കേരളവാർത്തകൾ - തലശ്ശേരിക്കത്ത്

  • Published on July 17, 1907
  • By Staff Reporter
  • 434 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 തലശ്ശേരിക്കത്ത്

(സ്വന്തം ലേഖകൻ)  

ഒരുവിധി

ഇവിടെക്കടുത്ത കുറ്റ്യാടി എന്ന സ്ഥലത്ത് വെച്ച് സാമാന്യം യോഗ്യതയുള്ള ഒരു ഭവനത്തിലെ ഒരു മാപ്പിള സ്ത്രീ, തന്റെ ഭർത്താവു മതം വിശ്വസിപ്പിച്ചു കൂടെ താമസിപ്പിക്കുന്ന ഒരു സ്ത്രീയുമായി ചില രഹസ്യ സല്ലാപങ്ങൾ ചെയ്യുന്നത് കാൺകയാൽ, മേൽപ്പടി മതം വിശ്വസിച്ച സ്ത്രീയെ ഒരു കത്തികൊണ്ട് മുഴുവൻ വെട്ടി ചിന്നഭിന്നമാക്കി. ഏതോ ഒരു പുഴയിൽ കൊണ്ട് ഇടുവിച്ചതായും, വിവരം എങ്ങനെയോ അധികാരസ്ഥന്മാർ അറിഞ്ഞു ഇവളെയും മറ്റും പിടികൂടിയതായും വായനക്കാർ അറിഞ്ഞിരിക്കുമല്ലൊ. ഇവളെ കഴിഞ്ഞ തിങ്കളാഴ്ച സ്ഥലം സെഷൻ ജഡ്ജി തൂക്കിക്കൊല്‍വാന്‍ വിധിച്ചിരിക്കുന്നു. ഇവളുടെ ഭർത്താവിനും ആറു മാസത്തെ തടവും ഉണ്ടെന്നാണറിഞ്ഞത്.

തീയ്യരുടെ അമ്പലം

മേല്പടി അമ്പലം വകയായി, അവരുടെ ഇടയിൽ ഉണ്ടായിരുന്ന ചില കുഴപ്പങ്ങളെ ഒക്കെ നീക്കം ചെയ്ത സ്ത്രുത്യർഹമായ ചില ഏർപ്പാടുകൾ ഒക്കെ ഇപ്പോൾ ചെയ്തതായി അറിയുന്നു. ഇപ്പോൾ "ശ്രീജ്ഞാനോദയം" യോഗം വകയായി 11 ധർമ്മ കർത്താക്കന്മാരും, ഒരു പ്രസിഡന്റും, ഒരു സെക്രട്ടേരിയും ഉണ്ട്. ഇതിൽ പ്രസിഡന്റ് മിസ്റ്റർ കേ. രാമുണ്ണിയാണെന്നും , കാര്യദർശി മൂർക്കോത്തു മിസ്റ്റർ കുമാരനാണെന്നുമാണ് കേട്ടത്. മേല്പടി യോഗം വകയായി ഒരു നെയ്ത്തുശാലയും മറ്റും ഏർപ്പെടുത്തേണ്ടതിലേയ്ക്ക് "ഷെയർ" ഒന്നുക്ക് 20-ക പ്രകാരം, ഒരു കമ്പനി സ്ഥാപിക്കുന്നതായും അറിയുന്നു. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ ഒന്നു രണ്ടു പത്രങ്ങളും പുറപ്പെടുവിക്കുന്നതിലേക്കും ആലോചനയുണ്ട്. ഏതായിരുന്നാലും ഈ വക ഉദ്യമങ്ങൾ ഒക്കെ പ്രശംസിക്കത്തക്കതു തന്നെ.

