മരുമക്കത്തായം - തുടർച്ച

  • Published on October 24, 1906
  • Svadesabhimani
  • By Staff Reporter
  • 44 Views

 ഈ കെട്ടുകല്യാണത്തിന് വേറൊരു അര്‍ത്ഥമുണ്ട്. ഒരു സ്ത്രീയെ കെട്ടുകയോ മറ്റുവിധത്തില്‍ വിവാഹം ചെയ്യുകയോ ചെയ്തിട്ടു, കുട്ടികള്‍ ഉണ്ടാകുന്നതിനു മുമ്പെയോ പിന്നീടോ ആ ഭര്‍ത്താവ് മരിച്ചു പോകുന്നതായാല്‍, വീണ്ടും ഭര്‍ത്താവിനെ സ്വീകരിക്കുവാനുള്ള സ്വാതന്ത്യം സ്ത്രീകള്‍ക്കുണ്ടായിരുന്നത് ദുഷിച്ചു പോയിട്ടുള്ളതായി കാണുന്നു. അതിനെ ചില മരുമക്കത്തായികള്‍ വ്യാഖ്യാനിച്ചിരിക്കുന്നത് ഇങ്ങനെയാണ്. പെണ്‍കുട്ടികളെ കെട്ടുന്ന പുരുഷന്മാരെ വിവാഹദിവസങ്ങളില്‍ ഭര്‍ത്താക്കന്മാരായി തന്നെ ഗണിക്കയും, ആ കെട്ടിയവനും കെട്ടിയവളും ദമ്പതിമാരുടെ നിലയില്‍ വിനോദിക്കയും സ്നാനം ചെയ്യുകയും ഭക്ഷണം കഴിക്കയും ചെയ്യുന്നു. ആ വിവാഹകാലം കഴിഞ്ഞാല്‍, പുനര്‍വിവാഹത്തില്‍ ഉള്‍പ്പെടുന്നവരെപ്പോലെ അവള്‍ വേറെ ഭര്‍ത്താവിനെ വരിക്കുന്നു.  കെട്ടിയവന്‍ മരിച്ചശേഷം ചെയ്യേണ്ട ചരമകര്‍മ്മങ്ങളെ കെട്ടിയവന്നായിട്ട് അവന്‍ ജീവിച്ചിരിക്കുമ്പോള്‍ സമര്‍പ്പിച്ചിട്ട്, ഇതരപുരുഷനെ സ്വീകരിച്ച് സന്താനോല്‍പാദനം ചെയ്യുന്ന ഏര്‍പ്പാട് ഏറ്റവും ഗര്‍ഹണീയമായിട്ടുള്ളതാണ്. ഇങ്ങനെ, വിവാഹം കാലാന്തരത്തില്‍ നമ്മുടെ ആഭാസരൂപമായ കെട്ടുകല്യാണമായി പരിണമിച്ചു. പണ്ട് പരദേശങ്ങളില്‍ നിന്നും ഓരോ കുഡുംബങ്ങള്‍ തിരിഞ്ഞ് മലയാളത്തു വന്നിട്ടുണ്ടായിരുന്നു. അവര്‍ക്കു തിരിയെ പരദേശത്തു പോകുന്നതിന് തരമില്ലാതെ ആയപ്പോള്‍, അവര്‍ അവരുടെ കുഡുംബ നിലനില്പിനായിസ്വീകരിച്ചതന്ത്രം ഇന്ന് അവരുടെ മരുമക്കത്തായമായി ശേഷിക്കുന്നു. ആ സ്ത്രീകള്‍ ഇതരജാതിയിലുള്ളവരെ ഭര്‍ത്താക്കന്മാരായി സ്വീകരിച്ച്  സന്താനങ്ങളെ ഉല്‍പാദിപ്പിച്ച് കുഡുംബത്തെ നിലനിറുത്തുകയും, പുരുഷന്മാര്‍ ഇതരജാതിയിലുള്ള സ്ത്രീകളെ വെപ്പാട്ടിമാരായി പാര്‍പ്പിക്കയും ചെയ്തുവരുന്നു. അവരുടെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ദാമ്പത്യമില്ലാ. ആ നിയമത്തെ, ഇപ്പൊള്‍, മരുമക്കത്തായികളെ സംബന്ധിച്ചെടത്തോളം************ആ ഉടമ്പടിപ്രകാരം സ്വത്തു ഭാഗം ചെയ്യപ്പെടുന്നതായി കാണുന്നു. ഇതു ഒരു നല്ല ഉപായമാണ്. പ്രബലന്മാരായ മരുമക്കത്തായക്കാര്‍, അവരുടെ സ്വന്തഗുണത്തിനായിമാത്രം, മരുമക്കത്തായത്തെ ഭേദപ്പെടുത്തുന്നതിന് സമ്മതിക്കാതെ വന്നിട്ടുണ്ട്. അവര്‍ക്കു അവരുടെ ജാതിയും ആചാരവും അതിലെക്കു പ്രതിബന്ധമായി തീര്‍ന്നിരിക്കുന്നു. അവര്‍ അതിനെ മര്‍ക്കടമുഷ്ടിയായി പിടിക്കുന്നതില്‍ ആര്‍ക്കും നഷ്ടമില്ലാ. അവര്‍ക്കു ഗുണമെന്നാണ് അവരുടെ നിശ്ചയം. ആ സ്ഥിതിക്ക് അവരുടെ അവകാശക്രമത്തെ ഭേദപ്പെടുത്തീട്ട് കാര്യമില്ലാ. മരുമക്കത്തായംകൊണ്ടു നശിച്ചു പോകുന്ന അനേകം കുഡുംബങ്ങളും ജാതികളും ഉണ്ട്. അവര്‍ക്കു ഗവര്‍മ്മേണ്ടിനൊടു പ്രാര്‍ത്ഥിച്ച് മക്കത്തായത്തെ നിയമപ്പെടുത്തുന്നതിന് തരമില്ലാതെ  ആണ് തീര്‍ന്നിരിക്കുന്നത്. അവര്‍ അതിലെക്കു പ്രതിബന്ധമായി നില്‍ക്കുന്നതിന്‍റെ കാരണം ഈ സ്വാര്‍ത്ഥതല്പരതതന്നെ. അവര്‍ക്കു അവരുടെ വെപ്പാട്ടിമാരെ പുലര്‍ത്തേണ്ട ആവശ്യവും ഇല്ലാതെ ആകുന്നു.

