കേരളീയ നായർസമാജം

  • Published on October 23, 1907
  • By Staff Reporter
  • 472 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                കേരളീയ നായര്‍ സമാജം

                                               ദ്വിതീയ വാര്‍ഷിക യോഗം


മുന്‍ നിശ്ചയിച്ചിരുന്നതനുസരിച്ച്  ഈ സഭായോഗം കന്നി 28-29- എന്നീ തീയതികളില്‍ ജൂബിലി ടൌണ്‍ഹാളില്‍ വച്ചു കൂടുകയുണ്ടായി. അഗ്രാസനാധിപത്യം വഹിക്കേണ്ട ബഹുമാനപ്പെട്ട മന്ദത്തു കൃഷ്ണൻ നായരും ഇദ്ദേഹത്തോടൊരുമിച്ച് മലബാറില്‍ നിന്നു മാന്യന്മാരായ ഏതാനും പ്രതിനിധികളും സഭയ്ക്കു വന്നിരുന്നു. ഇവരെയൊക്കെ എറണാകുളം മുതല്‍ വേണ്ടും വിധം സല്‍ക്കരിച്ചുകൊണ്ടു വരുന്നതിന് സമാജഭാരവാഹികള്‍ ഏര്‍പ്പാടു ചെയ്തിരുന്നു. 26-നു രാവിലെ തിരുവനന്തപുരത്തെത്തുവാന്‍ നിശ്ചയിച്ചിരുന്നു എങ്കിലും, വഴിയിലുള്ള ചില അസൌകര്യങ്ങളാല്‍,  രാത്രിയിലാണു ഇവിടെ എത്തിയത്. ഈ അതിഥികളെ  എതിരേറ്റു കൊണ്ടു വരുന്നതിന് പലേ ഗ്രാഡ്വേറ്റുകളും ഇതരന്മാരും, വേളിയില്‍ എത്തിയിരുന്നു. തിരുവനന്തപുരത്തു എത്തിയ ഉടന്‍, കൃഷ്ണന്‍ നായരവര്‍കള്‍ക്ക് സമാജഭാരവാഹികള്‍ ഒരു മംഗളപത്രം സമര്‍പ്പിക്കയുണ്ടായി. സഭയുടെ

ഒന്നാം ദിവസം

ആയ കന്നി 28-നു പകല്‍ 3 മണിക്ക് യോഗം കൂടി. നായന്മാര്‍, ബ്രാഹ്മണര്‍, കൃസ്ത്യര്‍, ഈഴവര്‍ മുതലായ പല വര്‍ഗ്ഗക്കാരിലുമുള്ള ആളുകള്‍ ഹാജരായിരുന്നു. അധ്യക്ഷന്‍ അഗ്രാസനം സ്വീകരിച്ച ശേഷം, നായന്മാരുടെ ഇപ്പോഴത്തെ നിലയെയും പരിഷ്കരിക്കേണ്ട മാര്‍ഗ്ഗങ്ങളെയും മറ്റും വിശദമാക്കി ഒന്നേകാല്‍ മണിക്കൂറു നേരം പ്രസംഗിച്ചു. (ഈ പ്രസംഗം വഴിയേ പ്രസിദ്ധമാക്കുന്നതാണ്) അനന്തരം, സമാജം വക റിപ്പോര്‍ട്ട്, സിക്രിട്ടരി മിസ്റ്റര്‍ സി. കൃഷ്ണപിള്ള ബി. ഏ. എഴുതിയിരുന്നത് വായിക്കപ്പെട്ടു.

            സമാജറിപ്പോര്‍ട്ടു കഴിഞ്ഞശേഷം, അധ്യക്ഷന്‍, യോഗത്തില്‍ നിന്ന് തീര്‍ച്ചപ്പെടുത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള പ്രമേയങ്ങളെപ്പറ്റി സദസ്യർക്ക്   മുന്നറിവു കൊടുത്തു. ആദ്യമായി ആലപ്പുഴെ ജില്ലയില്‍ വക്കീല്‍ പി. ജി. ഗോവിന്ദപ്പിള്ള ബി. എ. ബി. എല്‍ അവര്‍കള്‍ താഴെ പറയും പ്രകാരം ഒരു പ്രമേയത്തെ നിവേദനം ചെയ്തു.