ചില മരണങ്ങൾ

വെറ്റില മുറുക്കിൽ തൽപരന്മാരായ ചിലർ ഒക്കെ യമപുരിക്ക് പോകേണ്ടി വന്നിരിക്കുന്നു. വെറ്റിലപ്പാമ്പ് എന്ന വിഷവസ്തു മൂലം ഇവിടെ ചിലർ മരിച്ചു. ഇതിൽ ഒരുവൻ പാമ്പു വയറ്റിൽ എത്തിയ ഉടനെ തന്നെ, നാവ് പിടിച്ചു വലിച്ചു ബുദ്ധിമുട്ടാക്കി തീർക്കയും അതു നിമിത്തം മരിക്കുകയും, ഒരുവൻ പാമ്പ് അകപ്പെട്ട ഉടനെ ഡോക്ടർ കേ.വി മേനവന്റെ ഔഷധത്താൽ സുഖപ്പെടുകയും ചെയ്തിരിക്കുന്നു. മുറുക്കുകാർ സൂഷിച്ചോട്ടെ.


ബാരിസ്റ്റർ

കഴിഞ്ഞു പോയ എം.ഗോപാല മേനോൻ അവർകളുടെ മകൻ ബാരിസ്റ്റർ കേ. ശങ്കര മേനോൻ അവർകൾ ഇന്നലെ ഇവിടെ എത്തിയിരിക്കുന്നു. ഇദ്ദേഹം ഇവിടത്തെ ഡിസ്ട്രിക്ട് കോർട്ടിൽ വക്കീൽ ആയി ഇരിക്കുന്നതാണ്.

മഹൂനത്തുൽ ഇസ്ലാം സഭ

പൊന്നാനി മഹൂനത്തുൽ ഇസ്ലാം സഭ വക ദ്രവ്യശേഖരണത്തിന്നായും അവിടത്തെ ഒരു പ്രസിദ്ധ മൗലവിയായ ബാവ മുസ്ലിയാർ ഇവിടെ എത്തിയിട്ടുണ്ടായിരുന്നു. എന്നാൽ, ഇവിടുത്തുകാർക്കു തത്ക്കാലം അധികരിച്ച സംഖ്യയൊന്നും മേൽപ്പടി സഭയ്ക്ക് കൊടുപ്പാൻ സാധിച്ചിട്ടില്ല. ഈ കൊല്ലം കച്ചവടത്തിൽ പലർക്കും നഷ്ടവും മറ്റും സംഭവിച്ച കാലമാണ്. അതു നിമിത്തം ആയിരത്തി ഒരുനൂറ്റിൽപരം ഉറുപ്പികയെ കച്ചവടക്കാരും കേയിമാരും കൊടുത്തിട്ടുള്ളു. ഇതിൽ നൂറ്റൊന്നുറുപ്പിക സ്ഥലത്തെ അൻവാറുൽ ഇസ്ലാം സഭാ ഭാരവാഹികളുടെ വകയാണ്. ഈ ഉറുപ്പിക മേല്പടി മൗലവിക്ക് കൊടുക്കുന്ന ദിവസം, അൻവാറുൽ ഇസ്ലാം സഭാ മാനേജർ മിസ്റ്റർ മമ്മുവിന്റെയും മറ്റും ശ്രമത്താൽ, സഭാ ആപ്പീസിൽ ഒരു പ്രത്യേക മീറ്റിങ്ങ് കൂടിയിരുന്നു. ഈ മീറ്റിങ്ങിന്നു പലരും ഹാജരുണ്ടായി. ചില യോഗ്യന്മാർ ധർമ്മത്തെപ്പറ്റിയും മറ്റും പ്രസംഗിക്കയും മിസ്റ്റർ സി.സെയ്യാലിക്കുട്ടി മഊനത്തുൽ ഇസ്ലാം സഭയുടെ ചരിത്രത്തെയും മറ്റും വിശദമായി പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ ഈ രണ്ടു സഭകളും പരസ്പരം ചില ഏർപ്പാടുകൾ ചെയ്ക‌യും മേല്പടി മൗലിയാരെ ഇതിലേക്ക് ഒരു "ഓണററി മെമ്പ്രായി ചേർക്കയും ചെയ്തിരിക്കുന്നു


You May Also Like