തിരുവിതാംകൂർ അന്നും ഇന്നും

  • Published on May 02, 1906
  • Svadesabhimani
  • By Staff Reporter
  • 336 Views


തിരുവിതാംകൂറിലെ ബ്രാഹ്മണപ്രഭുത്വത്തെപ്പറ്റി അനുശോചിക്കുന്ന ഇക്കാലത്തെ വിദേശിയർക്ക് അറുപത്താറാണ്ടിനു മുമ്പ് ഈ നാടിനെ സന്ദർശിച്ച ജി. റ്റി. സ്‌പെൻസർ എന്ന പേരായ ബിഷപ്പിൻെറ ചില ലേഖങ്ങളിൽ പ്രസ്താവിച്ചിട്ടുള്ള അഭിപ്രായങ്ങൾ കൗതുകകരങ്ങളായിരിക്കുമെന്നുള്ളതിൽ  സന്ദേഹമില്ലാ. ഇന്ത്യയിലെ നാട്ടുരാജാക്കന്മാരുടെ രാജധാനികളിൽ പോയി, അവിടങ്ങളിലുള്ള വിഷയങ്ങളെ കണ്ടറിവാൻ ഉത്സുകനായിരുന്ന മേൽപ്പറഞ്ഞ ബിഷപ്പ്, മൈസൂർ, തഞ്ചാവൂർ മുതലായ ദേശങ്ങളിലെ കൊട്ടാരങ്ങളെ  സന്ദർശിച്ച ശേഷം തിരുവനന്തപുരത്ത് എത്തിയപ്പോൾ അദ്ദേഹം കണ്ട കാഴ്ചകൾ ഹർഷത്തിനും അമർഷത്തിനും  ഹേതുക്കളായിരുന്നു. തിരുവിതാംകൂറിലെ പർവതപംക്തികളുടെ രാമണീയകം അദ്ദേഹത്തെ സന്തോഷിപ്പിച്ചു. എന്നാൽ നാട്ടിലെ ജനങ്ങളുടെ ഇടയിൽ മാത്രമല്ല, രാജധാനിയിലും ബ്രാഹ്മണർ മൂലമുള്ള അപകർഷത്തെ കണ്ട് അദ്ദേഹം വ്യസനിക്കുന്നു. തിരുവനന്തപുരം നഗരം മനസ്സിൽ വെറുപ്പുണ്ടാക്കത്തക്കവണ്ണം, ബ്രാഹ്മണരാൽ  നിറയപ്പെട്ടിരിക്കുന്നു എന്നും; തെരുവുകളിൽ നിറഞ്ഞു കണ്ട ബ്രാഹ്മണർ അസാമാന്യമായ ...............................  ആണ് സായിപ്പ് അപ്പോൾ കണ്ടത്. എന്നാൽ, ഇത് എത്രയോ ചെറുതായ ഒരു വെറുപ്പിനെയാണ് അദ്ദേഹത്തിനുണ്ടാക്കിയത്! രാജധാനിയെപ്പറ്റി അദ്ദേഹത്തിൻെറ ലേഖത്തിൽ പറഞ്ഞു കാണുന്ന സംഗതികൾ, ഈ രാജ്യത്തിലെ, രാജാക്കന്മാർക്ക് ബ്രാഹ്മണർ നിമിത്തമുണ്ടാക്കിയിട്ടുള്ളതും ഉണ്ടാകുന്നതുമായ ദൂഷ്യങ്ങളെ ഉറപ്പിച്ചു പറയുന്നു. ആയില്യം തിരുന്നാൾ തിരുമനസ്സിലെ മുൻഗാമിയായ മാർത്താണ്ഡവർമ്മ രാജാ തിരുമനസ്സ് കൊണ്ട് ഇളമുറയായിരുന്ന കാലത്താണ് ബിഷപ്പ് കൊട്ടാരത്തിൽ തിരുമുമ്പാകെ കാണാൻ പോയത്. അന്നത്തെ മഹാരാജാവ് തിരുമനസ്സിനെക്കുറിച്ചും കൊട്ടാരത്തിൽ കണ്ടറിഞ്ഞ സംഗതികളെപ്പറ്റിയും സായിപ്പ് ഈവിധം പറയുന്നു:-  "ഞാൻ ഇന്ന്  രാവിലെ രാജാവിനെ തിരുമുമ്പാകെ കണ്ടു. എന്നെ അവിടുത്തെ മുമ്പാകെ കൊണ്ടുപോയത്, എൻ്റെ മാന്യസൽക്കാരാധിപനായ ബ്രിട്ടീഷ് റസിഡൻ്റ് കർണ്ണൽ കല്ലൽ ആണ്. ഈ അഴകേറിയ നാട്ടിലെ രാജാവിന് 26 വയസ്സ് പ്രായമുണ്ട്. വളരെ രമ്യമായ മുഖഭാവമുള്ള ആളാണ്. ആരെയും വിസ്മയിപ്പിക്കത്തക്കവണ്ണം സരസവും പ്രഭു യോഗ്യവും ആയ ശീലമാണ് ഉള്ളത്. അദ്ദേഹം ഇംഗ്ലീഷ് ഭാഷയെ വളരെ സരളമായി സംസാരിക്കുന്നു; "പർഷ്യൻ" "അറബിക്" എന്നീ ഭാഷകളിൽ നല്ല വിദ്വാനുമാണ്. സാധാരണ കിഴക്കൻ രാജ്യങ്ങളിലെ രാജകുമാരന്മാർക്ക് ലഭിക്കാവുന്നതിലധികം, ഉത്തമ വിദ്യാഭ്യാസത്തെ സമ്പാദിച്ചിട്ടുള്ളതിനാൽ, അനേക വിഷയങ്ങളിൽ വേണ്ടുവോളം അറിവുള്ള ആളുമാണ്. എന്നാൽ അദ്ദേഹം തന്നെ പൊതിഞ്ഞിരിക്കുന്ന ബ്രാഹ്മണ സംഘത്തിൽ നിന്ന് ഒഴിഞ്ഞിരുന്നുവെങ്കിൽ, വാസ്തവമായി, വളരെ പരിഷ്‌കൃതനായ ഒരു രാജ്യപാലകനാണെന്ന് മറ്റുള്ളവർ കണ്ടറിയുമായിരുന്നു. ഇത്, മിക്കവാറും അസാധ്യമെന്നാണു കാണുന്നത്.  ഈ കൗശലക്കാരായ പുരോഹിതന്മാർ അദ്ദേഹത്തിനെ അത്രത്തോളം തങ്ങളുടെ വലയിൽ ബന്ധിച്ചിരിക്കകൊണ്ട്, അദ്ദേഹത്തിന് അവരുടെ അനുവാദം ലഭിക്കാതെ, കയ്യും കാലും അനക്കുവാൻ പാടില്ലെന്നായിരിക്കുന്നു. അവർ അദ്ദേഹത്തിൻെറ മനസ്സിനെ അതിരില്ലാത്ത വിധം സ്വാധീനപ്പെടുത്തിയിരിക്കയാണ്. മൂഢവിശ്വാസത്താലല്ലാതെ ഈ പ്രഭാവത്തെ പ്രാപിക്കുവാൻ കഴിയുന്നതല്ലാ. രാജാവ്, ബ്രാഹ്മണരുടെ ഇച്ഛയ്ക്കും അഭിലാഷത്തിനും തക്കപോലെ അവരുടെ ചരടു പിടിത്തത്തിൽപെട്ടു തിരിയുന്ന ഒരു കളിപ്പാവയായിത്തീർന്നിരിക്കുന്നു. ഇതിനെപ്പറ്റി ഏറെ അനുശോചിക്കതന്നെ ചെയ്യണം. അദ്ദേഹത്തിന് തന്റെ നാട്ടിലേക്കു പലഗുണങ്ങളും ചെയ്‍വാൻ ആഗ്രഹമുണ്ട്, ശേഷിയുണ്ട്; എന്നാൽ, ഇപ്പോൾ അവ ചെയ്യാതെ കിടക്കയാണ്. ഇപ്രകാരം ബ്രാഹ്മണ പ്രഭുത്വത്തെപ്പറ്റി അനുശോചിക്കുന്ന ബിഷപ്പ്, തൻ്റെ ലേഖനത്തെ ഉപസംഹരിക്കുന്നത് ഇങ്ങനെയാകുന്നു:- ബ്രാഹ്മണർ എന്നൊരു കൂട്ടം ആളുകൾ ഇല്ലായിരുന്നുവെങ്കിൽ തിരുവനന്തപുരം, പരിഷ്കാരത്തിന് ഒരു ചെറിയ കേന്ദ്രസ്ഥാനമായിരുന്നേനെ. അത് നിമിത്തം, തെക്കേ ഇന്ത്യയിലെങ്ങും വളരെ ഗുണാവഹമായ ഫലം ഉണ്ടാവുകയും ചെയ്തേനെ". ബിഷപ്പവർകളുടെ ഈ ആശംസ എത്രമേൽ ഹൃദയപൂർവ്വമായുള്ളതാണെന്ന് വായനക്കാർ ആലോചിക്കട്ടെ.