I. " (1) മരുമക്കത്തായ തറവാടുകളുടെ അഭിവൃദ്ധിക്ക് വസ്തുവിഭാഗം ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നു.

      (2) അച്ഛന്‍ വഴി കിട്ടിയിട്ടുള്ള മുതല്‍,  മക്കളുടെ ഇടയില്‍ തുല്യമായി വിഭാഗം ചെയ്യേണ്ടത് അവശ്യമാകുന്നു.

      (3) (എ) സ്വാര്‍ജ്ജിതസ്വത്തു സമ്പാദിച്ച ആളുകളുടെ താവഴിയില്‍ ഉള്ള അംഗങ്ങള്‍ക്കു മാത്രം അയാളുടെ മരണശേഷം അവകാശപ്പെടുന്നതും, അവരുടെ അഭാവത്തില്‍ മാത്രം ഇതര താവഴിക്കാര്‍ക്കു അതിന്മേല്‍ അര്‍ഹത സിദ്ധിക്കുന്നതുമാകുന്നു.

          (ബി) സ്വാര്‍ജ്ജിതസ്വത്തിന്‍റെ പകുതിക്കു സമ്പാദിച്ച ആളുടെ ഭാര്യയ്ക്കും മക്കള്‍ക്കും അവകാശം ഉണ്ടാകുന്നതാകുന്നു."

         ഗോവിന്ദപ്പിള്ള അവര്‍കള്‍ ഇതിനെ വിശദമാക്കാനായി, താന്‍ വളരെ അന്വേഷങ്ങള്‍ നടത്തി സമ്പാദിച്ച അറിവുകളെ ഉള്‍പ്പെടുത്തി എഴുതിയിരുന്ന ഒരു ദീര്‍ഘമായ പ്രബന്ധം ഏതാനും ഭാഗം സദസ്സില്‍ വായിച്ചു. നായന്മാര്‍ പണ്ടത്തെ നിലയില്‍ നിന്ന് ധനകാര്യത്തില്‍ ക്ഷയിച്ചുവരുന്നു എന്നുള്ളതിലേക്ക് പല തെളിവുകളും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ചേര്‍ത്തല മുതലായ ചില താലൂക്കുകളില്‍ കഴിഞ്ഞ പത്തുകൊല്ലമായി നായന്മാരുടെ പക്കല്‍നിന്ന് തീറായും ഒറ്റിയായും കൈമാറീട്ടുള്ള സ്വത്തുക്കളുടെയും അക്കാലങ്ങളിൽ നായന്മാര്‍ തീറായും ഒറ്റിയായും വാങ്ങീട്ടുള്ള സ്വത്തുക്കളുടെ മുഴുവൻ രജിസ്റ്റ്രേഷൻ കണക്കുകൾ എടുത്തുകാണിക്കയും, നായന്മാര്‍, വാങ്ങുന്നതില്‍ ഇരട്ടി ഭൂസ്വത്ത് കൈമാറിക്കളയുന്നുണ്ടെന്നു സദസ്യരെ മനസ്സിലാക്കുകയും ചെയ്തു. തറവാട്ടില്‍ കാരണവന്‍റെയും അനന്തരവരുടെയും വഴക്കുകള്‍, കാരണവന്‍റെ ഭാര്യയും മക്കളും മോഷണപ്രവൃത്തി അഭ്യസിക്കുന്ന ക്രമം, അതുനിമിത്തമുള്ള ദോഷങ്ങള്‍, സ്വത്തു വിഭാഗം ചെയ്യേണ്ട ക്രമം മുതലായ പലേ സംഗതികളും അദ്ദേഹം സരസമായി പ്രസംഗിച്ചു. ഇതിനെ പിന്താങ്ങി, പെന്‍ഷന്‍ഡ് സര്‍ജന്‍ എം. നീലകണ്ഠപ്പിള്ള അവര്‍കള്‍, മലബാര്‍ പ്രതിനിധി സി. കുഞ്ഞുരാമന്‍ മേനവന്‍ അവര്‍കള്‍, ഹൈക്കോടതി വക്കീല്‍ മള്ളുര്‍ കേ. ഗോവിന്ദപ്പിള്ള ബി എ ബി. എല്‍ അവര്‍കള്‍ എന്നിവരും കുറേ സംസാരിച്ചു. മേപ്പടി നിശ്ചയത്തെ സഭ ഭൂരിപക്ഷം സമ്മതിച്ചിരിക്കുന്നതായി "വോട്ട്" എടുത്തു.

