കേരള വാർത്തകൾ

  • Published on July 31, 1907
  • By Staff Reporter
  • 787 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

നിയമനിർമ്മാണ സഭയുടെ ഒരു യോഗം കഴിഞ്ഞിരിക്കുന്നു . 

പൂജപ്പുര ജയിൽ ഹെഡ് ജയിലർ മിസ്റ്റർ കൃഷ്ണരായർ ആറു വാരത്തെ ഒഴിവു വാങ്ങിയിരിക്കുന്നു .

തോവാള ടിപ് ടി തഹസിൽദാരായി മിസ്റ്റർ കെ നാരായണ മേനോനെ നിശ്ചയിച്ചിരിക്കുന്നു .

ഹജൂർ അസിസ്റ്റൻറ്  സെക്രട്ടറി മിസ്റ്റർ രാമചന്ദ്ര അയ്യർക്ക് 50 രൂപ ശമ്പള കൂടുതൽ കൊടുത്തിരിക്കുന്നു.

ആക്റ്റിംഗ് ഹെൽത്ത്  ഓഫീസർ ബി. കേശവറാവുവിനെ ആ വേലയിൽ സ്ഥിരപ്പെടുത്തിയിരിക്കുന്നു.

കണ്ടെഴുത്തു ദിവാൻ പേഷ്കാർ മിസ്റ്റർ പത്മനാഭയ്യർ തെക്കൻ തിരുവിതാകൂറിൽ സർക്കിട്ട് പോയിരിക്കുന്നു.

തിരുവനന്തപുരം    കരകൗശല വിദ്യാശാല സൂപ്രേണ്ട് മിസ്റ്റർ നാരായണ അയ്യർ കുറ്റാലത്തേക്ക്  പോയിരിക്കുന്നു.

കഠിനംകുളം ലഹള കേസ് അന്വേഷിപ്പാനായി പോലീസ് ഇൻസ്‌പെക്ടർ ആറുമുഖം പിള്ളയെ നിയോഗിച്ചിരിക്കുന്നു.

ഡർബാർ ഫിസിഷ്യൻ ഡോക്ടർ പെർക്കിൻസ് വടക്കൻ സർക്കിട്ട് കഴിഞ്ഞു ഇന്നലെ തലസ്ഥാനത്തു മടങ്ങി എത്തിയിരിക്കാനിടയുണ്ട്.

തിരുവല്ല മുൻസിഫ് മിസ്റ്റർ എം. ആർ. നാരായണ പിള്ളയെ തിരുവനന്തപുരം അഡിഷണൽ മുൻസിപ്പായി മാറ്റുവാൻ ഇടയുണ്ട്.

തിരുവനന്തപുരം പ്രിൻസിപ്പാൽ ഡിസ്ട്രിക്ട് മുൻസിഫ് മിസ്റ്റർ പി. ചെറിയാനെ ആക്റ്റിംഗ് ജില്ലാ രണ്ടാം ജഡ്ജിയായി നിയമിച്ചിരിക്കുന്നതായറിയുന്നു.

പത്തനാപുരത്തെ ശല്യം ചെയ്യുന്ന ഒരു കടുവയെ വെടിവച്ചു കൊല്ലുന്നവർക്ക് നൂറു റുപ്പിക ഗവണ്മെന്റ് ഇനാം കൊടുക്കുന്നതാണെന്നു പരസ്യപ്പെടുത്തിയിരിക്കുന്നു.

 രാ. രാ . പി. വി നാണുപിള്ള ബി.എ, സി. മാത്തൻ എന്നീ ഡിസ്ട്രിക്ട് രെജിസ്ട്രാർമാരുടെ തൽക്കാല ഉദ്യോഗാവധി .... കർക്കടകം അവസാനം വരെ നീട്ടിയിരിക്കുന്നു

കോട്ടയം ഡിസ്ട്രിക്ട് , മജിസ്‌ട്രേറ്റ് കോർട്ടിൽ ഹെഡ് ... കെ. ആർ . കൃഷ്ണപിള്ള ........ അവർകളെ ജനറൽ ആൻഡ് റെവന്യൂ സെക്രെട്ടറിയേറ്റിൽ 3-നാം ഗ്രേഡ് എ ക്ലർക്കായി നിയമിച്ചിരുന്നു എന്നറിയുന്നു.

ദിവാൻ മിസ്റ്റർ ഗോപാലാചാര്യർ, ആഗസ്ററ്  10ന്  കൊല്ലത്തെത്തി മഹാരാജാവ് തിരുമനസ്സിനെ  .........

തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ പുസ്തകങ്ങൾ  വയ്ക്കുന്നതിന് 75 പവൻ വിലയ്ക്ക് മൂന്നു ബുക്ക് സ്റ്റായക്ക് വരുത്താൻ ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്നു.

ശ്രീകണ്ടേശ്വരം കുത്തു കേസിൽ അന്യായ ഭാഗം തെളിവ് കഴിഞ്ഞിരിക്കുന്നു. ഈ കേസിലെ പ്രതിയെ പിടിച്ച കോൺസ്റ്റബിളിന് ഇനാം കൊടുപ്പാൻ ശിപാർശ ചെയ്യപ്പെട്ടിരിക്കുന്നുവത്രെ.

കോട്ടാർ , കൊല്ലം, പരവൂർ, മാവേലിക്കര  സ്ഥലങ്ങളിലെ ഇംഗ്ലീഷ് ഹൈസ്കൂളുകളിൽ, 8 രൂപ വരെ ശമ്പളത്തിൽ 83 ചിങ്ങം 1 നു മുതൽ ഓരോ ക്ലാസ്സുകളെ നിശ്ചയിച്ചിരിക്കുന്നു. 

കുതിര സവാരി അഭ്യസിച്ചു കൊണ്ടിരിക്കുന്ന പോലീസ് ഇൻസ്‌പെക്ടർ മിസ്റ്റർ ഓവ്വെൻ ജോസഫിനെ കൊല്ലത്തേക്കും, മിസ്റ്റർ ഗോപാലസ്വാമി നായിഡുവിനെ കൊട്ടാരക്കരയ്ക്കും നിയമിച്ചിരുന്നു.

മഹാരാജാവ് തിരുമനസ്സ് കൊണ്ട് കുറ്റാലത്തു  എത്തിയാൽ, സവാരിക്ക് ഉപയോഗിപ്പാൻ ആറു സാറാട്ടു  വണ്ടികളും 12 കുതിരകളും തിരുവനന്തപുരത്തു നിന്ന് കുറ്റാലത്തേക്ക് അയച്ചിരിക്കുന്നു.

കോട്ടയം സർക്കാർ പെൺ പള്ളിക്കൂടത്തിലെ ഉയർന്ന ക്ലാസ്സുകളായ 5 ഉം 6 ഉം ക്ലാസുകൾ 83 ചിങ്ങം 1 മുതൽ നിറുത്തലിലാക്കുന്നതിനും, അവിടത്തെ ചില വാധ്യാന്മാരെ സ്ഥലം മാറ്റുന്നതിനും തീർച്ചപ്പെടുത്തിയിരിക്കുന്നു.

അടുത്ത കൊല്ലം മുതൽ പോലീസ് സൈന്യത്തിലെ   കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ എന്നിവർക്ക് ആണ്ടിൽ ഈരണ്ടു "പട്ടി" എന്ന സാധനം വെറുതെ കൊടുക്കുന്നതിനു ഗവണ്മെന്റ് തീർച്ചപ്പെടുത്തിയിരിക്കുന്നു.

....... വകുപ്പ് പരിഷ്‌കാരം അടുത്ത ചിങ്ങം 1 നു മുതൽ നടപ്പിലാക്കും. പലർക്കും ശമ്പള കൂടുതൽ കൊടുത്തിട്ടുണ്ട്. 

ജൂലായ് മാസത്തെ "ഇന്ത്യൻ റിവ്യൂ" പുസ്തകത്തിൽ, ഇപ്പോൾ എഡിൻ ബറോവിൽ കൃഷി ശാസ്ത്രം അഭ്യസിക്കുന്ന തിരുവനന്തപുരം കുഞ്ഞൻപിള്ള എം. എ., ബി. എസ്. സി. അവർകൾ, "ഇന്ത്യയിലെ കൃഷി വ്യവസ്ഥ"യെ കുറിച്ച് ഒരു ലേഖനം എഴുതിയിരിക്കുന്നു.

കരപ്പുറം വ്യവസായ കമ്പനി ഭാരവാഹികൾ  സ്ഥാപിക്കാൻ നിശ്ചയിച്ചിരിക്കുന്ന എണ്ണ ചക്കിന്റെ പണികൾ മിക്കവാറും തീർന്നിരിക്കുന്നു.  ഇനി ചക്കുകൾ ബോംബെയിൽ നിന്ന് വരേണ്ടതായിട്ടേയുള്ളു.  അടുത്ത ചിങ്ങത്തോടു   കൂടി കൊപ്ര ആട്ടിത്തുടങ്ങുമെന്നറിയുന്നു.
(ഒരു ലേഖകൻ)

ആലങ്ങാട്ടു വച്ച് വ്യാജമായി കൊണ്ടുവരപ്പെട്ട കറുപ്പ് (അവീൽ ) പിടിച്ചേല്പിച്ചതിനു, ആ കറുപ്പ് വിറ്റു കിട്ടുന്ന  മുതലിൽ 600 രൂപ ഇൻസ്‌പെക്ടർ മിസ്റ്റർ നാരായണപിള്ളയ്ക്കും, ഒരു കോൺസ്റ്റബിളിനും കൂടി ഇനാം കൊടുക്കുവാൻ ഗവണ്മെന്റ് നിശ്ചയിരിക്കുന്നു.