എഴുപതാണ്ടോളംകാലം കഴിഞ്ഞിട്ടും, തിരുവനന്തപുരം, ഈ ബാധയിൽനിന്നും ഒഴിഞ്ഞിട്ടില്ല. എന്നുതന്നെയല്ല, പാശ്ചാത്യവിദ്യാഭ്യാസത്തിൻെറ പരിഷ്‌കാര ശക്തിക്കുകൂടെ, തിരുവിതാംകൂറിലെ ബ്രാഹ്മണപ്രഭുത്വത്തെ ക്ഷയിപ്പിക്കുവാൻ  കഴിഞ്ഞിട്ടില്ലാ. തിരുവിതാംകൂറിനെ വളരെക്കാലം പരദേശബ്രാഹ്മണർ ഭരിച്ചുവരിക നിമിത്തം, ഈ പ്രഭുത്വത്തിന് പ്രാബല്യം കൂടുകയും, മൂഢവിശ്വാസത്തിൽ പ്രതിഷ്ഠിതങ്ങളായ അനേകം ദുരാചാരങ്ങൾ നിലനിന്നുപോരുകയും ചെയ്തിരിക്കുന്നു. രാജാക്കന്മാരുടെമേൽ, ബ്രാഹ്മണർക്കുള്ള പ്രാഭവത്തിന് ശക്തികൂടുവാൻ വേണ്ട തന്ത്രവും ബ്രാഹ്മണർ പ്രയോഗിച്ചിട്ടുണ്ട്. രാജാക്കന്മാർ ഈശ്വരാംശജന്മാരാണെന്നും, അവർ ബ്രാഹ്മണരൊഴികെയുള്ള പ്രജകളെ തീണ്ടുന്നതുതന്നെ പോരായ്മയാണെന്നും, അവർക്കു ബ്രാഹ്മണരേ പരിചാരകന്മാരായിരിക്കാവൂ എന്നും മറ്റുമുള്ള അന്ധാഭിപ്രായങ്ങളെ പ്രബലപ്പെടുത്തുവാൻ ബ്രാഹ്മണർ തയ്യാറാണ്. അങ്ങനെയുള്ളവരെയേ, രാജകുടുംബത്തിലെ അംഗങ്ങളെ ബാല്യം മുതൽ പഠിപ്പിക്കാനും നിയമിക്കയുള്ളൂ. ഉദാരവിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള ഇതര ജാതിക്കാരുമായി രാജകുടുംബത്തിലെ അംഗങ്ങൾക്കു സംസർഗ്ഗമുണ്ടാകുന്നത് അവരുടെ മനസ്സുകൾ അന്ധവിശ്വാസങ്ങളാലും ദുരഭിപ്രായങ്ങളാലും ദുഷിക്കപ്പെട്ടുപോയതിനു മേലാകുന്നു. തിരുവിതാംകൂർ, വാസ്തവത്തിൽ, ഒരു അത്ഭുതരാജ്യം തന്നെയാണ്. 

You May Also Like