        പിന്നീട്, മഹാരാജാവു തിരുമനസ്സിലേക്ക് തലേനാള്‍ 50-ാം തിരുവയസ്സ് തികഞ്ഞതില്‍ നായര്‍സമാജം ആനന്ദിക്കുന്നതായും, തിരുമനസ്സിലേക്ക് ദീര്‍ഘായുരാരോഗ്യാശംസനം ചെയ്യുന്നതായും നിശ്ചയിച്ചു. 6 മണി കഴിഞ്ഞ് സഭ പിരിഞ്ഞു.

രണ്ടാം ദിവസം

    തലേനാള്‍ അധ്യക്ഷന്‍ ആവശ്യപ്പെട്ടതിന്മണ്ണം, രണ്ടാം ദിവസമായ കന്നി 29-നു പകല്‍ 2 മണി സമയത്തു തന്നെ സഭായോഗം തുടര്‍ന്നു. ആദ്യമായി, മലബാര്‍ പ്രതിനിധിയായ പാട്ടത്തില്‍ നാരായണമേനോന്‍ എം. എ, ബി. എല്‍ അവര്‍കള്‍, താഴെ പറയും പ്രകാരം ഒരു പ്രമേയം സമര്‍പ്പിച്ചു:-

II.  "നായര്‍ സമുദായത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന സംബന്ധം നിയമാനുസൃതമായ വിവാഹമാണെന്നും, അതിനു നിയമശാസനം ലഭിക്കേണ്ടതാണെന്നും ഈ സമാജം അഭിപ്രായപ്പെടുന്നു."

           ഇതിനെ സ്ഥാപിപ്പാനായി, പ്രയോക്താവ് സംക്ഷിപ്തവും യുക്തിയുക്തവുമായ ഒരു പ്രസംഗം ചെയ്തു. നായന്മാരുടെ ഇടയിലുള്ള സംബന്ധം അഥവാ പുടവകൊട, യഥാര്‍ത്ഥമായ വിവാഹം തന്നെ എന്ന് പാശ്ചാത്യന്മാരായ പല യോഗ്യന്മാരും സമ്മതിച്ചിട്ടുണ്ടെന്നും യാതൊരു ജാതിക്കാരുടെ ഇടയിലും ഉള്ള വിവാഹബന്ധം പോലെ, ഇതും, ശാശ്വതമായിരിക്കാന്‍ ഉദ്ദേശിക്കപ്പെട്ടു നടത്തുന്നതു തന്നെ എന്നും, ഇങ്ങനെയൊക്കെയിരുന്നാലും, ഇതിനേ നിയമപ്രവര്‍ത്തകന്മാര്‍ സാധുവായി ഗണിക്കുന്നില്ലെന്നും; കോടതികളില്‍ പരമ്പരാചാരത്തെയേ അനുസരിക്കാറുള്ളു എന്നും; അതിനാല്‍ ഇതിനു പ്രത്യേക നിയമശാസനം ലഭിക്കേണ്ടതാണെന്നും നാരായണമേനോന്‍ അവര്‍കള്‍ പ്രതിപാദിച്ചു. ഇതിനെ പിന്താങ്ങി, ഹൈക്കോടതി വക്കീല്‍ പി. രാമന്‍തമ്പി, ബി. എ, എം എല്‍ അവര്‍കള്‍, വിവാഹത്തിന്‍റെ യഥാര്‍ത്ഥലക്ഷണം, അര്‍ത്ഥം, ചരിത്രം, നാനാമതങ്ങളുടെയും ഇടയിലുള്ള വിവാഹരീതികളുടെ നിരൂപണം, നായര്‍ വിവാഹത്തിന്‍റെ യഥാര്‍ത്ഥ നിയമശാസനം ലഭിക്കേണ്ട ആവശ്യകത എന്നീ സംഗതികളെ വിശദമാക്കി, പാണ്ഡിത്യപ്രദർശകമായ ഒരു പ്രസംഗം ചെയ്തു. ഹൈക്കോടതി വക്കീല്‍ പി. കെ. കേശവപിള്ള ബി. എ, ബി. എല്‍, അവര്‍കളും; ചങ്ങനാശേരി പ്രതിനിധി സി. കേശവപിള്ള അവര്‍കളും ഈ നിശ്ചയത്തെ പിന്താങ്ങിപ്പറഞ്ഞു. മേല്പടി പ്രമേയത്തെ സഭ ഏകകണ്ഠമായി അംഗീകരിച്ചു.