 മരുമക്കവഴി കുഡുംബസ്വത്തിനെ ആ കുഡുംബത്തിലുള്ള എല്ലാവരും സമ്മതിക്കുന്നപക്ഷം, ഭാഗംചെയ്യുവാന്‍ അവര്‍ക്കു അവകാശമുണ്ടെന്ന് ഇപ്പൊള്‍ രജിസ്തര്‍ കച്ചേരികളില്‍ രജിസ്തര്‍ ചെയ്യപ്പെടുന്ന ഭാഗഉടമ്പടികളില്‍നിന്നും തീര്‍ച്ചയാക്കാം. ഇങ്ങനെ, മരുമക്കത്തായം എന്ന അവകാശംകൊണ്ട് നശിച്ചുപോകുന്ന കുഡുംബങ്ങള്‍  സ്വത്തുഭാഗം ചെയ്യുന്നതായാല്‍, അവരുടെ ക്ഷേമോദ്ധാരണത്തിന് വളരെ സൌകര്യമുണ്ട്. ഒരു കുഡുംബത്തിലുള്ളവര്‍ ഏകോപിച്ച് കുഡുംബത്തിലുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ കുഡുംബസ്വത്തിനെ ഭാഗംചെയ്യുകയും ആ സ്വത്തിനെ അന്യാധീനപ്പെടുത്തുന്നതിനുള്ള അധികാരം ആ ഉടമ്പടിയില്‍നിന്നും ജനിപ്പിക്കയും ചെയ്യുന്നതായാല്‍, മരുമക്കത്തായം മക്കത്തായമായിതീരും. 

 പക്ഷേ, ഇത് നാട്ടുനടപ്പിന് വിപരീതമായ ഒരു ഉടമ്പടിയാകകൊണ്ട്, ഔജിത്യത്തില്‍ നില്‍ക്കുമോ എന്നും കോടതികള്‍ സ്വീകരിക്കുമോ എന്നും ആലോചിക്കുവാനുണ്ട്. ഒരു കുഡുംബത്തിനെ സംബന്ധിച്ച് വേണ്ടവിധം ആ കുഡുംബത്തില്‍ ചേര്‍ന്ന എല്ലാവരുടെയും നിശ്ചയത്തൊടുകൂടി ചെയ്യുന്ന ഒരു ഉടമ്പടിയെ അസ്ഥിരപ്പെടുത്തുവാന്‍ അവര്‍ക്കും കോടതികള്‍ക്കും ന്യായമില്ലാ.

 വിവാഹത്തെ, ഒരു സ്ത്രീയെയും അവളില്‍ ഭര്‍ത്താവിനുണ്ടാകുന്ന കുട്ടികളെയും ശരിയായി സംരക്ഷണം ചെയ്യാമെന്നുള്ള ഒരു രജിസ്തര്‍ ഉടമ്പടിയൊടുകൂടി സ്ഥിരപ്പെടുത്തുന്നതും സര്‍ക്കാര്‍നിയമം കൂടാതെ ചെയ്യാമെന്നുള്ളതാണ്. ഇങ്ങിനെ ഉടമ്പടികളും ഭാഗങ്ങളും ധാരാളമായുണ്ടാകുമ്പോള്‍, സര്‍ക്കാരില്‍നിന്നും എന്തെങ്കിലും നിയമം ഏര്‍പ്പെടുത്താതെയിരിപ്പാന്‍ കഴികയില്ല.