മഹാരാജാവ് തിരുമനസ്സ് കൊണ്ട് കുറ്റാലത്തേക്ക് എഴുന്നള്ളുന്ന ദിവസം മുതൽ തിരിയെ മടങ്ങി എത്തുന്ന വരെ, കന്യാകുമാരി അമ്മയ്ക്കും, കുറ്റാലിംഗസ്വാമിക്കും, അമ്മനും, അയ്യങ്കാവ് ശാസ്താവിനും പാൽപായസം തുടങ്ങിയ വഴിപാടുകൾ  ദിവസം പ്രതി,  കഴിക്കുന്നതിനു ഏർപ്പാട് ചെയ്തിരിക്കുന്നു.

ഇപ്പോൾ മദ്രാസ് മെഡിക്കൽ കോളേജിൽ അംഗവിജ്ഞാനീയം സംബന്ധിച്ചു പ്രായോഗ കർത്താവായി നിയമിക്കപ്പെട്ടിരിക്കുന്ന; തിരുവനന്തപുരം, വഞ്ചിയൂർ എം. കൃഷ്ണപിള്ള ബി. എ., എം. ബി. സി.എം. അവർകൾക്ക് ബർമ്മയിൽ പണി കിട്ടുകയാൽ, അദ്ദേഹം അവിടേക്കു പോകുന്നുവെന്നറിയുന്നു.

നെടുമങ്ങാട്ടു സ്കൂൾ ഹെഡ്‌ മിസ്ട്രസ് ശ്രീമതി മീനാക്ഷി അമ്മ ഒരു വണ്ടിയിൽ നെടുമങ്ങാട്ടു പോകുമ്പോൾ അവരെ, കരകുളത്തിനു സമീപം പബ്ലിക് റോഡിൽ വച്ച് ഇക്കഴിഞ്ഞ 15 ന്  ചെറുപ്പക്കാരായ ഏതാനും പേർ കൂടി അന്യായമായി തടഞ്ഞു ഉപദ്രവിക്കുകയും ചെയ്തതിനാൽ പോലീസ് സ്റ്റേഷൻ വിസ്തരിക്കലിനായി കേസെടുത്തിരുന്നു എന്ന് നെടുമങ്ങാട് സേവകൻ എഴുതുന്നു.

തിരുവിതാംകൂറിലെ തപാൽ മാർഗ്ഗങ്ങളെയും തപാലാപ്പീസുകളിൽ  തപാൽ പോക്കുവരവ് സമയങ്ങളെയും കുറിക്കുന്ന ഒരു പുസ്തകത്തിന്റെ പ്രതി തപാൽ സൂപ്രണ്ട് അവർകൾ ഞങ്ങൾക്ക് അയച്ചു തന്നിരിക്കുന്നതിനെ പറ്റി ഞങ്ങൾ സന്തോഷിക്കുന്നു.  ബ്രിട്ടീഷ് തപാൽ നിയമ വിവരങ്ങൾക്ക്‌ അപ്പഴപ്പോൾ ഓരോ ഗൈഡ് പ്രസിദ്ധീകരിക്കാറുള്ളതിന്മണ്ണം, തിരുവിതാകൂർ തപാൽ ഗൈഡ് പ്രസിദ്ധീകരിക്കാൻ സൂപ്രണ്ട് ശ്രദ്ധ വച്ചാൽ കൊള്ളാം. 

രണ്ടു ലക്ഷത്തി നാല്പതിനായിരം രൂപ തൂക്കമുള്ള വെള്ളി ചക്രം ഗവൺമെന്റിൽ നിന്ന് വിൽക്കുവാൻ നിശ്ചയിച്ചിരിക്കുന്നു.  ഇത് വാങ്ങാൻ ഏറ്റിരിക്കുന്നത് മദ്രാസിൽ ......... എന്ന ആൾ  ആണ്.  ഈ ചക്രം മുഴുവൻ കൊച്ചിയിൽ കൊണ്ട് പോയി ഏല്പിച്ചു കൊടുക്കണമെന്നാണ് ....ആവശ്യപ്പെട്ടിരിക്കുന്നത്.
You May Also Like