          അനന്തരം,

III. "പുതിയ സമ്പ്രദായപ്രകാരമുള്ള വിദ്യാഭ്യാസരീതി നായര്‍ സമുദായത്തില്‍ പ്രചാരപ്പെടുത്തുന്നതിന് ഒരു ധനശേഖരം ചെയ്യേണ്ടത് ആവശ്യമാകുന്നു"- എന്ന് കൊല്ലം ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍  കേ. പരമുപിള്ള എം. ഏ  അവര്‍കള്‍ അഭിപ്രായപ്പെട്ടു. ഈ പ്രമേയത്തെ പുരസ്കരിച്ച്,  പരമുപിള്ള  അവര്‍കള്‍ എഴുതി തയ്യാറാക്കിയിരുന്ന പ്രബന്ധം വായിച്ചതായി അംഗീകരിക്കപ്പെടുകയും,  അദ്ദേഹം തന്‍റെ ചിരകാലാന്വേഷണ വിഷയമായഅമേരിക്കൻ വിദ്യാഭ്യാസസമ്പ്രദായത്തെപ്പറ്റി സംക്ഷിപ്തമായും വിശദമായും ഒരു പ്രസംഗം ചെയ്യുകയും ഉണ്ടായി. നായന്മാര്‍, കൃഷിയില്‍ മാത്രമല്ലാ, കൈത്തൊഴിലുകളിലും ഏര്‍പ്പെട്ടു നടക്കണമെന്നും; ഇപ്പൊഴത്തെ വിദ്യാഭ്യാസ സമ്പ്രദായം കൊണ്ട് കേവലം സാഹിത്യപരിശീലനമേ സാധിക്കുന്നുള്ളു എന്നും; ഏതെങ്കിലും ഒരു തൊഴിലില്‍ പ്രവേശിച്ച് ഉപജീവനമാര്‍ഗ്ഗം സമ്പാദിക്കേണ്ടതിന് വേണ്ട സൌകര്യമുണ്ടാക്കണമെന്നും; നായന്മാരുടെ വകയായി, കാലാന്തരത്തില്‍, തീവണ്ടിപ്പാത, കപ്പല്‍സംഘം മുതലായവ ഉണ്ടായിക്കാണ്മാന്‍ തനിക്കാഗ്രഹമുണ്ടെന്നും; അമേരിക്കന്‍ നീഗ്രോ പ്രമാണിയായ ബുക്കര്‍. ടി. വാഷിങ്ടന്‍റെ ജീവിതയത്നങ്ങള്‍ നായന്മാര്‍ക്കു പാഠമായിരിക്കേണ്ടതാണെന്നും മറ്റും അദ്ദേഹം വിസ്തരിച്ചു പറഞ്ഞു. ഇതിനെ പിന്താങ്ങി, മലബാര്‍ പ്രതിനിധി, "കേരളപത്രിക" പത്രാധിപര്‍ സി. കുഞ്ഞിരാമന്‍ മേനവന്‍ ബി. ഏ. അവര്‍കളും ഒരു പ്രസംഗം ചെയ്തു. ഈ പ്രമേയവും സഭയില്‍ നിന്ന് അംഗീകരിക്കപ്പെട്ടു.

