന്തപുരം തുറമുഖത്ത് കടല്‍വള്ളം വിടുന്ന വകയ്ക്കു, നെല്ലിനും ഉപ്പിനും മുമ്പുണ്ടായിരുന്ന വള്ളക്കൂലിയുടെ നിരക്കിനെ ഭേദപ്പെടുത്തി, നെല്ലിനും ഉപ്പിനും നൂറുചാക്കുകള്‍ക്കു ആറു രൂപാവീതം ഒരേവിധത്തിലുള്ള നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു.

 ഡിവിഷന്‍ ഒന്നാംക്ലാസുമജിസ്ട്രേട്ടു കോര്‍ട്ടുകളില്‍നിന്ന് അയയ്ക്കുന്ന സമന്‍സുകളെ, ഒപ്പിനു മുമ്പില്‍ ' ഉത്തരവിന്‍പ്രകാരം' എന്ന വാക്കുകള്‍ ചേര്‍ത്ത് ഡിവിഷന്‍ ശിരസ്തദാരന്മാര്‍ക്കു ഒപ്പിടാവുന്നതാണെന്നു ഹൈക്കോടതി ആജ്ഞാപിച്ചിരിക്കുന്നു.

 മിസ്തര്‍ ഐ. സി. ചാക്കോവിന് വടക്കേഡിവിഷന്‍ സ്റ്റേററ് ജീയാളജിസ്റ്റ് (തിരുവിതാങ്കൂര്‍ ഭൂതത്വജ്ഞന്‍) എന്നും, മിസ്തര്‍ ഇ. മാസിലാമണിക്ക് തെക്കേഡിവിഷന്‍ സ്റ്റേറ്റ്  ജീയാളജിസ്റ്റ് (തിരുവിതാങ്കൂര്‍ ഭൂതത്വജ്ഞന്‍) എന്നും ഉദ്യോഗപ്പേര്‍ കല്പിച്ചനുവദിച്ചിരിക്കുന്നു. -

 കുഴിത്തുറ പെണ്‍പള്ളിക്കൂടത്തിലെ കുട്ടികള്‍ക്കു ഉച്ചയ്ക്ക് ഒരു നേരം ഊട്ടില്‍ നിന്ന് ഭക്ഷണം കൊടുക്കണമെന്നു വിശാഖംതിരുനാള്‍ മഹാരാജാവുതിരുമനസ്സുകൊണ്ട് കല്പിച്ച് ചെയ്തിരുന്ന  ഏര്‍പ്പാടിനെ, ഈയിട ദിവാന്‍ജിയുടെ സര്‍ക്കീട്ടിനിടയ്ക്കു, നിറുത്തലാക്കിയിരുന്നു. അതിന്മേല്‍, കുടികള്‍ കൊട്ടാരത്തില്‍ പരാതിക്കു പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു: ഇപ്പൊള്‍ വീണ്ടും പഴയ  ഏര്‍പ്പാടിനെ തുടര്‍ന്നുകൊള്ളാന്‍ ഡിവിഷന്‍ പേഷ്കാര്‍ ശട്ടം കെട്ടിയതിന്മണ്ണം നടത്തിവരുന്നു എന്നറിയുന്നു.

 "കേരളതാരകം" പത്രപ്രവര്‍ത്തകന്മാരുടെ മേല്‍, "സ്വദേശാഭിമാനി" പത്രാധിപര്‍, തിരുവനന്തപുരം 1-ാംക്ലാസുമജിസ്ട്രേററു കോര്‍ട്ടില്‍, ബോധിപ്പിച്ചിരുന്നതും, പ്രതികള്‍ക്കു കുറ്റപത്രം കൊടുപ്പാനായി വച്ചിരുന്നതും, പിന്നീട്, അതിരുമാററണമെന്നുള്ള പ്രതികളുടെ അപേക്ഷയെ ഡിസ്ട്രിക്ട് മജിസ്ട്രേററ് തീരുമാനിപ്പാനായി നീട്ടിയിരുന്നതുമായ അപകീര്‍ത്തിക്കേസ്സില്‍ അതിരുമാററഹര്‍ജി തള്ളിക്കളകയാല്‍, നടവടീത്തുടര്‍ച്ചയ്ക്കായി, പ്രതികള്‍ക്കു വാറണ്ടയച്ചിരിക്കുന്നു എന്നറിയുന്നു.

 തിരുവനന്തപുരത്തിന് വടക്കുള്ള സ്ഥലങ്ങളില്‍ വച്ച് മരുമക്കത്തായകമ്മിറ്റി, സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള പ്രൊഗ്രാം താഴെ ചേര്‍ക്കുന്നു:-

 ആററിങ്ങല്‍ മീനം 20-ം 21-ം തിയതികള്‍, കൊല്ലം 22 മുതല്‍ 28 വരെ (രണ്ടുദിവസങ്ങളും ഉള്‍പ്പടെ) കായങ്കുളം 29-മുതല്‍ മേടം3-നു-വരെ (രണ്ടുദിവസങ്ങളും ഉള്‍പ്പടെ) തിരുവല്ലം മേടം 4നു-മുതല്‍ 10-വരെ (രണ്ടുദിവസങ്ങളും ഉള്‍പ്പടെ)

 കോട്ടയം മേടം 12-മുതല്‍ 16വരെ.               "

മൂവാറ്റുപുഴ "        18 മുതല്‍ 23 വരെ               "

ആലുവാ       "         25 മുതല്‍ 27 വരെ               "

പറവൂര്‍           "         29 മുതല്‍ 31 വരെ              "

വൈക്കം,  ഇടവം 2--ം 3--ം തിയതികള്‍

ആലപ്പുഴ       " 5 മുതല്‍ 9-വരെ                   "

സാക്ഷി വിസ്താരം സാധാരണയായി പകല്‍ 11 മണി മുതല്‍ 5 മണിവരെ നടത്തപ്പെടുന്നതാണ്.

You May Also Like