തിരുവിതാംകൂറിലെ സത്രങ്ങളും കൊട്ടാരങ്ങളും

  • Published on May 23, 1908
  • By Staff Reporter
  • 224 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 സത്രങ്ങള്‍ സര്‍ക്കാരില്‍നിന്ന് പണി ചെയ്യിച്ചിട്ടുള്ളത് വഴിയാത്രക്കാരുടെ ഉപയോഗത്തിലേയ്ക്കാണല്ലൊ. ഓരോസ്ഥലങ്ങളില്‍ ഇതുപോലെ കൊട്ടാരങ്ങളും കെട്ടി ഇട്ടിട്ടുണ്ട്. ഈ കൊട്ടാരങ്ങള്‍ രാജാക്കന്മാരുടെ ആവശ്യത്തിനായിട്ടു നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍, ഈ രണ്ടുവക കെട്ടിടങ്ങളേയും മിക്കവാറും സമയങ്ങളില്‍ ഉപയോഗപ്പെടുത്തി വരുന്നത് ഉദ്യോഗസ്ഥന്മാരാണ്. കോട്ടയത്തുള്ള കൊട്ടാരത്തെ ഇപ്പൊഴും ദിവാന്‍ പേഷ്കാരാണ് ഉപയോഗിച്ചുവരുന്നത്. ഇവരുടെ വാസം ഹേതുവായി, ഒന്നാമത്, സ്ഥലങ്ങള്‍ നന്നായികിടക്കുമെന്നും, രണ്ടാമത് യഥാകാലം വേണ്ട അറ്റകുറ്റപ്പണികളും പുതിയ കെട്ടിടം പണിയും നടത്തുമെന്നും ഒരു വിശ്വാസം കാണുന്നത് ഏററവും ആശ്വാസജനകം തന്നെ. ഒരു ദിവാന്‍പേഷ്കാര്‍ക്ക് സാധാരണ 500- ക ശമ്പളം ഉണ്ട്. അത്തരം ഉദ്യോഗസ്ഥന് പാര്‍പ്പാന്‍ ഒരു കൊട്ടാരം സര്‍ക്കാരില്‍നിന്ന് വിട്ടുകൊടുക്കുന്ന പക്ഷം, ആ ഉദ്യോഗസ്ഥന്‍റെ ശമ്പളത്തില്‍ അല്പമെങ്കിലും ഒരു ഭാഗം സര്‍ക്കാരിലേക്ക് വാടക എന്ന മട്ടില്‍ കൊടുക്കേണ്ടത് ഉചിതമാകുന്നു. ഇതുപോലെതന്നെ, ആലുവാ കൊട്ടാരവും കൂടക്കൂടെ ദിവാന്‍ പേഷ്കാരുടെ വസതിയായിതീരുന്നു. ആലപ്പുഴകൊട്ടാരം, നെയ്യാറ്റിങ്കര കൊട്ടാരം, എന്നുവേണ്ടാ, തിരുവനന്തപുരത്തു കൊട്ടാരം ഒഴികെ എല്ലാ രാജസദനങ്ങളും ഇവരുടെ പെരുമാററത്തിനു പാത്രമായിരിക്കുന്നു. വാസത്തിനു സുഖകരമായിക്കാണുന്ന സത്രങ്ങളുടെ സ്ഥിതിയും ഇങ്ങനെ തന്നെയാണ്. വഴിയാത്രക്കാരുടെ ഉപയോഗത്തിനായിട്ടുതന്നെ പണിചെയ്യിച്ചിരിക്കുന്ന ഈവക കെട്ടിടങ്ങളില്‍ "വലിയ തലപ്പാവുകള്‍,, പരിവാരസമേതം കയറിയാല്‍, അവിടെ അനേകദിവസം സ്ഥിരമായി താമസിക്കുന്നു. ഇവര്‍ കണക്കില്‍ ഒട്ടും കുറയ്ക്കാതെ ബത്ത ചെലവു എഴുതി വാങ്ങിച്ചുകൊള്ളുകയം ചെയ്യും. ഇവര്‍ക്കു സര്‍ക്കാരില്‍ നിന്ന് കൂടാരം വകയ്ക്ക് സിവില്‍സര്‍വീസ് ചട്ടം അനുസരിച്ചു പ്രത്യേകം പടിഉണ്ടായിരുന്നിട്ടും, ഇവര്‍ കൂലികൊടുക്കാതെയും കൊട്ടാരങ്ങളിലും സര്‍ക്കാര്‍ വക കെട്ടിടങ്ങളിലും കയറി അനുമതികൂടാതെ താമസിക്കുകയും, സത്രങ്ങളെ യാത്രക്കാരുടെ ഉപയോഗത്തിനുകൊടുക്കാതെ ഇരിക്കയും ചെയ്യുന്നത് ആക്ഷേപയോഗ്യമാകുന്നു.

You May Also Like