                       അതിന്‍റെ ശേഷം,

IV. "നായര്‍ സമുദായത്തിന്‍റെ അഭ്യന്നുതിക്കു ഗ്രാമയോഗങ്ങള്‍ സ്ഥാപിക്കേണ്ടതു ആവശ്യമാകുന്നു"- എന്ന്,  കാര്‍ത്തികപ്പള്ളില്‍ പ്രതിനിധി, കീരിക്കാട്ട് തോപ്പില്‍ കേശവപിള്ള അവര്‍കള്‍ അഭിപ്രായപ്പെടുകയും, കരയോഗങ്ങളുടെ പൂര്‍വ്വചരിത്രം, അധോഗതിക്കുണ്ടായ കാരണങ്ങള്‍, പുനരുദ്ധാരണത്താലുള്ള ഗുണം, പുതുക്കേണ്ട രീതി മുതലായവയെ വിവരിച്ച് എഴുതിയിരുന്ന ഒരു ഉപന്യാസം വായിക്കയും; ഈ പ്രമേയത്തെ മലബാര്‍ പ്രതിനിധി ആര്‍. വിക്രമനുണ്ണി നായര്‍ ബി. ഏ, ബി. എല്‍ അവര്‍കള്‍ പിന്താങ്ങിപ്പറകയും ചെയ്തു. ഈ നിശ്ചയവും സഭ ഒന്നായി സമ്മതിച്ചു.

V. "മേല്‍പറയപ്പെട്ട 1ും 2ും നിശ്ചയങ്ങള്‍ (ഭാഗത്തെയും വിവാഹത്തെയും കുറിച്ചുള്ളവ) അതാതു ഗവര്‍മ്മേണ്ടിലേക്കു അയച്ചുകൊടുക്കുന്നതിനും, ഒരു കമീഷന്‍ നിശ്ചയിച്ച് അന്വേഷം ചെയ്ത്, അവയില്‍ പ്രസ്താവിച്ചിട്ടുള്ള സംഗതികള്‍ നടപ്പില്‍ വരുത്തുന്നതിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണമെന്നു അപേക്ഷിക്കുന്നതിനും, പ്രെസിഡന്റിനെ ഈ സഭ അധികാരപ്പെടുത്തിയിരിക്കുന്നു "-

      എന്ന്, മലബാര്‍ പ്രതിനിധി, "മനോരമാ" പത്രാധിപര്‍, പി. കുഞ്ഞുകൃഷ്ണമേനോന്‍ അവര്‍കള്‍ സരസമായൊരു ചെറിയ പ്രസംഗത്തില്‍ അഭിപ്രായപ്പെടുകയും, അതിനെ വക്കീല്‍ ആര്‍. ഗോപാലപിള്ള ബി. ഏ, ബി. എല്‍ അവര്‍കള്‍ പിന്താങ്ങിപ്പറകയും ചെയ്തു.

      പിന്നെ കൊല്ലം പ്രതിനിധി, ഹൈക്കോടതി വക്കീല്‍ കേ. പരമേശ്വരൻപിള്ള ബി.ഏ, ബി. എല്‍ അവര്‍കള്‍, "നായന്മാരുടെ ധനാവസ്ഥ“യെയും, അതു കഴിഞ്ഞു, ബാരിസ്റ്റര്‍ എം. കേ. നാരായണപിള്ള ബി. എ അവര്‍കള്‍ നായന്മാരുടെ അഭിവൃദ്ധിക്കു വേണ്ട മാര്‍ഗ്ഗങ്ങളില്‍ ഒന്നായ *********** വ്യവസായം, അല്ലെങ്കില്‍ കൂട്ടായ്മത്തൊഴില്‍, എന്ന വിഷയത്തെയും കുറിച്ചു ഓരോ ചെറിയ പ്രസംഗം ചെയ്തു.