 കെട്ടുകല്യാണത്തെ പെണ്‍കുട്ടികള്‍ക്ക് പ്രാപ്തിയാകുന്നതുവരെ പതിനാലും പതിനഞ്ചും വയസ്സുവരെ, നീട്ടിവയ്ക്കുന്നത് സാധാരണ ഉത്തര തിരുവിതാംകൂറില്‍ നടപ്പുള്ളതാകുന്നു. ആ കല്യാണം സ്ത്രീകളുടെ പതിനാലോ പതിനഞ്ചോ പതിനാറൊ വയസ്സില്‍ കഴിയ്ക്കുന്നതും, നേരത്തെ അവരെ വിവാഹം ചെയ്യുന്നതിനെ സമ്മതിക്കുന്ന പുരുഷന്മാരെക്കൊണ്ട് നടത്തിക്കുന്നതും, അവരെ അതോടുകൂടി ഭാര്യാഭര്‍ത്താക്കന്മാരാക്കുന്നതും സൌകര്യമുള്ള ഏര്‍പ്പാടുകള്‍ ആകുന്നു. കെട്ടുകല്യാണത്തിനും പുടവകൊടയ്ക്കും രണ്ടു ചെലവുകള്‍ ആവശ്യമില്ലാ. പുടവകൊട കേവലം ലൌകികമെന്ന് പഴിക്കുന്നവര്‍ക്കു കെട്ടുകല്യാണം ഗൌരവപ്പെട്ടതായിരിക്കുകയും ചെയ്യും.

 പിന്നെ,  ഒരു ജാതിയിലുള്ള സ്ത്രീകള്‍ അന്യജാതിയിലുള്ള പുരുഷന്മാരെ ഭര്‍ത്താക്കന്മാരായി സ്വീകരിക്കുന്നതിനും ഈ ഉപായം പ്രതിബന്ധമായി ഭവിക്കുന്നതല്ലാ. ആ പുരുഷന്മാരും ഈ സ്ത്രീകളെ കെട്ടുകല്യാണം കഴിച്ച് ഇവരെയും ഇവരില്‍ ആ പുരുഷന്മാര്‍ക്കുണ്ടാകുന്ന കുട്ടികളെയും സംരക്ഷണം ചെയ്യാമെന്നുള്ള ഉടമ്പടികളോടു കൂടിയിരുന്നാല്‍, മിശ്രസംബന്ധങ്ങളും നീതീകരിക്കപ്പെടുകയും, ഗുണോല്‍പാദകങ്ങളായ് പരിണമിക്കുകയും ചെയ്യും.

 അതുകൊണ്ട്, മരുമക്കത്തായികള്‍ ആദ്യമായി ചെയ്യേണ്ടത്. ഇങ്ങനെയാണ്:- മേല്‍കാണിച്ചിരിക്കുന്ന പരിഷ്കാരങ്ങളെ സമ്മതിക്കുന്നവരും അങ്ങനെ പ്രവര്‍ത്തിക്കുന്നതിനു ധൈര്യവും ബുദ്ധിഗുണവും ഉള്ളവരും ഒരുമിച്ചുചേര്‍ന്ന് ഇങ്ങനെയുള്ള ഭാഗനിയമത്തെ ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാരിനോട് അപേക്ഷിക്കയും അവര്‍തന്നെ അവരുടെ കുഡുംബസ്വത്തിനെ ഭാഗിച്ച് ഒരുപോലെ ആ സ്വത്തിന്‍റെ സര്‍വാവകാശങ്ങളെയും എല്ലാര്‍ക്കും നല്‍കിയും പുരുഷന്മാരുടെ സ്വത്തിനെ ഉടമ്പടിപ്രകാരം അവരുടെ ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും ആയി കൊടുത്തും സമുദായക്ഷേമത്തെയും കുഡുംബക്ഷേമത്തെയും സ്വക്ഷേമത്തെയും വര്‍ദ്ധിപ്പിക്കയും ചെയ്യുക.

 ഇങ്ങനെ പ്രവര്‍ത്തിക്കുന്നതിന് താല്പര്യമുള്ളവര്‍ക്കു വേണ്ട സഹായവും ഉപദേശവും നല്‍കുന്നതിന് ഈ ക്ഷേമപ്രവര്‍ത്തകസംഘം എല്ലായ്പോഴും കാത്തിരിക്കുന്നു.

You May Also Like