          ഈ സമാജത്തിന്‍റെ പ്രവൃത്തിയെ അഭിനന്ദിച്ച് താൻ സംഭാവന ചെയ്യുന്ന സ്വല്പ തുകയെ സ്വീകരിക്കണമെന്നു അപേക്ഷിച്ചു സ്വാമി അയ്യങ്കാരവർകൾ സഭക്കായി 100 (നൂറു) ഉറുപ്പിക കൊടുത്തതിനെ, സഭ ഏറെ കൃതജ്ഞതാഹ്ളാദസൂചനകളോടെ അംഗീകരിച്ചു.

          അനന്തരം നായര്‍ സമാജത്തിന്‍റെ ഉദ്ദേശ്യങ്ങളെ സഫലീകരിക്കുന്നതിനായി പ്രയത്നിച്ചിട്ടുള്ള, മാന്നാര്‍ വെച്ചുരേത്തു എസ്. കൃഷ്ണപിള്ള, കോടന്തുരുത്തു ഗോവിന്ദന്‍ കര്‍ത്താ, തുറവൂര്‍ കോവിലകത്തു ശങ്കുണ്ണി കര്‍ത്താവു മുതലായി ഏതാനും പേര്‍ക്ക് അഭിനന്ദന പത്രങ്ങള്‍ നല്‍കപ്പെട്ടു.


            ഈ രണ്ടാം വാർഷികയോഗം സഫലമായി നടന്നതിനേക്കുറിച്ച് അഭിനന്ദനങ്ങളും തിരുവിതാംകൂറുകാരുടെ സൽക്കാരവിശേഷത്തിനായി നന്ദി പറഞ്ഞു. അടുത്ത യോഗം കൊച്ചിയിലോ മലബാറിലോ കൂടുന്നതിന് വഴിയേ നിശ്ചയിക്കണമെന്ന് പ്രസ്താവിച്ചും സഭാനാഥൻ യോഗത്തെ ഉപസംഹരിച്ചു. ഇതു സംബൻന്ഡിച്ചു കൃഷ്ണന്‍ നായര്‍ അവര്‍കള്‍ക്ക് മംഗളമാശംസിച്ച്, ജസ്റ്റിസ് . എ. ഗോവിന്ദപ്പിള്ള അവര്‍കള്‍ രചിച്ച ഗാനത്തോടു കൂടിയും, സഭാനാഥനും സദസ്യര്‍ക്കും സമാജപ്രവര്‍ത്തകന്മാര്‍ക്കും വന്ദനങ്ങള്‍ നല്‍കിയും, മഹാരാജാവു തിരുമനസ്സിലേക്ക് ദീര്‍ഘായുരാശംസനം ചെയ്തും, 5 മണിക്കു സഭ പിരിഞ്ഞു.

      ആകപ്പാടെ സമാജമഹായോഗം ഇത്ര ഭംഗിയിലും ഫലത്തിലും നടന്നു പോവാന്‍ പ്രയത്നിച്ചിട്ടുള്ളവരില്‍ മെസ്സേഴ്സ് സി. കൃഷ്ണപിള്ള, സി. വി. രാമന്‍പിള്ള മുതലായ നിര്‍വാഹക സംഘക്കാരുടെയും,  എ. എം. കുമാരപിള്ള, ആര്‍. ഗോപാലപിള്ള എന്നീ സിക്രട്ടറിമാരുടെയും,  സര്‍വോപരി, ആര്‍. അച്യുതന്‍ പിള്ള (ബി. ഏ) തുടങ്ങിയ വാളണ്ട്യര്‍മാരുടെയും ശ്രമങ്ങളെ ഏറ്റവും അഭിനന്ദിക്കേണ്ടതാകുന്നു.

You May Also Like